sections
MORE

അടുക്കളത്തോട്ടത്തിൽ തുടങ്ങിയ കൃഷി ആദായക്കൃഷിയായി വളർത്തിയ ദമ്പതികൾ

Resmi1
അടുക്കളത്തോട്ടത്തിൽ വിളവെടുപ്പ് .രശ്മിയും മക്കളായ അനീനയും റിസയും
SHARE

ഐക്യരാഷ്ട്രസഭയുടെ ഒാസ്ട്രിയൻ ഒാഫിസിൽ ഉദ്യോഗസ്ഥനായിരുന്ന കോട്ടയം കുര്യനാട് എടത്തനാൽ വീട്ടിൽ ഏബ്രഹാം(സണ്ണി) ജോലി വിട്ട് നാട്ടിലെത്തിയ കാലത്ത് നാടറിയുന്ന കൃഷിക്കാരനാവണം എന്നൊന്നും ചിന്തിച്ചിരുന്നില്ല. ‘‘വീട്ടാവശ്യത്തിനു വിഷമില്ലാത്ത പച്ചക്കറിയും പഴങ്ങളും, അത്രയേ മനസ്സിലുണ്ടായിരുന്നുള്ളൂ’’, ഏബ്രഹാം പറയുന്നു. നാലു വർഷങ്ങൾക്കിപ്പുറം പക്ഷേ ഏബ്രഹാമിന്റെ കൃഷിയും കൃഷിരീതിയുമൊക്കെ അടുക്കളത്തോട്ടത്തിന്റെ അതിരുകൾക്കപ്പുറത്തേക്കു വളർന്നിരിക്കുന്നു. ഏബ്രഹാമിനെ കൃഷിക്കാരനാക്കിയത് ഭാര്യ രശ്മി.

പാലക്കാട് കാഞ്ഞിരപ്പുഴയിൽ സമ്മിശ്രക്കൃഷിയുടെ മടിത്തട്ടിലാണ് ജനിച്ചുവളർന്നതെങ്കിലും കൃഷിയിൽ ചെലവിടാൻ രശ്മിക്കും മുമ്പു നേരം കിട്ടിയിരുന്നില്ല. മക്കളും മറ്റു വീട്ടുകാര്യങ്ങളുമായി തിരക്കു തന്നെ കാരണം. ഏബ്രഹാം ജോലി വിട്ട് മടങ്ങിയെത്തി, മക്കളൊക്കെ അൽപം മുതിർന്നു, കൃഷിക്കു മാറ്റിവയ്ക്കാൻ സമയമുണ്ടെന്നായി; എങ്കിൽപ്പിന്നെ അടുക്കളത്തോട്ടം അൽപം വിശാലമാക്കാം എന്നായി രശ്മി. അടുക്കളത്തോട്ടത്തിലൊതുങ്ങിയില്ല പക്ഷേ ഏബ്രഹാമിനും രശ്മിക്കും കൃഷിയോടു തോന്നിയ ഇഷ്ടം. നാടൻപശുക്കളും ആടും കോഴിയും കാടയും ടർക്കിയും മുതൽ ഒാർക്കിഡും പാഷൻഫ്രൂട്ടും അതിസാന്ദ്രത രീതിയിലുള്ള മത്സ്യക്കൃഷിയുമെല്ലാം ചേർന്ന് നാലു വർഷംകൊണ്ട് നാലേക്കർ ഭൂമിയെ സമ്മിശ്രക്കൃഷിയുടെ സ്വർഗമാക്കി മാറ്റി ഈ ദമ്പതികൾ. 

‘‘ഏതാനും ഗ്രോബാഗിൽ പച്ചക്കറി നടുന്നതിൽമാത്രം ഒതുങ്ങരുത് അടുക്കളത്തോട്ടം. വീട്ടാവശ്യത്തിനുള്ള പാലും പഴവും പച്ചക്കറികളും മത്സ്യവും മുട്ടയും ഇറച്ചിയുമെല്ലാം ആരോഗ്യകരമായ രീതിയിൽ ഉൽപാദിപ്പിക്കാൻ കഴിയണം. ഒാരോ കുടുംബത്തിന്റെയും സൗകര്യത്തിന് അനുസൃതമായി കൃഷിയും കൃഷിയിനങ്ങളും ക്രമീകരിക്കാം. ഞങ്ങളുടെ കാര്യത്തിൽ, കൂടുതൽ സ്ഥലവും സമയവും ലഭ്യമായതിനാൽ അടുക്കളത്തോട്ടം കുറഞ്ഞ നാളുകൾക്കകം സമ്മിശ്രക്കൃഷിയിടമായി വളർന്നു. ഒപ്പം മികച്ച വരുമാനവും’’, രശ്മിയും ഏബ്രഹാമും പറയുന്നു.

agri
അക്വാപോണിക്സില്‍ പച്ചക്കറിക്കൃഷി

അടുക്കളത്തോട്ടത്തിനു പിന്നാലെ, പുരയിടത്തിൽ ഹൈബ്രിഡ് കുള്ളൻ തെങ്ങുകൾ നട്ട് കൃഷി വിപുലീകരിക്കാനുള്ള ആശയം രശ്മിയുടേ തായിരുന്നെന്ന് ഏബ്രഹാം. നട്ട് നാലാം വർഷം നല്ല ഉൽപാദനത്തിലെത്തി 40 തെങ്ങുകളും. രണ്ടാം ഘട്ടമായി രണ്ടരയേക്കറിൽ നൂറിലേറെ കുള്ളൻ തെങ്ങുകൾ നടാൻ തീരുമാനിച്ചതും ഈ ഉൽപാദനമികവും അതു വഴിയുള്ള വരുമാനവും കണ്ടു തന്നെ. 

മീനും പച്ചക്കറിയും

മുഖ്യമായും അക്വാപോണിക്സ് മത്സ്യക്കൃഷിയെ ആശ്രയിച്ചുള്ള പച്ചക്കറിക്കൃഷിയാണ് രശ്മിയുടേത്. രണ്ടര സെന്റ് വരുന്ന അതിസാന്ദ്രതാ മത്സ്യക്കൃഷിയിൽനിന്നുള്ള മത്സ്യവിസർജ്യം കലർന്ന പോഷകസമ്പന്നമായ വെള്ളം പ്രയോജനപ്പെടുത്തി മെറ്റൽ ബെഡ്ഡിൽ ഉൾപ്പെടെ മുപ്പതു സെന്റു സ്ഥലത്താണ് പച്ചക്കറിക്കൃഷി. കുറഞ്ഞ സ്ഥലത്ത് കൂടുതൽ വിളവ് എന്നതാണല്ലോ അക്വാപോണിക്സ് ഉൾപ്പെടെയുള്ള അതിസാന്ദ്രതാ രീതികളുടെയെല്ലാം ലക്ഷ്യം. 

സാധാരണ കൃഷിരീതിയിൽ ഒരു കുളത്തിൽ നിക്ഷേപിക്കാവുന്നത് ചുരുങ്ങിയ എണ്ണം മത്സ്യക്കുഞ്ഞുങ്ങള്‍. എണ്ണം കൂട്ടിയാൽ വെള്ളം വേഗത്തിൽ മലിനമാകും, മത്സ്യങ്ങളെ ബാധിക്കും. അതേ സമയം സാധാരണ രീതിയിൽ സാധ്യമാകുന്നതിന്റെ പല മടങ്ങ് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കാം അതിസാന്ദ്രതാരീതിയിൽ. മത്സ്യവിസർജ്യം കലർന്ന് മലിനമാകുന്ന വെള്ളം ശുദ്ധീകരിക്കാനും ഒാക്സിജന്റെ അളവു വർധിപ്പിക്കാനുമെല്ലാം ശാസ്ത്രീയ മാർഗങ്ങൾ തുണയാവും. 

മത്സ്യക്കുളത്തിലെ വെള്ളം കുളത്തിനു സമീപം ഒരുക്കുന്ന മെറ്റൽ ബെഡ്ഡിലൂടെ അരിച്ചിറക്കി ശുദ്ധീകരിച്ച് കുളത്തിലേക്കുതന്നെ തിരികെ യെത്തിക്കുന്ന രീതിയാണ് അക്വാപോണിക്സിന്റേത്. നിരന്തരമായി നടക്കുന്ന ഈ ജലചംക്രമണ സംവിധാനത്തിന്റെ ഭാഗമായി പോഷകവെള്ളം കയറിയിറങ്ങുന്ന മെറ്റൽ ബെഡ്ഡിൽ പച്ചക്കറിക്കൃഷിയും സാധ്യമാകുന്നു. അക്വാപോണിക്സ് മത്സ്യക്കൃഷിയുടെയും അതിന് അനുബന്ധമായി തുടങ്ങിയ ജൈവ പച്ചക്കറിക്കൃഷിയുടെയും വിജയമാണ് തുടർകൃഷികൾക്കെല്ലാം ധൈര്യം നൽകിയതെന്നു രശ്മി. കുളത്തിലെ പോഷകവെള്ളം വളമാക്കി മെറ്റലിൽ മാത്രമല്ല, തിരിനന, തുള്ളിനന മാർഗങ്ങളിലും പച്ചക്കറി വളർത്തുന്നുണ്ട് രശ്മി. തിരിനന രീതിയിലാവുമ്പോൾ മണ്ണു നിറച്ച ഗ്രോബാഗിലാണു കൃഷി. പോഷകവെള്ളം വലിച്ചെടുക്കാവുന്ന രീതിയിൽ ഗ്രോബാഗും അടിയിലേക്കു നീണ്ടുകിടക്കുന്ന തിരിയും ക്രമീകരിക്കും. നിലത്തെ പച്ചക്കറിക്ക‍ൃഷിക്ക് തുള്ളിനന രീതിയിൽ പോഷകവെള്ളം നൽകും. പച്ചക്കറി മാത്രമല്ല, ചേമ്പും ചേനയും കുറ്റിക്കുരുമുളകുംപോലെ ഒട്ടേറെ വിളകളുണ്ട് ഈ കൃഷിയിടത്തിൽ. 

സണ്ണിയുടെ പിതാവും മികച്ച കർഷകനുമായ അവരാച്ചനാണ് കുറ്റിക്കുരുമുളകിന്റെ തൈ ഉൽപാദിപ്പിക്കുന്നത്. തൊണ്ണൂറു വയസ്സു പിന്നിട്ട അദ്ദേഹം കർഷകൻ മാത്രമല്ല, കർഷക ശാസ്ത്രജ്ഞൻ കൂടിയാണ്. 1950കളുടെ തുടക്കത്തിൽ റബർ നഴ്സറിക്കും സവിശേഷമായ ബഡ്ഡിങ് രീതിക്കും തുടക്കമിട്ട കർഷകൻ. അദ്ദേഹം തന്നെ വികസിപ്പിച്ചെടുത്ത, ഇലരോഗങ്ങളെ ചെറുക്കുന്ന റബറിനംതന്നെയാണ് കാലങ്ങളായി എടത്തനാൽ കുടുംബം കൃഷി ചെയ്യുന്നതും. 

അക്വാപോണിക്സ് യൂണിറ്റില്‍ ഉൽപാദിപ്പിക്കുന്ന മത്സ്യത്തിനും ജൈവ പച്ചക്കറികൾക്കും മികച്ച വിലയും വിപണിയും ലഭിക്കുന്നുണ്ടെന്നു രശ്മി. പയറും തക്കാളിയും വെണ്ടയും വഴുതനയും ഉൾപ്പെടെ ഏതെടുത്താലും ഒറ്റ വില, കിലോ 60 രൂപ, അതാണ് രശ്മിയുടെ നയം. വീട്ടിലെത്തി ഫാം ഫ്രഷ് ഉൽപന്നങ്ങൾ വാങ്ങുന്നവർ ഏറെ. മരങ്ങാട്ടുപള്ളിയിലെ ഇക്കോ ഷോപ്പ് വഴിയും വിൽപനയുണ്ട്. മെറ്റൽ ബെഡ്ഡിന്റെ മുകളിൽ വിശാലമായ മഴമറയുള്ളതിനാൽ വർഷം മുഴുവൻ പച്ചക്കറിക്കൃഷിക്ക് അവസരവുമുണ്ട്.

a-couple-who-interested-in-agriculture1

നാടൻ പശു, നല്ല നേട്ടം

വെച്ചൂർ, കാസർകോട് കുള്ളൻ ഇനങ്ങളിലായി 8 നാടൻപശുക്കളുണ്ടിവിടെ. ചെറു പശുക്കളായതുകൊണ്ട് പരിപാലിക്കാൻ പരിമിതമായ സ്ഥലം മതി. നിലവിൽ കറവയുള്ളവ മൂന്ന്. വീട്ടാവശ്യം കഴിഞ്ഞ് ദിവസം 3 ലീറ്റർ പാൽ വിൽപനയ്ക്കുണ്ട്. വില ലീറ്ററിന് 70 രൂപ. കുഞ്ഞുങ്ങളെ വിൽക്കലും മാംസവിപണിയും ലക്ഷ്യമിട്ട് മലബാറി ഇനം ആടുകളെയും വളർത്തുന്നു ഈ ദമ്പതികൾ. വീട്ടാവശ്യത്തിനായി കാടയും ടർക്കിയുമുണ്ട്. എല്ലാം വളരുന്നതു വീട്ടുവളപ്പിൽത്തന്നെ. 

സീസണിൽ ലഭ്യമാകുന്ന ചക്കയും മാങ്ങയുമെല്ലാം അച്ചാറും ജാമും സ്ക്വാഷുമൊക്കെയാക്കി അതിലൂടെയും വരുമാനം കണ്ടെത്തുന്നു ഈ വീട്ടമ്മ. മുറ്റത്ത് ഡെൻഡ്രോബിയം ഇനത്തിൽപ്പെട്ട  

ഒാർക്കിഡുകളുടെ 1200 ൽ ഏറെ വരുന്ന ശേഖരവും രശ്മിക്കുണ്ട്. അതും വിൽപനയ്ക്കുതന്നെ. തേനീച്ചവളര്‍ത്തലാണ് മറ്റൊരിനം. 

അതിവേഗം വരുമാനം

കുറഞ്ഞ സ്ഥലത്ത് കൂടുതൽ മത്സ്യങ്ങൾ; കുറഞ്ഞ സമയംകൊണ്ട് കൂടുതൽ വരുമാനം, അതിസാന്ദ്രതാ മത്സ്യക്കൃഷിയുടെ സാധ്യത ഏബ്രഹാം ആദ്യം തിരിച്ചറിഞ്ഞത് അക്വാപോണിക്സിൽ തന്നെ. നിലവിൽ മൂന്നാമത്തെ ബാച്ച് കൃഷിയിറക്കിയിരിക്കുന്ന രണ്ടര സെന്റ് അക്വാപോണിക്സിൽ നിക്ഷേപിച്ചിരിക്കുന്നത് 12,000 ഗിഫ്റ്റിനം തിലാപ്പിയ. ആറു മാസംകൊണ്ട് ശരാശരി 500 ഗ്രാം തൂക്കമെത്തും. കിലോ 250 രൂപയ്ക്കു വിൽപന. മെറ്റൽ ബെഡ്ഡിന്റെ വിസ്തൃതി വിപുലമായതു കൊണ്ടുതന്നെ വെള്ളം കൂടുതൽ ശുദ്ധമാകുന്നുണ്ടെന്ന് ഏബ്രഹാം. നിലവാരമുള്ള കൃത്രിമത്തീറ്റയും ഒപ്പം കുളത്തിലെ വെള്ളത്തിന്റെ മേന്മയുമാണ് ഗിഫ്റ്റ് മത്സ്യത്തിന്റെ രുചി വർധി പ്പിക്കുന്നത്. കിലോയ്ക്ക് 250 രൂപ ഉറപ്പാക്കാൻ കഴിയുന്നതും അതുകൊണ്ടുതന്നെയെന്ന് ഏബ്രഹാം. 

ഫോൺ: 8281437158, 9605767869 

a-couple-who-interested-in-agriculture2
എബ്രഹാമും രശ്മിയും പെൻ പാക് ടാങ്കിനരികെ

പെൻ പാക് പരീക്ഷണം 

അക്വാപോണിക്സിൽ നിന്ന് ഒരു പടി കൂടി കടന്ന് പെൻപാക് അതിസാന്ദ്രതാമത്സ്യക്കൃഷിയുടെ പരീക്ഷണത്തിൽ എത്തിനിൽക്കുന്നു ഏബ്രഹാമിപ്പോൾ. ബാക്ടീരിയകളെ പ്രയോജനപ്പെടുത്തി മത്സ്യങ്ങൾക്കു വേണ്ട തീറ്റയുടെ 80 ശതമാനത്തിലേറെയും കുളത്തിൽത്തന്നെ വ ളർത്തിയെടുക്കുന്ന രീതിയാണ് പെൻ പാക്കി ലേത്. ഏറെ കരുതലും ശ്രദ്ധയും വേണ്ട കൃഷി രീതി. പരിമിതമായ തീറ്റച്ചെലവ്, കുറഞ്ഞ നാളുകൾകൊണ്ട് വിളവെടുപ്പ്, തീരെക്കുറഞ്ഞ വൈദ്യുതിച്ചെലവ് എന്നിവ അനുകൂലഘടകങ്ങൾ. ജലത്തിൽ ഒാക്സിജൻ ലഭ്യതയ്ക്ക് ഉപകരിക്കുന്ന ബാക്ടീരിയകളെ വരെ നിക്ഷേപിച്ചിരിക്കുന്നതിനാൽ എയറേഷൻപോലും ഒഴിവാക്കാം. നൈലോൺ ഷീറ്റുകൊണ്ടു നിർമിച്ച 12,000 ലീറ്റർ വെള്ളം കൊള്ളുന്ന ടാങ്കിൽ 24,000 എണ്ണം ടൈഗർ പ്രോൺ ഇനം ചെമ്മീനാണ് ഏബ്രഹാം നിക്ഷേപിച്ചിരിക്കുന്നത്. 90 ദിവസം കൊണ്ട് ആൺ ചെമ്മീൻ 110 ഗ്രാം തൂക്കവും പെണ്ണ് 210 ഗ്രാമും വളർച്ച നേടുമെന്നാണ് പ്രതീക്ഷ. തോടു പൊഴിക്കുന്ന സമയത്ത് പരസ്പരം ആ ക്രമിക്കുന്ന സ്വഭാവം ചെമ്മീനുകൾക്കുണ്ട്. അതേസമയം പെൻ പാക് രീതിയിൽ,കുളത്തിൽ സമൃദ്ധമായി ജീവനുള്ള തീറ്റ ലഭ്യമായതിനാൽ ഈ പ്രശ്നമില്ല. കാളാഞ്ചിയും കരിമീനും വരാലുമെല്ലാം വളർത്തിയെടുക്കാമെന്നതും നേട്ടമാണ്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA