ADVERTISEMENT

വൻതോതിലല്ലെങ്കിലും ഇപ്പോഴും നീര ഉൽപാദനം തുടരുന്ന കേരളത്തിലെ അപൂർവം കർഷക കമ്പനികളിലൊന്നാണ് കോഴിക്കോട് ജില്ലയിലെ വടകര നാളികേരോല്‍പാദക കമ്പനി. ആഭ്യന്തരവിപണിക്കു പുറമെ, പരിമിതമായെങ്കിലും ബെഹ്റൈൻ, സിംഗപ്പൂർ, കാനഡ എന്നീ രാജ്യങ്ങളിലേക്കു കയറ്റുമതിയുമുണ്ട്. ശീതള പാനീയ വിപണിയിലും വെളിച്ചെണ്ണയിലുമെല്ലാം ശ്രദ്ധവയ്ക്കുമ്പോൾത്തന്നെ നീരയിൽനിന്നും വിർജിൻ കോക്കനട്ട് ഒായിലിൽ നിന്നുമുള്ള മൂല്യ വർധിത ഉൽപന്നങ്ങളിലേക്കും കടന്നിരിക്കുന്നു വടകര കമ്പനി.

 

De-cococs-oil
ആന്റി ഡാൻഡ്രഫ് ഒായിൽ

നീരയിൽ നിന്നു നിർമിക്കുന്ന നീര ജാഗറിയാണ് ഇപ്പോൾ ഏറ്റവും ശ്രദ്ധവച്ചിരിക്കുന്ന ഉൽപന്നമെന്നു കമ്പനി ചെയർമാൻ പ്രഫ. ഇ.ശശീന്ദ്രൻ. ‘‘നീരയെ ഡീഹൈഡ്രേറ്റു (ജലാംശം നീക്കൽ)ചെയ്യുമ്പോൾ ആദ്യ ഘട്ടത്തിലതു നീര ഹണിയായി മാറും. നിയന്ത്രിത താപനിലയിൽ ഡീ ഹൈഡ്രേഷൻ തുടരുമ്പോൾ നീര ജാഗറി ലഭിക്കും. ഒരു ലീറ്റർ നീരയിൽനിന്ന് പരിമിത അളവു ജാഗറിയാണു ലഭിക്കുക. അതുകൊണ്ടുതന്നെ അതിന്റെ വില ഉയരും. സാധാരണ ശർക്കരയുടെ വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ, ഉയർന്ന വില നൽകി നീര ജാഗറി വാങ്ങാൻ കേരളത്തിൽ ഉപഭോക്താക്കളുണ്ടാവുമോ എന്ന ആശങ്കയുണ്ടായിരുന്നു. എന്നാൽ മറിച്ചാണു സംഭവിച്ചത്, ഇന്നു കമ്പനിയുടെ ഏറ്റവും ജനപ്രീതിയുള്ള ഉൽപന്നം നീര ജാഗറി തന്നെ’’, ശശീന്ദ്രന്റെ വാക്കുകൾ.

 

പ്രസവരക്ഷാമരുന്നുകൾ തയാറാക്കുന്നവർ ഉൾപ്പെടെ പലരും വിപണിയിൽ ലഭിക്കുന്ന സാധാരണ ശർക്കരയുടെ നിലവാരത്തിൽ തൃപ്തരല്ലാതിരിക്കുന്ന സാഹചര്യത്തിലാണ് നീര ജാഗറിയുടെ ഗുണമേന്മ തിരിച്ചറിഞ്ഞതെന്നു ശശീന്ദ്രൻ. നീരയിൽ നിന്നും നീരയുൽപന്നങ്ങളിൽനിന്നും, കഴിച്ച് ഉടനടി രക്തത്തിലേക്ക് ആഗിരണം ചെയ്യുന്ന ഷുഗറിന്റെ അളവ് (ഗ്ലൈ സെമിക് ഇൻഡെക്സ്) വളരെക്കുറവാണ്. അതുകൊണ്ടുതന്നെ പ്രമേഹ രോഗികൾക്കും സ്വീകാര്യമായെന്നു ശശീന്ദ്രൻ പറയുന്നു. 

neers-jaggery
നീര ശർക്കര

 

വിർജിൻ കോക്കനട്ട് ഒായില്‍ മൂല്യവർധന നടത്തിയുണ്ടാക്കിയ ആന്റി ഡാൻഡ്രഫ് ഷാമ്പുവാണ് വടകര കമ്പനിയുടെ ഉൽപന്നങ്ങളിൽ ശ്രദ്ധ നേടിയ മറ്റൊന്ന്. വെളിച്ചെണ്ണയുമായി താരതമ്യപ്പെടുത്തുമ്പോഴുള്ള ഉയർന്ന വിലയാണ് ആഭ്യന്തര വിപണിയിൽ വിർജിൻ കോക്കനട്ട് ഒായിലിനു പ്രതികൂല ഘടകം. വെളിച്ചെണ്ണയിൽനിന്നു വ്യത്യസ്തമായി, തേങ്ങാപ്പാലിൽ നിന്നു വേർതിരിക്കുന്ന വിർജിൻ ഒായിലിനുള്ള അധികമേന്മകളെ ക്കുറിച്ചറിയുന്നവരും ചുരുങ്ങും. വിർജിൻ ഒായിലിനെ വീണ്ടും മൂല്യവർധന വരുത്തി സൗന്ദര്യ വർധക ഉൽപന്നങ്ങൾ നിർമിക്കുമ്പോൾ പക്ഷേ കാര്യങ്ങൾ അനു കൂലമാവും. സൗന്ദര്യവർധക ഉൽപന്നങ്ങളുടെ വിലയിലല്ല ഗുണമേന്മയിലാണ് ഭൂരിപക്ഷം ഉപഭോക്താക്കളുടെയും ശ്രദ്ധ. തേങ്ങാപ്പാലിൽനിന്ന് വിർജിൻ ഒായിൽ വേർതിരിക്കുന്ന ഘട്ടത്തിൽ െവെറ്റമിൻ ഇ അൽപവും നഷ്ടപ്പെടാതെയും അയഡിന്റെ അളവു കുറച്ചും കുഞ്ഞുങ്ങളുടെ ചർമത്തിനു യോജിച്ച ബേബി ഒായിലും തയാറാക്കുന്നു കമ്പനി. 

 

കമ്പനിയുടെ നീര ചോക്ലേറ്റിനുമുണ്ട് മികച്ച സ്വീകാര്യത. ‘‘സാധാരണ ചോക്ലേറ്റ് ചെറിയൊരു ശതമാനം കുട്ടികൾക്കെങ്കിലും കൃമിശല്യം ഉണ്ടാക്കും. എന്നു കരുതി ചോക്ലേറ്റുപേക്ഷിക്കില്ലല്ലോ കുട്ടികൾ. നീര ചോക്ലേറ്റിന്റെ മേന്മ അവിടെയാണ്. കൃമിശല്യം ഉണ്ടാവില്ലെന്നു മാത്രമല്ല നീരയുടെ മേന്മകൾ ചേർന്ന ചോക്ലേറ്റ് കുട്ടികൾക്ക് ആരോഗ്യകരവുമാണ്’’, ശശീന്ദ്രൻ പറയുന്നു. 

 

സംരംഭകരേ സ്വാഗതം

 

തേങ്ങാ പിക്കിൾസ്, തേങ്ങാ സോപ്പ്, തേങ്ങാപ്പാൽ, തേങ്ങാപ്പാൽപൊടി എന്നിവയാണ് കമ്പനിയുടെ പരിഗണനയിലുള്ള മറ്റുൽപന്നങ്ങൾ. പായ്ക്കു ചെയ്ത തേങ്ങാപ്പാലിനും തേങ്ങാപ്പാൽ പൊടിക്കും കേരളത്തിൽ മികച്ച ഡിമാൻഡുണ്ടാവുമെന്നു ശശീന്ദ്രൻ. കാലത്തിനും സാഹചര്യത്തിനും അനുസൃതമായി ബിസിനസ് ശൈലിയും മാറ്റുന്നു വടകര കമ്പനി. ഇത്രയേറെ പിന്തുണയുള്ള കർഷക കമ്പനിയായിട്ടുപോലും ഒാരോ ഘട്ടത്തിലും ലൈസൻസുകൾക്കും മറ്റുമായി കഠിനമായി അലയേണ്ടി വന്നിട്ടുണ്ടെന്നു ശശീന്ദ്രൻ. ചില ലൈസൻസുകൾ അനുവദിച്ചു വന്നപ്പോഴേക്കും അതേ ആവശ്യത്തിനായി നേടിയ മറ്റു ചില ലൈസൻസുകളുടെ കാലാവധി കഴിഞ്ഞ അനുഭവം പോലുമുണ്ട്. പുതു സംരംഭകരുമായി കൈകോർക്കാൻ കമ്പനി തീരുമാനിച്ചത് ഈ സാഹചര്യത്തിലാണ്. 

 

‘‘മികച്ച നിർമാണ യൂണിറ്റുകൾ ഇന്നു കമ്പനിക്കുണ്ട്. പുതു സംരംഭകർക്കു കൂടി അതു ഗുണം ചെയ്യട്ടെ. അവരെ സംബന്ധിച്ച് ഉൽപന്നത്തിന്റെ വിപണനത്തിലും ബ്രാൻഡിങ്ങിലും മാത്രം ശ്രദ്ധ കൊടുത്താൽ മതിയല്ലോ. ഞങ്ങൾക്കും അങ്ങനെയൊരു ബിസിനസ് രീതി ഗുണകരം,’’ ശശീന്ദ്രന്റെ വാക്കുകൾ. സർക്കാർ അധീനതയിലുള്ള വിനോദകേന്ദ്രങ്ങളിൽ കർഷക കമ്പനികൾക്കു നാളികേരോൽപന്നങ്ങൾ വിൽക്കാൻ കോക്കനട്ട് പോയിന്റ് അനുവദിക്കാൻ സർക്കാർ മനസ്സു കാണിക്കണമെന്നും ശശീന്ദ്രൻ ആവശ്യപ്പെടുന്നു. ‘‘ഒരുപാടു ശ്രമങ്ങൾക്കു ശേഷമാണ് വയനാട്ടിലെ ബാണാസുര സാഗർ പദ്ധതിപ്രദേശത്ത് വടകര കമ്പനിക്ക് അങ്ങനെയൊന്ന് അനുവദിച്ചത്. മികച്ച വിറ്റുവരവാണ് അവിടെ ലഭിക്കുന്നത്. നാളികേരോൽപാദക കമ്പനികൾക്ക് വലിയ സഹായമായി മാറും ഇത്തരം തീരുമാനങ്ങൾ’’, ശശീന്ദ്രൻ പറയുന്നു. ഫോൺ: 9495661781

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com