sections
MORE

പ്രളയാനന്തര കാർഷിക പ്രശ്നങ്ങൾ പരിഹരിക്കാം; കാർഷിക സർവകലാശാലയുടെ മാർഗ നിർദേശങ്ങൾ

Agriculture
SHARE

 പൊതുമാർഗ നിർദേശങ്ങൾ

∙ വെള്ളം ഇനിയും ഒഴിഞ്ഞുപോകാതെ കെട്ടിക്കിടക്കുന്നുവെങ്കിൽ ചെറു ചാലുകൾ എടുത്ത് ഒഴുകിപോകാൻ അനുവദിക്കുക. 

∙ കട്ടപിടിച്ച്  മണ്ണിലെ വായു സഞ്ചാരം പൂർണമായി തടസപ്പെടുത്താതിരിക്കാൻ മണ്ണ് കൊത്തിക്കിളച്ചു കൊടുക്കുക.

∙ വളരെ കൂടിയ അളവിൽ ചെളി കെട്ടിക്കിടക്കുന്ന കൃഷി ഭൂമിയിൽ സെന്റിന് ഒരു കിലോഗ്രാം എന്ന തോതിൽ കുമ്മായം അല്ലെങ്കിൽ ഡോളോമൈറ്റ് വിതറി കൊടുക്കേണ്ടതാണ്. 

∙ ചിലയിടങ്ങളിൽ കൃഷിഭൂമികളിൽ നിന്നു പൊട്ടാഷ് ഒലിച്ചു പോയിരിക്കാൻ സാധ്യതയുള്ളതിനാൽ മണ്ണ് പരിശോധന നടത്തി ആവശ്യമായ പൊട്ടാഷ് വളങ്ങൾ നൽകുക. 

∙നെല്ല്, വാഴ, പച്ചക്കറികൾ എന്നീ വിളകൾക്കായി കേരള കാർഷിക സർവകലാശാല വികസിപ്പിച്ചെടുത്ത ‘സമ്പൂർണ എന്ന സൂക്ഷ്മ മൂലക മിശ്രിതം പത്രപോഷണത്തിന് ഏറ്റവും അനുയോജ്യമാണ്. 

∙ തുടർച്ചയായുള്ള മഴ മൂലം വിളകളിൽ കുമിൾ രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. . ഗുരുതരമായി രോഗം ബാധിച്ച ചെടികൾ പിഴുതുമാറ്റി നശിപ്പിക്കുകയും മറ്റുള്ളവയിൽ രോഗം പടരുന്നത് തടയാനായി നീർവാഴ്ചയും വായു സഞ്ചാരവും ഉറപ്പുവരുത്തുകയും ചെയ്യണം. 

നെല്ല് 

∙ ചിനപ്പ് പൊട്ടിക്കൊണ്ടിരിക്കുന്ന പ്രായമെങ്കിൽ, ഏക്കർ ഒന്നിന് 20 കിലോ യൂറിയ, 10 കിലോ പൊട്ടാഷ് എന്നിവ വിതറി കൊടുക്കണം. 

∙ ടീഫോളിയാർ ഒരു ലീറ്ററിന് 5 ഗ്രാം ചിനപ്പ് പൊട്ടുമ്പോഴും കതിരിടുമ്പോഴും സ്പ്രേ ചെയ്യുന്നത് ഉത്തമം. 

∙ ബാക്ടീരിയ മൂലമുള്ള ഇല കരിച്ചിലിനു ചാണകവെള്ളത്തിന്റെ തെളി 2 ശതമാനം (20 ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ കലക്കി അതിന്റെ തെളി) സ്പ്രേ ചെയ്യുക. 

∙രോഗ–കീടബാധകൾ രൂക്ഷമായാൽ വിദഗ്ധ നിർദേശപ്രകാരം മാത്രം രാസ–കീടനാശിനികൾ ഉപയോഗിക്കുക.

∙പ്രളയത്തിനു ശേഷം വരുന്ന മുണ്ടകൻ കൃഷിയിൽ പട്ടാളപ്പുഴു ആക്രമണം സാധ്യതയുണ്ട്. നെൽപാടത്തിനു ചുറ്റുമുള്ള കളകൾ നശിപ്പിക്കുകയും പാടം ഉണങ്ങാതിരിക്കാൻ ശ്രദ്ധിക്കുകയും വേണം.

കുരുമുളക് 

∙ കൊടിയുടെ കടഭാഗത്തെ വെള്ളം നല്ലവണ്ണം വാർത്ത് കളഞ്ഞ്, ചെടി ഒന്നിന് അരക്കിലോ വീതം കുമ്മായം വിതറി കൊടുക്കേണ്ടതാണ്. 

∙ കുമ്മായം ഇട്ട് രണ്ടാഴ്ചയ്ക്കു ശേഷം ചെടി ഒന്നിന് 10 കിലോഗ്രാം എന്ന തോതിൽ ട്രൈക്കോഡർമ ജൈവ വളം നൽകേണ്ടതാണ്. ശുപാർശ ചെയ്തിട്ടുള്ള എൻപികെ വളങ്ങൾ 50:50:200 എന്ന തോതിൽ നൽകേണ്ടതാണ്. 

∙ മേൽപ്പറഞ്ഞ വളങ്ങൾ ഒരു വർഷം പ്രായമായ വള്ളികൾക്ക് മൂന്നിൽ ഒരു ഭാഗവും രണ്ടു വർഷം പ്രായമായവയ്ക്കു മുന്നിൽ രണ്ടു ഭാഗവും മൂന്നു വർഷവും അതിനുമുകളിലും പ്രായമായവക്ക് മുഴുവൻ അളവിലും നൽകേണ്ടതാണ്. 

∙ ദ്രുതവാട്ടത്തിന് ബോർഡോമിശ്രിതം 1% വീര്യത്തിൽ ചെടികളിൽ സ്പ്രേ ചെയ്യണം. കൂടാതെ കോപ്പർ ഓക്സിക്ലോറൈഡ് ലീറ്ററിന് 3 ഗ്രാം അളവിൽ ചെടിയുടെ ചുവട്ടിൽ ഒഴിച്ചുകൊടുക്കണം.

ജാതി 

∙ ഇലകളിൽ ചെളി അടിഞ്ഞു കൂടിയിട്ടുണ്ടെങ്കിൽ വെള്ളം സ്പ്രേ ചെയ്ത് ചെളികളയാൻ സാധിക്കുമെങ്കിൽ നന്നായിരിക്കും. 

∙ ചെടികളുടെ കട ഭാഗത്ത് കുമ്മായം 250–500 ഗ്രാം ചെടി ഒന്നിന് എന്ന തോതിൽ വിതറി കൊടുക്കണം. 

∙ ഇല പൊഴിച്ചിൽ/ഇലപ്പുള്ളി രോഗം ഉണ്ടെങ്കിൽ കോപ്പർ ഹൈഡ്രോക്സൈഡ് ഒരു ലീറ്ററിന് 2 ഗ്രാം അളവിൽ കലക്കി തെളിക്കാം

∙ വണ്ടുകളുടെ ആക്രമണംമൂലം മരം ഉണങ്ങിപ്പോകാതിരിക്കാൻ കീടബാധ കാണുന്ന കമ്പുകൾ മുറിച്ചുറ്റി നശിപ്പിക്കണം.

വാഴ 

∙നീർവാർച്ചയും വായുസഞ്ചാരവും ഉറപ്പാക്കുക

∙ ചെടികളുടെ കടഭാഗത്ത് വന്നടിഞ്ഞ ചെളി ഇളക്കി മാറ്റി മണ്ണ് നല്ലവണ്ണം ഇളക്കി കൊടുക്കേണ്ടതാണ്.

∙ കാറ്റിൽ ഒടിഞ്ഞു പോകാതിരിക്കാനായി വാഴയ്ക്ക് താങ്ങ് നൽകാം. ഇതിനു ശേഷം വാഴയ്ക്ക് ചുറ്റും മണ്ണ് കയറ്റി കൊടുക്കാവുന്നതാണ്. 

∙ കേടുവന്ന ഇലകൾ മുറിച്ചുമാറ്റേണ്ടതാണ്. 13:00:45 എന്ന വളം 5 ഗ്രാം ഒരു ലീറ്റർ എന്ന തോതിൽ പശ ചേർത്ത് ഇലകളിൽ സ്പ്രേ ചെയ്തു കൊടുക്കണം. രണ്ടാഴ്ചയ്ക്കു ശേഷം ജൈവ വളങ്ങൾ നൽകണം. 

∙ ഇലപ്പുള്ളി രോഗത്തിന് 0.4 % വീര്യത്തിൽ മാങ്കോസെബ് എന്ന കുമിൾനാശിനി പശ ചേർത്ത് 2 തൊട്ട് 3 ആഴ്ച ഇടവിട്ടു തളിച്ചു കൊടുക്കാവുന്നതാണ്. 

∙ മാണി അഴുകൽ കാണപ്പെടുന്ന സ്ഥലങ്ങളിൽ 5 ഗ്രാം ബ്ലീച്ചിങ് പൗഡർ ഒരു ലീറ്റർ വെള്ളത്തിൽ അലിയിച്ച് ഒഴിച്ചുകൊടുക്കാവുന്നതാണ്. 

തെങ്ങ്

∙കൂമ്പ് ചീയൽ രോഗത്തിന് 1 % ബോർഡോ മിശ്രിതം തളിക്കാം

∙ ചീഞ്ഞ കൂമ്പ് ചെത്തിമാറ്റി 10 % ബോർഡോ കുഴമ്പ് പുരട്ടിക്കൊടുക്കാം.

കമുക് 

∙ പ്രധാനമായും മഹാളി രോഗമാണ് കാണാൻ സാധ്യത. ബോർഡോ മിശ്രിതം 1% വീര്യത്തിൽ തളിച്ച് കൊടുക്കുന്നത് രോഗത്തെ നിയന്ത്രിക്കാൻ ഫലപ്രദമാണ്. 

ഏലം 

∙ ആവശ്യത്തിൽ കൂടുതൽ തണൽ ഉണ്ടെങ്കിൽ അത് നിയന്ത്രിച്ചു കൊടുക്കുന്നത് അഴുകൽ രോഗത്തെ തടയാൻ ഫലപ്രദമാണ്. രോഗം ബാധിച്ച ചെടികളിൽ 0.2% വീര്യത്തിൽ കോപ്പർഹൈഡ്രോക്സൈഡ് തളിച്ചു കൊടുക്കുകയും കട ഭാഗത്ത് ഒഴിച്ച് കൊടുക്കുകയും ചെയ്യണം. 

പച്ചക്കറി 

∙ ഒച്ച് വർഗത്തിൽപ്പെട്ട കീടങ്ങൾ ഈർപ്പം കൂടുന്ന മുറക്ക് അപകടകാരികൾ ആയി മാറാൻ സാധ്യതയുണ്ട്. ഇവയെ നനഞ്ഞ ചണചാക്ക് ഉപയോഗിച്ച് രാത്രി കാലങ്ങളിൽ ആകർഷിച്ചു പിടിച്ച് ഉപ്പുലായനിയിൽ ഇട്ടു നശിപ്പിച്ചു കളയാം. 

∙ വെള്ളരി വർഗ പച്ചക്കറികളിൽ ഇലപ്പുള്ളിയും തുടർന്ന് ഇല കരിച്ചിലും ഉണ്ടാകാൻ സാധ്യതയുണ്ട്. ഇത് നിയന്ത്രിക്കാൻ സൈമോക്സിൽ + മാങ്കോസെബ് (0.3%) തളിച്ച് കൊടുക്കണം. 

∙ 0.3% വീര്യത്തിൽ മാങ്കോസെബ് എന്ന കുമിൾ നാശിനി തളിച്ച് കൊടുത്താൽ വഴുതനയുടെ കായ്ചീയൽ, വെണ്ടയുടെ ഇലപ്പുള്ളി രോഗം മുതലായവയെ നിയന്ത്രിക്കാം. 

∙ പയറിന്റെ ചുവട് വീക്കം, കരിവള്ളി രോഗങ്ങൾക്കെതിരേ കോപ്പർ ഹൈഡ്രോക്സൈഡ് 0.2 % ചുവട്ടിൽ ഒഴിച്ചുകൊടുക്കാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA