ADVERTISEMENT

കേന്ദ്രബജറ്റിൽ കൃഷിക്കാരുടെ വരുമാനം ഇരട്ടിയാക്കാനുള്ള പ്രധാന തന്ത്രങ്ങളിലൊന്നായി അവതരിപ്പിച്ചിരിക്കുന്നത് സീറോ ബജറ്റ് പ്രകൃതിക്കൃഷിയാണ്. പല സംസ്ഥാനങ്ങളും ഈ കൃഷിരീതിക്കു വലിയ പ്രാധാന്യവും പ്രോത്സാഹനവും നൽകുന്നുണ്ട്. എന്നാൽ സീറോ ബജറ്റ് കൃഷി സ്വീകരിക്കുന്ന കാര്യത്തിൽ കേരളം ഇപ്പോഴും ആശയക്കുഴപ്പത്തിലാണ്. കൃഷിക്കാരിൽ മാത്രമല്ല സർക്കാരിലും ‌‌അത് പ്രകടമാണ്. രാജ്യമൊന്നാകെ പുതിയ കൃഷിരീതി സ്വീകരിക്കാൻ തയാറെടുക്കുമ്പോൾ കേരളത്തിലെ കൃഷിക്കാരുടെയും കാർഷിക സർവകലാശാലയുടെയും നിലപാട് എന്താണ്?

 

– അന്വേഷണം

 

അടുത്തറിയാം പലേക്കറുടെ കൃഷി 

 

എന്താണ് സീറോ ബജറ്റ് കൃഷി? പണച്ചെലവില്ലാത്ത കൃഷിയെന്നു മാത്രമാണ് ഈ പദപ്രയോഗംകൊണ്ട് സുഭാഷ് പലേക്കർ ഉദ്ദേശിക്കുന്നത്. ചെറുകിടക്കൃഷിക്കാർക്ക് പണം കൊടുത്ത് വിത്തോ വളമോ കീടനാശിനികളോ വാങ്ങാതെ കൃഷി ചെയ്യാൻ കഴിയുന്ന സാഹചര്യം. സ്വന്തമായി അധ്വാനിക്കുന്ന ചെറുകിടക്കാർക്ക് കൂലിച്ചെലവും േവണ്ടിവരില്ലല്ലോ. എന്നാൽ വ്യാപകമായി തെറ്റിദ്ധരിപ്പിക്കപ്പെടുന്നു എന്ന തിരിച്ചറിവിൽ പലേക്കർ തന്നെ ഈ കൃഷിരീതിയുടെ പേര് പലേക്കർ പ്രകൃതിക്കൃഷി എന്നാക്കി മാറ്റിയിരിക്കുകയാണ് ഇപ്പോൾ.

abraham

 

നാടൻ പശുവാണ് ഈ കൃഷിരീതിയുടെ കേന്ദ്രബിന്ദു. ഒരു നാടൻപശുവുണ്ടെങ്കിൽ 30 ഏക്കറിൽ കൃഷി നടത്താമെന്ന് പലേക്കർ അവകാശപ്പെടുന്നു. നാടൻപശുവിന്റെ ചാണകമുപയോഗിച്ചുണ്ടാക്കുന്ന ജീവാമൃതം എന്ന ജൈവക്കൂട്ടിന്റെ സഹായത്തോടെ മണ്ണിന്റെ നിലവാരം മെച്ചപ്പെടുത്താമെന്നാണ് പലേക്കറുടെ നിലപാട്. എന്നാൽ വിദേശജനുസ് പശുക്കളുെട ചാണകം ഇതിനുതകുകയില്ലത്രെ. ജീവാമൃതം കൂടാതെ മൂന്നോ നാലോ ജൈവക്കൂട്ടുകൾ കൂടി ചെടികളുെട വളർച്ചയ്ക്കും കീട, രോഗ നിയന്ത്രണത്തിനുമായി പലേക്കർ നിർദേശിക്കുന്നുണ്ട്. അതേസമയം ജൈവക്കൃഷിയിൽ പൊതുവേ ഉപയോഗിച്ചുവരുന്ന മറ്റെല്ലാ കൂട്ടുകളെയും പലേക്കർ പൂർണമായി തള്ളിപ്പറയുന്നു. ജൈവവളം, ജീവാണുവളം, ജൈവകീടനാശിനി എന്നിവയൊന്നും ഈ കൃഷിരീതിയിൽ സ്വീകാര്യമല്ല. മണ്ണിരക്കമ്പോസ്റ്റും സീറോബജറ്റ് കൃഷിക്ക് വിരുദ്ധമാണ്. 

 

കളകളും പുല്ലുമൊക്കെ പതിവായി അരിഞ്ഞ് മണ്ണിനു പുതയാക്കുകയും ജീവാമൃതം വിളകൾക്കു നൽകുകയും ചെയ്യുകയാണു വേണ്ടത്. നാടൻ മണ്ണിരകൾക്ക് സീറോ ബജറ്റ് കൃഷിയിൽ വലിയ പ്രാധാന്യമുണ്ട്. പലേക്കർ കൃഷിരീതിയിൽ ജലവിനിയോഗം താരതമ്യേന വളരെ കുറച്ചു മതി. മഹാരാഷ്ട്രയിലെ വിദർഭ മേഖലയിൽ നിന്നുള്ള കാർഷിക ബിരുദധാരിയായ സുഭാഷ് പലേക്കറെ കേന്ദ്രസർക്കാർ പത്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്. 

mathayi

 

മാതൃകാ തോട്ടങ്ങൾ വേണം

 

കൃഷിക്കാരുെട വരുമാനം ഇരട്ടിയാക്കുന്നതിന് സുഭാഷ് പലേക്കറുടെ പ്രകൃതിക്കൃഷി മാത്രമേ മാർഗമുള്ളൂ. ആധുനിക കൃഷിയിലും ജൈവക്കൃഷിയിലുമൊക്കെ വലിയ ഉൽപാദനവും വരുമാനവും ഉണ്ടായേക്കാം, എന്നാൽ ചെലവ് വളരെ കൂടുതലായിരിക്കും. ഏലം കർഷകനായ എനിക്ക് ഈ രീതിയിലൂെട മറ്റ് കൃഷിക്കാർക്ക് തുല്യമായ ഉൽപാദനം നേടാൻ കഴിയുന്നുണ്ട്. കഴിഞ്ഞ വർഷം പ്രകൃതിക്കൃഷിയിലൂെട ഉൽപാദിപ്പിച്ച ഏലക്കായ്കൾ വിശദമായ അവക്ഷിപ്ത പരിശോധനകൾക്കു ശേഷം ഇരട്ടി വിലയ്ക്കാണ് ഒരു വിദേശകമ്പനി വാങ്ങിയത്. കേന്ദ്രസഹായത്തോടെ എല്ലാ പഞ്ചായത്തുകളിലും പലേക്കർ ശൈലിയിലുള്ള ഒരു മാതൃകാകൃഷിയിടമൊരുക്കണം. എല്ലാവർക്കും ഈ കൃഷി അടുത്തറിയാനും ശരിയായ അഭിപ്രായരൂപീകരണം നടത്താനും ഇതുവഴി സാധിക്കും. ജൈവകൃഷിയും സീറോബജറ്റ് കൃഷിയും തമ്മിൽ കാഴ്ചപ്പാടുകളിൽ ചില ഭിന്നതയുണ്ടെങ്കിലും പരസ്പരം സഹകരിക്കാവുന്നതേയുള്ളൂ. കാർഷിക സർവകലാശാല ഈ കൃഷിരീതിക്കു പിന്നിലെ ശാസ്ത്രീയത കണ്ടെത്താനാണ് ശ്രമിക്കേണ്ടത്. 

 

അബ്രഹാം ചാക്കോ, 

james

സീറോ ബജറ്റ് കർഷകൻ, റാന്നി 

 

ചെയ്താൽ മാത്രം വരുമാനം 

 

സീറോ ബജറ്റ് കൃഷിയിലൂടെ മികച്ച വരുമാനം നേടാനാകും. അധ്വാനഭാരവും ചെലവും കുറയ്ക്കാനും കൃഷി ആസ്വദിക്കാനും അത് സഹായിക്കുന്നു. വേണ്ടത്ര വെള്ളമില്ലാതെ ശായി കിടന്ന എന്റെ കൃഷിയിടത്തിൽ നിന്ന് ഇപ്പോൾ ഓരോ തവണയും 65,000 രൂപയുടെ നാളികേരം കിട്ടുന്നതിനു കാരണം സീറോ ബജറ്റ് കൃഷിയാണ്. നാലേക്കർ കൃഷിയിടത്തിൽ തെങ്ങിനു പുറമെ വാഴയും കൊക്കോയും ഇ‍ഞ്ചിയും മഞ്ഞളുമൊക്കെ നല്ല ആദായം നൽകുന്നുണ്ട്. ഈ വർഷം മഴക്കുറവുണ്ടായിട്ടും കുഴപ്പമില്ലാതെ കൃഷിയിടം പരിപാലിക്കാൻ സാധിക്കുന്നു. 

 

കേരളത്തിൽ നടന്ന 17 ശിൽപശാലകളിലായി പതിനായിരം പേരെങ്കിലും അദ്ദേഹത്തിന്റെ ആശയങ്ങൾ മനസ്സിലാക്കിയിട്ടുണ്ട്. അവരിൽ പകുതിപ്പേരെങ്കിലും സീറോ ബജറ്റ് കൃഷിയുടെ വക്താക്കളായി നടക്കുന്നുമുണ്ട്. എന്നാൽ യഥാർഥ സീറോ ബജറ്റ് കൃഷി നടപ്പാക്കി വരുമാനം നേടുന്നവർ വളരെ ചുരുക്കം. ഇത് കൃഷിരീതിയുടെ കുഴപ്പമല്ല. സീറോ ബജറ്റ് കൃഷിയിലൂെട കേരളത്തിനു നേട്ടമുണ്ടാകണമെങ്കിൽ ആദ്യം വേണ്ടത് അത് ചെയ്തു തുടങ്ങുക മാത്രമാണ്. അതേസമയം സീറോ ബജറ്റ് കൃഷിയിലേക്കു മാറിയ എല്ലാവരും തന്നെ സംതൃപ്തിയോടെ തുടരുന്നുണ്ട്. അവർ ഇനി ഈ രംഗത്തുനിന്ന് പിന്മാറുകയുമില്ല. 

babu

 

കാർഷിക സർവകലാശാലയും കൃഷിവകുപ്പും ഈ കൃഷിയെക്കുറിച്ച് വിശദമായും വസ്തുനിഷ്ഠമായും പഠിക്കേണ്ടതാണ്. പലേക്കറുെട ക്ലാസുകളിലൂെടയാണ് ജീവാമൃതം കേരളത്തിലെ കൃഷിക്കാർക്കിടയിൽ പ്രചരിപ്പിച്ചത്. ഇന്ന് കാർഷിക സർവകലാശാല ഉൾപ്പെടെ ഒട്ടേറെ ഏജൻസികൾ ജീവാമൃതം നിർമിച്ചു വിൽക്കുന്നുണ്ട്. സീറോ ബജറ്റ് കൃഷിക്കുള്ള പരോക്ഷ അംഗീകാരമാണത്. വാസ്തവത്തിൽ വിൽപനയ്ക്കുള്ള ഉൽപന്നമല്ല ജീവാമൃതം. കൃഷിയിടത്തിൽ തയാറാക്കേണ്ടതാണത്. എന്നാൽ നമ്മുടെ ആളുകൾക്ക് താൽപര്യം വിൽപനയിൽ മാത്രം. ‌

 

മത്തായി മാത്യു, സീറോ ബജറ്റ് 

കർഷകൻ, പാലക്കാട് 

 

അംഗീകരിക്കാത്തത് കേരളം മാത്രം 

indira

 

സീറോ ബജറ്റ് രീതിക്കു വിരുദ്ധമായ യാതൊന്നും പ്രവേശിപ്പിക്കാത്ത മൈസൂരുവിലെ എന്റെ തെങ്ങിൻതോപ്പിനു ദേശീയ അവാർഡ് ഉൾപ്പെടെയുള്ള അംഗീകാരങ്ങൾ കിട്ടിയത് ചെലവില്ലാക്കൃഷിയിലേക്കു മാറിയതിൽ പിന്നെയാണ്. അതിനു മുമ്പ് രാസ, ജൈവ രീതികളിൽ മികച്ച വിളവ് നേടാനായിട്ടുണ്ട്. എന്നാൽ അറ്റാദായമുണ്ടായില്ല, മാത്രമല്ല, ആദ്യവർഷങ്ങളിലെ വിളവും വിളയുടെ ആരോഗ്യവും പിന്നീട് കുറഞ്ഞുവരുന്നതും കണ്ടു.

 

സിനിമ കാണാതെ സിനിമാ നിരൂപണം നടത്തുന്നതുപോലെയാണ് എതിർക്കുന്നവരുെട വിമർശനം. ഇതേക്കുറിച്ച് പഠിക്കാനും വിലയിരുത്താനും ഇനിയെങ്കിലും അവർ ശ്രമിക്കണം. കേന്ദ്ര സർക്കാർ സീറോബജറ്റ് കൃഷിക്കായി തുക അനുവദിക്കുകയാണെങ്കിൽ അതുപയോഗിച്ച് എല്ലാ കൃഷിക്കാർക്കും നാടൻ പശുക്കളെ ലഭ്യമാക്കുകയാണ് വേണ്ടത്. 

 

സീറോ ബജറ്റ് കൃഷിയെക്കുറിച്ച് പഠിച്ചശേഷമാണ് കേന്ദ്ര സർക്കാർ ഇതിനെ അംഗീകരിച്ചത്. മാത്രമല്ല, പല കാർഷിക സർവകലാശാലകളും ഈ കൃഷിരീതിയുടെ മെച്ചങ്ങൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ശാസ്ത്രീയപഠനത്തിന്റെ പിൻബലമില്ലെന്ന ആരോപണത്തിൽ കഴമ്പില്ല. 

 

ജയിംസ് ജേക്കബ് കൈനടി, 

സീറോ ബജറ്റ് കർഷകൻ ,

കോഴിക്കോട് 

 

കുറുക്കുവഴിയായി കാണരുത്

 

സീറോ ബജറ്റ് കൃഷിയിലൂടെ കൃഷിക്കാരുെട വരുമാനം ഇരട്ടിയാകുമെന്ന അവകാശവാദത്തിനു പിന്നിലെ രാഷ്ട്രീയത്തിൽ താൽപര്യമില്ല. സർക്കാർ ആനുകൂല്യങ്ങൾക്കും സബ്സിഡികൾക്കും പിന്നാലെ പോകുന്നവരല്ല സീറോ ബജറ്റ് കൃഷിക്കാർ. ചെലവില്ലാക്കൃഷിക്ക് പണച്ചെലവ് വേണ്ടിവരില്ലെന്നത് വാസ്തവം തന്നെ. ഏറിയാൽ ഒരു നാടൻ പശുവിനെ വാങ്ങാനുള്ള സഹായമേ അവർക്കു വേണ്ടതുള്ളൂ. അത് ഇപ്പോൾതന്നെ ഭാഗികമായെങ്കിലും സംസ്ഥാന സർക്കാർ ഏജൻസികൾ നൽകിത്തുടങ്ങിയിട്ടുണ്ട്. സീറോ ബജറ്റ് കൃഷിക്കാർ സ്വന്തം കാലിൽ നിന്നുകൊള്ളും, അവരെ ചാരി ഉത്തര വാദിത്തങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാമെന്നു സർക്കാരുകൾ കരുതരുത്. ചെലവില്ലാക്കൃഷി വഴിയുണ്ടാകുന്ന നേട്ടങ്ങൾ സർക്കാരിന്റെ നേട്ടമായി വ്യാഖ്യാനിക്കുകയും വേണ്ട. കാർഷികമേഖലയിൽ കൂടുതൽ മുതൽമുടക്കാതെതന്നെ കൃഷിക്കാരുെട വരുമാനം ഇരട്ടിയാക്കിയെന്ന് അവകാശപ്പെടാനുള്ള കുറുക്കുവഴിയായി കേന്ദ്രസർക്കാർ ഇതിനെ കാണരുത്. 

 

അയൽവാസികളായ കൃഷിക്കാരുെട തെങ്ങുകളിൽ വരൾച്ചമൂലം ഉൽപാദനം 75 ശതമാനം കുറഞ്ഞപ്പോൾ എന്റെ തെങ്ങിൻതോപ്പിൽ 10 ശതമാനം മാത്രമാണ് ഇടിവുണ്ടായത്. ജലക്ഷാമത്തെ അതിജീവിക്കുന്നതിന് സീറോ ബജറ്റ് കൃഷി എത്രമാത്രം ഫലപ്രദമാണെന്ന് ഇതു തെളിയിക്കുന്നു. സീറോ ബജറ്റ് രീതിയിൽ ഞാൻ ഉൽപാദിപ്പിക്കുന്ന ഏലം കിലോയ്ക്ക് 3000 രൂപ നിരക്കിൽവരെ വിൽക്കാൻ സാധിച്ചു. 

 

കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ സീറോ ബജറ്റ് കൃഷിയെക്കുറിച്ചു മനസ്സിലാക്കാൻ ശ്രമിക്കുകയും അനുകൂല നിലപാട് സ്വീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ ഉപദേശകരായ പല ഉദ്യോഗസ്ഥരും ഗവേഷകരും ഈ കൃഷിരീതിയെ അന്ധമായി എതിർക്കുന്നവരാണ്. കമ്പനിവിത്തുകൾ വാങ്ങാൻ വയനാട്ടിലെ കൃഷിക്കാർപോലും ഇപ്പോൾ നിർബന്ധിതരാവുകയാണ്. ഇതുമൂലം വിത്തുപാകുമ്പോൾ തന്നെ കൃഷിക്കാരനു വലിയ തുക മുടക്കേണ്ടിവരുന്നു. ഇത്തരം പ്രശ്നങ്ങൾക്കും സീറോ ബജറ്റ് കൃഷി ഒരു പരിഹാരമാണ്.

 

ബാബു, പ്രസിഡന്റ്, 

വയനാട് സീറോ ബജറ്റ് 

ഫാർമേഴ്സ് ഫെഡറേഷൻ 

 

ആധികാരിക പഠനങ്ങൾക്ക് പദ്ധതി

 

സീറോ ബജറ്റ് കൃഷി പേരു സൂചിപ്പിക്കുന്നതുപോലെതന്നെ ഉൽപാദനച്ചെലവ് പരിമിതമായ കൃഷിരീതിയാണെന്നു കാണാം. ഓരോ വിളയുടെയും ഉൽപാദനക്ഷമതയെക്കാൾ കൃഷിയിടത്തിൽ നിന്നുള്ള ആകെ വരുമാനത്തിനാണ് ഇവിടെ പ്രസക്തി. പ്രകൃതിക്കൃഷി ചെയ്യുന്ന കൃഷിയിടത്തിലെ ഓരോ വിളയുടെയും ഉൽപാദനക്ഷമത പരിശോധിക്കുന്നത് ഉചിതമാവില്ല. എങ്കിലും ഇതേക്കുറിച്ച് വിശദമായ പഠനം ഇനിയും നടക്കണം. താരതമ്യ ഉൽപാദനക്ഷമത മനസ്സിലാക്കാൻ ഇത് ആവശ്യമാണ്.

 

കാർഷിക സർവകലാശാല സുസ്ഥിര കാർഷികവികസനം സംബന്ധിച്ച പഠനവിഭാഗവും കോഴ്സുകളും ആരംഭിച്ചുകഴിഞ്ഞു. സീറോ ബജറ്റ് കൃഷിയിലെ ജീവാമൃതം ഉപയോഗിച്ചുകൊണ്ടുള്ള ഗവേഷണങ്ങളും നടത്തുന്നുണ്ട്. പ്രാദേശിക പരമ്പരാഗത വിത്തിനങ്ങളുടെ സംരക്ഷണത്തിനും വികസനത്തിനുമുള്ള പ്രത്യേക പദ്ധതിയും നടന്നുവരുന്നു. സീറോബജറ്റ് കൃഷിക്കാർ ഇപ്പോൾത്തന്നെ കേരളത്തിലുണ്ട്. അവർക്ക് പ്രയോജനപ്പെടുന്നവിധത്തിൽ പുതിയ കേന്ദ്രനയം നടപ്പാക്കാൻ സാധിക്കും. 

 

സീറോ ബജറ്റ് കൃഷി സംബന്ധിച്ച ആധികാരിക പഠനങ്ങൾക്ക് സാമ്പത്തിക സഹായത്തിനായി ഒരു രൂപരേഖ സർവകലാശാല കേന്ദ്രസർക്കാരിനു സമർപ്പിക്കുന്നുണ്ട്. സുസ്ഥിരകൃഷിക്കാവശ്യമായ ശാസ്ത്രീയസമ്പ്രദായങ്ങൾ ഗവേഷണത്തിലൂെട ചിട്ടപ്പെടുത്തുകയും പ്രചരിപ്പിക്കുകയുമെന്ന സർവകലാശാലയുടെ ചുമതല നിറവേറ്റും. സീറോ ബജറ്റ് കൃഷി സംബന്ധിച്ച പഠനങ്ങൾക്കായി നിതി ആയോഗ് ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിനെ ചുമതലപ്പെടുത്തിയിട്ടുള്ളതായി മനസ്സിലാക്കുന്നു. വിവിധ സർവകലാശാലകൾ ഇതിനകം നടത്തിക്കൊണ്ടിരിക്കുന്ന പഠനങ്ങൾ പൂർത്തീകരിക്കേണ്ടതുമുണ്ട്.

 

ഡോ. പി. ഇന്ദിരാദേവി, 

ഡയറക്ടർ ഓഫ് റിസർച്ച്, 

കേരള കാർഷിക സർവകലാശാല 

 

അബദ്ധജടിലം, ആശങ്കാജനകം 

 

ചെലവില്ലാ പ്രകൃതിക്കൃഷി എന്ന പ്രയോഗംതന്നെ അടിസ്ഥാനമില്ലാത്തതാണ്. ജർമൻകാരനായ റുഡോൾഫ് സ്റ്റെയിനറുടെ ബയോഡൈനാമിക് കൃഷിയുടെയും ജപ്പാൻകാരൻ ഫുക്കുവോക്കയുടെ പ്രകൃതിക്കൃഷിയുടെയും വികൃതമായ അനുകരണമാണത്. ഏതായാലും ‘ചെലവില്ലാക്കൃഷി’യെന്ന വിശേഷണം അടുത്തകാലത്ത് പലേക്കർതന്നെ ഉപേക്ഷിച്ചിട്ടുണ്ട്. ‘സുഭാഷ് പലേക്കർ പ്രകൃതിക്കൃഷി’ എന്ന പേരാണ് അദ്ദേഹം ഇപ്പോൾ സ്വീകിരിച്ചിരിക്കുന്നത്.

 

ആധുനിക കൃഷിയെക്കാൾ കുഴപ്പം പിടിച്ചതാണ് ജൈവകൃഷി എന്ന നിലപാടാണ് പലേക്കർക്കുള്ളത്. ജൈവകൃഷി കുഴ സാധാരണ മണ്ണിരക്കമ്പോസ്റ്റിനെ പലേക്കർ നഖശിഖാന്തം എതിർക്കുന്നു. 

 

കേരളത്തിലെ ‘സീറോ ബജറ്റ് കൃഷി’ക്കാരാരും പലേക്കറുടെ രീതി അതേപടി പിന്തുടരുന്നില്ല. പലരും ജീവാമൃതം ഉപയോഗിക്കുന്നതുകൊണ്ടു മാത്രം സീറോ ബജറ്റ് കൃഷിയെന്ന് അവകാശപ്പെടുന്നു. പല അന്ധവിശ്വാസങ്ങളും പലേക്കർ പഠിപ്പിക്കുന്നുണ്ട്. ഉദാ: ജീവാമൃതംപോലുള്ള കൂട്ടുകൾ ഇടത്തുനിന്നു വലത്തോട്ടു മാത്രമേ ഇളക്കാവൂ! കാരണം വ്യക്തമല്ല. ആവർത്തന സ്വഭാവമുള്ള ഫലങ്ങൾ കിട്ടുന്ന കൃഷിമുറകൾ മാത്രമേ ശാസ്ത്രീയമെന്നു പറയാനാവുകയുള്ളൂ. വ്യക്തമായ തെളിവുകളില്ലാതെ വിദഗ്ധരും കൃഷി ഉദ്യോഗസ്ഥരും ബദലുകളുെട ആരാധകരാകുന്നതും പ്രചരിപ്പിക്കുന്നതും അക്ഷന്തവ്യമായ അപരാധമാണ്. 

 

ബദൽകൃഷി വ്യാപകമായാൽ കർഷക ആത്മഹത്യ ഇല്ലാതാകുമെന്ന് വീമ്പിളക്കുന്നവരുണ്ട്. പലേക്കറുടെ പ്രചരിപ്പിക്കപ്പെടുന്ന രീതികൾ വച്ച് നിലവിലുള്ള വരുമാനമെങ്കിലും നിലനിറുത്താനാവുമോയെന്ന് സംശയമാണ്.‘സംശയാലുത്വം’ ഏതൊരു ശാസ്ത്രാന്വേഷകനും ആവശ്യമായ ഗുണമാണ്. ഒരാൾ ഒരു അവകാശവാദവുമായി വന്നാലുടൻ വിശ്വസിക്കുകയല്ല വേണ്ടത്.

 

തിരുവായ്ക്ക് എതിർവായില്ല എന്ന കപടയുക്തിയാണ് ഇത്തരം അബദ്ധങ്ങളെ ഇപ്പോൾ ഉദ്യോഗസ്ഥരും ജനങ്ങളും അതേപടി വിഴുങ്ങാൻ കാരണം. ചോദ്യം ചെയ്യുന്നവരെ എന്തു ചെയ്യണമെന്ന് രാജാക്കന്മാർക്ക് അറിയാം. ഇക്കാരണത്താൽ കാർഷിക സർവകലാശാലകളും ഗവേഷണകേന്ദ്രങ്ങളും ഇതൊരു കപടശാസ്ത്രമാണെന്നറിയാമെങ്കിലും മിണ്ടാതിരിക്കാനാണ് സാധ്യത. സർക്കാർ സബ്സിഡിയുണ്ടെങ്കിൽ മറ്റൊന്നും നോക്കാതെ കർഷകർ പലേക്കർകൃഷിയും പരീക്ഷിക്കും. പക്ഷേ, നിലനിൽക്കില്ല. ഒന്നേ പറയാനുള്ളൂ. പ്രകൃതിക്കൃഷിയെക്കുറിച്ചു വാചാലരാകുന്നവർ ചരിത്രത്തിൽനിന്ന് ഒന്നും പഠിച്ചിട്ടില്ല!

 

ഡോ. സി. ജോർജ് തോമസ്, റിട്ട. പ്രഫസർ, 

ഹോർട്ടികൾച്ചർ കോളജ്, വെള്ളാനിക്ക

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com