ADVERTISEMENT

പണം കൊടുത്ത് പത്തു ഗ്രാം പുഴുവിനെ വാങ്ങി വീട്ടിൽ കൊണ്ടുപോകുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ? നെറ്റി ചുളിക്കാൻ വരട്ടെ. പുഴുവിനെക്കൊണ്ടുള്ള നേട്ടങ്ങൾ ചെറുതല്ല. വീട്ടിലെ ജൈവമാലിന്യങ്ങൾ മുഴുവൻ തിന്നുതീർക്കും ഈ പുഴുക്കൾ. അടുക്കള വെയ്സ്റ്റ് ആരും കാണാതെ വഴിയിലുപേക്ഷിക്കാൻ ബദ്ധപ്പെടേണ്ടെന്നു ചുരുക്കം. പുഴു കഴിച്ചു ബാക്കി വരുന്നത് ഒന്നാന്തരം കമ്പോസ്റ്റ്. അടുക്കളത്തോട്ടത്തിനു യോജിച്ച മികച്ച ജൈവവളം. തിന്നുതിന്നു വളർച്ചയെത്തിയ പുഴുക്കളെക്കൊണ്ടാണു മുഖ്യ പ്രയോജനം. 40 ശതമാനത്തിലേറെ പ്രോട്ടീനും 20 ശതമാനത്തിലധികം കൊഴുപ്പും ചേർന്ന ഈ പുഴുക്കൾ അടുക്കളമുറ്റത്തെ മുട്ടക്കോഴികൾക്കു നൽകാവുന്ന ഒന്നാന്തരം പോഷകത്തീറ്റയാണ്. മുട്ടക്കോഴി വളർത്തുന്നവരുടെ മുഖ്യ പ്രശ്നമാണല്ലോ ഉയർന്ന കോഴിത്തീറ്റവില. അതിനുള്ള പരിഹാരമായി മാറും ഈ തീറ്റപ്പുഴുക്കൾ. 

വീട്ടാവശ്യത്തിനു പുഴുക്കളെ വളർത്തുന്നതുകൊണ്ടുള്ള നേട്ടങ്ങളാണ് മേൽപ്പറഞ്ഞതെങ്കിൽ വാണിജ്യാടിസ്ഥാനത്തിൽ വളർത്തുമ്പോൾ കളം മാറും. ഒരു പഞ്ചായത്തിലെയോ വൻകിട നഗരങ്ങളിലെതന്നെയോ മുഴുവൻ ജൈവമാലിന്യവും തിന്നുതീർക്കാൻ ഇത്തിരിപ്പോന്ന ഈ പുഴുക്കൾ മതിയാവും. അങ്ങനെ വരുമ്പോൾ പുഴുക്കളെ വൻതോതിൽ ഉൽപാദിപ്പിക്കേണ്ടി വരുമെന്നു മാത്രം. ഉയർന്ന തീറ്റപരിവർത്തനശേഷിയാണ് ബ്ലാക്ക്സോൾജിയർ ഈച്ചകളുടെ ലാർവയായ ഈ പുഴുക്കളുടെ സവിശേഷത. നന്നായി കഴിച്ച് നല്ല വളർച്ച നേടി പ്രീ പ്യൂപ്പ ഘട്ടത്തിലെത്തുന്ന ലാർവകളെ ജീവനോടെയോ ഉണക്കിപ്പൊടിച്ചു പായ്ക്ക് ചെയ്തോ വൻകിട ഫാമുകളിൽ മുട്ടക്കോഴി, മത്സ്യം തുടങ്ങിയവയ്ക്കു തീറ്റയാക്കാം. 

Black-Soldier-Fly-Biowaste-Processing1
ഇൗച്ചകൾ നിറ‍ഞ്ഞ ലവ് കേ‍ജിനരികെ നീൽ ബിറിലും അശോക് പി. ജോണും

പട്ടാളച്ചിട്ട

നമ്മുടെ പരിസരങ്ങളിൽ സാധാരണ കാണാറുള്ള ബ്ലാക്ക് സോൾജിയർ ഫ്ലൈ (BSF) നിരുപദ്രവകാരിയായ ഈച്ചയാണ്. നീണ്ടുനിവർന്ന് പട്ടാളച്ചിട്ടയിലുള്ള രൂപമാണ് പേരിനാധാരം. അൽപം തിളക്കമുള്ള കറുപ്പുനിറം. ഇവ രോഗം പരത്തുകയോ മറ്റേതെങ്കിലും ഉപദ്രവം ഉണ്ടാക്കുകയോ ഇല്ല. വായും കുടൽമാലകളുമില്ലാത്ത, 5 മുതൽ 7 ദിവസം വരെ മാത്രം ആയുസ്സുള്ള ചെറു ജന്മം. ഭക്ഷ്യാവശിഷ്ടങ്ങളുടെ പരിസരങ്ങളിലാണ് ഇവ സാധാരണ മുട്ടയിടാറ്. 

മുട്ട വിരിഞ്ഞ് പുറത്തു വരുന്ന ലാർവകൾ ജൈവമാലിന്യം കഴിച്ചു വളരും. 20 ദിവസം വളർച്ചയെത്തുന്ന തോടെ അവ പ്രീ പ്യൂപ്പ ഘട്ടത്തിലേക്കും തുടർന്ന് പ്യൂപ്പ(സമാധി)ദശയിലേക്കും നീങ്ങും. ദിവസങ്ങൾക്കുള്ളിൽ പ്യൂപ്പ വിരിഞ്ഞ് ഈച്ചപ്പട്ടാളം പറന്നുയരും. ഇവയിലെ ആണീച്ചകളും പെണ്ണീച്ചകളും തമ്മിൽ ഇണചേരും. അതിനു പിന്നാലെ ആണീച്ചകളുടെ ആയുസ്സും തീരും. മണിക്കൂറുകൾക്കുള്ളിൽ പെണ്ണീച്ചകൾ മുട്ടയിടും. അടുത്ത തലമുറയ്ക്കു ജന്മം നൽകുന്ന തോടെ തീരും അവയുടെ ജന്മവും. ബ്ലാക്ക് സോൾജിയർ ഫ്ലൈയുടെ ജീവിതചക്രമിങ്ങനെ തുടരും. 

വാണിജ്യസംരംഭത്തിലേക്ക്

മലങ്കര പ്ലാന്റേഷൻസിന്റെ കരിന്തരു വി എസ്റ്റേറ്റ് മാനേജരായിരുന്ന കൊല്ലം പത്തനാപുരം കൊല്ലങ്കേരിൽ അശോക് പി. ജോൺ, തേയിലവിപണിയുടെ പുതുസാധ്യതകൾ ലക്ഷ്യമിട്ട് 17 വർഷം മുമ്പാണ് ന്യൂസിലൻഡിലെത്തുന്നത്. ബ്ലാക്ക് സോൾജിയർ ഈച്ചകളെ വിഷയമാക്കി ദീർഘകാലമായി ഗവേഷണം നടത്തുന്ന ന്യൂസിലൻഡിലെ നീൽ ബിറിലുമായുള്ള പരിചയമാണ് ബ്ലാക്ക് സോൾജിയർ ലാർവകളെ പ്രയോജനപ്പെടുത്തി മാലിന്യസംസ്കരണവും കോഴിത്തീറ്റ നിർമാണവുമെന്ന പരീക്ഷണത്തിലേക്ക് അശോകിനെ നയിച്ചത്. 

Black-Soldier-Fly-Biowaste-Processing2

പത്തനാപുരത്തെ വീട്ടിൽ പരീക്ഷ ണാടിസ്ഥാനത്തിൽ തുടങ്ങിയ സംരംഭം വിജയം കണ്ടതോടെ അങ്കമാലി കറുകുറ്റി ഇടക്കുന്നിലുള്ള പ്രമുഖ പൗൾട്രി സംരംഭകരായ അഭിലാഷ് ഹാച്ചറി, ലാർവയുടെ വാണിജ്യോൽപാദന യൂണിറ്റിനു താൽപര്യം കാണിച്ചു. ലാർവകളെ ഉപയോഗിച്ച് ആഴ്ചയിൽ 21 ടൺ വെയ്സ്റ്റ് സംസ്കരിക്കാവുന്ന യൂണിറ്റാണ് ഇന്ന് ഇടക്കുന്നിൽ പ്രവർത്തിക്കുന്നത്. ബിവി 380 മുട്ടക്കോഴി ഉൽപാദകരായ അഭിലാഷ് ഹാച്ചറിയെ സംബന്ധിച്ച് നേട്ടം രണ്ടു വ ഴിക്കാണ്; തീറ്റച്ചെലവു ഗണ്യമായി കുറയും, പ്രോട്ടീൻസമൃദ്ധമായ തീറ്റ ലഭ്യമാവും. ആലുവ, അങ്കമാലി എന്നിവിടങ്ങളിൽനിന്ന് എളുപ്പത്തിൽ ഭക്ഷ്യാവശിഷ്ടങ്ങളും ലഭ്യമാകും വാണിജ്യാടിസ്ഥാനത്തിൽ ലാർവ ഉൽപാദിപ്പിക്കാൻ വിപുലവും ശാസ്ത്രീയവുമായ സംവിധാനങ്ങൾ ഒരുക്കേണ്ടതുണ്ട്. ഇടക്കുന്നിലെ യൂണിറ്റിൽ ഇതെല്ലാം സജ്ജം. ഭക്ഷ്യാവശിഷ്ടങ്ങൾ നുറുക്കിയെടുക്കാൻ ന്യൂസിലൻഡിൽനിന്ന് ഇറക്കുമതി ചെയ്ത ഷ്റെഡർ മെഷീനുണ്ട്. ഭക്ഷ്യാവശിഷ്ടങ്ങളിലെ ജലാംശം നീക്കം ചെയ്യാന്‍ ഡീവാട്ടറിങ് ഫ്രെയ്മുകൾ. ക്രെയ്റ്റുകളിൽ നിറയ്ക്കുന്ന അവശിഷ്ടങ്ങളിലേക്കു വിടുന്നത് 5 ദിവസം വളർച്ചയെത്തിയ പുഴുക്കളെയാണ്. 

പ്യൂപ്പ വിരിഞ്ഞെത്തുന്ന ഈച്ചകളിൽ ഇണചേരാനുള്ള ഉത്സാഹം വർ‌ധിപ്പിക്കുന്ന ലവ് കേജും ഇണചേർന്നതിനു ശേഷം മുട്ടയിടാനായി സ്വതന്ത്രമാക്കുന്ന ലവ് റൂമുമാണ് മറ്റൊരു കൗതുകം. തടിക്കഷണങ്ങൾ കൂട്ടിക്കെട്ടിയ എഗ്ഗീസുകളുടെ വിടവുകളാണ് മുട്ടയിടാനായി ഈച്ചകൾ തിരഞ്ഞെടുക്കുക. മറ്റ് ജീവികളോ പ്രാണികളോ മുട്ട തിന്നാതിരിക്കാനാണ് ഈ വിടവുകൾ തന്നെ തേടുന്നത്. 30 മണിക്കൂറിനുള്ളിൽ മുട്ടകൾ വിരിയും. എഗ്ഗീസുകളിൽനിന്ന് ലാർവകളെ ശേഖരിച്ച് കോഴിത്തീറ്റ നൽകി 5 ദിവസം പോറ്റിയ ശേഷം മാലിന്യത്തിലേക്കു നിക്ഷേപിക്കുകയോ എൻഡോപോഡുകൾ ആവശ്യപ്പെടുന്നവർക്ക് അതിനൊപ്പം ഗ്രാമിനു നിശ്ചിത വിലയിട്ടു വിൽക്കുകയോ ചെയ്യുന്നു. വീട്ടാവശ്യത്തിനും ചെറുസംരംഭ കർക്കും യോജിച്ച എൻഡോപോഡുകളുടെ കാര്യത്തിൽ, മാലിന്യം നിക്ഷേപിക്കുന്ന അറയുടെ മുകളിലായി എഗ്ഗീസ് കെട്ടിവയ്ക്കുകയാണ് ചെയ്യുക. ഈച്ചകൾ അതിൽ മുട്ടയിട്ടു ലാർവ വിരിഞ്ഞ് ഷവർ ഹാച്ചിങ് രീതിയിൽ നേരെ ഭക്ഷ്യാവശിഷ്ടങ്ങളിലേക്കു തന്നെ വീഴും. 

വീടുകൾക്കിണങ്ങിയ എൻഡോപോഡിൽ ദിവസം 2 കിലോ വരെ ഭക്ഷ്യാവശിഷ്ടം തുടർച്ചയായി നിക്ഷേപിക്കാമെന്ന് അശോക്. ആദ്യഘട്ടമായി 20ഗ്രാം ലാർവയും നിക്ഷേപിക്കാം. പ്രിപ്യൂപ്പ ഘട്ടത്തിലെത്തുന്ന ലാർവകളിൽ ഒരു പങ്ക് കോഴിക്കു നൽകാം. കുറെയെണ്ണം വിരിഞ്ഞ് ഈച്ചയുടെ ജീവിതചക്രം തുടർന്നുകൊണ്ടേയിരിക്കും.

ഫോൺ: 9061907133, 8589990552 

website: www.exocycle.co.in 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com