ADVERTISEMENT

റംബുട്ടാൻ കൃഷിയിൽ തനതു ശൈലിയിലൂടെ ഉയർന്ന വരുമാനം ഉറപ്പാക്കുകയാണ് കറുകുറ്റി മുടപ്പുഴ പൈനാടത്ത് ബാബു ജോസഫ്. നിക്ഷേപമെന്ന നിലയിലാണ് അതിരപ്പിള്ളിക്കടുത്തുള്ള മോതിരക്കണ്ണിയിൽ 7 വർഷം മുമ്പ് ഒരേക്കർ സ്ഥലത്ത് റംബുട്ടാൻ കൃഷി ചെയ്തത്. സ്ഥലം വാങ്ങി തൈകൾ നട്ടുവളർത്തുകയായിരുന്നു. നേരിട്ടു പരിചയമുള്ള നഴ്‌സറിയിൽനിന്നാണ് തൈകൾ വാങ്ങിയത്.‌

മറ്റുള്ളവരിൽനിന്നു വ്യത്യസ്തമായി അതിസാന്ദ്രതാ രീതിയിലാണ് ബാബുവിന്റെ റംബുട്ടാൻ കൃഷി. പൊതുവേ ശുപാർശ ചെയ്യപ്പെടുന്ന വിധത്തിൽ 40 അടി ഇടയകലം നൽകിയാൽ ഒരേക്കറിൽ 40 തൈകൾ മാത്രമേ വയ്ക്കാനാവൂ. എന്നാൽ, 20 അടി മാത്രം ഇടയകലം നൽകിയപ്പോൾ ഒരേക്കറിൽ 80 തൈകൾ കൂടി നടാൻ സാധിച്ചു. കൂടുതൽ ഇടയകലം നൽകുന്നത് വരുമാനനഷ്ടമുണ്ടാക്കുമെന്ന പക്ഷക്കാരനാണ് ഇദ്ദേഹം. 

പൂർണവളർച്ചയെത്തുമ്പോൾ മരങ്ങൾക്കിടയിലൂടെയുള്ള വായുസഞ്ചാരം തടസ്സപ്പെടും, രോഗങ്ങളുണ്ടാകും തുടങ്ങിയ ആശങ്കകളാണ് ഇടയകലം വർധിപ്പിക്കാൻ കാരണമായി പറയുന്നത്. സൂര്യപ്രകാശത്തിനും പോഷകങ്ങൾക്കുമായി റംബുട്ടാൻ മരങ്ങൾ പരസ്പരം മത്സരിക്കാതിരിക്കാനും കൂടിയ ഇടയകലം ആവശ്യമാണ്. എ ന്നാൽ 7–8 വർഷങ്ങൾക്കു ശേഷം സംഭവിക്കാനിടയുള്ള രോഗ–മത്സരസാധ്യതകൾ ഒഴിവാക്കാനായി ആദ്യവർഷങ്ങളിലെ അധികാദായം ഉപേക്ഷിക്കേണ്ടതില്ലെന്നു ബാബു ചൂണ്ടിക്കാ ട്ടുന്നു. സൂര്യപ്രകാശം നേരിട്ടു പതിക്കുന്ന ഇലച്ചാർത്തിന്റെ വിസ്തൃതി വർധിപ്പിച്ചാൽ മാത്രമെ പരമാവധി ആദായം നേടാനാവൂ. അതിസാന്ദ്രതാരീതി യിലുള്ള തോട്ടങ്ങളിൽ ആദ്യവർഷങ്ങളിലെ ഇലച്ചാർത്ത് 40 അടി അകലത്തിൽ നടുന്നതിനെക്കാൾ കൂടുതലായിരിക്കുമെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. മൂന്നാം വർഷം ആദായമേകിത്തുടങ്ങുന്ന റംബുട്ടാനിൽനിന്ന് നാലു വർഷംകൊണ്ടുകിട്ടുന്ന വരുമാനം നഷ്ടപ്പെടുത്താതിരിക്കുകയല്ലേ വേണ്ടത്? – ബാബു ചോദിക്കുന്നു. അഥവാ ഏഴാം വർഷം ഇടയകലം കുറയ്ക്കണമെന്നു തോന്നിയാൽ അധികമുള്ള മരങ്ങൾ വെട്ടിനീക്കിയോ പിഴുതുമാറ്റിയോ അകലം ക്രമീകരിക്കാനാവും. 

ഏഴാം വർഷം ഇടയകലം കുറയ്ക്കണമെന്നുറപ്പിച്ചവർ നിലനിർത്താനുള്ള മരങ്ങൾ മുൻകൂട്ടി നിശ്ചയിക്കുന്നത് നന്നായിരിക്കുമെന്ന് ബാബു പറയുന്നു. അവിടെ മികച്ച ഇനങ്ങളുടെ ഒരു വർഷം പ്രായമായ തൈകൾ നടണം. പിഴുതുനീക്കാനുള്ള ചുവടുകളിൽ പൂവിടാറായ വലിയ തൈകൾ നട്ടാൽ ആറു മാസത്തിനകം ആദായം നൽകിത്തുടങ്ങും. ആറു വർഷത്തിനകം പരമാവധി ആദായമെടുത്തശേഷം ഈ തൈകൾ വെട്ടിനീക്കുകയോ മാറ്റിവയ്ക്കുകയോ ആവാം. അപ്പോഴേക്കും 40 ചെറുതൈകൾ ഫലം നൽകിത്തുടങ്ങിയിരിക്കും. കൃഷി ആരംഭിച്ച് രണ്ടാം വർഷം മുതൽ തുടർച്ചയായി ആദായം നേടാൻ ഈ രീതി ഉപകരിക്കും. പിഴുതുമാറ്റുന്ന തൈകൾ നഷ്ടമാണെന്നു കരുതേണ്ട. അവയെ ചുവടോടെ വലിയ പോളിത്തീൻ കൂടകളിലേക്കു മാറ്റി പുതുജീവൻ നൽകിയാൽ ഉയർന്ന വിലയ്ക്ക് വിൽക്കാനാവും. ഈ തൈകൾ 16,000– 20,000 രൂപ നിരക്കിലാണ് വിൽക്കുന്നത്. വലിയ മരങ്ങൾ പിഴുതുമാറ്റാൻ ആത്മവിശ്വാസമില്ലാത്തവർ ആറടി ഉയരത്തിൽ കമ്പുകോതി നിർത്തിയാൽ മതിയെന്നും ബാബു പറയുന്നു. കഴിഞ്ഞ സീസണിൽ 4.5 ടൺ റംബുട്ടാൻ പഴങ്ങൾ വിൽക്കാൻ കഴിഞ്ഞു. കിലോയ്ക്ക് 150–170 രൂപ നിരക്കിൽ ഏഴു ലക്ഷം രൂപയിലധികം വരുമാനം കിട്ടി. പഴവർഗക്കൃഷിയിൽ ഇത്തരം വ്യത്യസ്ത ആശയങ്ങൾ പരീക്ഷിക്കുന്നതിനു ബാബുവിനൊപ്പം സുഹൃത്തും ഉദ്യാനവിദഗ്ധനുമായ ചാലക്കുടി സ്വദേശി ജോസഫുമുണ്ട്. 

ഫോൺ– 9947364727 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com