ADVERTISEMENT

മരണത്തെ മുഖാമുഖം കണ്ട് തിരുവനന്തപുരം റീജനൽ കാൻസർ സെന്ററിന്റെ പടിയിറങ്ങുമ്പോൾ മനോഹരനോടു ഡോക്ടർ നിർദേശിച്ചത് മത്സ്യമാംസാദികൾ ഒഴിവാക്കി ധാരാളം പച്ചക്കറികൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തണമെന്നാണ്. വിഷസ്പര്‍ശമില്ലാത്ത പച്ചക്കറികൾ എവിടെക്കിട്ടുമെന്ന മനോഹരന്റെ േചാദ്യത്തിന് ‍ഡോക്ടർക്ക് മറുപടിയുണ്ടായിരുന്നില്ല. ചെങ്ങന്നൂരിലേക്കുള്ള മടക്കയാത്രയിൽ മനോഹരൻ മനസ്സിലുറപ്പിച്ചു; ആരോഗ്യം അനുവദിച്ചാൽ ഇനിയുള്ള കാലം വിഷമില്ലാത്ത ഭക്ഷ്യവിളകൾ സ്വയം കൃഷിചെയ്തുണ്ടാക്കി കഴിക്കും.

ഒരു വ്യാഴവട്ടം പിന്നിടുമ്പോൾ ചെങ്ങന്നൂർ ചെറിയനാട് നെടുവരം കോട് അഞ്ജനം വീട്ടിൽ ഇ.എൻ. മനോഹരൻ നല്ലൊരു കർഷകനാണ്. തിരുവല്ല ട്രാക്കോ കേബിൾസിലെ ടെക്നീഷ്യനായിരുന്നു ഇക്കഴിഞ്ഞ വർഷം വരെ. ജോലിയിലിരിക്കെത്തന്നെ കൃഷിയും ചെയ്തിരുന്നു. സുരക്ഷിത ഭക്ഷണത്തിനു വേണ്ട മിക്ക വിളകളും മനോഹരന്റെ തോട്ടത്തിലുണ്ട്. പ്ലാവ്, പലയിനം മാവ്, പപ്പായ, പേര എന്നിവയൊക്കെ ഇക്കൂട്ടത്തിൽപ്പെടുന്നു. പാളയംകോടൻ (മൈസൂർ പൂവൻ‌‌ / പുളിച്ചി), പൂവൻ, ഞാലിപ്പൂവൻ, റോബസ്റ്റ, കണ്ണൻ തുടങ്ങി നേന്ത്രൻ വരെ പലതരം വാഴകൾ. നേന്ത്രൻ 200–250 എണ്ണം ഒരേസമയം നടാറുണ്ട്. ഇപ്പോൾ വിളവെടുത്തു വരുന്നു.

manoharan-stroy1

എല്ലാത്തരം കിഴങ്ങുവിളകളും ധാരാളമായി കൃഷി ചെയ്യുന്നുണ്ട്. ചേന, ചേമ്പിന്റെ വിവിധ ഇനങ്ങൾ, കാച്ചിൽ (കാവത്ത്), നനകിഴങ്ങ്, ചെറുകിഴങ്ങ് എന്നിവയ്ക്കു പുറമെ സുഗന്ധവിളകളായ ഇഞ്ചിയും മഞ്ഞളും തുടർച്ചയായി കൃഷിചെയ്തുവരുന്നു. 200 തടം കിഴങ്ങുകളാണ് ഇത്തവണ കൃഷിചെയ്തിരിക്കുന്നത്. വേനൽമഴ തുടങ്ങുന്ന മാർച്ച്, ഏപ്രിൽ (മേടക്കാലം) ചെറുകിഴങ്ങുകളുടെ നടീൽകാലമാണ്. നവംബർ–ഡിസംബർ (വൃശ്ചികം) മാസമാണ് നനച്ചുവളർത്തുന്ന നനകിഴങ്ങിന്റെ നടീൽകാലം. മേടക്കൃഷിയാണ് ചെയ്യുന്നത്. മാർച്ച് – ഏപ്രിലിൽ നടുന്ന ചെറുകിഴങ്ങ് ഏഴ്, എട്ട് മാസം കഴിഞ്ഞ് വൃശ്ചികത്തിൽ വിളവെടുക്കും. വൃശ്ചികവ്രതത്തിലെ കഞ്ഞിയും കിഴങ്ങു ചേർത്തുണ്ടാക്കുന്ന കൂട്ടു കറിയായ അസ്ത്രവും ഏറെ പ്രസിദ്ധമാണല്ലോ. നനകിഴങ്ങ് ജൂലൈ–ഓഗസ്റ്റ് മാസത്തിൽ വിളവെടുക്കാം. ആ സമയമാണ് ഏകാദശിവ്രതവും. ഏകാദശിവ്രതക്കാർക്ക് ഏറെ പ്രിയപ്പെട്ട പുഴുക്ക് ഉണ്ടാക്കുന്നത് ഈ കിഴങ്ങുകൾകൊണ്ടാണ്.

കൂനയെടുത്താണ് കിഴങ്ങു നടുന്നത്. കൂനയെടുക്കുമ്പോൾ കുമ്മായം ചേർത്തുവേണം മണ്ണിളക്കേണ്ടത്. ഒന്നുരണ്ടു മഴ കഴിഞ്ഞ് മണ്ണ് തോർന്നതിനുശേഷം ധാരാളം ഉണക്കിപ്പൊടിച്ച ചാണകവും ചാരവും (വെണ്ണീർ) ചേർത്ത് കൂനപിടിക്കുന്നു. ഈ കൂമ്പലിൽ ഇടത്തരം വലുപ്പമുള്ളതും മുള വന്നതുമായ കിഴങ്ങുകൾ കുത്തനെ ഉറപ്പിച്ച് മണ്ണിടുന്നു. കരിയിലകൊണ്ടു പുതയിടും. വള്ളികൾ വീശുന്നതനുസരിച്ചു കൂടാരംപോലെ താങ്ങുകാൽ ഉറപ്പിച്ചു പടർത്തുകയോ, ചെറുകയറുകളിൽ പടർത്തി നാലഞ്ചു തടത്തിലെ വള്ളികൾ വെവ്വേറെയായി വലിച്ചു നടുവിൽ ഉറപ്പിച്ചു താങ്ങുകാലിലേക്ക് കെട്ടിനിർത്തുകയോ ചെയ്യണം. പാഴ്മരങ്ങൾ ഉണ്ടെങ്കിൽ അവയിലേക്കും പടർത്തിവിടാവുന്നതാണ്. വള്ളികൾ വലത്തു നിന്ന് ഇടത്തോട്ടാണ് ചുറ്റി വളരുന്നത്. ചെറിയ മുള്ളുകൾ വള്ളിയിലുണ്ടാവും. മണ്ണിന്റെ ഫലഭൂയിഷ്ഠതയനുസരിച്ച് ഒരു മൂട്ടിൽനിന്ന് അഞ്ചു മുതൽ 20 വരെ കിഴങ്ങുകൾ ലഭിക്കാം.

വെള്ളക്കെട്ടില്ലാത്ത, നല്ല ഇളക്കമുള്ളതും ആഴമുള്ളതുമായ മണ്ണാണ് മനോഹരന്റെ കൃഷിയിടത്തിലേത്. അതുകൊണ്ടുതന്നെ നല്ല വിളവും ലഭിക്കുന്നുണ്ട്. നാടൻ ഇനങ്ങളാണ് കൃഷിക്ക് ഉപയോഗിച്ചുവരുന്നത്. വളമായി ഉണക്കിപ്പൊടിച്ച ചാണകവും ചാരവും ചവറുമൊക്കെ ഉപയോഗിക്കുന്നു. അടിവളമായി രാജ്ഫോസ് ഒരു ചിരട്ട അളവ് ഒരു മൂടിന് എന്ന കണക്കിൽ ചേർത്തുകൊടുക്കും. വള്ളിവീശി ഒരാഴ്ച കഴിയുമ്പോൾ നല്ല മഴ ഉണ്ടെങ്കിൽ പച്ചച്ചാണകം വച്ച് മണ്ണ് അടുപ്പിച്ചുകൊടുക്കും. അല്ലെങ്കിൽ ചാണകപ്പൊടി ചേർക്കും. ഒരു മാസത്തിനുശേഷം ഒരുപിടി പൊട്ടാഷും ചേർത്ത് മണ്ണടുപ്പിക്കും. ഇടയ്ക്കിടെ കള ചിരണ്ടി മണ്ണടുപ്പിക്കും. എലിയാണ് മുഖ്യശത്രു. തോട്ടം വൃത്തിയായി സൂക്ഷിക്കുകയും എലിമാളങ്ങൾ കണ്ടെത്തി എലിവിഷം വയ്ക്കുകയും ചെയ്യും. മറ്റു രോഗ–കീടബാധകൾ ഒന്നും തന്നെ കിഴങ്ങിനില്ല.

manoharan-stroy11

കിഴങ്ങുകൾ വിളവെടുക്കുമ്പോൾ മുതൽ പ്രഭാതഭക്ഷണം കിഴങ്ങുപുഴുക്കു തന്നെ. കാച്ചിലും ചേനയും ചേമ്പും കപ്പയും ഒക്കെ ഭക്ഷണമാക്കും. ചക്കയുടെ സീസണായാൽ ചക്കയാവും പ്രധാന ഭക്ഷണം. വാഴപ്പഴവും വാഴപ്പിണ്ടിയും വാഴക്കൂമ്പും ഒക്കെ ഭക്ഷ്യ വസ്തുക്കളാവുന്നു മിക്കപ്പോഴും. വാഴപ്പഴം എപ്പോഴും വീട്ടിലുണ്ടാവും. ഇതൊക്കെയും സുരക്ഷിത വഴികളാണല്ലോ.

എല്ലാ പച്ചക്കറികളും അതതുകാലത്തിനനുസരിച്ച് കൃഷിചെയ്തുവരുന്നു. പതിവായി പയർ, പാവൽ, പടവലം, കോവൽ, വെള്ളരി, വഴുതന, മുളക്, മത്തൻ, കുമ്പളം, മലാക്കി, വെണ്ട തുടങ്ങി കാബേജും, കോളിഫ്ലവറും, ചീരയും വരെ ആണ്ടുവട്ടം കൃഷിചെയ്യുന്നു. ഒന്നിനും അൽപംപോലും രാസകീടനാശിനികൾ ഉപയോഗിക്കാതെ തികച്ചും ജൈവരീതിയിലാണ് പരിപാലനം. 

മനോഹരൻ കൃഷിചെയ്യുന്നത് സ്വന്തം ഉപയോഗത്തിനു മാത്രമല്ല; അതൊരു പ്രധാന വരുമാന മാർഗവുമാണിപ്പോള്‍. മനോഹരനും സഹോദരനും കൂടി പാതയോരത്തു നാലു കടമുറികൾ പണിതതിൽ ഒരു മുറി കൃഷിയുല്‍പന്നങ്ങള്‍ വിൽക്കാനുള്ളതാണ്. വാഴക്കുലയും കപ്പയും ചേനയും ചേമ്പും കാച്ചിലും കിഴങ്ങും പച്ചക്കറികളും ഈ കടയിൽ വയ്ക്കും. നാട്ടുകാർ അവയൊക്കെ മനോഹരൻ പറയുന്ന വിലയ്ക്കു വാങ്ങിക്കൊണ്ടു പോകുന്നുണ്ട്. ഇക്കഴിഞ്ഞ വർഷം ഔദ്യോഗികജീവിതം അവസാനിച്ച പ്പോൾ ഈ പീടികമുറി വിപുലപ്പെടു ത്തി സ്റ്റേഷനറിക്കടയാക്കി. ഉച്ചവരെ കട തുറന്നുവയ്ക്കും. ഉച്ചഭക്ഷണം കഴിച്ച് അൽപം വിശ്രമിച്ചിട്ട് പറമ്പിലേക്ക് ഇറങ്ങും. ക്ഷീണം തോന്നുംവരെ പണിയെടുക്കും. മിക്ക ജോലിയും തനിയെ ചെയ്യും. വിളവിറക്കലിനും തടമെടുപ്പിനും കിളയ്ക്കലിനും മാത്രം ഒന്നോ രണ്ടോ പേരെ കൂടെക്കൂട്ടും. പച്ചക്കറിത്തോട്ടം കടയ്ക്കു മുന്നിൽത്തന്നെയായതിനാൽ രാവിലെ ഇടയ്ക്കിടെ തോട്ടത്തിലെ കാര്യങ്ങളും നടത്തിപ്പോരുന്നു. ഭാര്യ പൊന്നമ്മ അധ്യാപികയാണ്. മകൾ അഞ്ജു വിവാഹിത. മകൻ വിമൽ എൻജിനീയറിങ് വിദ്യാർഥി. അതിനാൽ അവരുടെ സേവനം വല്ലപ്പോഴും മാത്രം. മഹാരോഗം മനോഹരനെ തളർത്തുകയല്ല, വളര്‍ത്തുകയാണ് ചെയ്തത്. അതുകൊണ്ടുതന്നെ അദ്ദേഹം ന മുക്കു മാതൃകയാവുന്നു. 

ഫോൺ: 75107 18144

ലേഖകന്റെ വിലാസം: കൃഷി ഒാഫിസര്‍, ചെറിയനാട്, ചെങ്ങന്നൂര്‍. ഫോണ്‍: 8075557146

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com