ADVERTISEMENT

നൂറുകണക്കിനു ലീറ്റർ പാൽ ഉൽപാദിപ്പിക്കുന്ന ഡെയറിഫാമുകൾക്കു നാട്ടിൻപുറങ്ങളിൽ സാധ്യത കുറവാണെന്ന ചിന്ത തിരുത്തുകയാണ് കാഞ്ഞിരപ്പള്ളിക്കു സമീപം കാളകെട്ടി മാഞ്ഞൂക്കുളം സ്വദേശി ഷിബുവും സ്മിതയും. റബർതോട്ടങ്ങൾക്കു നടുവിലെ ഈ ഗ്രാമത്തിൽ ദിവസേന 300 ലീറ്റർ പാൽ പായ്ക്കു ചെയ്തു വിൽക്കുന്ന ഷിബുവിനു വിപണനം ഒരു പ്രശ്നമേയല്ല. രണ്ടു വർഷം മുമ്പുവരെ വിപണനത്തിനു ക്ഷീരസംഘത്തെ ആശ്രയിച്ചിരുന്ന ഇവർ ഇപ്പോൾ ഒരു ലീറ്റർ പോലും സംഘത്തിൽ അളക്കുന്നില്ല. കുറഞ്ഞ തീറ്റച്ചെലവ്, മൂല്യവർധനയിലൂെടയുള്ള വരുമാന വർധന, വിപണനമികവ് എന്നിങ്ങനെ അനുകരണീയമായ ഒട്ടേറെ ആശയങ്ങൾ ഈ തൊഴുത്തിൽ കാണാം. വൈകാതെ നൂറു പശുക്കളുള്ള ഡെയറി സംരംഭമായി വളരാനുള്ള തയാറെടുപ്പിലാണിവർ.

രണ്ടു തൊഴുത്തുകളിലായി 62 ഉരുക്കളാണ് ഇവർക്കുള്ളത്. കറവയിലുള്ളത് 32 പശുക്കളും. ദിവസേന 400 ലീറ്റർ പാൽ കറക്കുന്നതിൽ ചില്ലറ വിൽപനയ്ക്കുശേഷമുള്ള 100 ലീറ്ററോളം തൈരാക്കി മാറ്റും. അര ലീറ്റർ പായ്ക്കറ്റുകളിലാക്കി പാലിനൊപ്പം തൈരും ചില്ലറ വിൽപനയ്ക്കെത്തിക്കും. സമീപപ്രദേശങ്ങളിലെ വീടുകളും കടകളും വഴിയാണ് പാൽവിതരണം. ബേക്കറികൾ, പലചരക്കുകടകൾ എന്നിവയുൾപ്പെടെ കാഞ്ഞിരപ്പള്ളിയിലെയും സമീപപഞ്ചായത്തുകളിലെയും 25 കടകളിൽ ‘കണ്ണൻ’ ഡെയറിഫാമിന്റെ നറുംപാലും തൈരും വിതരണം ചെയ്യപ്പെടുന്നു. കൂടാതെ, നെയ്യ് ഉൽപാദനവുമുണ്ട്. എല്ലാ ആഴ്ചയിലും ഒരു ബാച്ച് വിപണിയിലെത്തിക്കും. പാലും തൈരും നെയ്യുമൊക്കെ വിതരണം ചെയ്യുന്നതിന് ഒരു വാഹനവും ഇവർ സ്വന്തമാക്കിക്കഴിഞ്ഞു. പാൽ പായ്ക്ക് ചെയ്യുന്നതിനും മൂല്യവർധനയ്ക്കുമായി സംസ്കരണയൂണിറ്റും ഇവിടെയുണ്ട്.

ഒരു പശുവുമായി ആരംഭിച്ച ക്ഷീരോൽപാദനം മികച്ച വാണിജ്യസംരംഭമായി വളർന്നത് സ്മിതയുടെ കഠിനാധ്വാനവും സാമർഥ്യവും മൂലമാണെന്ന് അംഗീകരിക്കാൻ ഷിബുവിനു മടിയില്ല. ഷിബുവിനു ഗൾഫിൽ മികച്ച ജോലിയുണ്ടായിരുന്ന കാലത്താണ് സ്മിത പശുവളർത്തൽ ആരംഭിച്ചത്. അലർജിരോഗം മൂലം 2013ൽ ഷിബു നാട്ടിൽ തിരിച്ചെത്തുമ്പോഴേക്കും സ്മിതയുടെ തൊഴുത്തിൽ ആറ് ഉരുക്കളായിക്കഴിഞ്ഞിരുന്നു. ഗൾഫിലെ ജോലി ഉപേക്ഷിക്കേണ്ടിവന്ന സാഹചര്യത്തിൽ വാണിജ്യ ക്ഷീരോൽപാദനത്തിലേക്ക് കടക്കാൻ ഉപദേശിച്ചത് അന്നത്തെ ക്ഷീരവികസന ഓഫിസർ വിജയകലയാണ്. ആ തീരുമാനം ശരിവയ്ക്കുന്ന വിധത്തിലായിരുന്നു തുടർന്നുള്ള വർഷങ്ങളിലെ വളർച്ച. ഓരോ വർഷവും തൊഴുത്തിൽ പശുക്കളുെട എണ്ണം കൂടിവന്നു. സംഘത്തിൽ പാലിനു മതിയായ വില കിട്ടാതെ വന്നതോടെ പായ്ക്കറ്റിലാക്കി ചില്ലറ വിൽപന തുടങ്ങി. സംഘത്തിൽ ലീറ്ററിനു 31 രൂപ കിട്ടിയിരുന്ന പാലിന് ഇപ്പോൾ കിട്ടുന്നത് 40 രൂപ. വീടുകളിൽ നേരിട്ടു കൊടുക്കുമ്പോൾ 44 രൂപയും കിട്ടും. നല്ല പാലിന് ആവശ്യക്കാരേറിയ സാഹചര്യത്തിൽ ഒന്നരവർഷം മുമ്പ് പൂർണമായും സ്വന്തം വിപണന സംവിധാനത്തിലേക്കു മാറുകയായിരുന്നു.

പാലും തൈരും നെയ്യും മാത്രമല്ല പനീർ, പനീർ അച്ചാർ തുടങ്ങിയ ഉൽപന്നങ്ങളിലൂെടയും ഇവർ അധിക വരുമാനം കണ്ടെത്തുന്നുണ്ട്. ആഴ്ച തോറും 20 കിലോ പനീർ വിൽക്കുന്നു. കേറ്ററിങ് സംരംഭകർ, വീട്ടമ്മമാർ എന്നിവരൊക്കെ സ്മിത നിർമിക്കുന്ന പനീറിനും അച്ചാറിനും ആവശ്യക്കാരായുണ്ട്. മൂല്യവർധനയിലൂെട കിട്ടുന്ന വരുമാനം വലുതാണെന്നു ഷിബു ചൂണ്ടിക്കാട്ടി. 

പാലും തൈരും നെയ്യും പനീറുമൊക്കെ യഥേഷ്ടം വിറ്റഴിക്കാവുന്ന വിപണനശൃംഖലയും ‘കണ്ണൻ’ ഡെയറി ഫാമിന്റെ നേട്ടം തന്നെ. 

വർധിച്ചുവരുന്ന തീറ്റച്ചെലവിനെ നേരിടുന്നതിലാണ് ഷിബുവിന്റെ മികവ്. പന്ത്രണ്ടോളം ചേരുവകളടങ്ങിയ പോഷകസമൃദ്ധമായ കാലിത്തീറ്റമി ശ്രിതം സ്വയം തയാറാക്കി നൽകുന്ന രീതിയാണ് ഇവിടുള്ളത്. ഇതുവഴി ഒരു ചാക്ക് തീറ്റയുടെ വിലയിൽ 300 രൂപയോളം ലാഭിക്കാൻ സാധിക്കുന്നു. മാത്രമല്ല, പശുക്കളുെട ആരോഗ്യവും പാലിന്റെ നിലവാരവും ഏറെ മെച്ചപ്പെടാനും ഈ തീറ്റമിശ്രിതം സഹായിക്കുന്നു. ഒരു ആഴ്ചയിൽ രണ്ടു ടണ്ണോളം തീറ്റ വേണ്ടിവരും. തമിഴ്നാട്ടിലെ കമ്പത്തുനിന്ന് ഷിബു നേരിട്ടാണ് തീറ്റച്ചേരുവകൾ കണ്ടെത്തുന്നത്, അവ പൊടിക്കുന്നതിനും കലർത്തുന്നതിനുള്ള മില്ലും മറ്റ് സംവിധാനങ്ങളും ഇവിടെയുണ്ട്. പാൽ വിതരണം ചെയ്യുന്ന വാഹനത്തിൽ തന്നെ ചേരുവകൾ എത്തിക്കുന്നതിനാൽ കടത്തുകൂലിയും ഗണ്യമായി ലാഭിക്കാൻ സാധിക്കുന്നുണ്ട്. നാലരയേക്കർ പുരയിടത്തിൽ രണ്ടരയേക്കറിലും തീറ്റപ്പുൽകൃഷി ചെയ്യുന്നതും ഉൽപാദനച്ചെലവ് കുറയ്ക്കുന്നു. ബയോഗ്യാസ് പ്ലാന്റ് , ചാണക വിൽപന, ഓട്ടമാറ്റിക് ഡ്രിങ്കിങ് സിസ്റ്റം എന്നിങ്ങനെ ഡെയറിഫാമുകൾക്ക് വേണ്ട എല്ലാ ഘടകങ്ങളും ഇവിടെ കാണാം. എച്ച്എഫ്, ജഴ്സി പശുക്കൾ മാത്രമല്ല സിന്ധി, സ്വിസ് ബ്രൗൺ ഇനങ്ങളും ഈ തൊഴുത്തിലുണ്ട്.

സ്മിതയുടെയും ഷിബുവിന്റെയും തൊഴുത്തിൽ പശുക്കളുടെ എണ്ണം ഒന്നിൽനിന്ന് 62 ആയതും ഗൾഫിലെ ജോലിയോടു കിട പിടിക്കുന്ന വരുമാനം അവർ നേടുന്നതും നാട്ടിൽ പലരുടെയും കണ്ണു തുറപ്പിച്ചിട്ടുണ്ട്. കാളകെട്ടിയിലെ ഒട്ടേറെ കൃഷിക്കാർ പശുവളർത്തലിലേക്ക് കടന്നുവന്നുകഴിഞ്ഞു. എന്തിനേറെ, പ്ലസ്ടു വിദ്യാർഥിയായ ഏക മകൻ കണ്ണൻപോലും വെറ്ററിനറി സയൻസ് പഠിച്ച് സ്വന്തം പേരിലുള്ള ഫാം മികച്ച ഡെയറി സംരംഭമാക്കാനുള്ള ആലോചനയിലാണ്. ഫോൺ–8086222734

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com