sections
MORE

പൊന്നമ്മയുടെ ഉപ്പേരി

ponnammas-chips
പൊന്നമ്മയും മകൻ ബോബിയും
SHARE

കുറ്റാലം വെള്ളച്ചാട്ടം കാണാൻ പോകുന്നവർ ശ്രദ്ധിക്കുക. വെള്ളച്ചാട്ടത്തിനടുത്തേക്കു നീങ്ങുമ്പോൾ ചിപ്സ് വിൽക്കുന്ന കടകളുടെ നീണ്ട നിരയിൽ വേറിട്ടു നിൽക്കുന്ന ഒരു മുറി– ഒറ്റനോട്ടത്തിൽ സ്വർണക്കടയെന്നു തോന്നുംവിധത്തിൽ കമനീയമായി രൂപകൽപന ചെയ്ത ആ മുറിയിൽ സ്വർണവർണമുള്ള പായ്ക്കറ്റുകൾ. സംശയിക്കേണ്ട, ഒന്നാം തരം ഏത്തക്കാ ഉപ്പേരി തന്നെ. പൊൻനാണയംപോലുള്ള ആ ഉപ്പേരി നിർമിക്കുന്നത് ഒരു മലയാളി കുടുംബമാണ്– അടൂർ സ്വദേശിനി പൊന്നമ്മയും മകൻ വർഗീസ് ബോബി ജോസഫും ചേർന്നു നടത്തുന്ന ജോയി ചിപ്സിന്റെ ഷോറൂമാണത്. ചിപ്സ് വാങ്ങാനെത്തുന്നവരുെട ക്യൂ തന്നെ ഈ ഉപ്പേരിബ്രാൻഡിന് എത്ര മാത്രം സ്വീകാര്യതയുണ്ടെന്നതിനു തെളിവ്. ജോയി ചിപ്സിനു മറ്റു ചിപ്സ് ബ്രാൻഡുകളെക്കാൾ 50 രൂപ വില കൂടുതലാണെന്നുകൂടി അറിയുക. ശർക്കരവരട്ടിയും ഉപ്പേരിയുമില്ലാത്ത ഓണത്തെക്കുറിച്ച് നാം ചിന്തിക്കാറില്ല. എന്നാൽ ഉപ്പേരി വിറ്റ് ലക്ഷങ്ങൾ നേടുന്നതിനെക്കുറിച്ച് എത്ര കൃഷിക്കാർ ചിന്തിക്കുന്നുണ്ടാവും? വിലസ്ഥിരതയില്ലെന്ന പരാതി വാഴക്കുലവിപണിയിലെ പതിവുപല്ലവിയാണ്. എന്നാൽ ഏത്തക്കുല അരിഞ്ഞു വറുത്തുണ്ടാക്കുന്ന ഉപ്പേരിക്ക് വില താഴ്ന്നതായി നാം കേൾക്കാറില്ല. ഈ സാധ്യത വർഷങ്ങൾക്കു മുമ്പേ തിരിച്ചറിഞ്ഞു നേട്ടമുണ്ടാക്കിയ കഥയാണ് കുറ്റാലത്തെ ഈ പൊന്നമ്മച്ചിക്കു പറയാനുള്ളത്. 

വിനോദസഞ്ചാരകേന്ദ്രമായ ഇവിടെ സീസണായാൽ‌ ദിവസേന നാലായിരം കിലോ ഏത്തക്കായയാണ് ഉപ്പേരിയും ശർക്കരവരട്ടിയുമായി മാറുന്നത്. ഓഫ് സീസണിൽ പോലും ഒരു ടൺ കായ് വറുക്കാറുണ്ട്. കേരളത്തിൽ നിന്നു തമിഴ്നാട്ടിലെത്തി ഉപ്പേരി നിർമാണത്തിലെ രാജാക്കാന്മാരായി വളർന്ന ജോയി ചിപ്സിന്റെ കഥ മൂല്യവർധനയിലൂടെ മുന്നേറാൻ ആഗ്രഹിക്കുന്നവർക്ക് പ്രചോദനം തന്നെ.

അടൂരിൽനിന്ന് 60 വർഷം മുമ്പ് കുറ്റാലത്തെത്തിയതാണ് പൊന്നമ്മയുടെ കുടുംബം. ഉപജീവനത്തിനായി അപ്പച്ചൻ എ.ഐ. ചെറിയാൻ ചെറിയ തോതിൽ ഉപ്പേരിയുണ്ടാക്കി. പൊള്ളാച്ചിയിലായിരുന്നു തുടക്കം. ഏറ്റവും പാകമെത്തിയ നേന്ത്രക്കായയും നിലവാരമുള്ള വെളിച്ചെണ്ണയും മാത്രമുപയോഗിച്ചുണ്ടാക്കിയ കേരള ചിപ്സിന് ആവശ്യക്കാരേറി. ക്രമേണ പൊന്നമ്മയുടെ കുടുംബം ഒന്നടങ്കം ഉപ്പേരി ബിസിനസിലായി. തമിഴ്നാട്ടുകാർ കേരള ചിപ്സിനെ അടുത്തറിഞ്ഞതും കൊതിച്ചതുമൊക്കെ ജോയി ചിപ്സിലൂടെയാണെന്നു പറയാവുന്ന വിധത്തിൽ കോയമ്പത്തൂരിലും ദിണ്ടിക്കലിലും പൊള്ളാച്ചിയിലും തൃശിനാപ്പള്ളിയിലുമൊക്കെ ചെറിയാന്റെ മക്കളും കൊച്ചുമക്കളും ഉപ്പേരിസംരംഭങ്ങൾക്കു തുടക്കം കുറിച്ചു. മിക്ക സ്ഥലങ്ങളിലും ജോയി ചിപ്സ് എന്ന ബ്രാ‍ൻഡിൽ തന്നെ. ചേട്ടൻ ചിപ്സ്, അലൻ ചിപ്സ് എന്ന സഹോദരബ്രാൻഡുകളുമുണ്ട്. ഇന്നും പൊന്നമ്മയുടെ സഹോദരങ്ങളെല്ലാം ഉപ്പേരി ബിസിനസിൽ തന്നെ. നേന്ത്രക്കായ അരിയാനുള്ള യന്ത്രം നിർമിക്കുന്നയാളാണ് പൊന്നമ്മയുടെ ഒരു സഹോദരൻ.

chips

കുറ്റാലത്തെ സീസൺ സജീവമാകുന്ന 6 മാസങ്ങളിലാണ് ഇവിടെ ഉപ്പേരിക്കച്ചവടവും ഉഷാറാവുക. കുറ്റാലം ഫാക്ടറിയിൽ മാത്രം ഒരു വർഷം 1,000 ടണ്ണിലധികം ഏത്തക്കായ് വേണ്ടിവരുമെന്നാണ് ബോബിയുടെ കണക്ക്. തമിഴ്നാട്ടിലെ മേട്ടുപ്പാളയം, തൂത്തുക്കുടി എന്നിവിടങ്ങളിൽ നിന്നാണ് വറുക്കാനാവശ്യമായ നേന്ത്രക്കായ് കണ്ടെത്തുക. കൃഷിക്കാരിൽ നിന്നു നിലവാരമുള്ള ഏത്തക്കുല സംഭരിക്കാൻ ഏജൻറുമാരെ നിയോഗിച്ചിട്ടുണ്ട്. പരമാവധി മൂപ്പെത്തിയതും വണ്ണമുള്ളതുമായ കായ്കളാണ് ഉപയോഗിക്കുക. കേരളത്തിലെ നാടൻകായ്കൾക്കു വണ്ണമില്ലാത്തതിനാൽ ഉപ്പേരിക്ക് ഉപയോഗപ്പെടുത്താറില്ലെന്നു ബോബി പറഞ്ഞു . കായ് വറുക്കാനുള്ള വെളിച്ചെണ്ണയ്ക്കായി രണ്ടു മില്ലുകളുമായി നേരിട്ടു ധാരണയുണ്ട്. ഏറ്റവും നിലവാരമുള്ള വെളിച്ചെണ്ണ മാത്രം ഉപയോഗിക്കാൻ ഇതുമൂലം സാധിക്കുന്നു. സ്വന്തമായി മില്ല് സ്ഥാപിച്ച് വെളിച്ചെണ്ണ ഉൽപാദിപ്പിക്കാനും പദ്ധതിയുണ്ട്. കായ വറുത്തശേഷമുള്ള എണ്ണ എല്ലാ ദിവസവും നീക്കം ചെയ്യും. സോപ്പ്– വിളക്കെണ്ണ നിർമാതാക്കൾ അതു വാങ്ങിക്കൊള്ളും. വെളിച്ചെണ്ണയും അരിഞ്ഞ കായയുമല്ലാതെ ഉപ്പു മാത്രമാണ് ചിപ്സ് നിർമാണത്തിനുപയോഗിക്കുന്നതെന്ന് പൊന്നമ്മ പറഞ്ഞു. പച്ചനേന്ത്രക്കായ് കൊണ്ടുള്ള ചിപ്സിനു പുറമെ, പഴുത്ത കായ്കളുെട ചിപ്സ്, കപ്പ ചിപ്സ്, പാവയ്ക്ക ചിപ്സ് എന്നിവയും ഇവിടെയുണ്ടാക്കുന്നു. ഒരേ സമയം നാല് അടുപ്പുകളിലെ വലിയ ചട്ടികളിൽ തിളയ്ക്കുന്ന എണ്ണയിലേക്ക് മൂപ്പെത്തിയ നേന്ത്രക്കായ യന്ത്രസഹായത്തോടെ നേരിട്ട് അരിഞ്ഞിടുന്ന രീതിയാണിവിടെ. ഇതിനായി ഓരോ അടുപ്പിനോടും ചേർന്ന് യന്ത്രം ഘടിപ്പിച്ചിട്ടുണ്ട്. ഹൈടെക് വറുക്കലുകളൊന്നും ജോയി ചിപ്സിലില്ല. എണ്ണയുടെ അംശം കുറവുള്ള ചിപ്സ് നിർമാണവും കാര്യമായെടുത്തിട്ടില്ല. ചിപ്സിനു രുചി നൽകുന്നത് എണ്ണയാണെന്നു ബോബി ചൂണ്ടിക്കാട്ടുന്നു. അതില്ലാതെ എന്തു ചിപ്സ്?

ഉണ്ടാക്കുന്ന ഉപ്പേരിയുടെ 70 ശതമാനവും കുറ്റാലത്തുതന്നെ വിറ്റഴിയുകയാണെന്നു ബോബി പറഞ്ഞു. ബാക്കി സമീപജില്ലകളിൽ വിൽക്കും. അലുമിനിയം ഫോയിൽ ഷീറ്റ് ഉപയോഗിച്ച് വായു കടക്കാതെ പായ്ക്ക് ചെയ്താണ് ചില്ലറ വിൽപന. ഇവിടെ നിന്നു മൊത്തവിലയ്ക്ക് ചിപ്സ് വാങ്ങി കേരളത്തിൽ ചില്ലറ വിൽപന നടത്തുന്നവരുണ്ട്. എല്ലാ ശബരിമല സീസണിലും കുമളിയിൽ കമ്പനി ഷോറൂം തുറക്കും. കുറ്റാലംവഴി ശബരിമലയ്ക്ക് പോകുന്നവർ അവിടുത്തെ ഫാക്ടറിഷോറൂമിലെത്തി ഉപ്പേരി വാങ്ങുക പതിവാണ്. ഓണക്കാലത്ത് കേരളത്തിൽ നിന്നു കൂടുതലായി ഓർഡർ എത്തും. കുറഞ്ഞത് എട്ടു ടൺ ചിപ്സ് ഓണക്കാലത്ത് കേരളത്തിലേക്ക് കയറ്റിവിടുന്നുണ്ട്. 

പായ്ക്കിങ്ങിലെ മികവും ജോയി ചിപ്സിന്റെ നിലവാരം കൂട്ടുന്നു. നിലവാരത്തിലുള്ള മികവും ബ്രാ‍ൻഡ് പെരുമയും മൂലമാണ് ഉയർന്ന വിലയ്ക്കും കൂടുതൽ വിൽപന നടത്താനാവുന്നത്. മൂപ്പെത്തിയ കായ്കൾ മാത്രം ഉപയോഗിക്കുന്നതും വേണ്ടത്ര സമയമെടുത്ത് വറുക്കുന്നതുമൊക്കെ നിലവാരം െമച്ചപ്പെടുത്തുന്ന ഘടകങ്ങളാണെന്ന് ബോബി ചൂണ്ടിക്കാട്ടി. പാലക്കാട്ടു നിന്നുള്ള വിദഗ്ധ തൊഴിലാളികളാണ് ഇവിടെ കായ് വറക്കുന്നത്. തല മുറകളായി ഇവിടെ ജോലി ചെയ്യുന്നവരാണ് അവരിൽ പലരും. ഫോൺ:9842498083 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA