ADVERTISEMENT

ഭാരതത്തിന്റെ ആത്മാവ് ഗ്രാമങ്ങളിലാണെന്ന ഗാന്ധിവചനം കന്നി ബജറ്റ് പ്രസംഗത്തിൽ നിർമല സീതാരാമൻ അനുസ്മരിച്ചെങ്കിലും കേന്ദ്രബജറ്റിൽ കർഷകർക്കും കാർഷികമേഖലയ്ക്കും പുതിയ പദ്ധതികളൊന്നുമില്ല. ഗാവ്, ഗരീബ്, കിസാൻ (ഗ്രാമം, ദരിദ്രൻ, കർഷകൻ) എന്നതാണ് കേന്ദ്രസർക്കാർ പദ്ധതികളുടെ കേന്ദ്രബിന്ദുവെന്ന് ബജറ്റ് പ്രസംഗത്തിലുണ്ടായിരുന്നെങ്കിലും ഈ ദിശയിലും കാര്യമായ പ്രഖ്യാപനങ്ങളൊന്നുമുണ്ടായില്ല. പ്രകടനപത്രികയുടെ മാതൃകയിൽ ഒട്ടേറെ കാര്യങ്ങൾ പറഞ്ഞു പോകുന്നുണ്ടെങ്കിലും അവയ്ക്കൊന്നും വേണ്ടത്ര വിഹിതം ബജറ്റിൽ ഇല്ല. 

 

അടുത്ത ദശകത്തിലേക്ക് ധനമന്ത്രി പ്രഖ്യാപിച്ച പത്തിന പരിപാടികളിൽ രണ്ടെണ്ണം കാർഷികമേഖലയുമായി ബന്ധമുള്ളതാണ്. ഭക്ഷ്യധാന്യങ്ങൾ, പയർവർഗങ്ങൾ, എണ്ണക്കുരുക്കൾ, പഴങ്ങൾ, പച്ചക്കറികൾ എന്നിവയിൽ സ്വയംപര്യാപ്തതയും കയറ്റുമതിയും എന്നതാണ് ഇവയിലൊന്ന്. ജലം, ജലസംരക്ഷണം, വൃത്തിയായ നദികൾ എന്നിവയാണ് കൃഷി ബന്ധമുള്ള രണ്ടാമത്തെ പരിപാടി. അടുത്ത 10 വർഷം ഈ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ആവർത്തിക്കുന്ന രണ്ടാം മോദി സർക്കാരിന്റെ ആദ്യ ബജറ്റിൽ ഈ ലക്ഷ്യങ്ങൾക്കു വൻപദ്ധതികൾ കണ്ടെത്തുക പ്രയാസം.

 

കൃഷിമന്ത്രാലയത്തിന്റെ ബജറ്റ് വിഹിതത്തിൽ 57 ശതമാനവും കർഷകർക്കു നേരിട്ടു നൽകുന്ന സഹായധനമാണ്. എന്നാൽ പ്രധാൻമന്ത്രി കൃഷി സമ്മാൻനിധി (പിഎം കിസാൻ), പി എം കിസാൻ പെൻഷൻ എന്നീ അഭിമാന പദ്ധതികൾക്കുള്ള തുക കിഴിച്ചാൽ മറ്റു പ്രധാന പദ്ധതികൾക്കു നാമമാത്ര വർധനയേ ബജറ്റിൽ ഉള്ളൂ. ‘ഹരിത വിപ്ലവ കുട’ എന്ന പേരിൽ നടപ്പാക്കുന്ന 18 പദ്ധതികൾക്കുള്ള തുക 2018–’19ലെ 11,802 കോടിയിൽ നിന്നു 2019–20ൽ 12,560 കോടിയായി ഉയർത്തി.

 

6000 എല്ലാ കർഷകർക്കും

 

പ്രതിവർഷം 2000 രൂപ വീതം മൂന്നു തവണയായി 6000 രൂപ കർഷകരുടെ അക്കൗണ്ടിലേക്കു നിക്ഷേപിക്കുന്ന പിഎം കിസാൻ സമ്മാന്‍ പദ്ധതി ഭൂപരിധി നോക്കാതെ എല്ലാ കർഷകർക്കും നൽകാൻ രണ്ടാം മോദി സർക്കാരിന്റെ ആദ്യ മന്ത്രി സഭായോഗം തീരുമാനിച്ചിരുന്നു. അഞ്ചേക്കറിൽ താഴെ കൈവശ ഭൂമിയുള്ള 12.5 കോടി ചെറുകിട – നാമമാത്ര കർഷകർക്ക് മൂന്നു തവണയായി 6000 രൂപ ഒരു വർഷം നൽകാനായിരുന്നു മുൻ സർക്കാരിന്റെ തീരുമാനം. ഈ നിബന്ധന മാറ്റിയതോടെ രാജ്യത്തെ 14.5 കോടി കർഷകർക്കും സഹായധനം ലഭിക്കും.

 

കിസാൻ പെൻഷൻ

60 വയസ്സുതികയുന്ന കർഷകർക്ക് പ്രതിമാസം പെൻഷൻ നൽകുന്നതിനായി പ്രധാൻമന്ത്രി കിസാൻ പെൻഷൻ യോജന എന്ന പദ്ധതിയും ആദ്യ മന്ത്രിസഭായോഗത്തിൽ പ്രഖ്യാപിച്ചിരുന്നു. 900 കോടി രൂപ ഇതിനായി നീക്കിവച്ചിട്ടുണ്ട്. 18നും 40നും ഇടയിൽ പ്രായമുള്ള കർഷകർക്ക് സ്വമേധയാ പെൻഷൻ പദ്ധതിയിൽ ചേരാം. ഇവർ പ്രതിമാസം 100 രൂപ അടയ്ക്കണം. തത്തുല്യ തുക കേന്ദ്ര സർക്കാരും നൽകും. 18നും 40നും ഇടയിൽ പ്രായമുള്ള കർഷകർ പദ്ധതിയിൽ ചേർന്നാൽ അവർക്ക് 60 തികയുമ്പോഴാവും പെൻഷൻ ലഭിക്കുക. അടുത്ത മൂന്നു വർഷത്തിനുള്ളിൽ അഞ്ചു കോടി ചെറുകിട, നാമമാത്ര കർഷകരെ പദ്ധതിയിൽ ചേർക്ക ണമെന്നാണ് ആദ്യ മന്ത്രിസഭാ യോഗത്തിൽ നിശ്ചയിച്ചത്. എൽ ഐസി വഴി നടപ്പാക്കുന്ന ഈ പദ്ധതിക്ക് 10774.5 കോടി രൂപ കേന്ദ്രവിഹിതമായി നൽകേണ്ടിവരുമെന്നാണ് ആദ്യ മന്ത്രിസഭായോഗത്തിൽ കണക്കാക്കിയത്. എന്നാൽ ബജറ്റിൽ ഈ വർഷത്തെ വിഹിതം 900 കോടി രൂപ മാത്രം. മൃഗസംരക്ഷണം, ക്ഷീരവികസനം, ഫിഷറീസ് എന്നിവയ്ക്കുവേണ്ടി പുതിയ സർക്കാർ പ്രത്യേക മന്ത്രാലയം രൂപീകരിച്ചിട്ടുണ്ട്. പ്രധാൻമന്ത്രി മത്സ്യ സമ്പദായോജന എന്ന പുതിയ പദ്ധതി ഫിഷറീസ് വകുപ്പ് ആരംഭിക്കുമെന്നതാണ് ബജറ്റിലെ ഒരു പ്രധാന പ്രഖ്യാപനം. ഈ മേഖലയിലെ ഉൽപാദനം, ഉൽപാദനക്ഷമത, ഗുണമേന്മാ നിയന്ത്രണം, അടിസ്ഥാനസൗകര്യ വികസനം, ആധുനികവൽക്കരണം എന്നിവ സംബന്ധിച്ച പ്രശ്നങ്ങൾക്കു പരിഹാരം കാണുകയാണ് പദ്ധതിയുടെ ലക്ഷ്യം. 

 

ഗ്രാമീണ റോഡുകള്‍

 

ഗ്രാമങ്ങളെ ഗ്രാമീണ മാർക്കറ്റുകളുമായി ബന്ധിപ്പിക്കുന്നതിന് പ്രധാൻമന്ത്രി ഗ്രാമീൺ സടക് യോജനയുടെ മൂന്നാം ഘട്ടം നടപ്പാക്കും. അഞ്ചു വർഷത്തിനുള്ളിൽ ഒന്നേകാൽ ലക്ഷം കിലോമീറ്റർ ഗ്രാമീണ റോഡുകളുടെ നിലവാരം ഉയർത്തും. ഇതിനു വേണ്ടി 80,250 കോടി രൂപ ചെലവഴിക്കുന്നതാണ്. മുള, തേൻ, ഖാദി ഉൽപന്നങ്ങൾ എന്നിവയെ അടിസ്ഥാനമാക്കിയുള്ള പരമ്പരാഗത വ്യവസായങ്ങളുടെ പുനരുജ്ജീവനത്തിനും ഉന്നമനത്തിനുമായി പദ്ധതി ആരംഭിക്കും. ഗ്രാമങ്ങളിൽ കോമൺ ഫെസിലിറ്റി സെന്ററുകൾ സ്ഥാപിച്ച് ക്ലസ്റ്റർ അടിസ്ഥാനത്തിലായിരിക്കും ഇതു നടപ്പാക്കുക. 2019–’20ൽ 100 ക്ലസ്റ്ററുകൾ ആരംഭിക്കും. പുതിയ കണ്ടുപിടിത്തങ്ങളുടെയും ഗ്രാമീണവ്യവസായങ്ങളുടെയും സംരംഭകത്വത്തിന്റെയും പ്രോൽസാഹനത്തിനായി അസ്പയർ എന്ന പദ്ധതിയുടെ കീഴിൽ ലൈവ്‌ലിഹുഡ് ബിസിനസ് ഇൻക്യുബേറ്റേഴ്സ് (എൽബി ഐ), ടെക്നോളജി ബിസിനസ് ഇൻ ക്യുബേറ്റേഴ്സ് (ടിബിഐ) എന്നിവ ആരംഭിക്കും. ഈ മേഖലകളിൽ നൈ പുണ്യമുള്ള 75,000 സംരംഭകരെ വാർത്തെടുക്കും. ഇതിന്റെ പ്രയോജനം കാർഷിക മേഖലയിലും ലഭിക്കും.

 

10,000 കർഷക കമ്പനി

 

അഞ്ചു വർഷത്തിനുള്ളിൽ 10,000 കാർഷിക ഉൽപാദക കമ്പനികൾ ആരംഭിക്കുമെന്ന ബിജെപി പ്രകടനപത്രികയിലെ വാഗ്ദാനം ബജറ്റിലും ആവർത്തിച്ചിട്ടുണ്ട്. നിക്ഷേപം, മാനേജ്മെന്റ്, വിപണനം തുടങ്ങിയ മേഖലകളിൽ നിലവിലുള്ള കർഷക ഉൽപാദക കമ്പനികൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനോ ഉത്തേജനം നൽകുന്നതിനോ പാക്കേജുകള്‍ ബജറ്റിൽ ഇല്ല. അഞ്ചു വർഷത്തിനുള്ളിൽ രാജ്യത്തെ അടിസ്ഥാനസൗകര്യ വികസനത്തിനായി 100 ലക്ഷം കോടി രൂപ നിക്ഷേപിക്കുമെന്നത് ബിജെപിയുടെ പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്നാണ്. ഇതിൽ 25 ലക്ഷം കോടി രൂപ കാർഷികമേഖലയിൽ നിക്ഷേപിക്കുമെന്നാണ് പ്രഖ്യാപനം. എന്നാൽ ഈ തുക കണ്ടെത്താനുള്ള മാർഗങ്ങളൊന്നും ബജറ്റിൽ ഇല്ല. ഇതിനുവേണ്ടി ഉന്നതാധികാര സമിതിയെ നിയമിക്കുമെന്നു മാത്രമാണ് പ്രഖ്യാപനം.

 

കാർഷികമേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിന് വൻ തോതിൽ നിക്ഷേപം നടത്തുമെന്നു പറയുന്ന ധനമന്ത്രി ഇതിനു പണം എവിടെനിന്നു കണ്ടെത്തുമെന്നു വ്യക്ത മാക്കിയിട്ടില്ല. എന്നാൽ ഒന്നാം മോദി സർക്കാരിന്റെ ഭരണകാലത്ത് കാർഷിക മേഖലയിലെ സ്വകാര്യ മൂലധന നിക്ഷേപം കുത്തനെ ഇടിഞ്ഞുവെന്നാണ് ഇക്കണോമിക് സർവേയിലെ കണ്ടെത്തൽ. പൊതുമേഖലാ മൂലധന നിക്ഷേപത്തിലും കാര്യമായ വർധനയില്ല. ഗ്രാമീണമേഖലയിൽ ട്രാക്ടർ ഉൾപ്പെടെയുള്ള കാർഷികയന്ത്രങ്ങളുടെ വിൽപന കഴിഞ്ഞ ഒരു വർഷത്തിനിടയിൽ 18 ശതമാനത്തോളം കുറഞ്ഞു. കർഷകരുടെ ഉൽപന്നങ്ങളുടെ മൂല്യവർധനയ്ക്കു സ്വകാര്യ സംരംഭകത്വം പ്രോൽസാഹിപ്പിക്കും. കർഷകരെ സംഘടിപ്പിച്ച് ‘സോളർ ഫാമിങ്’ വൻതോതിൽ നടപ്പാക്കുമെന്ന് ബിജെപി പ്രകടനപത്രികയിലും പറഞ്ഞിട്ടുണ്ട്. അന്നദാതാക്കളായ കർഷകരെ സ്വകാര്യ സംരംഭകരുമായി കൂട്ടി യോജിപ്പിച്ചുകൊണ്ട് ഊർജദാതാക്കളായി മാറ്റുമെന്നും ബജറ്റിൽ പറയുന്നു. എന്നാൽ ഇതിനു വ്യക്തമായ പദ്ധതികളൊന്നും പ്രഖ്യാപിച്ചിട്ടില്ല. 

 

സഹകരണ ക്ഷീരവികസനം

 

സഹകരണാടിസ്ഥാനത്തിലുള്ള ക്ഷീരവികസനം പ്രോൽസാഹിപ്പിക്കും. ക്ഷീരസംഭരണം, സംസ്കരണം, വിപണനം, കാലിത്തീറ്റ ഉൽപാദനം തുടങ്ങിയവയ്ക്കുള്ള അടിസ്ഥാന സൗകര്യ വികസനം സഹകരണ സ്ഥാപനങ്ങളിലൂടെ നേടിയെടുക്കും. സ്വയംപര്യാപ്തത നേടിയതിനു പയറുവർഗ കർഷകരെ അനുമോദിക്കുന്ന ധനമന്ത്രി പക്ഷേ, പയറുവർഗങ്ങളുടെ അനിയന്ത്രിത ഇറക്കുമതി കർഷകരെ തകർക്കുന്നതിനെക്കുറിച്ച് മൗനം പാലിക്കുകയാണ്.

 

സംസ്ഥാന സർക്കാരുകളുമായി സഹകരിച്ച് ദേശീയ കാർഷിക വിപണി കർഷകർക്കു കൂടുതൽ പ്രയോജനകരമാക്കും. അഗ്രികൾച്ചറൽ പ്രൊഡ്യൂസ് മാർക്കറ്റിങ് കമ്മിറ്റി നിയമം (എ പിഎംസി ആക്ട്) കർഷകർക്ക് ന്യായവില ലഭിക്കുന്നതു തടയുന്നില്ലെന്ന് ഉറപ്പാക്കുന്നതാണ്. പുതിയ സാങ്കേതികവിദ്യകൾ വികസിപ്പിക്കാൻ വൻതോതിൽ നിക്ഷേപം നടത്തിയെങ്കിൽ മാത്രമേ കർഷകരുടെ വരുമാനത്തിൽ വർധന ഉണ്ടാവുകയുള്ളൂ. എന്നാൽ കാർഷിക ഗവേഷണവികസനത്തിനു ബജറ്റിൽ കാര്യമായ തുക വകയിരുത്തിയിട്ടില്ല. മൊത്തം ആഭ്യന്തര ഉൽപാദനത്തിന്റെ 0.37 ശതമാനം മാത്രമാണ് ഇന്ത്യ കാർഷികഗവേഷണത്തിനു വിനിയോഗിക്കുന്നത്. ഇത് ഒരു ശതമാനം എങ്കിലുമായി ഉയർത്തിയാൽ മാത്രമേ കാര്യമായ മാറ്റമുണ്ടാവുകയുള്ളൂ.

 

പിഎം കിസാൻ, പിഎം കിസാൻ യോജന എന്നിവയ്ക്കുവേണ്ടി നീക്കി വച്ച വിഹിതം കിഴിച്ചാൽ കൃഷിക്കു വേണ്ടി ബജറ്റിൽ കാര്യമായ വർധനയൊന്നും കാണാനില്ല. ബിജെപി പ്രകടനപത്രികയിൽ കർഷകർക്കു നൽകിയ എല്ലാ വാഗ്ദാനങ്ങളും ബജറ്റിൽ ഇടംപിടിച്ചിട്ടുമില്ല. കാർഷികമേഖലയിൽ അടിസ്ഥാനസൗകര്യ വികസനത്തിന് 25 ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്തുക, 2022–ഓടെ കർഷകരുടെ വരുമാനം ഇരട്ടിപ്പിക്കുക എന്നീ പ്രധാന വാഗ്ദാനങ്ങൾ വിദൂര ലക്ഷ്യങ്ങളായി ശേഷിക്കും. 

 

  വരുമാനം ഇരട്ടിപ്പിക്കാന്‍ ‘ചെലവില്ലാ പ്രകൃതികൃഷി’


‘ചെലവില്ലാ പ്രകൃതിക്കൃഷിയിലേക്ക് (സീറോ ബജറ്റ് നാച്വറൽ ഫാമിങ്)’ മടങ്ങിപ്പോകണമെന്നാണ് ഈ വർഷത്തെ സാമ്പത്തിക സർവേയിലും ബജറ്റിലും ധനമന്ത്രി നിർമല സീതാരാമന്റെ ആഹ്വാനം. മഹാരാഷ്ട്രക്കാരനായ പത്മശ്രീ സുഭാഷ് പലേക്കർ ആവിഷ്കരിച്ചതാണ് ചെലവില്ലാ പ്രകൃതിക്കൃഷി. ഒരു നാടൻ പശുവിന്റെ ചാണകവും മൂത്രവും കൊണ്ട് 80 ഏക്കറിൽ കൃഷി നടത്തുന്ന വിദ്യയാണിത്. പലേക്കറുടെ പല അവകാശവാദങ്ങളും ഇനിയും ശാസ്ത്രീ യമായി തെളിയിക്കപ്പെട്ടിട്ടില്ല. രാജ്യത്തെ കാർഷിക ഗവേഷണ സ്ഥാപനങ്ങളോട് കർഷകരുടെ വരുമാ നം ഇരട്ടിപ്പിക്കാൻ വ്യക്തമായ പദ്ധതികൾ സമർപ്പിക്കാൻ കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. അവർ പരാജയപ്പെട്ടപ്പോൾ ചെലവില്ലാക്കൃഷികൊണ്ട് അതു സാധിക്കുമെന്ന അവകാശവാദവുമായി സുഭാഷ് പലേക്കർ രംഗത്തെത്തുകയായിരുന്നു. പാരമ്പര്യ വിത്തിനങ്ങൾ മാത്രമുപയോഗിച്ചാണ് ഈ കൃഷിരീതി. എ ന്നാല്‍ മഹാരാഷ്ട്രയില്‍ അദ്ദേഹത്തിന്റെ ജന്മസ്ഥലമായ അമരാവതിയിലെ ബെലോറ ഗ്രാമത്തിൽ പോലും ഈ കൃഷിരീതി കാര്യമായി ആരും അംഗീകരിച്ചിട്ടില്ല. ഇന്ത്യ മുഴുവൻ ഇതു വ്യാപിപ്പിച്ചാൽ ജൈവ ഉൽപന്നങ്ങൾ ഉയർന്ന വില നൽകി ഉപഭോക്താക്കൾ വാങ്ങേണ്ടി വരും. ഇനിയും ഫലപ്രദമെന്നു തെളിയിക്കപ്പെട്ടിട്ടില്ലാത്ത ഈ കൃഷിരീതി മാത്രം സ്വീകരിച്ചാൽ മതിയോ എന്നതു വലിയ ചോദ്യമാണ്. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com