sections
MORE

കര കയറാതെ കർഷകർ

farmers
SHARE

ജാതിയും കുരുമുളകും കൊക്കോയും തെങ്ങും റബറുമൊക്കെ തിങ്ങിവളർന്ന, തൊഴുത്തും മീൻകുളവുമൊക്കെയുണ്ടായിരുന്ന ഒന്നാംതരം കൃഷിയിടം. കർഷകശ്രീ പുരസ്കാരത്തിനായി 2019ൽ അപേക്ഷിക്കണമെന്നു പണ്ടേ തീരുമാനിച്ചതായിരുന്നു കല്ലാർകുട്ടി കാരക്കൊമ്പിൽ ജോർജ്. അദ്ദേഹം ആഗ്രഹിച്ചതുപോലെ; കഴിഞ്ഞ മാസം കർഷക ശ്രീ ടീം അദ്ദേഹത്തിന്റെ കൃഷിയിടം സന്ദർശിച്ചു. അവാർഡിനു പരിഗണിക്കാനായിരുന്നില്ലെന്നു മാത്രം. അന്ന് അവിടെ കണ്ട ചിത്രം വ്യത്യസ്തമായിരുന്നു. 

land

കല്ലാർകുട്ടി ഡാമിന്റെ വൃഷ്ടിപ്രദേശത്തോടു ചേർന്ന പതിനാറേക്കറിൽ പകുതിയോളം സ്ഥലം കഴിഞ്ഞ വർഷത്തെ പ്രളയകാലത്തു മണ്ണിടിഞ്ഞു നശിച്ചതും നഷ്ടപ്പെട്ടവ തിരികെ പിടിക്കാനുള്ള കൃഷിക്കാരന്റെ പരിശ്രമങ്ങളുമാണ് അവിടെ കാണാനായത്. ജോർജിന്റെ 6 ഏക്കർ കൃഷിയിടമാണ് ഇടിഞ്ഞുവീണ് കൃഷിയോഗ്യമല്ലാതായത്. വൻമരങ്ങളുൾപ്പെടെ നിരങ്ങിനീങ്ങി നിലം പതിക്കാറായ അവസ്ഥയിലാണ്. തൊഴുത്തുൾപ്പെടെ വലിയ ഫാംഹൗസും 6 പശുക്കളും 4 കിടാരികളും എവിടെയെന്നറിയാനാകാത്ത വിധം മണ്ണു മൂടി. നൂറ് ചതുരശ്രമീറ്റർ വിസ്ൃതിയുണ്ടായിരുന്ന മത്സ്യക്കുളത്തിലും മണ്ണുനിറഞ്ഞു. മണ്ണിരക്കമ്പോസ്റ്റ് യൂണിറ്റ്, ബയോഗ്യാസ് പ്ലാന്റ് ... നാശനഷ്ടങ്ങളുടെ കണക്ക് തുടരുകയാണ്. മഹാപ്രളയകാലത്ത് വ്യക്തിപരമായി ഏറ്റവും നഷ്ടമുണ്ടായ കൃഷിക്കാരനായിരിക്കണം ജോർജ്. ആദായം നൽകിയിരുന്ന 450 ജാതിമരങ്ങളും 800 കൊക്കോയും 200 ചുവട് കുരുമുളകും 100 ചുവട് ഏലവും 80 തെങ്ങും നൂറുകണക്കിനു വാഴയും ഒട്ടേറെ ഫലവൃക്ഷങ്ങളും പൂർണമായി നശിച്ചു. പുനരാരംഭിച്ച വനിലക്കൃഷിയും മണ്ണിനടിയിലായി. മണ്ണിടിച്ചിലോ ഉരുൾപൊട്ടലോ ഉണ്ടാവാൻ ഒരു സാധ്യതയുമില്ലാതിരുന്ന കൃഷിയിടമാണ് തന്റേതെന്നു ജോർജ് ചൂണ്ടിക്കാട്ടി. കേവലം 30 ഡിഗ്രി ചെരിവിൽ തട്ടുകളായി തിരിച്ച ഭൂ‌മിയിൽ നീരൊഴുക്കിനു തടസ്സമുണ്ടാകാതെ ശ്രദ്ധിച്ചിരുന്നു. 

karakombil-george
കാരക്കൊമ്പിൽ ജോർജ്

സർക്കാർ ധനസഹായമായി ഈ കൃഷിക്കാരനു കിട്ടിയത് ഒന്നര ലക്ഷം രൂപ മാത്രം. വിളനാശത്തിനുള്ള 60,000 രൂപയും പശുക്കളെ വാങ്ങുന്നതിനുള്ള 90,000 രൂപയും. ലക്ഷങ്ങളുടെ വരുമാനമേകിയിരുന്ന ഈ കൃഷിയിടത്തിനു പട്ടയമില്ലെന്നതിനാല്‍ ഭൂമി നഷ്ടമായവർക്കുള്ള പരിഹാരത്തിന് അദ്ദേഹം പരിഗണിക്കപ്പെട്ടില്ല. പട്ടയമെന്ന മോഹനവാഗ്ദാനം നൽകി എല്ലാ സർക്കാരുകളും നൂറുകണക്കിനു കൃഷിക്കാരെ വഞ്ചിക്കുകയാണെന്ന് അദ്ദേഹം പറയുന്നു. പൂർണമായും റവന്യൂ ഭൂമിയിലുള്ള കൃഷിയിടത്തിനു പട്ടയം നിഷേധിക്കുന്നതിൽ ഒരു ന്യായീകരണവുമില്ലെന്ന് ജോർജ് ചൂണ്ടിക്കാട്ടി. പട്ടയമില്ലാത്തതുമൂലം ബാങ്ക് വായ്പ, വിള ഇൻഷുറൻസ് എന്നിവയൊന്നും നേടാന്‍ ഇതുവരെ സാധിച്ചിട്ടില്ല. കൃഷിക്കു പണത്തിനായി ബ്ലേഡുകാരെ ആശ്രയിക്കേണ്ട അവസ്ഥയാണ്. ജോർജ് ഒരു പ്രതിനിധി മാത്രം. പ്രളയക്കെടുതികൾക്കു ശേഷം തിരിച്ചുവരവിനു വായ്പയെടുക്കാൻപോലും അനുവദിക്കാതെ പീഡിപ്പിക്കപ്പെടുന്നവരുെട മനുഷ്യാവകാശങ്ങളെക്കുറിച്ച് ആകുലപ്പെടാൻ ആരുമില്ല. തലമുറകൾ അധ്വാനിച്ചുണ്ടാക്കിയ കൃഷിഭൂമി നിയമക്കുരുക്കിലും പ്രകൃതിക്ഷോഭത്തിലും നഷ്ടപ്പെടുമ്പോൾ കൃഷിക്കാർ കടുത്ത നടപടികളെക്കുറിച്ച് ആലോചിക്കും. അതുണ്ടാവാതിരിക്കണമെങ്കിൽ കനിവും മനുഷ്യത്വവുമുള്ള നടപടികൾ കൂടുതലായുണ്ടാകണം. ഭൂമി നഷ്ടപ്പെട്ട വരെ പുനരധിവസിപ്പിക്കുന്നതിലെ കാലതാമസം ക്രൂരവും വേദനാജനകവുമാണ്. പട്ടയമില്ലാത്തവരും ഈ രാജ്യത്തെ പൗരന്മാരാണെന്ന വസ്തുത മറക്കാതിരിക്കാം. 

thomas-and-wife
തോമസും ഭാര്യ വിൻസമ്മയും

ഇതൊെക്കയാണെങ്കിലും ജോർജ് തളരുന്നില്ല. ശേഷിച്ച സമ്പാദ്യവും ഗൾഫിൽ ജോലിയുള്ള മകന്റെ സഹായവും ബ്ലേഡ് വായ്പയുമൊക്കെ പ്രയോജനപ്പെടുത്തി വീണ്ടും കൃഷി തുടങ്ങിക്കഴിഞ്ഞു അദ്ദേഹം. ഒന്നര ലക്ഷം രൂപയോളം മുടക്കി 2 പശുക്കളെ വാങ്ങുകയാണ് ആദ്യം ചെയ്തത്. പാൽ വിറ്റുതുടങ്ങിയതോടെ ദിവസവരുമാനമായി. രണ്ടേക്കറോളം മണ്ണ് യന്ത്രസഹായത്താൽ നിരത്തുന്നതിനുമാത്രം നാലു ലക്ഷം രൂപ ചെലവായി. അവിടെ നട്ടുവളർത്തുന്നതിന് ജാതി, കൊക്കോ, തെങ്ങ്, ഫലവൃക്ഷങ്ങൾ എന്നിവയുടെ തൈ വീട്ടിലെത്തിച്ചുകഴിഞ്ഞു. ഉറപ്പുള്ള ചെരിവുകളിൽ വാർ‌ഷികവിളകളായ കപ്പയും വാഴയും ചേനയും ചേമ്പുമൊക്കെ നട്ടു. ഏതാനും മാസങ്ങൾ കഴിഞ്ഞാൽ വരുമാനം കിട്ടുമെന്ന പ്രതീക്ഷയിലാണത്. ‘‘വരുംവർഷങ്ങളിൽ ഞാനുമുണ്ടാവും കർഷകശ്രീ അവാർഡിനുള്ള അപേക്ഷകനായി.’’ ജോർജ് ഉറപ്പിച്ചു പറയുന്നു.

plant-p

കൊന്നത്തടി സ്വദേശി പാറക്കൽ തോമസിന്റെ 2 ഏക്കർ പുരയിടത്തിൽ കുരുമുളകും വാഴയും പച്ചക്കറികളുമാണ് മുഖ്യം. കഴിഞ്ഞ വർഷം പ്രളയത്തിൽ വീടിനോടു ചേർന്നൊഴുകുന്ന ഭൂതകുഴി– മുതിരപ്പുഴ തോടിന്റെ കൽക്കെട്ട് തകർത്ത് കുത്തിയൊലിച്ചുവന്ന വെള്ളം പുരയിടമാകെ മൂടി. എല്ലാ വിളകളും നാശത്തിന്റെ വക്കിലായി. ആകെയുണ്ടായിരുന്ന 800 നേന്ത്രവാഴകളിൽ 200 എണ്ണം നശിച്ചു. മഴമറയ്ക്കുള്ളിലും പുറത്തുമുണ്ടായിരുന്ന പച്ചക്കറിക്കൃഷി ഏറക്കുറെ പൂർണമായും വെള്ളത്തിലായി. മുഖ്യവരുമാനമായിരുന്ന 350 ചുവട് കുരുമുളകിൽ 250ചുവടും നശിച്ചു. അവശേഷിക്കുന്നവയിലാകട്ടെ, ഇപ്പോഴും തിരിപിടിക്കുന്നില്ല.

പല ഭാഗത്തുനിന്നും സഹായഹസ്തങ്ങളെത്തിയതുകൊണ്ടാണ് ആ നാളുകളിൽ പിടിച്ചുനിൽക്കാനായതെന്ന് തോമസും ഭാര്യ വിൻസമ്മയും പറയുന്നു. കൊന്നത്തടി പഞ്ചായത്തിലും കൃഷിഭവനിലും നിന്നാണ് ആദ്യസഹായമെത്തിയത്. പഞ്ചായത്തു മെംബർ തൊഴിലുറപ്പ് പദ്ധതിയിലെ അംഗങ്ങളുമായെത്തി വീട്ടിലെയും പരിസരത്തെയും ചേറും മണലും കോരി വൃത്തിയാക്കാൻ സഹായിച്ചു. വിളനാശത്തിന്റെ കണക്കെടുത്ത് അധികൃതരെ അറിയിക്കുന്നതിനും സഹായധനം നേടിത്തരുന്നതിനും കൃഷി ഓഫിസർ നീതുവും സഹപ്രവർത്തകരും ഏറെ ഉത്സാഹിച്ചു. വൈകാതെതന്നെ പീരു മേട് ബ്ലോക്കിൽനിന്ന് 7 കൃഷിഓഫിസർമാരും സഹപ്രവർത്തകരും കാർഷിക കർമസേനയുമെത്തി കൃഷി പുനരാരംഭിക്കാനാവശ്യമായ ജോലികളെല്ലാം ചെയ്തു തന്നത് കൃഷിയിലേക്കുള്ള തിരിച്ചുവരവിന് ഏറെ ഉത്തേജനം പകർന്നെന്ന് തോമസ് പറഞ്ഞു. പ്രളയക്കെടുതികൾ പൂർണമായും വിട്ടുമാറിയ കർഷകഭവനങ്ങൾ വിരളമായിരിക്കും. പല വീടുകളും ഭീതിയിൽ നിന്നു മുക്തരായിട്ടില്ല. വീടിനുള്ളിൽ നിന്നു പുറത്തിറങ്ങാൻ ഭയപ്പെടുന്നവരും മൗനികളായി മാറിയവരുമൊക്കെയുണ്ട്. ധനസഹായം ഇനിയും കിട്ടാത്ത വരുണ്ട്. സാങ്കേതികത്വത്തിൽ കുടുങ്ങിക്കിടക്കുകയാണ് അവരുടെ അപേക്ഷകൾ. കഴിഞ്ഞ വർഷം വിള ഇൻഷുറൻസ് ചെയ്യാതിരുന്നവർ പലരും ഈ വർഷം ഇൻഷുറൻസ് എടുക്കാൻ താൽപര്യം കാണിക്കുന്നുണ്ട്. എന്നാൽ പട്ടയം ലഭിക്കാത്തതു മൂലം ഇടുക്കിയിലെ ഒട്ടേറെ കൃഷിക്കാർക്ക് അപേക്ഷ നൽകാൻ കഴിയുന്നില്ല. കൃഷിഭൂമി നഷ്ടപ്പെട്ടവരുെട അവസ്ഥയാണ് ഏറെ കഷ്ടം. അവർക്ക് സ്ഥിരവരുമാനമാകുന്നതു വരെ സർക്കാർ പിന്തുണ ഉറപ്പാക്കേണ്ടിയിരിക്കുന്നു. മണ്ണ് ഇടിഞ്ഞും വെള്ളം ഒഴുകിയെത്തിയും നശിച്ച കൃഷിയിടങ്ങൾ പലതും പൂർവസ്ഥിതിയായിട്ടില്ല. അവ വീണ്ടെടുക്കുന്നതിനുള്ള സാങ്കേതിക പിന്തുണയും സർക്കാർ ഏജൻസികൾ ലഭ്യമാക്കേണ്ട തുണ്ട്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA