sections
MORE

കേരളത്തിന്റെ കേര ഫാക്ടറി

coco-factory
കൊക്കൊ ഫാക്ടറി ഉൽപന്നങ്ങളിൽ ചിലത്
SHARE

‘‘വിർജിൻ കോക്കനട്ട് ഒായിൽ നിർമാണ യൂണിറ്റ് സ്ഥാപിക്കാനുള്ള സ്ഥലം കണ്ടെത്തി തുടർപ്രവർത്തനങ്ങൾക്കു ശ്രമിക്കുന്നതിനിടെ സ്ഥലവാസികളിൽ ചിലർക്കു പ്രതിഷേധം. അവരോടു കലഹിച്ച് യൂണിറ്റ് നിർമിക്കേണ്ടെന്നു ഞാനും നിശ്ചയിച്ചു. അന്നതു നടക്കാതെ പോയതാണ് ഇന്ന് ഈ സംരംഭത്തിന്റെ വിജയഘടകം’’, ‘കോക്കൊ ഫാക്ടറി’യുടെ കൊച്ചി ഒാഫിസിലിരുന്ന് ചിരിയോടെ പറയുന്നു നവാഫ് സിദ്ദിഖ് എന്ന സംരംഭകൻ.

ഖത്തർ എയർവെയ്സിലെ ഉയർന്ന ഉദ്യോഗം ഉപേക്ഷിച്ച് മൂല്യവർധിത നാളികേരോൽപന്നങ്ങളുടെ നിർമാണത്തിനിറങ്ങിയ നവാഫ് ഇന്നു ‘കോക്കൊ ഫാക്ടറി’ ബ്രാൻഡിൽ വിപണിയിലെത്തിക്കുന്നത് ഒരു ഡസൻ കേരോൽപന്നങ്ങൾ; അതും ഫാക്ടറിയില്ലാതെ! ഈ മാസം തന്നെ വിപണിയിലെത്തും അടുത്ത ബാച്ച് ഉൽപന്നങ്ങളും. ‘ഒറ്റ ബ്രാൻഡിൽ നാളികേരത്തിൽനിന്ന് 50 ഉൽപന്നങ്ങൾ’, അതാണു ലക്ഷ്യമെന്നു നവാഫ്. 

കേരളത്തിനകത്തും പുറത്തുമുള്ള ഒട്ടേറെ നിർമാണ യൂണിറ്റുകളുമായുള്ള കരാർ വഴിയാണ് ഉൽപാദനം. രാജ്യാന്തരവിപണി ലക്ഷ്യം വയ്ക്കുന്ന സംരംഭകനെ സംബന്ധിച്ചിടത്തോളം, കേൾക്കുന്നത്ര ലഘുവായ കാര്യമല്ലിത്. ഫുഡ് ടെക്നോളജിസ്റ്റുകൾ ചേരുന്ന ഗവേഷണവിഭാഗം ഉൾപ്പെടെയുള്ള മികച്ച ടീമിന്റെ പ്രയത്നഫലമാണ് ഒാരോ ഉൽപന്നവും. ആശയരൂപീകരണവും അതിന്റെ തുടർച്ചയായ ഗവേഷണവും പിന്നിട്ട് ഒരുൽപന്നം അന്തിമരൂപത്തിലെത്തുമ്പോഴേക്കും ലക്ഷങ്ങൾ ചെലവു വരുമെന്നു നവാഫ്. കോക്കൊ ഫാക്ടറിയുടെ ഫുഡ് ടെക്നോളജിസ്റ്റുകൾ നിർദേശിക്കുന്ന ഗുണമേന്മാ മാനദണ്ഡങ്ങളെല്ലാം പാലിച്ച് ഉൽപന്നം നിർമിച്ചു നൽകേണ്ടത് കരാറെടുത്തിരിക്കുന്ന ഫാക്ടറി സംരംഭകന്റെ ഉത്തരവാദിത്തമാണ്. 

‘‘ഉൽപന്നത്തിന്റെ നിലവാരത്തിൽ ഒരു തരത്തിലുള്ള ഒത്തുതീർപ്പും വേണ്ടിവരുന്നില്ല എന്നതാണ് ഈ രീതിയുടെ ഏറ്റവും വലിയ മെച്ചം. വായ്പ വാങ്ങി വൻതുക ചെലവിട്ട് നിർമാണ യൂണിറ്റു സ്ഥാപിക്കുന്ന ഇടത്തരം സംരംഭകരെ സംബന്ധിച്ചിടത്തോളം പിടിച്ചുനിൽക്കാനായി ഉൽപന്നത്തിന്റെ ഗുണമേന്മയിൽ വെള്ളം ചേർക്കേണ്ടിവരുന്നത് അപൂർവമല്ല. അതിനു വഴങ്ങേണ്ടി വരുന്നില്ല എന്നതാണ് ഈ ബിസിനസ് ശൈലി നൽകുന്ന ഏറ്റവും വലിയ സംതൃപ്തിയും സന്തോഷവും’’, നവാഫ് പറയുന്നു.

സംരംഭത്തിനു യോജിച്ച സ്ഥലം കണ്ടെത്തൽ മുതൽ ഉൽപാദനത്തിലെത്തുംവരെയുള്ള അധ്വാനവും അലച്ചിലുകളുമെല്ലാം ഏതു സംരംഭകന്റെയും മനസ്സു മടുപ്പിക്കും. ഉൽപന്നം ഉപഭോക്താവിലെത്തിക്കാനും ബ്രാൻഡ് പ്രമോഷനുമുള്ള അധ്വാനം അതിലും കഠിനമായിരിക്കും. യൂണിറ്റ് സ്ഥാപിച്ച ശേഷം വിപണിയിൽ പ്രതിസന്ധി നേരിടുന്ന ചെറുകിട സംരംഭകർക്കും അതിജീവനത്തിന് ഈ രീതി ഗുണകരമാവും. കോക്കൊ ഫാക്ടറിയുമായി കരാറിലെത്തിയിരിക്കുന്ന ചിലരെങ്കിലും അത്തരം സംരംഭകർതന്നെ. മാത്രമല്ല, ഉൽപാദനം മുതൽ വിപണനം വരെയുള്ള  

ഒാരോ ഘട്ടവും സുതാര്യമാക്കുക എന്നതും തങ്ങളുടെ നയമാണെന്നു നവാഫ്. ഇനിയുള്ള വിപണിയിൽ ഉപഭോക്താവ് ഊന്നൽ കൊടുക്കുന്നതും അങ്ങനെയുള്ള ബ്രാൻഡുകൾക്കു തന്നെയാവും. 

ഫാക്ടറിയിൽ എന്തൊക്കെ

വിർജിൻ കോക്കനട്ട് ഒായിലിൽനിന്നുള്ള മൂല്യവർധിത ഉൽപന്നങ്ങളാണ് കോക്കൊ ഫാക്ടറി ആദ്യം വിപണിയിലിറക്കിയത്. സോപ്പും ബോഡി ഒായിലും ഹെയർ ഒായിലുമുൾപ്പെടുന്ന സൗന്ദര്യവർധക ഉൽപന്നങ്ങളും പിന്നാലെ ഭക്ഷ്യോൽപന്നങ്ങളും. ഇന്തൊനീഷ്യൻ സംരംഭകരുമായുള്ള കരാറിൽ കോക്കനട്ട് ഷുഗറും ഗോവൻ സംരംഭകരുമായി ചേർന്ന് കോക്കനട്ട് മിൽക് പൗഡറും കോക്കൊ ഫാക്ടറി വിപണിയിലെത്തിക്കുന്നു. കോക്കൊ ഫാക്ടറിയുടെ ഫുഡ് ടെക്നോളജിസ്റ്റുകൾ തയാറാക്കിയ മൂന്നു ഫ്ലേവറുകളിലുള്ള കോക്കനട്ട് ചിപ്സ് നിർമിച്ചു കൈമാറുന്നത് കോയമ്പത്തൂരിലുള്ള ഫാക്ടറി. 

coco-factory–owner
ടീം കൊക്കോ ഫാക്ടറി. വലത്തുനിന്ന് ആദ്യം നവാഫ്

സ്പ്രേ ഡ്രൈയിങ്ങിലൂടെ പൗഡർ രൂപത്തിലാക്കിയ ഇളനീനിരും കോക്കൊ ഫാക്ടറിയുടെ ഗവേഷണ ഫലംതന്നെ. വിപണിയിലുള്ള മറ്റു ബ്രാൻഡുകളിൽനിന്നു വ്യത്യസ്തമായി എന്തു ചെയ്യാം എന്ന ആലോചനയുടെയും ഗവേഷണത്തിന്റെയും ഫലമാണ് ഇളനീർപ്പൊടിയെ വീണ്ടും മൂല്യവർധന വരുത്തൽ. പീഡിയാട്രിക് ഡ്രിങ്ക്, ഫിറ്റ്നെസ് ഡ്രിങ്ക് എന്നിങ്ങനെ രണ്ടു പിരിവുകൾ. ആദ്യത്തേത്, കുട്ടികൾക്ക് ഇഷ്ടപ്പെട്ട ഫ്ലേവറുകളിൽ ശീതളപാനീയം എന്ന നിലയ്ക്ക്. രണ്ടാമത്തേത്, എനർജി ഡ്രിങ്ക്.

‘‘നാളികേരത്തിന്റെ ആരോഗ്യമേന്മകൾ ലോകത്തിനു കൂടുതൽ ബോധ്യപ്പെടണമെങ്കിൽ നാളെയുടെ ഭക്ഷ്യ ശീലങ്ങളിലേക്കു നാളികേരമെത്തണം. കീറ്റോ ഡയറ്റ് പോലുള്ള ഭക്ഷണക്രമങ്ങളുടെ ഭാഗമായി മാറുമ്പോഴുള്ള നേട്ടം അതാണ്. സാലഡിനു മേമ്പൊടിയായി തൂൾത്തേങ്ങയും കോക്കനട്ട് വിനീഗറും വിർജിൻ ഒായിലുമെല്ലാം ഉപയോഗിക്കുന്ന രീതി വിദേശങ്ങളിൽ പ്രചാരം നേടുന്നുണ്ട്. തീവ്ര വെജിറ്റേറിയന്മാരായ വീഗൻ വിഭാഗത്തിനും മൂല്യവർധിത നാളികേ രോൽപന്നങ്ങളോടു താൽപര്യം വർധിച്ചിട്ടുണ്ട്. ഇത്തരം സാധ്യതകളെല്ലാം പ്രയോജനപ്പെടുത്താൻ നമുക്കു കഴിയണം’’, നവാഫ് കൂട്ടിച്ചേർക്കുന്നു.

ഫോൺ: 9895818435 

വെബ്സൈറ്റ്: www.thecocofactory.in 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA