ADVERTISEMENT

നാട്ടുകാർ കൃഷിയിലേക്കു തിരിഞ്ഞാൽ നാട്ടിൽ ക്രമസമാധാനം പുലരുമെന്ന സത്യം കൂത്താട്ടുകുളം ജനമൈത്രി പൊലീസ് കണ്ടെത്തിയത് കൃത്യമായ തെളിവുകളോടെയാണ്. സർവീസിലുള്ളവരും സേനയിൽനിന്നു വിരമിച്ചവരും കാർഷികവിദഗ്ധരും സർവോപരി പൊതുജനങ്ങളും പങ്കാളികളായ ഈ സത്യാന്വേഷണത്തെ ‘ഒാപ്പറേഷൻ ഹരിത സമൃദ്ധി’ എന്നു വിളിച്ചാല്‍ തെറ്റില്ല. പൊലീസും പൊതുജനവും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളിലൊന്ന് എന്ന നിലയ്ക്കാണ് എറണാകുളം ജില്ലയിലുള്ള കൂത്താട്ടുകുളം പൊലീസ് സ്റ്റേഷൻ കഴിഞ്ഞ വർഷം കൃഷിക്കിറങ്ങിയത്. അന്നത്തെ സബ് ഇൻസ്പെക്ടർ കെ. ബ്രിജുകുമാറിന്റെ നേതൃത്വത്തിൽ പ്രദേശത്തെ 42 റസിഡന്റ്സ് അസോസിയേഷനുകളിലെ കാർഷികതാൽപര്യമുള്ള കുടുംബങ്ങളെ ഏകോപിപ്പിച്ച് അടുക്കളത്തോട്ടക്കൃഷിക്കു വേണ്ട അറിവും പ്രോത്സാഹനവും പകരുകയാണ് ആദ്യഘട്ടത്തിൽ ചെയ്തതെന്ന് സീനിയർ സിവിൽ പൊലീസ് ഒാഫിസർ സിബി അച്യുതൻ. പൊലീസിന്റെ ‘ഹരിത സമൃദ്ധി’ പദ്ധതിയോടുള്ള ആളുകളുടെ പ്രതികരണം ആവേശകരമായിരുന്നു. ജനമൈത്രി സുരക്ഷാ സമിതി കൺവീനർ പി.സി. മർക്കോസ്, ഹരിത സമൃദ്ധി പദ്ധതി ചെയർമാൻ കെ. മോഹനൻ, കൺവീനർ പി.എസ്. സാബു, മേഖലാ റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ബേബി ആലുങ്കൽ എന്നിവരുടെയെല്ലാം കൂട്ടായ്മയിൽ കൃഷിയിറക്കാനും വിളവെടുക്കാനും കൃഷിയറിവുകൾ പങ്കുവയ്ക്കാനും റസിഡന്റ്സ് അസോസിയേഷനുകളിലെ അംഗങ്ങൾ ഒത്തുകൂടിയപ്പോഴെല്ലാം പൊലീസുകാരുമെത്തി ആഹ്ലാദം പങ്കിടാൻ. 

 

organic-farming-of-koothattukulam-police
കൃഷിയിടത്തിൽ സോളർ കെണിയും

പൊലീസിന്റെ സ്ഥിരം സാന്നിധ്യവും അവരോടു നിർഭയം ഇടപെടാനുള്ള അവസരവും ആളുകളിൽ സുരക്ഷിതത്വം നിറച്ചപ്പോൾ പൊലീസിനു മുണ്ടായി നേട്ടം; ഒാരോ പ്രദേശത്തെയും സ്ഥിതിഗതികളും സാഹചര്യങ്ങളും അനായാസം അറിയാനുള്ള അവസരം. കൃഷി തുടങ്ങിയ ശേഷം പ്രദേശത്ത് അടിപിടികളും കുറ്റകൃത്യങ്ങൾ തന്നെയും കുറഞ്ഞതിൽ പൊലീസിന്റെ കൃഷിമാർഗത്തിലുള്ള ഇടപെടൽ ഗുണം ചെയ്തു. തുടർച്ചയായി 81 ദിവസം ‘സീറോ അസോൾട്ട്’ (കുറ്റ കൃത്യങ്ങളില്ലാത്ത സ്ഥിതി) സാധിച്ചതിന്റെ കാരണങ്ങളിലൊന്നും കൃഷിയിലൂടെ കൈവന്ന പൊലീസ്–പൊതു ജനബന്ധം തന്നെ. 

 

ഒപ്പമുണ്ട് പൊലീസ്

 

കൃഷി ചെയ്യാൻ നാട്ടുകാരെ പ്രേരിപ്പിച്ചാൽ മാത്രം പോരല്ലോ, സ്വന്തം നിലയ്ക്കൊരു മാതൃകാ കൃഷിത്തോട്ടം കൂടി വേണമെന്നു തോന്നി പൊലീസിന്. സ്റ്റേഷനിൽനിന്ന് അൽപം ദൂരെ, വർഷങ്ങളായി ആൾത്താമസമില്ലാതെ കിടന്ന രണ്ടേക്കർ പൊലീസ് ക്വാർട്ടേഴ്സ് വളപ്പ് മികച്ച കൃഷിയിടമാകാൻ താമസമുണ്ടായില്ല. ഇടിഞ്ഞുപൊളിഞ്ഞ കെട്ടിടങ്ങളും ഇലപ്പടർപ്പുകളും ഇഴജന്തുക്കളും ചേർന്ന് പാഴായിക്കിടന്ന സ്ഥലത്ത് ഇന്നു റെഡ് ലേഡി പപ്പായയും നേന്ത്രവാഴയും കപ്പയും ചേനയും നിറയുന്ന ഹരിത സമൃദ്ധി. എൺപതിലധികം വരും പപ്പായമരങ്ങളുടെ എണ്ണം. മൂപ്പെത്തിയ പപ്പായപ്പഴങ്ങൾതന്നെയാണ് ഈ ഒാണക്കാലത്തു മുഖ്യമായും വിളവെടുക്കാനുള്ളതെന്നു സിബി. 200 ചുവടു വരുന്ന നേന്ത്രവാഴയും അമ്പതിലേറെ മൂടു ചേനയും ഒപ്പം പടുതാക്കുളത്തിൽ ഗിഫ്റ്റിനം തിലാപ്പിയ മൽസ്യക്കൃഷിയുമുണ്ട്. ജൈവവളങ്ങൾക്കു മുൻതൂക്കം നൽകി, ഫിറമോൺ കെണി, സോളാർ കെണി തുടങ്ങിയ പരിസ്ഥിതിസൗഹൃദ മാർഗങ്ങളിലൂടെ വിളയിക്കുന്ന ഉൽപന്നങ്ങൾ ചോദിച്ചു വരുന്നവരേറെ.

 

പാഴായിക്കിടന്ന പറമ്പിൽ ഫലസമൃദ്ധി നിറച്ച പൊലീസ്മാതൃക കണ്ടതോടെ കൂടുതൽപേർ കൃഷി ചെയ്യാനും താൽപര്യപ്പെട്ടെത്തി. റസിഡന്റ്സ് അസോസിയേഷനുകളിലെ ഹരിത സമൃദ്ധി പദ്ധതിയംഗങ്ങൾ കഴിഞ്ഞ സീസണിൽ നടത്തിയ കൃഷിയുടെ ആകെ വിസ്തൃതി 50 ഏക്കറായിരുന്നെന്ന് സിബി. 250 വീടുകളിലായി പദ്ധതിയുടെ രണ്ടാം ഘട്ടം തുടങ്ങുകയാണ് ഇപ്പോൾ. പഴം–പച്ചക്കറിക്കൃഷിക്കൊപ്പം അടുക്കളക്കുളങ്ങളിലെ മത്സ്യക്കൃഷികൂടി ലക്ഷ്യമിടുന്നു ഈ സീസണിൽ. 

 

ഫോൺ: 9447070103 (സിബി അച്യുതൻ) 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com