sections
MORE

വീട്ടാവശ്യത്തിനും വരുമാനത്തിനും പോഷകത്തോട്ടം

kitchen-garden1
SHARE

അടുക്കളത്തോട്ടം വെറും പച്ചക്കറിത്തോട്ടമല്ല, പോഷകത്തോട്ടമാകണം. അവിടെ വീട്ടിലേക്കാവശ്യമുള്ള പഴവര്‍ഗങ്ങളും സുഗന്ധവിളകളും കിഴങ്ങുവിളകളും മരുന്നുചെടികളുമൊക്കെയുണ്ടാവണം. െജെവകീടനാശിനിയുെട ചേരുവകളായി ഉപയോഗിക്കാവുന്ന സസ്യങ്ങളും ഉപദ്രവകാരികളായ കീടങ്ങളെയും പ്രാണികളെയും തുരത്താന്‍ സഹായകമായ (ഇക്കോളജിക്കല്‍ എൻജിനീയറിങ്) സസ്യങ്ങളുമൊക്കെ ഉൾപ്പെടുത്തുന്നതു നന്ന്. തേനീച്ചകളെ ആകര്‍ഷിക്കുന്ന ചെടികള്‍ കൂടിയുണ്ടെങ്കില്‍ പരാഗണത്തിനു സഹായകമാകും. അതു വിളവു കൂടാന്‍ സഹായിക്കും. 

മൊത്തം സ്ഥലത്തിന്റെ മൂന്നിൽ ഒരു ഭാഗം പഴവർഗങ്ങളും, മുരിങ്ങ, കറിവേപ്പ് മുതലായ ദീർഘകാല പച്ചക്കറികളും നടാനായി നീക്കിവയ്ക്കണം. സ്ഥല ലഭ്യതയനുസരിച്ച് പ്ലാവ്, മാവ്, ചാമ്പ, േപര, ഞാവൽ, മാതളം, കുടംപുളി, വാഴ, പപ്പായ, പൈനാപ്പിൾ, കാരംബോള, നെല്ലി, സപ്പോട്ട, ചൈനീസ് ഓറഞ്ച്, നാരകം, വെസ്റ്റ് ഇന്ത്യൻ ചെറി, മൾബറി, ആത്തച്ച‌ക്ക ഇനങ്ങൾ, റംബുട്ടാന്‍, മാങ്കോസ്റ്റിന്‍, ഡ്രാഗൺ ഫ്രൂട്ട് തുടങ്ങിയ പഴവര്‍ഗങ്ങള്‍ നടാം. ഇടവിളയായി ഇഞ്ചി, മഞ്ഞൾ, ചേന, ചേമ്പ്, മാങ്ങായിഞ്ചി, കപ്പ, കാച്ചിൽ, മധുരക്കിഴങ്ങ് എന്നിവയും നടാം.

ബാക്കി സ്ഥലം ചെറിയ പ്ലോട്ടുകളായി തിരിച്ച് മറ്റു പച്ചക്കറികൾ നടാം. പച്ചക്കറികൾ സീസണനുസരിച്ച് തിരഞ്ഞെടുക്കണം. ഏപ്രിൽ–മേയ് മാസങ്ങളിൽ വെണ്ട, പയർ, മുളക്, വഴുതന, മത്തൻ, കുമ്പളം, പച്ചച്ചീര, പാവൽ എന്നിവ നടാം. ഓഗസ്റ്റ്–സെപ്റ്റംബർ മാസത്തോടെ ഇവ വിളവെടുക്കാം. അമര, ചതുരപ്പയർ മുതലായവ ജൂലൈ–ഓഗസ്റ്റ് മാസത്തിൽ നട്ടാൽ മഞ്ഞുമാസത്തിൽ പൂവിടുകയും കായ്ക്കുകയും ചെയ്യും. കിഴങ്ങുവർഗങ്ങളും, ഇഞ്ചി, മഞ്ഞൾ എന്നിവയും വർഷകാലാരംഭത്തിൽ നടാം. ഒക്ടോബർ–നവംബർ മാസത്തിൽ തക്കാളി, കാബേജ്, കോളിഫ്ലവർ, സാലഡ് വെള്ളരി, വള്ളിപ്പയർ, പടവലം, തണ്ണിമത്തൻ, വെള്ളരി എന്നിവ നടാം. ജനുവരി–ഫെബ്രുവരി മാസത്തിൽ വേനൽവിളകളായ ചുവന്ന ചീര, പയർ, കണിവെള്ളരി, മത്തൻ, കുമ്പളം എന്നിവയാണ് നടേണ്ടത്.‌ 

kitchen-garden

പയറും ചീരയും വർഷം മുഴുവൻ കൃഷി ചെയ്യാമെങ്കിലും മഴക്കാലത്ത് മഴമറയ്ക്കുള്ളിൽ കൃഷി ചെയ്താൽ വിളവ് കൂടും. അമര, ചതുരപ്പയർ തുടങ്ങിയവ ജൂലൈ- ഓഗസ്റ്റ് മാസ (തിരുവാതിര ഞാറ്റുവേല)ത്തിൽ നട്ടാൽ നല്ല വിളവു ലഭിക്കും. എന്നാൽ കുറ്റി അമര വർഷം മുഴുവൻ നടാം. വഴുതന, മുളക്, വെണ്ട എന്നിവ മേയ്–ജൂൺ മഴക്കാല മാസങ്ങളിൽ നടുന്നതാണ് നല്ലത്. ഒരു സ്ഥലത്ത് ഒരേ വിളകൾ തുടർച്ചയായി നടുന്നത് ഒഴിവാക്കണം. തോട്ടത്തിൽ ജൈവവേലി ഒരുക്കുന്നതിനു മധുരച്ചീര, കോവൽ, ബസല്ല ചീര, പാഷൻഫ്രൂട്ട്, വള്ളി അമര, ആകാശവെള്ളരി, കോവൽ, പീച്ചിൽ എന്നിവ നടാം. ബസല്ല (വള്ളിച്ചീര) കവാടത്തിൽ ആർച്ച് രൂപത്തിൽ നടാം. അതിരുകളിൽ മുരിങ്ങ, കറിവേപ്പ്, അഗത്തിച്ചീര, സൗഹൃദച്ചീര എന്നിവ വളർത്താവുന്നതാണ്.

ജൈവകീടനാശിനി സസ്യങ്ങളായ ബൊഗെയ്ൻവില്ല, കരിനൊച്ചി, കറ്റാർവാഴ, എരുക്ക്, ആടലോടകം, പനിക്കൂർക്ക, ആത്ത, കിരിയാത്ത്, പപ്പായ എന്നിവയുണ്ടെങ്കില്‍ ഇവ ഉപയോഗിച്ച് വീട്ടില്‍ സ്വന്തമായി ജൈവ കീടനാശിനി ഉണ്ടാക്കാം. തിരുഹൃദയപ്പൂവ്, ജട്രോഫ തുടങ്ങിയവ നട്ടാല്‍ തേനീച്ചയെ ആകർഷിച്ച് വിളവ് കൂട്ടാം. തോട്ടത്തില്‍ തേനീച്ചപ്പെട്ടികള്‍ വച്ചാൽ പോഷകസമ്പന്നമായ തേനും ലഭിക്കും. കിളികളെ ആകർഷിക്കുന്ന കിളി ഞാവൽ, മൾബറി, പഞ്ചാരപ്പഴം പോലുള്ളവ നട്ടാൽ കീടശല്യം കുറയും. ഇവയുടെ കാഷ്ഠം വളമാകും. വിളവ് വർധിക്കും. തുളസി, ജമന്തി, ബന്തി, പെപ്പർമിന്റ്, ആവണക്ക്, വാടാമുല്ല, ചോളം, രാമച്ചം തുടങ്ങിയവ കീടങ്ങളുടെ ആക്രമണം കുറയ്ക്കാൻ സഹായിക്കും. 

അടുക്കളത്തോട്ടത്തിൽ ഔഷധ ച്ചെടികള്‍ നടാം. തഴുതാമയും പുളിയാറിലയും പുതിനയും ചങ്ങലം പരണ്ടയും ഉൾപ്പെടുത്താം. വേറിട്ടതും പോഷകസമൃദ്ധവുമായ മണിത്തക്കാളി, അടതാപ്പ്, നോനി, ചീരവർഗങ്ങളായ പൊന്നാങ്കണ്ണി ചീര, ചീരചേമ്പ്, കാങ്‌കോങ് ചീര, ചായമൻസ, ഫിലിപ്പീൻസ് ചീര തുടങ്ങിയവയും നടാം. പുതുതലമുറയുടെ ഇഷ്ടവിഭവങ്ങളായ പീത്്സ, ബർജർ തുടങ്ങിയവയിൽ ചേർക്കുന്ന സെലറി, പാഴ്സ്‌ലി, സ്വിസ്ചാര്‍ഡ്, ബേക്ചോയ്, െലറ്റ്യൂസ്, ഒറിഗാനോ, മധുര തുളസി, പെരുംജീരകം എന്നിവയും താൽപര്യമനുസരിച്ച് വളർത്താം.

നടീൽവസ്തുക്കൾ

ഗുണമേന്മയുള്ള വിത്തോ തൈകളോ മാത്രമേ ഉപയോഗിക്കാവൂ. സർക്കാർ ഫാമുകൾ, കേരള കാർഷിക സർവകലാശാല, കൃഷിഭവൻ, വിഎഫ്പിസികെ എന്നിവിടങ്ങളിൽനിന്നു വാങ്ങാം. ഇവിടെയൊന്നും ലഭിക്കാത്തവ അംഗീകാരമുള്ള സ്വകാര്യ സ്ഥാപനങ്ങളിൽനിന്ന് സൂക്ഷിപ്പുകാലാവധി നോക്കി വാങ്ങണം. രോഗപ്രതിരോധശക്തിയും അത്യുൽപാദനശേഷിയുമുള്ള സങ്കര ഇനങ്ങളോ, നാടൻ ഇനങ്ങളോ തിരഞ്ഞെടുക്കാം. 

വിത്ത്– െതെ നടീല്‍

തുറസ്സായ പ്രദേശത്ത് കുറഞ്ഞത് 6 മണിക്കൂർ വെയിൽ ലഭിക്കുന്ന, വെള്ളക്കെട്ടില്ലാത്ത സ്ഥലമാണ് പോഷകത്തോട്ടത്തിനു യോജ്യം. നിലം നന്നായി കിളച്ച് ഒരുക്കണം. സെന്റിന് 2 കിലോ കുമ്മായം ചേർത്ത് രണ്ടാഴ്ചയ്ക്കു ശേഷം ജൈവവളങ്ങളായ ചാണകം, എല്ലുപൊടി, േവപ്പിൻപിണ്ണാക്ക് എന്നിവ ചേർത്ത് ഇളക്കി വിത്തോ തൈയോ നടാം. മുറ്റത്തും മട്ടുപ്പാവിലും ചട്ടിയിലോ ഗ്രോബാഗിലോ പച്ചക്കറി നട്ടുവളർത്താം. ഉപയോഗശൂന്യമായ പ്ലാസ്റ്റിക് പാത്രങ്ങൾ, പെയിന്റ് പാട്ടകൾ, തെര്‍മോകോള്‍, മീൻപെട്ടി, ടയര്‍ അങ്ങനെ പലതും കൃഷിക്ക് ഉപയോഗിക്കാം. നടീല്‍മിശ്രിതം തയാറാക്കാന്‍ രണ്ടു ഭാഗം മണ്ണ്, ഒരു ഭാഗം ട്രൈക്കോഡെർമ സമ്പുഷ്ട ചാണകം, ഒരു ഭാഗം മണൽ, ഒരു ഭാഗം ചകിരിച്ചോർ എന്നിവ ഉപയോഗിക്കാം. 

ചീര, വഴുതന, മുളക്, തക്കാളി, കാബേജ്, ക്വാളിഫ്ലവർ എന്നിവ പാകി പറിച്ചുനടേണ്ടതാണ്. വിത്ത് പാകാൻ ചട്ടികളോ പഴയ പ്ലാസ്റ്റിക് ബേസിനുകളോ പ്രോട്രേകളോ ഉപയോഗിക്കാം. മണൽ, വെർമി കമ്പോസ്റ്റ്, മണ്ണ്, ചാണകപ്പൊടി എന്നിവ തുല്യ അളവിൽ ചേർത്ത് ചട്ടി നിറയ്ക്കാം. ഉറുമ്പെടുക്കാതിരിക്കാൻ പരന്ന പാത്രത്തിൽ വെള്ളം നിറച്ച് ചട്ടി ഇറക്കി വച്ചാൽ മതി. നിലത്തു ചെറിയ തടങ്ങളെടുത്ത് വരിയായി വിത്ത് പാകി മുളപ്പിക്കുകയും ചെയ്യാം. ഉറുമ്പടുക്കാതിരിക്കാന്‍ അരിമണിയും മണലും വിത്തു ചേർത്തു വിതച്ചാലും മതി.

അടുക്കളത്തോട്ടത്തില്‍ ജൈവവളങ്ങൾ മാത്രം നല്‍കുകയാണു നല്ലത്. ചാണകം, കോഴിവളം, ആട്ടിൻകാഷ്ഠം, മണ്ണിരക്കമ്പോസ്റ്റ്, പലതരം പിണ്ണാക്കുകൾ, കളവളം, മീന്‍ വളം, ജൈവവളക്കൂട്ടുകളായ ജീവാമൃതം, പഞ്ചഗവ്യം എന്നിവ ഉപയോഗിക്കാം. മത്തിക്കഷായം ഓരോ ആഴ്ചയും 5 ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ നേർപ്പിച്ചു നൽകാം. കളകളും ജൈവകീട നാശിനി സസ്യങ്ങളും അരിഞ്ഞ് വെള്ളത്തിലിട്ട് ചാണകവും കഞ്ഞിവെള്ളവും ശർക്കരയും പുളിയും ഉപ്പുമെല്ലാം ചേർത്ത് രണ്ടാഴ്ചയ്ക്കു ശേഷം ചെടികൾക്കു തളിച്ചാൽ വളർച്ചവേഗവും കീടപ്രതിരോധശേഷിയും കൂടും. 

ഡപ്യൂട്ടി ഡയറക്ടര്‍, കൃഷിവകുപ്പ്, 

എറണാകുളം. ഫോണ്‍: 9633040030

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA