ADVERTISEMENT

പഴവർഗക്കൃഷിയിലെ വല്യേട്ടനാണ് തൊടുപുഴ കലൂർ സ്വദേശി ഷാജി കൊച്ചുകുടിയിൽ. വീടിനു ചുറ്റും സ്വന്തമായും പാട്ടത്തിനെടുത്തതുമായ 30 ഏക്കർ ഭൂമിയിൽ വ്യത്യസ്ത പഴവർഗമരങ്ങൾകൊണ്ടൊരു ഏദൻതോട്ടം തീർത്തിരിക്കുകയാണ് അദ്ദേഹം. മാങ്കോസ്റ്റിൻ‌, റംബുട്ടാൻ തുടങ്ങിയ പതിവ് ഇനങ്ങൾക്കു പുറമെ പ്ലാവ്, കടപ്ലാവ്, ദുരിയാൻ, ലോംഗൻ എന്നിവയും ഇദ്ദേഹം വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നു. കാർഷികമേഖലയിൽ നിക്ഷേപമിറക്കാൻ ഏറ്റവും യോജിച്ച വിളകൾ പഴവർഗങ്ങൾ തന്നെയാണെന്ന വിശ്വാസത്തിലാണിത്. 

 

തുടക്കം മാങ്കോസ്റ്റിനിലായിരുന്നു. പത്തു വർഷം മുമ്പ് തെങ്ങിൻതോപ്പിൽ ഇടവിളയായി നട്ട 100 മാങ്കോസ്റ്റിൻ മരങ്ങൾ നാലു വർഷമായി ആദായമേകുന്നു. പിന്നീട് ആറ് ഏക്കറിൽ 400 മാങ്കോസ്റ്റിൻ കൂടി നട്ടിട്ടുണ്ട്. അടുത്ത വർഷം അവയും ആദായമേകും. തൊടുപുഴയിൽനിന്ന് കോതമംഗലം ഊന്നുകല്ലിലേക്ക് കലൂർവഴി യാത്ര ചെയ്യുന്ന ആരും ഷാജിയുടെ മാങ്കോസ്റ്റിൻ തോട്ടം ശ്രദ്ധിക്കും. തൊട്ടുപിന്നിലായി മറ്റു പഴവർഗങ്ങളുള്ള കാര്യം തിരിച്ചറിയണമെന്നില്ല. പതിനഞ്ചേക്കറിലാണ് റംബുട്ടാൻ. നല്ല തോതിൽ സൂര്യപ്രകാശം ആവശ്യമുള്ളതിനാൽ തനിവിളയായാണ് നട്ടിരിക്കുന്നത്. മരങ്ങൾ തമ്മിലുള്ള ഇടയകലം റംബുട്ടാനു കൂടുതലാണ്– 40 അടി. അതേസമയം മാങ്കോസ്റ്റിൻ മരങ്ങൾ തമ്മിൽ 20 അടി അകലം മാത്രം. ഒരു ഏക്കർ സ്ഥലത്തെ പ്ലാവുകൃഷിയും ഇവിടെ കാണാം. ശരാശരി 12 അടി അകലത്തിൽ വിയറ്റ്നാം സൂപ്പർ ഏർലി, 25 അടി അകലത്തിൽ ഡാങ് സൂര്യ എന്നീ ഇനങ്ങൾ നട്ടിരിക്കുന്നു. വിസ്തൃതമായ ശിഖരവിന്യാസമുള്ളതു കൊണ്ടാണ് ഡാങ് സൂര്യയ്ക്ക് കൂടുതൽ സ്ഥലം വേണ്ടിവരുന്നത്. അധികമാരും വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്തിട്ടില്ലാത്ത മൂന്നു വിളകൾ കൂടി കൊച്ചുകുടിയിലെ ഈ വലിയ പഴത്തോട്ടത്തിൽ കാണാം– ഒരേക്കർ കടപ്ലാവ്, രണ്ടേക്കർ ലോംഗൻ, നാലേക്കർ ദുരിയൻ– പോരേ പൂരം! ഇവയെല്ലാംതന്നെ അടുത്ത വർഷം ഫലം നൽകിത്തുടങ്ങും. തീർന്നെന്നു കരുതേണ്ടാ, അവക്കാഡോ, ഡ്രാഗൺ ഫ്രൂട്ട് എന്നിവയൊക്കെ ഷാജിയുടെ പട്ടികയിലുണ്ട്. 

 

മികച്ച ഡിമാൻഡും വിലയുമാണ് മാങ്കോസ്റ്റിനെ ആദായകരമാക്കുന്നതെന്ന് ഷാജി ചൂണ്ടിക്കാട്ടി. കൊച്ചു കുടിയിൽ പുരയിടത്തിലെ അവിഭാജ്യഘടകമായിരുന്ന ജാതിപോലും മാങ്കോസ്റ്റിനു വേണ്ടി വഴിമാറുകയാണിപ്പോൾ. ഇക്കഴിഞ്ഞ സീസണിൽ ഒരു മരത്തിൽനിന്നു ശരാശരി 20 കിലോ വീതമാണ് വിളവെടുത്തത്. കിലോയ്ക്ക് 170 രൂപ വില കിട്ടി. ഈ വർഷത്തെ വേനൽ കഠിനമായിരുന്നതുകൊണ്ടാണ് വിളവ് കുറഞ്ഞത്. നനച്ചിട്ടും ചൂടു താങ്ങാനാവാതെ തളർന്ന മാങ്കോസ്റ്റിൻ മരങ്ങളുെട ഇലച്ചാർത്തിനിടയിൽ മൈക്രോ സ്പ്രിങ്ക്ളറുപയോഗിച്ച് വെള്ളം തളിക്കുകയായിരുന്നു. റംബുട്ടാനും ഇതേ രീതിയിൽ നനയ്ക്കേണ്ടി വന്നു. മാങ്കോസ്റ്റിനിൽ അമിതമായി കായുണ്ടാകാൻ അനുവദിച്ചാൽ തുടർന്നുള്ള വർഷത്തെ വിളവ് നഷ്ടമാകുമെന്ന് ഷാജി പറയുന്നു. തന്മൂലം വരും വർഷങ്ങളിൽ പരമാവധി ഉൽപാദനം 70 കിലോയായി നിജപ്പെടുത്തും. എന്നാൽ റംബുട്ടാന് ഈ പ്രശ്നമില്ല. ഒരു മരത്തിൽനിന്ന് 200 കിലോപോലും വിളവെടുക്കുന്നവരുണ്ട്. വേണ്ടത്ര പോഷണം പിന്നാലെ നൽകണമെന്നു മാത്രം.

shaji

 

വിപണനസൗകര്യമാണ് ഈ തോട്ടത്തിന്റെ മറ്റൊരു മികവും സവിശേഷതയും. റോഡരികിലാണ് കൊച്ചുകുടിയിൽ ഫ്രൂട്ട് ഫാം. കാർയാത്രക്കാരേറെയുള്ള ഈ പാതയോരത്ത് തോട്ടത്തിനുള്ളിൽതന്നെ പഴവർഗങ്ങൾക്കായി ഒരു ഫാംഗേറ്റ് ഷോപ്പ് സ്ഥാപിച്ചിരിക്കുകയാണ് ഇദ്ദേഹം. പഴങ്ങളുെട സീസണായാൽ ഓരോ ദിവസത്തെയും വിളവുമായി ഷാജിയും ജോലിക്കാരും ഈ സ്റ്റാളിലുണ്ടാവും. ഏതാനും മണിക്കൂറുകൾകൊണ്ടുതന്നെ മുഴുവൻ പഴവും വിറ്റുതീരുന്നതായാണ് അനുഭവം. ഇക്കഴിഞ്ഞ സീസണിൽ ഏറക്കുറെ മുഴുവൻ പഴങ്ങളും ഈ കടയിലൂടെയാണ് വിറ്റതെന്ന് അദ്ദേഹം പറഞ്ഞു.

 

മാങ്കോസ്റ്റിൻ കൃഷിയിൽ ഉയർന്ന സ്ഥിരവരുമാനം കിട്ടുന്നതിന് രണ്ട് പരിചരണമുറകൾ ഷാജി നിർദേശിക്കുന്നുണ്ട്. ഉയർത്തിയെടുത്ത മൺ കൂനകളിൽ തൈ നടുകയെന്നതാണ് ആദ്യ നിർദേശം. വേരുകൾ വേണ്ടത്ര വായുസഞ്ചാരം ഉറപ്പാക്കുന്നതിനാണിത്. വെള്ളക്കെട്ടില്ലാത്ത സ്ഥലങ്ങളിൽപോലും കൂനകളിൽ നടുന്നതാണ് രോഗപ്രതിരോധത്തിനും വളർച്ചയ്ക്കും ഉത്തമം. മഴക്കാലത്ത് കൂനകൾക്കു മീതേ പ്ലാസ്റ്റിക് പുതയിടുകയുമാവാം. മാങ്കോസ്റ്റിനെ ബാധിക്കാറുള്ള ടിഎഫ്ഡി (പഴത്തിന്റെ ഉൾഭാഗം സ്വാഭാവിക വെള്ളനിറം നഷ്ടപ്പെട്ട് സുതാര്യമാകുന്ന രോഗം), കായ്പൊട്ടൽ (കായ്കളിൽ വിള്ളലുണ്ടായി കറയൊലിക്കുന്ന രോഗം) എന്നിവ ഒഴിവാക്കാൻ ഈ പരിചരണത്തിലൂടെ സാധിക്കും. പ്രായമേറുന്നതനുസരിച്ച് ശിഖരങ്ങൾ താഴേക്കു ചാഞ്ഞു വളരുന്ന പ്രവണത മാങ്കോസ്റ്റിനിലുണ്ട്. അമിതമായി താഴുന്ന ശിഖരങ്ങൾ തായ്ത്തടിയുമായി ചേരുന്ന ഭാഗത്ത് വിള്ളലുണ്ടായി ക്രമേണ അവ ഒടിഞ്ഞുപോവാൻ സാധ്യതയേറെ. ഇതൊഴിവാക്കുന്നതിന് ശിഖരങ്ങൾ 90 ഡിഗ്രിയിലധികം താഴാതെ കയറുപയോഗിച്ച് വലിച്ചുകെട്ടണം. റംബുട്ടാൻ കായ്കൾ നഷ്ടപ്പെടാതിരിക്കാൻ വല വിരിക്കുന്നതിനും ഇദ്ദേഹത്തിനു തനതുരീതിയുണ്ട്. ഓരോ മരത്തിനും മീതേ പ്രത്യേകം വല വിരിക്കുന്നതിനുപകരം ഒരു നിരയിലെ മരങ്ങളെല്ലാം നീളമേറിയ ഒരു വലയുടെ കീഴിലാക്കുന്നു. എന്നാൽ സാന്ദ്രത കൂടിയ കൃഷിരീതിയിൽ മാത്രമെ ഇതു ഫലപ്രദമാകൂ.

 

വെറുതെ നട്ടതുകൊണ്ടായില്ല, ശരിയായ പരിചരണം നൽകിയാലേ ഫലവൃക്ഷക്കൃഷി ഉയർന്ന ആദായം നൽകുകയുള്ളൂവെന്ന് ഷാജി ചൂണ്ടി ക്കാട്ടുന്നു. ഏറ്റവും ശാസ്ത്രീയമായ വളപ്രയോഗരീതികളാണ് ഇദ്ദേഹം തന്റെ തോട്ടത്തിൽ സ്വീകരിച്ചിരിക്കുന്നത്. മഴയെത്തുമ്പോൾ ഡോളമൈറ്റ് ചേർത്ത് മണ്ണിലെ അമ്ലത ക്രമീകരിക്കു ന്നതു മുതൽ എല്ലാ കാര്യങ്ങളിലും മികവ് പുലർത്താൻ ശ്രദ്ധിക്കുന്നു. പൂവിട്ടുതുടങ്ങിയ മരങ്ങൾക്ക് 150 ഗ്രാം വീതം ഗ്രാനുലാർ ഡോളമൈറ്റാണ് നൽകുക. സാവധാനം മണ്ണിൽ ചേരുന്നതിനാൽ ഗ്രാനുലാർ രൂപത്തിലുള്ള വളങ്ങൾ ദീർഘകാലവിളകൾക്ക് യോജ്യമാണ്. തൈകൾക്ക് 100 ഗ്രാം ഡോള മൈറ്റ് മതി. ജൂലൈയിൽ 10 കിലോ വീതം കോഴിവളം, ജൈവവളം എന്നിവയ്ക്കൊപ്പം 20 കിലോ ചാണകപ്പൊടി ഓരോ മരത്തിനും നൽകും. വേപ്പിൻപിണ്ണാക്ക്, ജീവാമൃതം എന്നിവയും സമൃദ്ധമായി നൽകും. വിളവെടുപ്പ് പൂർത്തിയാകുന്ന മുറയ്ക്ക് മാങ്കോസ്റ്റിൻ മരങ്ങളുെട കമ്പുകോതുകയും വലിയ ശിഖരങ്ങൾ തായ്ത്തടിയോടു േചർത്ത് വലിച്ചുകെട്ടുകയും ചെയ്യും.

 

മണ്ണിലെയും ഇലയിലെയും പോഷകഘടന ശാസ്ത്രീയമായി പരിശോധിച്ച ശേഷമാവും കൂടുതൽ വളപ്രയോഗം. മാങ്കോസ്റ്റിൻ മരങ്ങൾക്ക് 19:19:19 മിശ്രിതവും കീലേറ്റഡ് മൈക്രോ ന്യൂട്രിയന്റ് മിശ്രിതവും ഇലകളിൽ തളിച്ചുനൽകും. കൂടാതെ ബ്ലൗക്കോൺ ന്യുട്രിഫീഡ് എന്ന വിദേശനിർമിത എൻപികെ മിശ്രിതം ചുവട്ടിൽ ചേർത്തുനൽകാറുമുണ്ട്. ഇലകൾക്ക് അനായാസം ആഗിരണം ചെയ്യാമെന്നതാണ് കീലേറ്റഡ് മൈക്രോന്യൂട്രിയന്റ് മിശ്രിതത്തിന്റെ മെച്ചം. മാങ്കോസ്റ്റിൻ കായ്കൾക്കുള്ളിൽ മഞ്ഞനിറത്തിലുള്ള കറ രൂപപ്പെടുന്ന ഗാംബോച്ചെ രോഗം നിയന്ത്രിക്കാൻ കാൽസ്യം ഇലകളിൽ തളിച്ചുകൊടുക്കാം. നവംബറോടുകൂടി എല്ലാ പരിചരണമുറകളും നിർത്തിവച്ച് മരങ്ങളെ പൂവിടാനൊരുക്കും. നന പോലും കുറഞ്ഞ തോതിലാക്കി വിളകൾക്ക് സമ്മർദ്ദം നൽകിയാലേ അവ നന്നായി പൂവിടൂ.

 

അങ്ങേയറ്റം സമർപ്പണത്തോടും താൽപര്യത്തോടും കൂടിയാണ് ഷാജി പഴവർഗക്കൃഷി നടത്തുന്നത്. പുതിയ വിളകളും ഇനങ്ങളുമൊക്കെ കണ്ടു പഠിക്കാനും മനസ്സിലാക്കാനുമായി ഏറെ യാത്ര ചെയ്യാറുണ്ട്. മലേഷ്യയിലെയും വിയറ്റ്നാമിലെയും തായ്‌ലൻഡിലെയുമൊക്കെ പഴത്തോട്ടങ്ങളും വിപണനകേന്ദ്രങ്ങളുമൊക്കെ സന്ദർശിച്ച് പഠിച്ചശേഷമാണ് പുതിയ വിളകളിൽ നിക്ഷേപമിറക്കുക. തായ്‌ലൻഡിലെ ചന്ദാപുരിയിലുള്ള ഹോർട്ടി കൾച്ചർ ഗവേഷണകേന്ദ്രത്തിൽ നിന്നാണ് മാങ്കോസ്റ്റിൻ കൃഷി സംബ ന്ധിച്ച സാങ്കേതികവിവരങ്ങൾ നേടി യത്. വിദേശത്തുനിന്നു നല്ല ഇനങ്ങൾ കണ്ടെത്താൻ ശ്രമിക്കാറുണ്ടെങ്കിലും കാഞ്ഞിരപ്പള്ളി ഹോംഗ്രോൺ നഴ്സറിയിൽനിന്നുള്ള തൈകളാണ് ഇദ്ദേഹത്തിന്റെ തോട്ടത്തിൽ കൂടുതലായുള്ളത്. ഫോൺ:9447023820 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com