ADVERTISEMENT

മലപ്പുറം പുളിക്കൽ പഞ്ചായത്തിലെ പൈക്കാടത്ത് ഇല്യാസിന്റെ പത്ത് ഏക്കർ ഭൂമി ജൈവകൃഷിയുടെ മാത്രമല്ല, ജലസംരക്ഷണത്തിന്റെയും മികച്ച മാതൃകയാണ്. തെങ്ങ്, കമുക്, കുരുമുളക്, പഴങ്ങൾ, പച്ചക്കറികള്‍ എന്നിവയ്ക്കൊപ്പം പശു, ആട്, മീൻ വളർത്തലുമുണ്ട്. 

നാലു കുളങ്ങള്‍ കൃഷിയിടത്തിലുണ്ട്. രണ്ടെണ്ണം കൃഷിയാവശ്യത്തിനു മാത്രമുള്ളതാണ്. ഏതു വേനലിലും കൃഷിക്കു വേണ്ട വെള്ളം ഇതിൽനിന്നു ലഭിക്കും. എല്ലാവരും പറമ്പിലെ കുളങ്ങൾ മണ്ണിട്ടു നികത്തുമ്പോൾ ഇല്യാസ് പുതിയ കുളങ്ങൾ ഉണ്ടാക്കുകയായിരുന്നു.

വീടിനു പിന്നിലെ രണ്ടേക്കറിൽ കാടാണ്. ഒന്നര പതിറ്റാണ്ടുകൊണ്ട് ഉണ്ടാക്കിയെടുത്ത കാട്. മൊട്ടക്കുന്നിൽ മരങ്ങൾ വച്ചുപിടിപ്പിക്കുകയായിരുന്നു. നിലമ്പൂരിൽനിന്നാണു മരത്തൈകൾ കൊണ്ടുവന്നത്. മഴക്കാലത്ത് ഈ കാട്ടിലൂടെ ഒലിച്ചെത്തുന്ന ഉറവകൾ താഴെയുള്ള കുളത്തിൽ വന്നുനിറയും. ഡിസംബർ ഒടുവിൽവരെ കാട്ടിൽനിന്നുള്ള ഉറവയുണ്ടാകും. ഏപ്രിൽ അവസാനംവരെ കുളം നിറഞ്ഞു നിൽക്കും. ഒരു മാസം മാത്രമേ മോട്ടർ വച്ച് കൃഷിക്കു നനയ്ക്കേണ്ടതുള്ളൂ. കാടും കുളവുമാണ് തന്റെ പറമ്പിനെ ഇങ്ങനെ ജലസമ്പുഷ്ടമാക്കുന്നതെന്ന് ഇല്യാസിനുറപ്പ്. കാടിന്റെയും കാവിന്റെയും പ്രാധാന്യത്തെക്കുറിച്ചു ചെറു പ്രായത്തിൽതന്നെ മനസ്സിലാക്കിയിരുന്നു. വലുതായപ്പോൾ അതു പ്രാവർത്തികമാക്കി. കാട് പ്രകൃതിക്കു നൽകുന്ന സംഭാവനകളെക്കുറിച്ചു വീടിനോടു ചേർന്നുള്ള ഔട്ട്ഹൗസിലെ ചുമരിൽ എഴുതിവച്ചിട്ടുണ്ട്. 

കൃഷിയിടത്തിലേക്ക്

ilyas5
കൃഷിയിടത്തിൽ ജലസമൃദ്ധി

തെങ്ങും കമുകുമാണ് പ്രധാന വരുമാന വിളകള്‍. പിന്നെ വാഴയും. വീടിനു ചുറ്റുമുള്ള നാല് ഏക്കർ പറമ്പിൽ നാലു തരം റംബുട്ടാൻ, മാംഗോസ്റ്റിൻ, പീനട്ട് ബട്ടർ, ലിച്ചി, മാതളം, പല തരം പേരയ്ക്ക, ചക്ക, മാങ്ങ, പപ്പായ, സപ്പോട്ട, നോനി തുടങ്ങി നാടനും വിദേശിയുമായി പഴവര്‍ഗങ്ങൾ അമ്പതിലേറെ. 

പച്ചക്കറിക്കൃഷി രണ്ട് ഏക്കറിലാണ്. ഓണം, വിഷുക്കാലങ്ങളിലെ വിപണി ലക്ഷ്യമാക്കിയാണ് ഇതു കൃഷി ചെയ്യുന്നത്. ശീതകാല പച്ചക്കറികളായ കാരറ്റ്, കോളിഫ്ലവർ, കാബേജ് എന്നിവയും കൃഷി ചെയ്യാറുണ്ട്. എല്ലാറ്റിനും നല്‍കുന്നതു ജൈവവളം. ഇതുവരെ തന്റെ പറമ്പിൽ രാസവളമോ രാസ കീടനാശിനിയോ ഉപയോഗിച്ചില്ലെന്ന് അദ്ദേഹം ഉറപ്പിച്ചു പറയുന്നു. മണ്ണിരക്കമ്പോസ്റ്റും പഞ്ചഗവ്യവും മീൻ എ മൽഷ്യവും ആണ് പ്രധാന വളം. തെങ്ങിനും പച്ചക്കറിക്കും നേന്ത്രനുംവരെ ഇതാണ് നല്‍കുന്നത്. ജൈവവളം മാത്രം നല്‍കുന്നതിനാല്‍ നേന്ത്രന് കുല പാകമാകാൻ രണ്ടു മാസം ഏറെ വേണ്ടിവരും. ജൈവകൃഷിയായതിനാൽ ഉൽപന്നങ്ങള്‍ക്കു വില്‍പന പ്രശ്നമല്ല. ആവശ്യക്കാര്‍ മുൻകൂട്ടി ഓർഡർ ചെയ്യും. ആവശ്യക്കാർക്കു കൃഷിയിടത്തിൽനിന്നു നേരിട്ടു വിളവെടുക്കാനും പറ്റും. സമീപത്തെ സ്കൂളുകളിലെ അധ്യാപകരാണ് പ്രധാന ഉപഭോക്താക്കള്‍. 

നാലു കുളത്തിലും മീൻ വളർത്തുന്നു. 30 പശുക്കളുള്ള വലിയ ഫാം ഉണ്ടായിരുന്നു. തനിമ എന്ന ബ്രാന്‍ഡ് പേരിൽ പാൽ പായ്ക്ക് ചെയ്തു നാട്ടിൽതന്നെ വിൽക്കുന്നു. ഭാര്യ മൈമൂനയ്ക്കാണ് ഇതിന്റെ ചുമതല. നാലു മാസം മുന്‍പ് പശുക്കളുടെ എണ്ണം കുറച്ച് ആട് ഫാം കൂടി തുടങ്ങി. പല തരം കോഴികളും താറാവുകളും അരയന്നങ്ങളുമുണ്ട്. ഇവയുടെയെല്ലാം മുട്ടയ്ക്ക് ആവശ്യക്കാർ ഏറെയാണ്. പറമ്പിൽ ഒരിക്കലും കിളയ്ക്കാറില്ല. വലിയ മരങ്ങൾ മുതൽ ചെറുചെടി കൾവരെ ഭൂമിക്ക് ആവശ്യമുള്ളതാണെന്നാണ് ഇല്യാസ് പറയുന്നത്. ഓരോ ചെടിക്കും ഓരോ ധർമമുണ്ട്. പറമ്പിൽ യന്ത്രം ഉപയോഗിക്കുകയോ കിളയ്ക്കുകയോ ചെയ്താൽ പല ചെറു ചെടികളും നശിച്ചുപോകും. ഔഷധ ച്ചെടികള്‍ തേടി ദൂരെദിക്കിൽനിന്നു പോലും ആളുകള്‍ ഇവിടെ വരാറുണ്ട്. കൃഷികൊണ്ട് തനിക്കു മാത്രമല്ല, നാട്ടുകാർക്കും പ്രയോജനമുണ്ടാ കണമെന്നാണ് മികച്ച യുവകർഷകനുള്ള സംസ്ഥാന പുരസ്കാരം നേടിയിട്ടുള്ള ഇല്യാസിന്റെ പക്ഷം. ഭാര്യയ്ക്കൊപ്പം മക്കളായ ആയിഷമന്ന, മസ്ന, അബ്ദുറഹിമാൻ എന്നിവരും കൃഷിയിൽ പിതാവിനു കൂട്ടായുണ്ട്. 

ഫോൺ: 9746563007, 9495454070 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com