sections
MORE

മത്സ്യകൃഷിയിടങ്ങളിലും വേണം ശുചിത്വപാലനം

HIGHLIGHTS
 • മെക്കാനിക്കല്‍ ഉപകരണങ്ങള്‍ കഴിവതും അകലെ വയ്ക്കുക.
 • പക്ഷിമൃഗാദികളുടെ കൂട് കുളത്തിന്റെ മുകളിലേക്ക് പണിയാതിരിക്കുക
fish
SHARE

ഭക്ഷ്യയോഗ്യമായ മത്സ്യങ്ങളെ വീട്ടില്‍ത്തന്നെ വളര്‍ത്തുന്നത്തുന്നതിന് ഇന്ന് പ്രാധാന്യമേറെയുണ്ട്. ഇതിന് കേന്ദ്ര–സംസ്ഥാന സര്‍ക്കാരുകളുടെ പിന്തുണയുമുണ്ട്. മത്സ്യങ്ങള്‍ ദിവസങ്ങളോളം കേടുകൂടാതെ സൂക്ഷിക്കാനായി വിഷപദാര്‍ഥങ്ങളുടെ പ്രയോഗങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ മലയാളികളെ തെല്ലൊന്നുമല്ല ആശങ്കയിലാഴ്ത്തിയത്. ഇതും നല്ലൊരു ശതമാനം മലയാളികളിൽ എന്തുകൊണ്ട് സ്വന്തം ആവശ്യത്തിനുള്ള മത്സ്യങ്ങളെ വീട്ടില്‍ത്തന്നെ വളര്‍ത്തിക്കൂടാ എന്ന ചിന്തയ്ക്ക് പ്രചോദനമായിട്ടുണ്ട്. ഈ മേഖലയിലേക്കെത്തുന്ന തുടക്കക്കാരില്‍ പലരും അധികം ശ്രദ്ധിക്കാതെ പോകുന്നതും എന്നാൽ വളരെയധികം പ്രാധാന്യമര്‍ഹിക്കുന്നതുമായ ഒന്നാണ് ശുചിത്വം. ഇത് മത്സ്യങ്ങളുടെയും മനുഷ്യന്‍റെയും ആരോഗ്യത്തെ കാര്യമായി ബാധിക്കുന്നതാണ്. അതുതന്നെയാണ് ഈ വിഷയത്തിന്‍റെ പ്രാധാന്യവും.

1. വ്യക്തിശുചിത്വം പാലിക്കുക

 • പ്രാഥമികകൃത്യങ്ങൾക്കു ശുചിമുറികള്‍ ഉപയോഗിക്കുക.
 • ശുചിമുറികള്‍ ഉപയോഗിക്കുകയോ, കുട്ടികളുടെയോ മുതിര്‍ന്നവരുടെയോ ഡയപര്‍, സാനിറ്ററി നാപ്കിന്‍ തുടങ്ങിയവ കൈകാര്യം ചെയ്യുകയോ,  പക്ഷിമൃഗാദികളുമായി അടുത്ത് ഇടപഴകുകയോ ചെയ്താല്‍ കൈകാലുകള്‍ നന്നായി കഴുകിയശേഷം ഉണങ്ങിയ തോര്‍ത്ത് അല്ലെങ്കില്‍ മറ്റെന്തെങ്കിലും ഉണങ്ങിയ വസ്ത്രം ഉപയോഗിച്ച് ഈര്‍പ്പം മാറ്റുക.
 • ശരീരത്തിൽ മുറിവുകൾ ഉണ്ടെങ്കിൽ അത് നന്നായി പ്ലാസ്റ്റര്‍ ഉപയോഗിച്ച് ചുറ്റിക്കെട്ടുക. അല്ലെങ്കില്‍ ജലം കടക്കാത്തവിധം താല്‍ക്കാലികമായി പ്ലാസ്റ്റിക് ആവരണം ചെയ്യുക.
 • കുളങ്ങളിലെ ജോലികള്‍ കഴിഞ്ഞും, വിളവെടുപ്പ് തുടങ്ങിയ കാര്യങ്ങള്‍ ചെയ്ത ശേഷവും ദേഹം വൃത്തിയാക്കുകയും വസ്ത്രങ്ങൾ മാറ്റുകയും ചെയ്യുക.

എന്തുകൊണ്ട്? രോഗബാധിതരായ മനുഷ്യർ, മൃഗങ്ങൾ മുതലായവയുടെ മുറിവുകളില്‍ ആരോഗ്യത്തിന്‌ ഹാനികരമായ സൂക്ഷ്മാണുക്കളും, മരുന്നുപയോഗത്തിന്റെ ഭാഗമായി രാസവസ്തുക്കളും കാണപ്പെടുന്നു. അതിനാല്‍തന്നെ ഇവ ശരീരം, വസ്ത്രങ്ങൾ എന്നിവയിലൂടെ കുളത്തിലേക്ക്‌ എത്താന്‍ സാധ്യത കൂടുതല്‍ ആണ്. ശരീരം വൃത്തിയാക്കുന്നതും വസ്ത്രം മാറുന്നതും രോഗങ്ങള്‍ പടരാനുള്ള സാദ്ധ്യതകള്‍ കുറയ്ക്കുന്നു.

2. കുളവും പരിസരവും വൃത്തിയായി സൂക്ഷിക്കുക

 • കുളങ്ങൾ കഴിവതും ശുചിമുറികള്‍, പക്ഷിമൃഗാദികളുടെ കൂട് തുടങ്ങിയവയില്‍നിന്നും കഴിവതും ദൂരെയായിരിക്കണം.
 • ഘനലോഹങ്ങളോ ദോഷകരമായ രാസവസ്തുക്കളോ വെള്ളത്തില്‍ കലരാന്‍ സാധ്യതയില്ലാത്ത സ്ഥലങ്ങള്‍ കുളത്തിനായി തിരഞ്ഞെടുക്കുക.
 • കുളങ്ങളുടെ പരിസരത്തുനിന്ന് ചപ്പുചവറുകള്‍, രാസവസ്തുക്കള്‍ സൂക്ഷിച്ച പാത്രങ്ങള്‍, മെക്കാനിക്കല്‍ ഉപകരണങ്ങള്‍ കഴുവതും അകലെ വയ്ക്കുക. 
 • മത്സ്യക്കുളത്തിലേക്ക് കന്നുകാലികള്‍, മറ്റു പക്ഷിമൃഗാദികള്‍ തുടങ്ങിയവ നേരിട്ട് കടന്നുചെല്ലാതിരിക്കാനുള്ള മുന്‍കരുതലുകള്‍ എടുക്കുക.

എന്തുകൊണ്ട്? മനുഷ്യരുടെയും പക്ഷിമൃഗാദികളുടെയും വിസര്‍ജ്യത്തില്‍ ഹാനികരമായ സൂക്ഷ്മാണുക്കളും ചിലപ്പോള്‍ രാസവസ്തുക്കളും അടങ്ങിയേക്കാം. ഇത് വെള്ളത്തില്‍ കലരുന്നത് മത്സ്യം അല്ലെങ്കിൽ മത്സ്യം ഭക്ഷിക്കുന്നവർക്ക് രോഗം ഉണ്ടാവാന്‍ കാരണമാകാം.

3. കുളത്തിലെ ജലത്തിന്റെ ഗുണനിലവാരം നിലനിർത്തുക

 • കുളത്തിലേക്കുള്ള ജലസ്രോതസ്സ് തിരഞ്ഞെടുക്കുമ്പോള്‍ ഘനലോഹങ്ങൾ (heavy metals), മറ്റ് രാസവസ്തുക്കൾ, ഹാനികരമായ സൂക്ഷ്മാണുക്കൾ എന്നിവ ഇല്ലാത്തവയോ ഉണ്ടാകാന്‍ വളരെ കുറച്ച് മാത്രം സാധ്യത ഉള്ളവയോ ആയിരിക്കണം.
 • മത്സ്യം വളര്‍ത്തുന്ന കുളങ്ങളിൽ കുളിക്കുന്നത്, മനുഷ്യര്‍ അല്ലെങ്കില്‍ പക്ഷിമൃഗാദികള്‍ നീന്തുന്നത് തുടങ്ങിയ കാര്യങ്ങള്‍ ഒഴിവാക്കുക.
 • ഭക്ഷണവും പ്ലാസ്റ്റിക്കും ഉള്‍പ്പടെയുള്ള വീട്ടിലെ മാലിന്യങ്ങള്‍ കുളത്തിൽ എത്താതിരിക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ എടുക്കുക.
 • പക്ഷിമൃഗാദികളുടെ കൂട് കുളത്തിന്റെ മുകളിലേക്ക് പണിയാതിരിക്കുക.

എന്തുകൊണ്ട്?  ഉപകരണങ്ങളില്‍ നിന്നുണ്ടാവുന്ന രാസവസ്തുക്കള്‍, മനുഷ്യരുടെയും പക്ഷിമൃഗാദികളുടെയും വിസര്‍ജ്യം തുടങ്ങിയവ കുളത്തിലെ ജലം മലിനമാക്കും. ഇത് മത്സ്യങ്ങള്‍ക്ക് അസുഖം വരുത്തുകയോ, മത്സ്യങ്ങളുടെ മാംസം ഭക്ഷ്യയോഗ്യമാല്ലാതാക്കുകയോ ചെയ്യും.

fish-1
മത്സ്യക്കുഞ്ഞുങ്ങൾ

4. മത്സ്യങ്ങളുടെ ആരോഗ്യം സംരക്ഷിക്കുക

 • അനുയോജ്യമായ സാന്ദ്രതയില്‍ മാത്രം മത്സ്യങ്ങളെ നിക്ഷേപിക്കുക, സർട്ടിഫൈഡ് ഹാച്ചറിയില്‍നിന്നോ വിശ്വാസയോഗ്യമായ വിതരണക്കാരനിൽനിന്നോ മാത്രം മത്സ്യകുഞ്ഞുങ്ങളെ വാങ്ങുക.
 • ചത്തുപോയതും രോഗം ബാധിച്ചതുമായ മത്സ്യങ്ങളെ കഴിവതും വേഗം കുളത്തില്‍നിന്നു നീക്കംചെയ്യുക.
 • മത്സ്യത്തിന്റെ ത്വരിത വളര്‍ച്ചയ്ക്കും ആരോഗ്യസംരക്ഷണത്തിനും വേണ്ടി അംഗീകാരമില്ലാത്ത രാസവസ്തുക്കൾ ഉപയോഗിക്കാതിരിക്കുക, ആന്‍റിബയോട്ടിക്കുകളുടെ ഉപയോഗം കഴിവതും ഒഴിവാക്കുക.

എന്തുകൊണ്ട്? ആരോഗ്യമുള്ള മത്സ്യത്തിന് ആരോഗ്യമുള്ള കുഞ്ഞ്, ശരിയായ സംഭരണസാന്ദ്രത, ശരിയായ ഭക്ഷണം, കുളത്തിന്റെ ശരിയായ പരിപാലനം, രോഗം നിയന്ത്രിക്കാനുള്ള നല്ല നടപടികള്‍ എന്നിവ ആവശ്യമാണ്. സമ്മർദ്ദമില്ലാത്ത മത്സ്യങ്ങള്‍ വേഗത്തില്‍ വളര്‍ച്ച നേടുന്നു. മത്സ്യക്കുളങ്ങളിൽ രാസപദാര്‍ഥങ്ങള്‍ ചേർക്കുന്നത് മത്സ്യങ്ങള്‍ക്ക് ദോഷകരമാകും. മാത്രമല്ല, ചില രോഗങ്ങളുടെ പ്രശ്നം മറച്ചുവയ്ക്കപ്പെടാനും, മത്സ്യങ്ങളുടെ മാംസത്തിൽ രാസപദാര്‍ഥങ്ങളുടെ സാന്നിധ്യമുണ്ടാകാനും ഇടവരുത്താം.

fish-3
വിളവെടുപ്പ്

5. വിളവെടുപ്പിന് ശുചിത്വമുള്ള വലകളും കൊയ്ത്തു പാത്രങ്ങളും ഉപയോഗിക്കുക

 • വിളവെടുപ്പിന് മുമ്പും ശേഷവും ഉപകരങ്ങള്‍ ശുദ്ധജലത്തില്‍ കഴുകുക.
 • വിളവെടുപ്പ് കഴിവതും രാവിലെയാക്കുക. മറ്റു സ്ഥലങ്ങളിലേക്ക് കൊണ്ടുപോകണമെങ്കിൽ കഴിവതും ജീവനോടെതന്നെ കയറ്റിഅയയ്ക്കുക. അല്ലെങ്കില്‍ പെട്ടെന്നുതന്നെ ശീതീകരിച്ചു സൂക്ഷിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തുക.
 • വിളവെടുത്ത മീൻ കഴുകാൻ ശുദ്ധമായ ജലം ഉപയോഗിക്കുക. അവയെ സൂക്ഷിക്കാന്‍ മയമുള്ള പാത്രങ്ങൾ ഉപയോഗിക്കുക. പരുപരുപ്പോ ജലം ആഗിരണം ചെയ്യാന്‍ കഴിയുന്നതോ ആയ പാത്രങ്ങളില്‍ സൂക്ഷ്മാണുക്കള്‍ വേഗം പെരുകാന്‍ സാധ്യതയുണ്ട്.

എന്തുകൊണ്ട്? കൊയ്ത്തുകാലത്ത് രോഗബാധയുള്ളതോ ശരീരത്തില്‍ വ്രണങ്ങള്‍ ഉള്ളതോ ആയ തൊഴിലാളികളുടെ ജലവുമായുള്ള സമ്പര്‍ക്കം, മലിനമായ ജലം മത്സ്യം കഴുകാന്‍ ഉയോഗിക്കല്‍, ശുചിത്വം വരുത്താത്ത ഉപകരണങ്ങളുമായുള്ള സമ്പർക്കം എന്നിവ മൂലം മത്സ്യം മലിനമാകാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA