ADVERTISEMENT

കർഷകർക്കിതു കണ്ണീർകാലം. കഴിഞ്ഞ വർഷത്തെ പ്രളയക്കെടുതിയിൽനിന്ന് ഉയിർത്തെഴുന്നേൽക്കാനുള്ള പെടാപ്പാടിൽ പ്രതീക്ഷയോടെ ഇറക്കിയ വിളകളെല്ലാം ഈ വർഷത്തെ പ്രളയസമാനമായ പെരുമഴയിൽ തകർന്നടിഞ്ഞു. ഉരുൾപൊട്ടലും മണ്ണിടിച്ചിലും കൃഷിയിടങ്ങളെ ഇല്ലാതാക്കി. പ്രളയം നൂറ്റാണ്ടിലൊരിക്കലുണ്ടാകുന്ന പ്രതിഭാസമല്ലെന്ന തിരിച്ചറിവിന്റെ അനിശ്ചിതത്വം. കാലാവസ്ഥാ മാറ്റം അതിന്റെ എല്ലാ തീക്ഷ്ണ ഭാവങ്ങളിലും കർഷകനു ഭീഷണിയാകുന്നു. പ്രതിസന്ധികളിൽ തളരുന്നവരല്ല കർഷകർ. എങ്കിലും കാര്യമായ കൈത്താങ്ങുണ്ടെങ്കിലേ അവർക്ക് ഈ കടുത്ത പ്രതിസന്ധിയിൽനിന്നു കരകയറാനാവുകയുള്ളൂ. 

 

കാലാവസ്ഥാമാറ്റം

 

കാലാവസ്ഥാധിഷ്ഠിത കൃഷിയാണ് നമ്മുടേത്. കാലാവസ്ഥാ വ്യതിയാനം മൂലമുള്ള അസാധാരണ മഴയാണ് കേരളത്തിലുൾപ്പെടെ ഈ വർഷം നാശം വിതച്ചതെന്നു വ്യക്തം. കടുത്ത പാരിസ്ഥിതികാഘാതം ഏറ്റ പശ്ചിമ ഘട്ടമേഖലയിലെ നമ്മുടെ കൃഷിയിടങ്ങൾക്കു താങ്ങാനാവുന്നതല്ല ഇത്. ഉരുൾപൊട്ടലും മണ്ണിടിച്ചിലുമായി പാറയും ചെളിയും കിലോമീറ്ററുകൾ ഒഴുകി കൃഷിയിടങ്ങൾ ഒന്നിനും കൊള്ളാത്ത വെറും ഭൂമിയാകുന്നു. പരിസ്ഥിതിസൗഹൃദപരമല്ലാത്ത വികസനം ഈ നാശത്തിനു വേഗം കൂട്ടുന്നു. കഴി‍ഞ്ഞ വർഷം കേരളത്തിൽ 341 ഉരുൾപൊട്ടലുണ്ടായി. ഈ വർഷം 66. ചെറുതും വലുതുമായ മണ്ണിടിച്ചിൽ അസംഖ്യം. അറബിക്കടലിൽ ഈ ജൂലൈയിൽ ഉണ്ടായത്140 വർഷത്തിനിടയിലെ ഏറ്റവും കൂടിയ ചൂടാണ്. പ്രളയത്തിനും അതിതീവ്രമഴയ്ക്കും ഇതും കാരണമാകുന്നു. ഇതൊന്നും കണ്ടില്ലെന്നു നടിച്ച് കർഷകർക്കിനി മുന്നോട്ടു പോകാനാവില്ല. 

 

പരിസ്ഥിതി മറന്ന വികസനം

 

നീർച്ചാലുകൾ തടസ്സപ്പെടുത്തിയുള്ള നിര്‍മ‍ാണപ്രവർത്തനങ്ങൾ ദുരന്തമായി മാറിയതാണ് ഈ മഴക്കാലത്തു നാം കണ്ടത്. 14 ഡിഗ്രിയിൽ കൂടുതൽ ചരിവുള്ള പ്രദേശങ്ങളിൽ കൃഷിയിറക്കുന്നതും വീടുവയ്ക്കുന്നതും ഉരുൾപൊട്ടൽ ക്ഷണിച്ചുവരുത്തുമെന്ന് തിരുവനന്തപുരം നാഷനൽ സെന്റർ ഫോർ ഏർത്ത് സയൻസ് സ്റ്റഡീസിന്റെ പഠന റിപ്പോർട്ടിലുണ്ട്. 25 ഡിഗ്രിയിൽ കൂടുതൽ ചരിവുള്ള പ്രദേശങ്ങ ളിൽ നിർമാണ പ്രവർത്തനം നിരോധിക്കണമെന്നും പറയുന്നു. അയ്യായിരത്തിലേറെ ക്വാറികൾ നിയമങ്ങൾ കൃ ത്യമായി പാലിക്കാതെ പശ്ചിമഘട്ട ത്തെ കുറേശ്ശെയായി ഇല്ലാതാക്കുന്നു. 30 ഡിഗ്രി ചരിവുള്ള പ്രദേശങ്ങൾ റോഡിനും റിസോർട്ടിനും മറ്റുമായി മുറിച്ചു മാറ്റിയതിന്റെ പ്രത്യാഘാതം മൂന്നാറിലും വയനാട്ടിലും പ്രകടമായി. സംസ്ഥാനത്തെ ഉരുൾപൊട്ടൽ മേഖലകളെയും 17,000 മണ്ണിടിച്ചിൽ പ്രദേശങ്ങളെയും കുറിച്ചു വിദഗ്ധർ നൽകിയ, പ്രസിദ്ധീകരിക്കാത്ത റിപ്പോർട്ട് സർക്കാരിന്റെ പക്കലുണ്ട്. നാഷനൽ സെന്റർ ഫോർ ഏർത്ത് സയൻസ് സ്റ്റഡീസ് 2009ൽ തയാറാക്കിയ ദുരന്ത സാധ്യതാഭൂപടവും പ്രയോജനപ്പെടുത്താനായില്ല. നീർച്ചാലുകളുടെ സുഗമമായ ഒഴുക്കിനെ തടസ്സപ്പെടുത്തുന്ന നിർമാണങ്ങൾ നിരോധിച്ചേ തീരൂ. 

 

പരിസ്ഥിതി ഓഡിറ്റ്

 

എവിടെയാണ്, എന്താണ് കൃഷിചെയ്യേണ്ടതെന്ന കൃത്യമായ നിബന്ധനകൾ നമുക്കില്ല. എല്ലായിടത്തും എല്ലാ കൃഷിയും പറ്റിയതല്ല. ഇക്കാര്യത്തിൽ സർക്കാർ ഇനിയെങ്കിലും ഉണരേണ്ടിയിരിക്കുന്നു. നെൽവയലുകൾക്കും ചതുപ്പുകൾക്കും കുന്നുകൾക്കും കാടിനും പുൽമേടിനുമെല്ലാം സംതുലിത പരിസ്ഥിതിയിൽ കൃത്യമായ പങ്കുണ്ട്. വികസനത്തിന്റെ പേരിൽ നാം ഇവ ഓരോന്നായി നശിപ്പിക്കുമ്പോൾ അതിന്റെ ദോഷം ഏറ്റവും കൂടുതൽ അനുഭവിക്കേണ്ടി വരുന്നതു കർഷകരാണ്. ഇക്കാര്യത്തിൽ ഇനിയെങ്കിലും നടപടി ഉണ്ടായേ തീരൂ. ഏകവിളക്കൃഷിക്കായി മലമുകൾ തിരഞ്ഞെടുക്കുമ്പോൾ ഏറെ ശ്രദ്ധവേണം. പുത്തുമലയും കവളപ്പാറയും പാഠമാകണം. 

 

വിള ഇൻഷുറൻസ്

 

മഴക്കെടുതികളിൽ കേരളത്തിൽ ഈ വർഷം 1200 കോടി രൂപ(അന്തിമ കണക്കല്ല)യുടെ കൃഷിനാശമാണുണ്ടായത്. നെൽകൃഷിക്കാണ് വ്യാപക നാശം. നാല്‍പതിനായിരത്തിലേറെ കായ്ഫലമുള്ള തെങ്ങുകൾ നശിച്ചു. ആവേശപൂർവം തുടങ്ങി ഊർജസ്വലമായി മുന്നേറിയ ‘ഓണത്തിന് ഒരു മുറം പച്ചക്കറി’പദ്ധതി കഴിഞ്ഞ വർഷത്തെപ്പോലെ ഇക്കുറിയും വെള്ളത്തിലായി. ഈ നഷ്ടത്തിന്റെയെല്ലാം ആഘാതം കുറയ്ക്കാൻ വിള ഇൻഷുറൻസ് സഹായിക്കും. അലംഭാവവും സാങ്കേതിക നൂലാമാലകളും കാരണം കർഷകർ വിള ഇൻഷുറൻസിനോടു നിസ്സംഗത കാട്ടുന്നുണ്ട്. അതിനു മാറ്റമുണ്ടാകണം. സർക്കാർ നൽകുന്ന അടിയന്തര നഷ്ടപരിഹാരത്തിനു പുറമെ, വിള ഇൻഷുർ ചെയ്തവർക്ക് അതു പ്രകാരമുള്ള തുക കൂടി ലഭിക്കുന്നതു വലിയ ആശ്വാസമാകും. സമീപകാലത്ത് ഇൻഷുറന്‍സ് തുക കുത്തനെ ഉയര്‍ത്തിയിട്ടുണ്ട്. നെല്ല്, തെങ്ങ്, റബർ തുടങ്ങി 27 വിളകൾക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. കഴി‍ഞ്ഞ വർഷത്തെ പ്രളയത്തിനു ശേഷം വിള ഇൻഷുറൻസി നോടു താല്‍പര്യമേറിയെങ്കിലും ഇനിയുമേറെ മുന്നേറാനുണ്ട്. 

 

പാരമ്പര്യം മറക്കരുത്

 

തികച്ചും പരിസ്ഥിതിസൗഹൃദമായ കൃഷിരീതിയാണ് നമുക്കുണ്ടായിരുന്നത്. ആദായത്തിനു മുൻഗണന കൊടുത്ത് അതിൽ നമ്മൾ ഒട്ടേറെ വിട്ടു വീഴ്ച ചെയ്തതു തിരിച്ചടിയാകുന്നതായി കഴിഞ്ഞ രണ്ടു പ്രളയകാലവും നമ്മെ ഓർമിപ്പിക്കുന്നു. മണ്ണിനു യോജ്യമായ ബഹുവിളക്കൃഷിയിലേക്കു നാം മടങ്ങേണ്ടതു നിലനില്‍പിന് അനിവാര്യമാണ്. ആധുനിക സാങ്കേതികവിദ്യയും യന്ത്രസാമഗ്രികളും കീട നാശിനികളുമെല്ലാം വിവേകത്തോടെ പ്രയോജനപ്പെടുത്തേണ്ടതുണ്ട്. പരമ്പരാഗതമായി നമുക്കു ലഭിച്ച നാട്ടറിവുകളും കൃഷിപാഠങ്ങളും ഇന്നും പ്രസക്തമാണ്. 

 

പ്രതിസന്ധികൾ പാഠമാണ്. ഭാവിക്ക് അവ ഊർജമാകണം. കർഷകരെ രക്ഷിക്കാൻ കർഷകർക്കു മാത്രമേ കഴിയൂ. പഴയ കാലത്തെപ്പോലെ കൃഷിക്കാർ സഹകരിച്ച് മുന്നേറാനുള്ള വഴി കണ്ടെത്തണം. സർക്കാരുകളുടെ മുൻഗണനാപ്പട്ടികയിൽ കർഷകർക്കു പ്രഥമ സ്ഥാനം പറച്ചിലിലുണ്ടെങ്കിലും പ്രവൃത്തിയില്‍ ഇല്ല എന്നതാണ് അനുഭവം. സമ്മർദശക്തിയാകുന്നതിലും കർഷകർക്ക് ഒരുപാട് പരിമിതിക ളുണ്ട്. കർഷകനു നിലനില്‍പിനുള്ള അനുകൂല സാഹചര്യം ഒരുക്കിക്കൊടുക്കുന്നതിലാണ് സർക്കാരുകൾ ശ്രദ്ധിക്കേണ്ടത്. സർക്കാരിന്റെ നയങ്ങളിലും പ്രവൃത്തികളിലും അതു പ്രതിഫലിക്കുമെന്നു പ്രത്യാശിക്കാൻ മാത്രമേ നമുക്കാവൂ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com