ADVERTISEMENT

ടാപ്പിങ് തുടങ്ങാത്ത റബർതോട്ടത്തിൽനിന്ന് ആഴ്ചതോറും 700– 1200 രൂപ വരുമാനം നേടുകയാണ് കോട്ടയം കടുത്തുരുത്തിക്കു സമീപം പുതിയിടത്തുപറമ്പിൽ പി.പി.വർഗീസ്. ആറു വർഷം പ്രായമായ റബർമരങ്ങൾക്കിടയിൽ ഇടവിളയായി നട്ട കാന്താരിയിൽനിന്നാണ് ഈ വരുമാനം. ആദ്യ നാലു വർഷം കഴിഞ്ഞാൽ റബർതോട്ടങ്ങളിൽ വാഴയും പൈനാപ്പിളുമൊക്കെ ഇടവിളയായി കൃഷി ചെയ്യുക പ്രയാസമാണ്. എന്നാൽ ഏതു പ്രായത്തിലുള്ള റബർതോട്ടത്തിലും കാന്താരിക്കൃഷി തുടർച്ചയായ വരുമാനം നൽകുമെന്നു രണ്ടു വർഷത്തെ അനുഭവത്തിലൂടെ വർഗീസ് ചൂണ്ടിക്കാട്ടുന്നു. 

 

പിതൃസ്വത്തായി കിട്ടിയ അരയേക്കർ റബർതോട്ടമാണ് കടുത്തുരുത്തി അർബൻ സഹകരണബാങ്ക് ജീവനക്കാരനായ വർഗീസിനുള്ളത്. നിറയെ മുളകുമായി തോട്ടത്തിൽ വളർന്നുനിന്ന ഏതാനും കാന്താരിച്ചെടികളാണ് ഇങ്ങനെയൊരു ആശയത്തിലേക്കു നയിച്ചതെന്ന് അദ്ദേഹം പറഞ്ഞു. നാടൻ കാന്താരിയോടുള്ള ഇഷ്ടവും തണലിൽ വളരാനുള്ള അവയുടെ കഴിവും പരിഗണിച്ച് ഇടവിളയായി 250 തൈകൾ നടുകയായിരുന്നു. കാന്താരി കൊളസ്േട്രാൾ കുറയ്ക്കുമെന്ന അറിവും ഉയർന്ന വില സംബന്ധിച്ച പത്രവാർത്തയും പരീക്ഷണക്കൃഷിക്ക് പ്രചോദനമായി. 

 

മൂന്നടി അകലത്തിൽ നട്ട കാന്താരി 4 മാസത്തിനകം പൂവിട്ടുതുടങ്ങി. ശരാശരി 2 കിലോ മുളക് ആഴ്ചതോറും വിളവെടുക്കാൻ സാധിക്കുന്നു. മഴക്കാലത്ത് ഉൽപാദനം കുറയുന്നുണ്ട്. കിലോയ്ക്ക് 600 രൂപ നിരക്കിലാണ് കടുത്തുരുത്തിയിലെ മൊത്തവ്യാപാരികൾ വ‍ർഗീസിന്റെ തോട്ടത്തിലെ നാടൻകാന്താരി വാങ്ങിയിരുന്നത്. എന്നാൽ ഇപ്പോൾ വില 350 രൂപയായി താഴ്ന്നിട്ടുണ്ട്. അടുത്ത കാലത്ത് ഫുൾ ജാർ സോഡയ്ക്കു പ്രചാരമേറിയതും കാന്താരിയുടെ ഡിമാൻഡ് കൂട്ടി. 

 

തോട്ടത്തിലെ ബാക്കിസ്ഥലത്തു കൂടി 250 കാന്താരി തൈകൾ നടാനുള്ള തയാറെടുപ്പിലാണ് അദ്ദേഹം. വിത്ത് പാകിതൈകൾ തയാറാക്കി കഴിഞ്ഞു. മഴക്കാലത്തുതന്നെ നടണം. എണ്ണം ഇരട്ടിക്കുന്നതോടെ ആഴ്ചതോറും 4 കിലോ മുളക് പറിക്കാനായേക്കും. കാര്യമായ രോഗ കീടബാധയില്ലാത്ത കാന്താരിക്കൃഷിയിൽ വിളവെടുപ്പാണ് പ്രധാന വെല്ലുവിളിയെന്നു വർഗീസ് ചൂണ്ടിക്കാട്ടി. ഒരുമണിക്കൂർ പ്രയത്നിച്ചാൽ പരമാവധി ഒരു കിലോ മുളകാണ് വിളവെടുക്കാനാവുക. കൈകൊണ്ടു പറിക്കുന്നതിലും ആയാസരഹിതമായും വേഗത്തിലും കത്രികകൊണ്ട് മുറിച്ചെടുക്കാമെന്നു വർഗീസ് പറഞ്ഞു. ചേർന്നു നിൽക്കുന്ന പൂക്കളും മൊട്ടുമൊക്കെ നഷ്ടപ്പെടാതിരിക്കാനും ഇതു സഹായിക്കും. ആഴ്ചയിലൊരു ദിവസം ഒഴിവുള്ള നേരം നോക്കി വിളവെടുപ്പ് സ്വയം നടത്തുകയാണ് പതിവ്. 

 

കൂലി കൊടുത്ത് വിളവെടുപ്പ് നടത്തിയാൽ കാന്താരിക്കൃഷി ഒരിക്കലും ആദായകരമാകില്ലെന്ന് വർഗീസ്. അതുകൊണ്ടുതന്നെ ചെറുകിട റബർ കർഷകർക്കു മാത്രമുള്ള അധിക വരുമാനസാധ്യതയാണിതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വേനൽക്കാലത്ത് നനയ്ക്കേണ്ടിവരും. രാസവളപ്രയോഗത്തിന്റെ ആവശ്യമില്ല. മൂന്നാഴ്ചയിലൊരിക്കൽ പുളിപ്പിച്ച ചാണകവും കടലപ്പിണ്ണാക്കും ചുവട്ടിലൊഴിച്ചു നൽകും. തലേ ദിവസത്തെ കഞ്ഞിവെള്ളം തളിക്കുന്നത് മുരടിപ്പ് മാറാൻ സഹായകമാണ്.

 

‍ആറു കിലോ റബർഷീറ്റ് കിട്ടിയിരുന്ന തോട്ടമാണിത്. ഇപ്പോഴത്തെ വിലനിരക്കിൽ ആഴ്ചതോറും 2600 രൂപയുടെ വരുമാനം പ്രതീക്ഷിക്കാം. ശരാശരി 500 രൂപ വില കിട്ടിയാൽ ഇതേ സ്ഥലത്തുനിന്ന് കാന്താരിക്കൃഷിയിലൂെട 2000 രൂപ കൂടി നേടാമെന്നു വരുന്നത് വലിയ കാര്യമല്ലേ?– ഒരു ഏക്കറിൽ താഴെ റബർ കൃഷി സ്വയം ടാപ്പ് ചെയ്തു വരുമാനം കണ്ടെത്തുന്ന കൃഷിക്കാരാണ് വർഗീസിന്റെ ചോദ്യം ശ്രദ്ധിക്കേണ്ടത്.

ഫോൺ: 7012118734 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com