ചതി പലവിധം

HIGHLIGHTS
  • ഇപ്പോൾ നിറഞ്ഞതു പത്തായമല്ല ബാങ്കിലെ കടത്തിന്റെ ബുക്കാണ്
  • കൃഷിനാശം സംഭവിച്ചാൽ കർഷകനു വേണ്ടതു പെട്ടെന്നുള്ള സഹായമാണ്
karshakar--5
മലമ്പുഴ പന്നമട പാടശേഖരത്തിൽ ദുരിതകഥ പറയുന്ന മണലിക്കാട്ട് വീട്ടിൽ പി. മോഹൻദാസ്. പ്രതിസന്ധി നേരിടുന്ന കർഷകരായ സി. പ്രദീപ്‍കുമാർ, ടി. രവീന്ദ്രൻ, പി. സുരേഷ്, ജി. അജിത്‍കുമാർ എന്നിവർ സമീപം.
SHARE

കൃഷിയോളം പ്രതിസന്ധി നേരിടുന്ന തൊഴിൽമേഖല വേറെ ഏതുണ്ടാകും? കർഷകനോളം കഷ്ടങ്ങൾ നേരിടുന്ന വേറെ ആരുണ്ടാകും? മറ്റൊരു തൊഴിലിലുമില്ലാത്തൊരു അനിശ്ചിതാവസ്ഥ കൃഷിക്കുണ്ട്. പ്രകൃതിദുരന്തങ്ങൾക്കൊപ്പം, സർക്കാർ സംവിധാനങ്ങളുടെ നിസ്സംഗത കൂടിയാകുമ്പോൾ ചെകുത്താനും കടലിനുമിടയിൽപെട്ട അവസ്ഥയിലാകും കർഷകർ. കൃഷി നശിച്ചാലും കർഷകർ പിടിച്ചുനിൽക്കും. വീണ്ടും കൃഷിയിറക്കും. അതിജീവനത്തിനായി ആവതു ശ്രമിക്കും. പക്ഷേ, കൂടെ നി‍ൽക്കേണ്ട സർക്കാർ അനങ്ങാപ്പാറ നയം സ്വീകരിച്ചാലോ? നഷ്ടപരിഹാരം അനുവദിച്ചു കിട്ടുന്നതു കൃഷിഭൂമി ജപ്തി ചെയ്ത ശേഷമാണെങ്കിലോ? കർഷകനെ എല്ലാവരും ചതിക്കുന്നുവെന്നതാണു സത്യം. 

പൊന്നുവിളയുന്ന മണ്ണാണ്, ഏറ്റെടുത്തോളൂ...

‘‘വിത്തു വലിച്ചെറിഞ്ഞാൽ പോലും നൂറുമേനി തരുന്ന മണ്ണാണ്. പക്ഷേ, ഈ മണ്ണ് സർക്കാർ ഏറ്റെടുത്ത് ഞങ്ങളെ രക്ഷിക്കണം. അല്ലെങ്കിൽ കൃഷി ചെയ്യാൻ സാഹചര്യമൊരുക്കണം. ഇതു പറയുന്നത് നെഞ്ചുപൊട്ടുന്ന വേദനയോടെയാണ്. മണ്ണു വിട്ടുകൊടുക്കാൻ മനസ്സുണ്ടായിട്ടല്ല. 

കൃഷിയിറക്കിയാൽ പത്തായം നിറയുമെന്നാണു കാരണവന്മാർ പറഞ്ഞു തന്നത്. പക്ഷേ, ഇപ്പോൾ നിറഞ്ഞതു ബാങ്കിലെ കടത്തിന്റെ ബുക്കാണ്. കുടുംബത്തിനാകെ 5 ഏക്കറോളം ഭൂമിയുണ്ട്. കടം 15 ലക്ഷത്തോളം. ഓരോ കൊല്ലം കഴിയുംതോറും കൂടുന്നതു കടം മാത്രമാണ്. രാവും പകലുമില്ലാതെ ആനയിറങ്ങും. പന്നി, മാൻ, മയിൽ എന്നിവയുടെ ശല്യം വേറെ. പത്തു പന്ത്രണ്ടു വർഷമായി ഒരു വിളയും മനഃസമാധാനത്തോടെ വിളവെടുത്തിട്ടില്ല. ചിലരൊക്കെ തരിശിടുന്നു.‘‘പോസ്റ്റുമാനെ കണ്ടാൽ എനിക്കു പേടിയാണ്. ജപ്തി നോട്ടിസ് തരാനാകും വരുന്നത്. കൃഷിചെയ്തു വീട്ടാമെന്നു കരുതിയാണു വായ്പയെടുക്കുക. നഷ്ടം മൂലം തിരിച്ചടവു മുടങ്ങും. പച്ചക്കറിക്കൃഷി തുടങ്ങിയെങ്കിലും തുടർച്ചയായ പ്രളയം മൂലം അതും നഷ്ടം’’– പി.മോഹൻദാസ്

ദേവദാസിനേറ്റ 3 പ്രഹരങ്ങൾ 

  • പ്രകൃതി ദുരന്തം: 2013 

മൂവാറ്റുപുഴ ആയവന കാലാമ്പൂർ കടയ്ക്കോട്ടു വീട്ടിൽ ദേവദാസ് (59) എന്ന കർഷകനു സഹിക്കേണ്ടി വന്നത് 5 ലക്ഷം രൂപയുടെ നഷ്ടം. കോഴിഫാം പൂർണമായി നശിച്ചു. നൂറുകണക്കിന് ഏത്തവാഴകളും കപ്പയും പച്ചക്കറികളും വെള്ളം വിഴുങ്ങി. മണ്ണിനെ സ്നേഹിക്കുന്ന ഏതൊരു കർഷകനെയും പോലെ കണ്ണുതുടച്ചു ദേവദാസ് വീണ്ടും മണ്ണിലേക്കിറങ്ങി. പലയിടങ്ങളിൽ നിന്നും വായ്പ. വീണ്ടും കൃഷിക്കാലം. 

karshakar-7
കാറ്റിൽത്തകർന്ന കോഴിഫാമിനു മുന്നിൽ ദേവദാസ്.
  • പ്രകൃതിദുരന്തം: 2018 

മഹാപ്രളയത്തിൽ കൃഷിയിടങ്ങൾ മാത്രമല്ല, വീടും വെള്ളത്തിലായി. എട്ടര ഏക്കർ പാട്ടഭൂമിയിലെ കൃഷി ഒന്നാകെ നശിച്ചു. 8,000 കോഴികളെ വളർത്തിയിരുന്ന ഫാം പൂർണമായി തകർന്നു. നഷ്ടം 15 ലക്ഷം രൂപ. ഏത്തവാഴകളും പച്ചക്കറികളുമൊക്കെ മുങ്ങിയതിന്റെ നഷ്ടം വേറെ. ‘‘കോഴി ഫാം നന്നാക്കണമെങ്കിൽ നാലഞ്ചു ലക്ഷം രൂപ വേണം. പൈസയില്ല. എട്ടര ഏക്കർ പാട്ടക്കൃഷി ചെയ്യാൻ പൈസയില്ലാത്തതിനാൽ 4 ഏക്കറിലേ ഇപ്പോൾ ഏത്തവാഴ – പച്ചക്കറിക്കൃഷി ചെയ്യുന്നുള്ളു. ഒന്നര ഏക്കർ സ്വന്തം തോട്ടത്തിൽ റബറും തെങ്ങുമുണ്ട്. റബറിനാകട്ടെ, വിലയുമില്ല’’–  ദേവദാസ് പറയുന്നു. 

  • മനുഷ്യനിർമിതം

പ്രകൃതിദുരന്തമല്ല, നമ്മുടെ സംവിധാനങ്ങളുടെ കനിവില്ലായ്മയെന്ന ദുരന്തം. സമയകാല ഭേദമില്ല, സംഭവിച്ചു കൊണ്ടേയിരിക്കുന്നു. 2018 ഏപ്രിലിൽ കാറ്റിലും മഴയിലും 400 ഏത്തവാഴകൾ നശിച്ചപ്പോൾ വിള ഇൻഷുറൻസ് ആനുകൂല്യത്തിന് അപേക്ഷിച്ചു. 1,20,000 രൂപയാണു കിട്ടേണ്ടിയിരുന്നത്. പക്ഷേ, ആറ്റിക്കുറുക്കി അനുവദിച്ചതു 49,000 രൂപ. അതു പക്ഷേ, ഒന്നരക്കൊല്ലം കഴിഞ്ഞിട്ടും കിട്ടിയിട്ടില്ല! 

‘‘കൃഷിനാശം സംഭവിച്ചാൽ കർഷകനു വേണ്ടതു പെട്ടെന്നുള്ള സഹായമാണ്. അപേക്ഷ നൽകി ഒരു മാസത്തിനകമെങ്കിലും സഹായം നൽകണം. എങ്കിലേ വീണ്ടും കൃഷിയിറക്കാൻ സാധിക്കൂ. എത്രയും പെട്ടെന്നു നഷ്ടപരിഹാരം ലഭ്യമാക്കാൻ നടപടി വേണം’’– ദേവദാസ്. 

 10,000 രൂപ മതിയോ ഒരു കൊല്ലം ജീവിക്കാൻ?

വെട്ടിവെളുപ്പിച്ച റബർത്തോട്ടത്തിൽ സ്ഥാപിച്ച തേനീച്ചക്കൂടിനു സമീപം നിന്നു റോയി പറഞ്ഞു. ‘‘ഇവരുള്ളതുകൊണ്ടാണു കഞ്ഞികുടിക്കുന്നത്. ചിലപ്പോൾ നല്ല കുത്തു തരും. എന്നാലും പിന്നിൽനിന്നു കുത്തില്ല’’. കോട്ടയം കാഞ്ഞിരപ്പള്ളി പാറത്തോട്ടിലെ റബർ കർഷകനായിരുന്നു റോയി. 250 മരങ്ങളുണ്ടായിരുന്നു. രണ്ടു മക്കളെയും പഠിപ്പിച്ച് എൻജിനീയറാക്കി. എന്നാൽ, റബർ വിലയിടിഞ്ഞതോടെ റോയിയുടെ കണക്കുതെറ്റി. അതോടെ തേനീച്ച വളർത്തലിലേക്കു തിരിഞ്ഞു. സമാനപ്രശ്നങ്ങൾ നേരിടുന്ന കർഷകരുടെ കൂട്ടായ്മ രൂപീകരിച്ച് പാട്ടത്തിനു സ്ഥലമെടുത്തു കപ്പയും മറ്റു കൃഷിയും തുടങ്ങി. പുറമേ, കൂലിപ്പണിക്കും പോകുന്നുണ്ട്. ഇതു റോയിയുടെ മാത്രം കഥയല്ല. റബറിൽ വിശ്വാസമർപ്പിച്ചിരുന്ന മുഴുവൻ മലനാടൻ കർഷകരുടെയും നേർച്ചിത്രമാണ്. 

karshakar-6
​റബർ കർഷകൻ കാഞ്ഞിരപ്പള്ളി പാലപ്ര കാക്കനാട് റോയി തന്റെ തോട്ടത്തിൽ സ്ഥാപിക്കുന്നതിനുള്ള തേനീച്ചക്കൂടുകൾ പരിശോധിക്കുന്നു. നേരത്തെ റബർ ഷീറ്റ് അടിച്ചിരുന്ന ഷെഡിൽ ഇപ്പോൾ തേനീച്ചക്കൂടുകൾ അടുക്കിവച്ചിരിക്കുകയാണ്.

മിക്ക തോട്ടങ്ങളിലും ടാപ്പിങ് ഇല്ല. റബർ അനുബന്ധ ഫാക്ടറികളും കടകളും പൂട്ടിത്തുടങ്ങി. തോട്ടം വിൽപനയ്ക്ക് എന്ന ബോർഡ് പലയിടത്തും വന്നുതുടങ്ങി. റമ്പുട്ടാൻ, കപ്പ, കൈതച്ചക്ക, ചേന തുടങ്ങിയ കൃഷികളിലേക്കും കർഷകർ തിരിയുന്നു. ശരാശരി മലയോര കർഷകന് 250 റബർ മരമുണ്ടാകും. വർഷത്തിൽ 125 ദിവസം റബർ വെട്ടാം. കൂടിയ വരവ് ഒന്നര ലക്ഷം രൂപ. ലക്ഷം രൂപയോളം വെട്ടുകൂലി. മറ്റു പണികൾക്കായി 30,000 മുതൽ 40,000 രൂപ വരെ. ഒരു വർഷത്തെ കർഷകന്റെ അധ്വാനത്തിനു കിട്ടുന്നത് 10,000 രൂപയിൽ താഴെ. ഈ കൃഷി ചെയ്ത് എങ്ങനെ കുടുംബം പുലർത്തും?

സർവേ ഇരുട്ടടി

സർവേ നടപടികളിലെ പിഴവു മൂലം മീനച്ചിൽ, കാഞ്ഞിരപ്പള്ളി താലൂക്കുകളിലെ നാൽപതിനായിരത്തിലേറെ പുരയിടങ്ങൾ തോട്ടമായി മാറി. കരം അടയ്ക്കൽ കംപ്യൂട്ടർവൽക്കരണം നടത്തിയപ്പോഴാണ് പിഴവു ജനങ്ങൾ അറിഞ്ഞത്. തെറ്റു തിരുത്താൻ ഇതുവരെ നടപടിയില്ല. വസ്തു പണയംവച്ചു വായ്പയെടുത്ത് അടിയന്തര ആവശ്യങ്ങൾ നടത്തിക്കൊണ്ടിരുന്ന കർഷകർ ഇതോടെ എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലായതായി കർഷക നേതാവ് ജോജി വാളിപ്ലാക്കൽ പറഞ്ഞു. പുരയിടം രേഖയിൽ തോട്ടമായി മാറിയതോടെ കരം അടയ്ക്കൽ, വീടു നിർമാണം, നവീകരണം, അതിനുള്ള വായ്പകൾ, സർക്കാർ അനൂകൂല്യങ്ങൾ എന്നിവയും ലഭ്യമല്ലാതായി. 

തയാറാക്കിയത്: 

ആർ. കൃഷ്ണരാജ്, മനോജ് മാത്യു, രമേഷ് എഴുത്തച്ഛൻ, വി.ആർ.പ്രതാപ്, എസ്.വി.രാജേഷ്, എൻ.പി.സി.രംജിത്, എം.എ.അനൂജ്, ഷിന്റോ ജോസഫ്, സജേഷ് കരണാട്ടുകര.

സങ്കലനം: അജീഷ് മുരളീധരൻ

ചിത്രങ്ങൾ: ജിൻസ് മൈക്കിൾ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA