sections
MORE

വില ഉറപ്പാക്കൽ പദ്ധതി കേന്ദ്രപരിഗണനയിൽ

rubber-tree
SHARE

റബർ വിലയിടിവ് കേരളത്തിൽ എത്രമാത്രം സാമൂഹിക– സാമ്പത്തിക ആഘാതമുണ്ടാക്കുന്നുണ്ടെന്ന് റബർ ബോർഡിന്റെ പുതിയ എക്സിക്യൂട്ടീവ് ഡയറക്ടറോട് ആരും പറഞ്ഞുകൊടുക്കേണ്ടതില്ല. വില കുത്തനെ താഴ്ന്നുനിന്ന 2000–2004 കാലത്ത് റബർ മാർക്കറ്റിങ് ഫെഡറേഷൻ എംഡിയായി പ്രവർത്തിച്ച ഡോ. കെ. എൻ. രാഘവൻ അന്നത്തെ കർഷകക്ഷോഭങ്ങൾക്കും പ്രഥമ റബർ കയറ്റുമതിക്കും ഓപ്പൺ ജനറൽ ലൈസൻസിലൂടെയുള്ള ഇറക്കുമതിക്കുമൊക്കെ സാക്ഷിയായിരുന്നു. എന്നാൽ ഇത്തവണത്തെ വിലയിടിവ് വ്യത്യസ്തമായ സാഹചര്യത്തിലാണെന്ന കാര്യം അദ്ദേഹം മറക്കുന്നുമില്ല. സംരക്ഷിത വിപണിയിൽ നിന്നും സ്വതന്ത്രവിപണിയിലേക്ക് മാറാൻ നിർബന്ധിതരായ കൃഷിക്കാർക്കു താങ്ങുവിലയോ മറ്റ് ആനുകൂല്യങ്ങളോ നൽകാനാവാത്ത സ്ഥിതിയാണിന്ന്. സംരക്ഷണം നഷ്ടപ്പെട്ട റബർ കർഷകനെ വരുമാനം കണ്ടെത്താൻ സഹായിക്കുന്നതിനൊപ്പം റബർ ഉൽപാദനം വർധിപ്പിക്കുകയെന്ന ലക്ഷ്യമാണ് അദ്ദേഹത്തിനു മുന്നിൽ. 

രാജ്യാന്തരവിപണിയുടെ താഡനങ്ങളേറ്റ് അവശരായ റബർകൃഷിക്കാരുെട വരുമാനം വർധിപ്പിക്കാനും അവരെ വീണ്ടും കൃഷിയിടത്തിൽ സജീവമാക്കി ഉൽപാദനം വർധിപ്പിക്കാനുമുള്ള നടപടികൾക്കായിരിക്കും മുൻഗണന നൽകുകയെന്ന് ഡോ. രാഘവൻ കർഷകശ്രീയോടു പറഞ്ഞു. കുത്തനെ കുറഞ്ഞ ഉൽപാദനവും ഉൽപാദനക്ഷമതയും വലിയ ഉത്കണ്ഠ സൃഷ്ടിക്കുന്നു. ഒന്നര ദശകത്തിനിടയിൽ ഇന്ത്യയിലെ റബർ ഉപഭോഗം മൂന്നിരട്ടിയായി. ആകെ 12 ലക്ഷം ടൺ റബർ ആവശ്യമുള്ളപ്പോൾ ഏഴുലക്ഷം ടൺ പോലും ഉൽപാദനം നേടാൻ സാധിക്കുന്നില്ല. വിലയിടിവ് മൂലം റബർകൃഷി അവസാനിപ്പിക്കുന്നതും ടാപ്പിങ് നിർത്തിവയ്ക്കുന്നതുമൊക്കെ ഉൽപാദനം താഴാൻ ഇടയാക്കി.

രണ്ടായിരാമാണ്ടിൽ രാജ്യാന്തര വിപണി തുറക്കപ്പെട്ടെങ്കിലും അവിടെ വില ഉയരുന്ന പ്രവണത നിലനിന്നിരുന്നതിനാൽ അതിന്റെ ആഘാതം ആരും തിരിച്ചറിഞ്ഞില്ല. 2012ൽ രാജ്യാന്തരവിപണിയിൽ വില പതിച്ചുതുടങ്ങിയപ്പോഴാണ് നാം അപകടത്തിന്റെ ആഴം മനസ്സിലാക്കിയത്. സ്വതന്ത്രവിപണി എന്ന ആശയത്തിൽനിന്നു കേന്ദ്രസർക്കാർ പിന്തിരിയാനുള്ള സാധ്യത വിരളമാണ്. ഈ സാഹചര്യത്തിൽ രാജ്യാന്തരവിപണിക്കു േചരുംവിധം മത്സരക്ഷമതയും ഉൽപാദനവും വർധിപ്പിക്കാനുള്ള നടപടികളാണ് അന്വേഷിക്കുന്നത്.– ഡോ. രാഘവൻ പറഞ്ഞു.

ടാപ്പിങ് നിർത്തിവയ്ക്കുന്ന പ്രവണത മൂലം ഉൽപാദനസാധ്യതയുെട 30 ശതമാനത്തോളം നഷ്ടമാവുകയാണ്. ആകർഷകമല്ലാത്ത വരുമാനത്തിനായി സമയവും ഊർജവും ചെലവഴിക്കാനുള്ള മടിമൂലം ടാപ്പിങ് നിർത്തിവയ്ക്കുന്നവരുണ്ട്. വിശേഷിച്ച്, കൃഷിയിടത്തിൽ നിന്ന് അകന്നു താമസിക്കുന്നവർ. അവർക്കുവേണ്ടിയാണ് തോട്ടം ദത്തെടുക്കൽ നിർദേശിച്ചിരിക്കുന്നത്. ഇതനുസരിച്ച് റബർതോട്ടത്തിലെ എല്ലാ ജോലികളും ബോർഡിന്റെ കീഴിലുള്ള കമ്പനികളും റബർ ഉൽപാദകസംഘങ്ങളും നിർവഹിക്കും. ഉൽപാദിപ്പിക്കപ്പെടുന്ന റബർ പ്രവർത്തനച്ചെലവ് കിഴിച്ചശേഷം ഈ ഏജൻസികൾ കൃഷിക്കാരനു കൈമാറും. വിപണിവിലയുടെ 65 ശതമാനം വരെ കൃഷിക്കാരനു നൽകാൻ സാധിക്കുമെന്നാണ് പ്രാഥമികപഠനത്തിൽ വ്യക്തമായത്. വരുമാനത്തിന്റെ പകുതി ടാപ്പർക്കു നൽകേണ്ടിവരുന്ന സംവിധാനത്തെക്കാൾ സ്വീകാര്യത ഇതിനു കിട്ടുമെന്നാണ് പ്രതീക്ഷ. കാസർകോട്ടുള്ള ചില ഉൽപാദകസംഘങ്ങൾ ഈ രീതിയിൽ ആദായകരമായ റബർകൃഷി നടത്തുന്നുണ്ട്. കൂടുതൽ പദ്ധതികൾ നടപ്പാക്കാൻ വേണ്ട ഫണ്ട് ബോർഡിനു ലഭിക്കുന്നില്ല. പ്രവർത്തനച്ചെലവു മാത്രം നൽകി റബർബോർഡ് നിലനിറുത്തുന്നതിലെ നിരർഥകത തിരിച്ചറിയുന്നു. റബർ മേഖലയ്ക്ക് ഗുണകരമായ പദ്ധതികൾ നടപ്പാക്കാനാവശ്യമായ ഫണ്ട് ആവശ്യപ്പെടും.

k-n-ragavan

സംസ്ഥാനസർക്കാർ നടപ്പാക്കുന്ന വില ഉറപ്പാക്കൽ പദ്ധതി കൂടുതൽ ആകർഷകമാക്കുകയല്ലേ, ഉൽപാദനം തിരിച്ചുപിടിക്കാൻ കേന്ദ്രസർക്കാർ ചെയ്യേണ്ടത്?

റബർകർഷകർക്ക് മതിയായ വരുമാനം ഉറപ്പാക്കിയാൽ മാത്രമേ റബർ ഉൽ പാദനം നിലനിറുത്താനാവൂ എന്ന് കേന്ദ്രസർക്കാർ തിരിച്ചറിഞ്ഞിട്ടുണ്ട്. നിലവിൽ സംസ്ഥാനസർക്കാർ നടപ്പാക്കുന്ന 150 രൂപ വില ഉറപ്പാക്കൽ പദ്ധതിയിൽ കേന്ദ്രവിഹിതം ചേർത്ത് മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതി പരിഗണനയിലാണ്. വൈകാതെ അതു നടപ്പാക്കാനാകുമെന്നാണ് പ്രതീക്ഷ. ആവർത്തനക്കൃഷിക്കുള്ള സബ്സിഡിയും വർധിപ്പിക്കും. 

ഉൽപാദനച്ചെലവ് കൂടിയ കേരളത്തിലെ കൃഷിക്കാർക്ക് രാജ്യാന്തരവിപണിയിൽ മത്സരിക്കാൻ സാധിക്കുമെന്നു കരുതുന്നുണ്ടോ? തുല്യസാഹചര്യം സൃഷ്ടിക്കാതെ കർഷകരെ മത്സരത്തിനു വിട്ടുകൊടുക്കുന്നത് തെറ്റല്ലേ?

രാജ്യാന്തരവിപണിയിൽ ഇവിടുത്തെ കൃഷിക്കാർക്കും മത്സരിക്കാനാകും. കേരളത്തിനു പുറത്തുള്ള റബർകർഷകർക്ക് കുറഞ്ഞ ഉൽപാദനച്ചെലവ് കൈവരിക്കാൻ സഹായകമായിരുന്ന ഘടകങ്ങൾ മാറിത്തുടങ്ങിയിട്ടുണ്ട്. മെച്ചപ്പെട്ട ജീവിതനിലവാരം, കർശനമായ തൊഴിൽ– പരിസ്ഥിതി നിയമങ്ങൾ എന്നിവ ലോകമെങ്ങും നടപ്പാക്കപ്പെടുന്നതോടെ കേരളത്തിലെ കൃഷിക്കാർക്ക് തുല്യസാഹചര്യമുള്ളവരുമായി മത്സരിച്ചാൽ മതിയാകും. വിയറ്റ്നാം, തായ്‌ലൻഡ് പോലുള്ള രാജ്യങ്ങളിൽനിന്നുള്ള ഇറക്കുമതി കുറയാൻ ഇതിടയാക്കും. രാജ്യാന്തര തൊഴിൽ – പരിസ്ഥിതി നിയമങ്ങൾ കർശനമാക്കുന്നതിനുള്ള ആദ്യചുവടുകൾ നാം വച്ചുകഴിഞ്ഞു. കാര്യങ്ങൾ അനുകൂല സ്ഥിതിയിലെത്തുമ്പോൾ നേട്ടമുണ്ടാക്കാൻ ആവശ്യമായ റബർകൃഷി നാം നിലനിറുത്തണമെന്നു മാത്രം. 2024 മുതൽ ലോകവിപണിയിൽ റബർ ഉൽപാദനം ഉപഭോഗത്തെക്കാൾ കുറവാകുമെന്ന റിപ്പോർട്ടുകളും ഇതോടു ചേർത്തു വായിക്കണം.

മികച്ച വില ഉറപ്പാക്കാതെ ഉൽപാദനം വർധിപ്പിക്കാൻ ശ്രമിക്കുന്നത് ഫലപ്രദമായ നടപടിയാണോ ? ഉൽപാദനച്ചെലവിന്റെ ഒന്നര മടങ്ങ് വില നൽകണമെന്നത് കേന്ദ്രസർക്കാരിന്റെ നയമല്ലേ?

വിളപരിപാലനവും വിളവെടുപ്പും സംസ്കരണവുമൊക്കെ കർഷക കൂട്ടായ്മകളിലൂെടയും ലേബർ ബാങ്കുകളിലൂടെയുമാക്കി മാറ്റിയാൽ റബർകൃഷി കുറച്ചുകൂടി ആദായകരമാക്കാം. ബ്ലോക്ക് റബറിലേക്കു മാറുന്നതും ഉൽപാദനച്ചെലവ് കുറയ്ക്കും. മറ്റു രാജ്യങ്ങളിൽ ഉൽപാദനച്ചെലവ് കുറയുന്നതിനുള്ള ഒരു കാരണവും അതു തന്നെ. ഉൽപാദകസംഘങ്ങൾ ചേർന്ന് കർഷകകമ്പനികളായി മാറുകയും മൂല്യവർധനയിലൂടെയും മറ്റും അധിക വരുമാനം കണ്ടെത്തുകയും ചെയ്യണം. ഉൽപാദനച്ചെലവ് സംബന്ധിച്ച റബർ ബോർഡിന്റെ കണക്കുകളിൽനിന്നു വ്യത്യസ്തമായ കണക്കുകളാണ് മറ്റ് ചില ഏജൻസികൾക്കുള്ളത്. സംസ്ഥാനങ്ങൾ തമ്മിലും ജില്ലകൾ തമ്മിലും ഉൽപാദനച്ചെലവിൽ വ്യത്യാസമുണ്ട്.

ഇപ്പോൾ ഉൽപാദനം വർധിപ്പിക്കുന്നത് നിലവിലുള്ള വില കൂടി നഷ്ടപ്പെടാൻ കാരണമാകില്ലേ? തെറ്റായ കണക്കുകളുെട അടിസ്ഥാനത്തിൽ അനിയന്ത്രിതമായി ഇറക്കുമതി നടന്നതാണ് ഇപ്പോഴത്തെ അവസ്ഥയ്ക്കു കാരണമെന്നു കൃഷിക്കാർ ആരോപിക്കുന്നുണ്ട്.

റബർ ഉൽപാദനം സംബന്ധിച്ച കണക്കുകളിൽ ചില ആശയക്കുഴപ്പങ്ങൾ നിലനിന്നിരുന്നു. ഇതേത്തുടർന്ന് സ്ഥിതിവിവരക്കണക്കുകൾ പരിശോധിക്കാൻ രണ്ട് സമാന്തര സംവിധാനങ്ങൾ ഏർപ്പെടുത്തി. ഉൽപാദനം കുത്തനെ കുറഞ്ഞെന്ന തിരിച്ചറിവ് ഇപ്പോൾ എല്ലാവർക്കുമുണ്ട്. ടാപ്പിങ് മുടങ്ങിക്കിടക്കുന്ന റബർ തോട്ടങ്ങളിൽ അടിയന്തരമായി ഉൽപാദനം പുനരാരംഭിക്കുന്നതിനു നടപടി സ്വീകരിക്കും. ഉൽപാദനം നഷ്ടപ്പെടുത്തിയതുകൊണ്ട് ആർക്കും നേട്ടമുണ്ടാകില്ല. ആഭ്യന്തര ഉൽപാദനം വർധിക്കുന്നതുമൂലം വില താഴുമെന്ന ഭീതി വേണ്ട. സബ്സിഡി നൽകിയ റബർതോട്ടങ്ങൾ ഉൽപാദനക്ഷമമല്ലാതെ കിടക്കുന്നത് കേന്ദ്രസർക്കാരിനു സ്വീകാര്യമായ കാര്യമല്ല. ഉൽപാദനം വർധിച്ചു തുടങ്ങിയാൽ മാത്രമെ റബർ ബോർഡിനു കൂടുതൽ ഫണ്ട് ആവശ്യപ്പെടാനാകൂ.

രാജ്യത്തിനാവശ്യമായ റബർ ഇനി കേരളത്തിനു പുറത്തുനിന്നു കണ്ടെത്താമെന്ന കാഴ്ചപ്പാടാണോ വാണിജ്യമന്ത്രാലയത്തിനുള്ളത് ?

 ഉപഭോഗം വർധിച്ച സാഹചര്യത്തിൽ ഉൽപാദനം വർധിപ്പിക്കേണ്ടതുണ്ട്. ഇതിനായാണ് മറ്റ് സംസ്ഥാനങ്ങളിലേക്കും കൃഷി വ്യാപിപ്പിക്കുന്നത്. എന്നാൽ അത് ഒരിക്കലും കേരളത്തിലെ ഉൽപാദനത്തിനു പകരമാകില്ല. ത്രിപുരപോലുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും വൈകാതെ ഉൽപാദന ച്ചെലവ് ഉയരും. സംരംഭകമനസ്സുള്ള കേരളത്തിലെ കൃഷിക്കാരുെട സഹകരണമില്ലാതെ രാജ്യത്തിനാവശ്യമായ റബർ ഉൽപാദിപ്പിക്കാനാവില്ലെന്നത് വസ്തുതയാണ്. വ്യവസായമേഖലയും ഈ പരമാർഥം തിരിച്ചറിയുന്നുണ്ടെന്നുവേണം കരുതാൻ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA