sections
MORE

വർഷം മുഴുവൻ ആദായം ലഭിക്കാൻ കൂൺകൃഷി

HIGHLIGHTS
  • മഴക്കാലത്ത് ചിപ്പി (oyster), വേനൽക്കാലത്ത് പാൽക്കൂൺ (milky)
  • മൊട്ടിട്ടത് മൂന്നോ നാലോ ദിവസം കൊണ്ട് വിളവെടുപ്പിനു പാകമാകും
mushroom
SHARE

പ്രാചീന കാലം മുതൽ മനുഷ്യൻ  കൂൺ  ആഹാരമായി ഉപയോഗിച്ചു വരുന്നു. എന്നാൽ, വർഷത്തിൽ എല്ലാക്കാലത്തും എല്ലായിടത്തും കൂൺ സുലഭമായി ലഭ്യമല്ല. കേരളത്തിൽ സാധാരണ മഴക്കാലത്താണ് പ്രകൃതിയിൽനിന്നുള്ള കൂൺലഭ്യത. മറ്റു കൃഷികൾ പോലെ കൂൺകൃഷിയും ഒരുപാട് പരീക്ഷണ നീരീക്ഷത്തിന്റെ പിൻബലത്തിൽ വികസിച്ചിട്ടുണ്ട്. രണ്ടായിരത്തിൽപ്പരം കൂൺ ഇനങ്ങൾ ഭക്ഷ്യയോഗ്യമാണ്. എന്നാൽ എല്ലാം കൃഷിചെയ്യാൻ സാധിക്കില്ല. എങ്കിലും കുറേയേറെ ഇനങ്ങൾ ലാഭകരമായി കൃഷി ചെയ്യാൻ സാധിക്കും .

1970–75 കാലഘട്ടത്തിലാണ് കേരളത്തിൽ കൂൺകൃഷി കേരള കാർഷിക സർവകലാശാല സാധ്യമാക്കിയത്. കച്ചിക്കൂൺ ആയിരുന്നു തുടക്കം. പിന്നീട് കേരളത്തിലെ കാലാവസ്ഥയ്ക്കനുസരിച്ചു വളർത്താവുന്ന ഇനങ്ങൾ വികസിപ്പിച്ചെടുത്തു. ഇപ്പോൾ വർഷം മുഴുവനും കൂൺകൃഷി സാധ്യമാണ്.

മഴക്കാലത്ത് ചിപ്പി (oyster), വേനൽക്കാലത്ത് പാൽക്കൂൺ (milky) എന്നിവയാണ് കേരളത്തിൽ കൃഷിക്ക് അനുയോജ്യമായ കൂൺ ഇനങ്ങൾ. വളരെ കുറച്ചു ദിവസംകൊണ്ട് ചിപ്പിക്കൂൺ വളർത്തിയെടുക്കാം. മഴക്കാലമാണ് ചിപ്പിക്കൂൺ കൃഷിക്ക് അനുയോജ്യം. കാർഷിക അവശിഷ്‌ടം മിക്കതും കൂൺ വളർത്താനുള്ള മാധ്യമമായി ഉപയോഗിക്കാം. സാധാരണ വൈക്കോലാണ് കൂൺ കൃഷിക്ക് ഉപയോഗിക്കുകയെങ്കിലും അറക്കപ്പൊടിയിലും കൂൺ വളർത്താം.

വേണം നല്ല വൈക്കോൽ

mushroom-1
കൂൺ തടം (ഇടത്ത്), വിളവെടുപ്പിന് തയാറായ ചിപ്പിക്കൂൺ (വലത്ത്)

കൂൺകൃഷിക്ക് നല്ല വൈക്കോൽ വേണം. 10–12 മണിക്കൂർ ശുദ്ധവെള്ളത്തിൽ കുതിർത്തെടുത്ത വൈക്കോൽ അര മണിക്കൂർ അടച്ചുവച്ചു തിളപ്പിച്ച്‌ അര മണിക്കൂർ കൂടി അതേ ചൂടുവെള്ളത്തിൽ തണുക്കാൻ അനുവദിച്ച് അണുവിമുക്‌തമാക്കണം. പിന്നീടുള്ള എല്ലാ ജോലികളും വളരെ സൂക്ഷ്മതയോടെവേണം ചെയ്യാൻ. നേർപ്പിച്ച ഡെറ്റോൾ ഉപയോഗിച്ചു കൈകൾ കഴുകി തുടച്ചശേഷം അണുവിമുക്തമാക്കിയ വൈക്കോൽ ഈർപ്പം ക്രമീകരിക്കാൻ നിരത്തി ഇടണം. വൈക്കോൽ നിരത്തുന്ന പ്രതലവും ഡെറ്റോൾ ഉപയോഗിച്ച് അണുവിമുക്തമാക്കിയിരിക്കണം.  

ഒരു പിടി വൈക്കോൽ എടുത്ത് അമർത്തി നോക്കിയാൽ വെള്ളം ഇറ്റുവീഴാൻ പാടില്ല, എന്നാൽ ചെറിയ ഈർപ്പവും വേണം. ഇത്തരത്തിൽ പരുവപ്പെടുത്തിയ വൈക്കോൽ 12x24 പോളിത്തീൻ കവറുകളിൽ ചുമ്മാട് രൂപത്തിൽ ചുരുട്ടി (ഏകദേശം മൂന്നര ഇഞ്ച് കനം മതിയാകും) കവറിൽ ഇറക്കിവയ്ക്കുക. പ്ലാസ്റ്റിക് കവറിനോട് ചേർന്ന ഭാഗത്ത് ചുറ്റുമായി സ്പോൺ (കൂൺ വിത്ത്) ഇട്ടു കൊടുക്കുക. കവറിലുള്ള കൂൺ വിത്ത്‌ കട്ടയായിട്ടുണ്ടെങ്കിൽ മൃദുവായി വേർപെടുത്തി വൃത്തിയുള്ള പാത്രത്തിലേക്ക് മാറ്റാൻ പ്രത്യേകം ശ്രദ്ധിക്കണം.

അങ്ങനെ ഒന്നിനു മുകളിൽ ഒന്നായി നലു വൈക്കോൽ ചുമ്മാട് വയ്ക്കാം.  ഓരോ അടുക്കിലും വിത്തുകൾ നിക്ഷേപിച്ചിരിക്കണം.

അങ്ങനെ നിറച്ച കൂൺ തടം നന്നായി അമർത്തി ഒരു ചരടുകൊണ്ട് കവറിന്റെ വായ മൂടിക്കെട്ടണം. അണുവിമുക്തമാക്കിയ സേഫ്റ്റി പിന്നോ സൂചിയോ ഉപയാഗിച്ചു കൂൺ തടത്തിൽ 40–50 ചെറു സുഷിരങ്ങൾ ഇടുകയും വേണം. വായു സഞ്ചാരത്തിന് വേണ്ടിയാണിത്.

mushroom-2
കൂൺ വിത്ത് (ഇടത്ത്), പാൽക്കൂൺ (വലത്ത്)

തയാറാക്കിയ കവറുകൾ വൃത്തിയും തണുപ്പും വായുസഞ്ചാരവുമുള്ള ഏതെങ്കിലും സ്ഥലത്ത് 15 ദിവസം സ്പോൺ റണ്ണിങിനു വയ്ക്കുക. ഏകദേശം 15 ദിവസംകൊണ്ട് വൈക്കോൽ മൂടി വെളുത്ത പൂപ്പൽ വളർന്നു വരും. അങ്ങനെ വളർന്ന തടങ്ങളിൽ മൂന്നോ നാലോ കീറലുകൾ അണുവിമുക്തമാക്കിയ ബ്ലേഡ് കൊണ്ട് ഇട്ടുകൊടുക്കണം. ചൂട് കാലാവസ്ഥയാണെങ്കിൽ സ്പ്രേയർ ഉപയോഗിച്ച് ചെറിയ തോതിൽ ദിവസം രണ്ടോ മൂന്നോ നേരം നനച്ചു കൊടുക്കണം.

4–5 ദിവസംകൊണ്ട് കീറലിൽക്കൂടി കൂൺ വെളിയിൽ വരും. മൊട്ടിട്ടത് മൂന്നോ നാലോ ദിവസം കൊണ്ട് വിളവെടുപ്പിനു പാകമാകും.

ആദ്യ വിളവ് കഴിഞ്ഞ് 10–12 ദിവസംകൊണ്ട് രണ്ടാമത്തെ വിളവെടുപ്പും വീണ്ടും 10–12 ദിവസം കൊണ്ട് മൂന്നാമത്തെ വിളവെടുപ്പും നടത്താം. ഒരു തടത്തിൽനിന്ന് 600 ഗ്രാം മുതൽ ഒരു കിലോഗ്രാം വരെ കൂൺ ലഭിക്കും. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA