ADVERTISEMENT

ഇന്ത്യയിലാകെ 3.21ലക്ഷം

ലോകത്തെ കർഷക ആത്മഹത്യകളുടെ തലസ്ഥാനമായി ഭാവിയിൽ ഇന്ത്യ മാറിയേക്കാമെന്നു കേന്ദ്ര കൃഷിമന്ത്രാലയത്തിലെ മുതിർന്ന ഉപദേഷ്ടാവ് പി.സി. ബോധിന്റെ മുന്നറിയിപ്പ്. 1995 – 2015 കാലയളവിൽ 3.21 ലക്ഷം കർഷകർ രാജ്യത്തു ജീവനൊടുക്കി. കേരളത്തിൽ ഇക്കാലയളവിൽ ജീവനൊടുക്കിയത് 22,807 കർഷകർ. ഏറ്റവുമധികം പേർ ജീവനൊടുക്കിയത് കർണാടകയിൽ – 42,768 പേർ. 

‘ഫാർമേഴ്സ് സൂയിസൈഡ്സ് ഇൻ ഇന്ത്യ’ എന്ന തന്റെ പുസ്തകത്തിലാണ് ബോധ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. കർഷകരുമായി ബന്ധപ്പെട്ടുള്ള സർക്കാർ നയങ്ങൾ അപര്യാപ്തമാണെന്നും വരുംനാളുകളിലും ആത്മഹത്യകൾ തുടരുമെന്നതിന്റെ സൂചനകളാണു നിലവിലുള്ളതെന്നും അദ്ദേഹം നിരീക്ഷിച്ചു. 

2015നു ശേഷം കർഷകരുടെ ആത്മഹത്യാ നിരക്ക് സർക്കാർ പുറത്തുവിട്ടിട്ടില്ല.

വെല്ലുവിളി, അതിജീവനം

കൊടുങ്കാറ്റിൽ പായ്‌വഞ്ചി തകർന്ന് ഒറ്റപ്പെട്ടുപോയ നാവികനെപ്പോലെയാണു കേരളത്തിലെ ബഹുഭൂരിപക്ഷം ചെറുകിട കർഷകരും. ഒറ്റയ്ക്കു പൊരുതണമവർ, പ്രതിസന്ധികളോട്. തോൽക്കാതിരിക്കാനുള്ള മഹായുദ്ധമാണ് ഓരോ കർഷകന്റെയും ജീവിതം.

  • വെട്ടിനിരത്തൽ

കാട്ടാനക്കൂട്ടത്തിന്റെ വിളയാട്ടം കഴിഞ്ഞപ്പോൾ മലപ്പുറം നിലമ്പൂർ കാഞ്ഞിരംപാറ ഹമീദിന്റെ തോട്ടത്തിൽ 200 വാഴയേ ബാക്കിയുണ്ടായിരുന്നുള്ളൂ. 1,800 വാഴകൾ ആനക്കൂട്ടം അകത്താക്കി. ബാക്കിയുണ്ടായിരുന്നത് ഹമീദ് തന്നെ വെട്ടിക്കളഞ്ഞു. 27 കൊല്ലത്തെ പ്രവാസജീവിതത്തിനു ശേഷം കഴിഞ്ഞ വർഷം നാട്ടിലെത്തിയ ഹമീദ് വായ്പയെടുത്താണു മൂത്തേടം ചെട്ടിയാരങ്ങാടിയിലെ രണ്ടേക്കർ സ്ഥലത്തു വാഴക്കൃഷി തുടങ്ങിയത്. കാട്ടാനശല്യത്താൽ നഷ്ടം അഞ്ചു ലക്ഷം രൂപ. നിലമ്പൂർ ബ്ലോക്കിൽ മാത്രം കഴിഞ്ഞ 2 വർഷത്തിനിടെ 90 ഹെക്ടറിലെ കൃഷി വന്യമൃഗങ്ങൾ നശിപ്പിച്ചതായാണു കണക്ക്. 1.60 കോടി യുടെ നഷ്ടം. 11 പേർ 2 വർഷത്തിനിടെ വന്യമൃഗങ്ങളുടെ ആക്രമണത്തിൽ കൊല്ലപ്പെടുകയും ചെയ്തു. 

  • വളഞ്ഞിട്ടാക്രമണം

വയനാട്ടിൽ കർണാടക അതിർത്തിയോടു ചേർന്ന് 12 ഏക്കറിൽ കൃഷിയിറക്കിയിരുന്ന ആളാണു പുൽപള്ളി മാടപ്പള്ളിക്കുന്ന് ഓവേലിൽ ബോബൻ. എന്നാൽ, വന്യമൃഗങ്ങൾ സ്വന്തം പുരയിടത്തിൽനിന്നു ബോബനെ തുരത്തിയോടിച്ചു. ഗത്യന്തരമില്ലാതെ, കൃഷിഭൂമി വന്യജീവികൾക്കു വിട്ടുകൊടുത്ത് 5 വർഷം മുൻപ് ബോബൻ കുടുംബത്തോടൊപ്പം ഒരു കിലോമീറ്ററർ അകലേക്കു താമസം മാറി. 4 പശുക്കളാണ് ഇപ്പോൾ പ്രധാന വരുമാനമാർഗം. പശുവിനുള്ള തീറ്റപ്പുല്ല് തിന്നുതീർക്കാൻ മാനുകൾ ഇവിടെ എത്തുന്നുണ്ട്. പക്ഷേ, ഓടിപ്പോകാൻ ബോബനു മറ്റൊരിടമില്ല. 

ഒപ്പം നിൽ‍ക്കാൻ, കരുത്തേകാൻ ആരെങ്കിലും ഉണ്ടെങ്കിൽ  പൊൻകതിരുപോലെ തിളങ്ങിയേനെ കർഷക ജീവിതങ്ങൾ. അവർക്കു വേണ്ടതു കൂട്ടായ്മയാണ്. കൃഷിയിടം മുതൽ വിപണി വരെ നീളുന്ന  കൂട്ടായ്മയുടെ കരുത്ത്.

  • പ്രവാസിക്കൃഷിക്ക് നൂറുമേനി

പ്രവാസം നഷ്ടക്കൃഷിയായി മാറിയപ്പോൾ നന്നമ്പ്ര പഞ്ചായത്തിലേക്കു തിരിച്ചെത്തിയ പ്രവാസികൾ 2013ൽ ഒരു സൊസൈറ്റി രൂപീകരിച്ചു. പേര്: പ്രവാസി ഹരിത സഹകരണ സൊസൈറ്റി. 2 ലക്ഷം രൂപ പിരിവെടുത്ത് വെഞ്ചാലിപ്പാടത്തെ 5 ഏക്കറിൽ ഞാറുനട്ടു. പടിപടിയായി വളർച്ച. ഇന്നിപ്പോൾ 22 ലക്ഷം രൂപ മുടക്കി 100 ഏക്കറിൽ നെൽക്കൃഷി നടത്തുന്ന 500 അംഗങ്ങളുടെ സംഘമാണ് ഈ സൊസൈറ്റി. നല്ലൊരു ലാഭവിഹിതം എല്ലാവർക്കും കിട്ടുന്നു. രണ്ടു വർഷം മുൻപ് ‘നന്മ’ എന്ന ബ്രാൻഡിൽ സ്വന്തമായി അരിയിറക്കി. പച്ചായി മുഹമ്മദ് ബാവയാണ് സംഘത്തിന്റെ പ്രസിഡന്റ്. കർഷക അവാർഡ് ജേതാവുകൂടിയായ പി.എം.എച്ച്. സലാമിന്റെ നേതൃത്വത്തിലാണു കൃഷി.

  • നെൽക്കൃഷി വിപ്ലവം

40 വർഷം തരിശിട്ട മണ്ണിൽപോലും വിത്തിട്ട് നെൽക്കൃഷിയിൽ വിപ്ലവം നടത്തുകയാണു മയ്യിൽ റൈസ് പ്രൊഡ്യൂസർ കമ്പനി. കാർഷിക കലണ്ടർ തയാറാക്കിയും ശാസ്ത്രീയ രീതികൾ അവലംബിച്ചും കൃഷിയിറക്കാൻ തയാറായതോടെ ചെലവു കുറയുകയും വിളവു വർധിക്കുകയും ചെയ്തു. 1.82 കോടി രൂപയായിരുന്നു ആദ്യവർഷം കമ്പനിയുടെ വിറ്റുവരവ്. ലാഭം 14.8 ലക്ഷം. പ്രളയം ബാധിച്ചിട്ടും ഇക്കുറി 1.62 കോടിയുടെ വിറ്റുവരവുണ്ട്. ഏക്കറിന് 30,000 രൂപ അടച്ചാൽ 1000 കിലോ നെല്ലും 200 കിലോ പച്ചരിയും ഭൂവുടമയ്ക്കു കമ്പനി തിരിച്ചുനൽകും. 

കൃഷി നഷ്ടക്കച്ചവടമല്ലെന്നു ബോധ്യപ്പെടുത്തി ഓരോ കർഷകനെയും കൃഷി സംരംഭകനായി മാറ്റുകയാണു ലക്ഷ്യമെന്ന് ചെയർമാൻ കെ.കെ.രാമചന്ദ്രനും എംഡി ടി.കെ.ബാലകൃഷ്ണനും പറയുന്നു.

  • നിറയാ‍ൻ നിറ

പാടത്തു പണിക്ക് ആളെ കിട്ടിയില്ലെങ്കിൽ ബംഗാളിൽനിന്നു വരെ ആളെയിറക്കും. കീടനാശിനി പ്രയോഗത്തിനായി ഡ്രോൺ കൊണ്ടുവരും. കർഷകർ ഒരു കുടുംബമാണിവിടെ. വിത്തു മുതൽ വിളവുവരെ കർഷകരെ സഹായിക്കുന്ന ആലത്തൂരിലെ ഈ പദ്ധതിയുടെ പേരാണ് ‘നിറ’. കെ.ഡി.പ്രസേനൻ എംഎൽഎ നേതൃത്വം നൽകുന്നു. കൃഷി, മൃഗസംരക്ഷണം, തൊഴിലുറപ്പു പദ്ധതി, ജലസേചനം തുടങ്ങി കൃഷിയുമായി ബന്ധപ്പെട്ട് എല്ലാ വകുപ്പുകളുടെയും പൊതു ഇടം രൂപീകരിച്ചിട്ടുണ്ട്. ഈ ഏകോപനം നടക്കുന്നതോടെ സേവനങ്ങളെല്ലാം എളുപ്പത്തിലാകുന്നുവെന്നു കൺവീനർ കൂടിയായ കൃഷി ഓഫിസർ എം.വി.രശ്മി.

  • ആർപിഎസ് മോഡൽ

റബർക്കൃഷിയിലെ പ്രതിസന്ധി പരിഹരിക്കാൻ ചിറക്കടവ് റബർ ഉൽപാദക സംഘം (ആർപിഎസ്) കണ്ടെത്തിയ വഴി വ്യത്യസ്തമാണ്. വെട്ടാനാളില്ലാതെ കിടക്കുകയായിരുന്നു തോട്ടങ്ങൾ. ഇതിൽ 60 ഏക്കർ ആർപിഎസ് ഏറ്റെടുത്തു. ആർപിഎസിനു ടാപ്പേഴ്സ് ബാങ്കും ലേബർ ബാങ്കുമുണ്ട്. ഇവർ ടാപ്പിങ്ങും മറ്റു ജോലികളും ചെയ്യുന്നു. അനുബന്ധ ചെലവുകളും ആർപിഎസ് വഹിക്കും. പാൽ ഏറ്റെടുത്തു ഷീറ്റാക്കി വിൽക്കും. ലാഭവിഹിതം ഉടമയ്ക്കു നൽകും. വർഷം ഒരേക്കറിനു 31,000 രൂപ ശരാശരി നൽകുന്നുണ്ട്.

പെൻഷൻ തീരുമാനം കാത്ത് 7000 കർഷകർ

ചെറുകിട നാമമാത്ര കര്‍ഷകര്‍ക്കുള്ള പെന്‍ഷന്‍ വിതരണം സംസ്ഥാനത്തു താളംതെറ്റി. 5 ഏക്കര്‍ വരെ കൃഷിഭൂമിയുള്ളവരുടെ പെന്‍ഷനുവേണ്ടി 2017 മുതലുള്ള അപേക്ഷകളാണു സര്‍ക്കാര്‍ തീരുമാനത്തിനു കാത്തുകിടക്കുന്നത്. ഏഴായിരത്തോളം അപേക്ഷകര്‍ക്ക് ഇനിയും പെന്‍ഷന്‍ ലഭിച്ചിട്ടില്ല. 

ചുവപ്പു‘കൊടി’

വെറ്റിലയ്ക്കുള്ള ഇറക്കുമതിത്തീരുവ പാക്കിസ്ഥാൻ ‘മുറുക്കിയപ്പോൾ’ ചുവന്നു‌പോയത് ഭൗമസൂചികാ പദവി ലഭിച്ച തിരൂരിലെ വെറ്റിലക്കർഷകരാണ്. അതോടെ കയറ്റുമതി നിലച്ചമട്ടായി. കെട്ടൊന്നിന് 90 രൂപ വരെ കിട്ടിയിരുന്ന സ്ഥാനത്ത് ഇപ്പോൾ പകുതി വിലയേ കിട്ടുന്നുള്ളൂവെന്ന് തിരൂർ വെറ്റില ഉൽപാദക സംഘം സെക്രട്ടറി മേലേതിൽ ബീരാൻകുട്ടി പറയുന്നു. 300 ഹെക്ടറിലാണ് ഇവിടെ വെറ്റിലക്കൃഷി. തിരൂരിലെ ‘പാൻ ബസാർ’ എന്ന അങ്ങാടിക്കു നൂറ്റാണ്ടുകളുടെ വെറ്റിലപ്പെരുമ പറയാനുണ്ട്. വെറ്റിലക്കച്ചവടവുമായി ബന്ധപ്പെട്ടുള്ള കത്തിടപാടുകൾക്കായി മാത്രം ഇവിടെയുണ്ടായിരുന്ന പോസ്റ്റ് ഓഫിസ് കച്ചവടം കുറഞ്ഞതോടെ മാറ്റി സ്ഥാപിക്കപ്പെട്ടു.

അതെങ്കിലും കൊടുക്കൂ, പ്ലീസ്

2 പ്രളയങ്ങൾ തകർത്ത സംസ്ഥാനത്തെ കൃഷിമേഖലയെ ഉത്തേജിപ്പിക്കാൻ സർക്കാർ പണം വാരിക്കോരി ചെലവിടേണ്ട പ്രത്യേക സാഹചര്യമാണിപ്പോൾ. സാമ്പത്തികവർഷം അവസാനിക്കാൻ 5 മാസം മാത്രം ബാക്കി. കൃഷി വകുപ്പിന് ബജറ്റിലൂടെ അനുവദിച്ചു കിട്ടിയ 945 കോടി രൂപയിൽ ചെലവിട്ടത് വെറും 211 കോടി മാത്രം. അതായത് 22%. 734 കോടി രൂപ ചെലവിടാതെ കയ്യിൽ വച്ചിരിക്കുന്ന വകുപ്പ് ഇനി എന്തു സർക്കസ് കാട്ടിയാണ് ഇൗ പണം കർഷകരിലേക്ക് എത്തിക്കുക? കർഷക ആത്മഹത്യകൾ ആവർത്തിക്കുന്ന വയനാടിനു വേണ്ടി നടപ്പാക്കുന്ന വയനാട് പാക്കേജിലേക്ക് അനുവദിച്ച തുകയിൽ 1.83% മാത്രമേ വകുപ്പ് ചെലവിട്ടിട്ടുള്ളൂ. 

വരൂ, പകർത്താം ഏഴിക്കര മാതൃക

എറണാകുളം പറവൂർ ഏഴിക്കരയിലെ പള്ളിയാക്കൽ സർവീസ് സഹകരണ ബാങ്ക് വിത്തും വളവും വെള്ളവും നൽകി നട്ടുനനച്ചു വളർത്തുന്ന കാർഷിക കൂട്ടായ്മകൾ കേരളത്തിനു‌ വലിയ പാഠമാണ്. 1999ൽ ബാങ്ക് ആരംഭിച്ച സ്വയംസഹായ സംഘങ്ങളാണ് ഏഴിക്കരയുടെ ജാതകം തിരുത്തിയത്. കൃഷിയുടെ സമസ്ത മേഖലകളിലും പടർന്ന കൂട്ടായ്മകളിലൂടെ ബാങ്ക് സൃഷ്ടിച്ചതു സ്വയംപര്യാപ്ത ഗ്രാമം മാത്രമല്ല, ഒട്ടേറെ കർഷകരുടെ സംതൃപ്ത ജീവിതം കൂടിയാണ്. 20 വർഷം കൊണ്ട് ഈ കർഷകർ സഹകരണ ബാങ്കിലൂടെ വിറ്റഴിച്ചത് ഒന്നും രണ്ടുമല്ല, 35 കോടി രൂപയിലേറെ മൂല്യമുള്ള ഉൽപന്നങ്ങൾ! 

farmer
മലപ്പുറം തിരുനാവായ വലിയ പറപ്പൂർ മേലേതിൽ ബീരാൻകുട്ടി തന്റെ വെറ്റിലത്തോട്ടത്തിൽ.

‘‘കർഷകർക്കു സബ്സിഡി നിരക്കിൽ വിത്തും വളവും കൃഷിയുപകരണങ്ങളും ബാങ്ക് നൽകും. കൃഷിപ്പണിക്കായി ഹരിതസേനയെയും ലഭ്യമാക്കും; വെറും 4 ശതമാനം പലിശയ്ക്കു വായ്പയും. ഉൽപന്നങ്ങളെല്ലാം സംഭരിച്ചു വിൽക്കാനായി ബാങ്ക് തന്നെ വിപണിയും തുറന്നിട്ടുണ്ട്. കൃഷിവിദഗ്ധരുടെ സേവനവും ക്ലാസുകളും ലഭ്യമാക്കും. 2,000 കുടുംബങ്ങളുണ്ട് ഏഴിക്കരയിൽ. ബാങ്കുമായി ബന്ധപ്പെട്ട എതെങ്കിലും കാർഷിക പ്രവൃത്തിയിൽനിന്നുള്ള വരുമാനമെത്താത്ത ഒരു വീടുമുണ്ടാകില്ല’’.– അഭിമാനപൂർവം പറയുന്നതു പ്രസിഡന്റ് എം.എസ്.ജയചന്ദ്രൻ.

ഒരു ലീറ്റർ പാലിനു കർഷകർക്ക് എത്ര രൂപ കിട്ടും? ഏറിയാൽ 36 രൂപ. പക്ഷേ, ഏഴിക്കരയിൽ അതു 49 രൂപയാണ്! പാൽ വീടുകളിലെത്തിക്കാൻ വിതരണക്കാരുണ്ട്. അവർക്കു ശരാശരി മാസ‌വരുമാനം 25,000 രൂപയോളം! പ്രതിദിനം 850 ലീറ്റർ പാലാണ് ഉൽപാദനം. 4000 മുട്ടയും ക്വിന്റൽ കണക്കിനു പച്ചക്കറിയും വേറെ. ‘‘കർഷകർക്കു വായ്പ പ്രധാനമാണ്. പക്ഷേ, ഒരു ബാങ്കും സ്വർണമോ സ്ഥലമോ ഈടില്ലാതെ വായ്പ നൽകില്ല. ഞങ്ങൾ കൃഷിയുടെ ജാമ്യത്തിലാണ് അവർക്കു വായ്പ നൽകുന്നത്!’’. – ബാങ്ക് സെക്രട്ടറി എം.പി.വിജയൻ.

അവസാനിച്ചു 

തയാറാക്കിയത്: 

ആർ. കൃഷ്ണരാജ്, മനോജ് മാത്യു, രമേഷ് എഴുത്തച്ഛൻ, വി.ആർ. പ്രതാപ്, എസ്.വി. രാജേഷ്, എൻ.പി.സി. രംജിത്, എം.എ. അനൂജ്, ഷിന്റോ ജോസഫ്, സജേഷ് കരണാട്ടുകര

സങ്കലനം: അജീഷ് മുരളീധരൻ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com