sections
MORE

വാഴനാരിൽ നിന്ന് മോഹിപ്പിക്കും വസ്തുക്കൾ; സ്ത്രീകൾക്ക് തുടങ്ങാൻ മികച്ച സംരംഭം

handicrafts-producer
SHARE

ആർക്കും വേണ്ടാത്ത വാഴപ്പോളയിൽനിന്ന് ആരെയും മോഹിപ്പിക്കുന്ന ഹാൻഡ് ബാഗുകളും ടേബിൾ മാറ്റുകളുമെല്ലാം നിർമിക്കുന്ന കുറെയധികം വനിതകളുണ്ട് തിരുവനന്തപുരത്ത്. പ്രകൃതിസൗഹൃദ ഉൽപന്നങ്ങൾ തേടുന്നവരെയും കരകൗശല ഉൽപന്നങ്ങൾ ഇഷ്ടപ്പെടുന്നവരെയുമെല്ലാം ആകർഷിക്കും അവരുടെ വാഴനാരുൽപന്നങ്ങൾ. 

‘‘കനത്ത ലാഭം തരുന്ന സംരംഭം എന്നൊന്നും പറയുന്നില്ല. അതേസമയം സ്ത്രീകൾക്കു സ്വന്തം കാലിൽ നിൽക്കാനും സംരംഭകരായി വളരാനും സഹായിക്കും വാഴനാരുൽപന്നങ്ങളുടെ നിർമാണം’’, അഞ്ഞൂറിലേറെ സ്ത്രീകൾ അംഗങ്ങളായുള്ള വാഴനാരുൽപന്ന സംരംഭത്തിനു നേതൃത്വം നൽകുന്ന കൊറ്റാമം വിനോദിന്റെ വാക്കുകൾ. പൊതുപ്രവർത്തകനും തിരുവനന്തപുരം ഡിസിസി ഭാരവാഹിയുമായ പാറശ്ശാല പരശുവയ്ക്കൽ കൊറ്റാമം വിനോദ് 2002ൽ ഫ്രണ്ട്സ് ഫോറം എന്ന പേരിൽ ചാരിറ്റബിൾ സൊസൈറ്റി തുടങ്ങുന്നത് സ്ത്രീശാക്തീകരണത്തിനുതകുന്ന മൂല്യാധിഷ്ഠിത സംരംഭങ്ങൾകൂടി ലക്ഷ്യമിട്ടായിരുന്നു. തൊഴിൽരഹിതരായ സ്ത്രീകൾക്കു യോജിച്ച സംരംഭങ്ങളെക്കുറിച്ച് ചിന്തിച്ചപ്പോഴാണ് വാഴനാരുൽപന്നങ്ങളുടെ സാധ്യത തെളിഞ്ഞത്. 

മുടക്കുമുതൽ തുച്ഛമാണെന്നതും അസംസ്കൃതവസ്തു പണച്ചെലവില്ലാതെ സുലഭമാണെന്നതും അനുകൂല ഘടകമായി കണ്ടു. തമിഴ്നാട്ടിൽ കുടിൽ യൂണിറ്റുകൾ പലതുണ്ടെങ്കിലും കേരളത്തിൽ അത്ര പ്രചാരം നേടിയിരുന്നില്ല വാഴനാരുൽപന്നങ്ങളുടെ നിർമാണം. പാറശ്ശാലയിലും പരിസരത്തുമുള്ള ഏതാനും സ്ത്രീകളെ സംഘടിപ്പിച്ച് സ്വയം സഹായ സംഘങ്ങളാക്കി തിരിച്ച് ഈ രംഗത്തെ വിദഗ്ധരെക്കൊണ്ടു പരിശീലനം നൽകിയാണു തുടക്കം.

കലയും കരവിരുതും 

പശുവിനു തീറ്റയായി നൽകുന്നു എന്നതൊഴിച്ചാൽ കുലവെട്ടിയെടുത്ത ശേഷം വാഴത്തണ്ടും പിണ്ടിയുമെല്ലാം പാഴായിപ്പോകുകയാണു സാധാരണ പതിവ്. നാരെടുക്കാനായി ഏതിനം വാഴയുടെ പോളയും ശേഖരിക്കാം. പലതിൽ മികച്ചത് ഏത്തവാഴയുടേതുതന്നെ. കുലവെട്ടി പത്തു ദിവസത്തിനുള്ളിൽത്തന്നെ പോള ശേഖരിക്കണം, അതല്ലെങ്കിൽ നാരുകൾക്ക് വെണ്മ നഷ്ടപ്പെടും. കത്തി ഉപയോഗിച്ചു പോള ചീകിയാണു നാരുകളെടുക്കുക. പത്തു വാഴയുടെ പോളയിൽനിന്ന് ഒരു കിലോ നാരു ലഭിക്കും. നാരു വേർതിരിക്കാനുള്ള യന്ത്രം (ബനാന ഫൈ ബർ എക്സ്ട്രാക്ടർ) ലഭ്യമാണെങ്കിലും അങ്ങനെ വേർതിരിക്കുന്ന നാര് അത്രമേന്മയുള്ളതല്ല എന്നു കണ്ടതിനാല്‍ വാങ്ങിവച്ച യന്ത്രം ഉപയോഗിക്കുന്നില്ലെന്നു വിനോദ്.

ചീകിയെടുത്ത നാര് വെയിലിൽ ചെറുതായി വാട്ടിയ ശേഷം നിർമിക്കാനുദ്ദേശിക്കുന്ന ഉൽപന്നങ്ങൾക്ക് അനുസൃതമായി നിറം നൽകുന്നതാണ് അടുത്തഘട്ടം. നാരുകൾ വ്യത്യസ്ത വലുപ്പങ്ങളിൽ െമടഞ്ഞെടുത്ത ശേഷമാണ് ഉൽപന്ന നിർമാണം. ഏറെ ക്ഷമയും ശ്രദ്ധയും ആവശ്യമുള്ള കലയാണ് വാഴനാരുൽപന്നങ്ങളുടെ നിർമാണമെങ്കിലും പരിശീലനത്തിലൂടെ ആർക്കും പഠിച്ചെടുക്കാവുന്നത്ര ലളിതമായ കലയാണതെന്നു വിനോദ്.

Handicrafts-From-Banana-Fiber

‘‘പല ബാച്ചുകളിലായി പരിശീലനം നേടിയ അഞ്ഞൂറിലേറെ സ്ത്രീകൾ ഇന്ന് സൊസൈറ്റി അംഗങ്ങളായി ഉണ്ട്. മാത്രമല്ല, അവർക്കെല്ലാം കേന്ദ്ര സർക്കാരിന്റെ ആർട്ടിസാൻ അംഗീകാരവും ലഭിച്ചിട്ടുണ്ട്. ആർട്ടിസാൻ അക്രഡിറ്റേഷൻ നേടിയ വ്യക്തിക്ക് സ്വന്തം സംരംഭം തുടങ്ങാൻ ജാമ്യമില്ലാതെ അഞ്ചുലക്ഷം രൂപ വരെ വായ്പ ലഭിക്കും എന്നതാണ് ഏറ്റവും വലിയ നേട്ടം’’, വിനോദ് പറയുന്നു.

സംഘത്തിൽ അംഗങ്ങളായുള്ള സ്ത്രീകൾ തനിയെയും സംഘമായും ഉൽപന്നങ്ങൾ നിർമിക്കുന്നുണ്ട്. കേരളത്തിനകത്തും പുറത്തുമുള്ള മേളകളിലൂടെയാണ് മുഖ്യമായും വിപണി കണ്ടെത്തുന്നത്. ാരോ പ്രദർശനത്തിലേക്കും ഏതൊക്കെ ഉൽപന്നങ്ങൾ വേണമെന്ന് അംഗങ്ങൾക്ക് നേരത്തേ തന്നെ സൊസൈറ്റി നിർദേശം നൽകും. ഒപ്പം, സ്വന്തം നിലയ്ക്കു വിപണി കണ്ടെത്താനും സ്ത്രീകൾക്ക് അവസരമുണ്ട്. 

വെറുതെ കിടന്ന് ചീഞ്ഞളിഞ്ഞു പോകുന്ന വാഴപ്പോളയിൽനിന്നാണ് ഉൽപന്നങ്ങൾ നിർമിക്കുന്നത് എന്നു കരുതി അവയ്ക്കു വിലയും മൂല്യവും കമ്മിയാണെന്നു കരുതരുത്. അധ്വാനവും വൈദഗ്ധ്യവും ആവശ്യമുള്ള കലയായതുകൊണ്ട് വിലനിരക്കു കൂടും. എന്നാല്‍ പ്രകൃതിദത്ത ഉൽപന്നങ്ങളുടെ മൂല്യവും ഗുണമേന്മയും തിരിച്ചറിയുന്ന ഉപഭോക്താക്കൾ വർധിക്കുന്നുെണ്ടന്നത് ഇവര്‍ക്കു കൂടുതൽ പ്രതീക്ഷ നൽകുന്നു. ഫോൺ(വിനോദ്): 9447402208

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA