വാട്‍സാപ് തുറന്നാൽ കടപ്പുറത്തുനിന്ന് മീൻ വീട്ടിലെത്തും

HIGHLIGHTS
  • കാട്ടൂരിന് ആറു കിലോമീറ്റർ ചുറ്റളവിൽ സൗജന്യ വിതരണം
  • കടൽ ക്ഷോഭിക്കുമ്പോഴും ഞായറാഴ്ചകളിലും മീൻ ലഭ്യമല്ല
fish-1
SHARE

മീൻ വാങ്ങാൻ ഇനി മാർക്കറ്റിൽ പോകണ്ട. വാട്‍സാപ് തുറന്നാൽ മതി. നമുക്ക് ഇഷ്ടമുള്ള മീൻ യാതൊരുവിധത്തിലുമുള്ള മായമോ രാസവസ്തുക്കളോ ചേർക്കാതെ ആവശ്യത്തിനനുസരിച്ച് വീട്ടുപടിക്കലെത്തും. സംഭവം സത്യമാണ്. ആലപ്പുഴയിൽ പ്രവർത്തിക്കുന്ന ഫ്രഷ് മീൻ ഡെയ്‍ലി എന്ന വാട്‍സാപ് കൂട്ടായ്‍മയിലൂടെയാണ് മീൻ വാങ്ങാൻ കഴിയുക.

മത്സ്യത്തൊഴിലാളിയായ സുഹൃത്തിനെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച കൂട്ടായ്മയിൽനിന്ന് വലിയൊരു സംരംഭം പിറവിയെടുത്തിട്ട് മൂന്നു മാസം ആകുന്നതേയുള്ളു. കാട്ടൂർ സ്കൂളിലെ പൂർവവിദ്യാർഥി സംഗമത്തിൽനിന്നാണ് വാട്‍സാപ്പിലൂടെ മത്സ്യവിൽപന നടത്താം എന്ന ആശയം സോണി ജോൺസൺ എന്ന അധ്യാപകനു തോന്നിയത്. മത്സ്യബന്ധന വള്ളമുള്ള സുഹൃത്ത് അഗസ്റ്റിന് ഇടനിലക്കാരുടെ ചൂഷണത്തെത്തുടർന്ന് കാര്യമായ വരുമാനം ലഭിക്കുന്നില്ല എന്നു പറഞ്ഞപ്പോഴായിരുന്നു സോണിയും സുഹൃത്തുക്കളായ ജോസഫ് ബിനുവും എൻ.ആർ. രാജേഷും മറ്റു സഹപാഠികളെക്കൂടി ഉൾപ്പെടുത്തി വാട്‍സാപ് കൂട്ടായ്മ തുടങ്ങിയത്. അന്ന് തുടങ്ങിയ ഒരു കൂട്ടായ്മ വളർന്ന് ഇന്ന് 19 വാട്‍സാപ് കൂട്ടായ്മകളും 4,400നു മുകളിൽ അംഗങ്ങളുമായിരിക്കുന്നു. ഈ അംഗങ്ങളെല്ലാം വാട്‍സാപ് വഴിയാണ് വീട്ടിലേക്കുള്ള മീൻ വാങ്ങുക.

സംഭരണം നേരിട്ട്

ചെല്ലാനം മുതൽ നീണ്ടകര വരെയുള്ള തീരദേശ മേഖലകളിൽനിന്ന് രാവിലെ എട്ടുമണിയോടെ മത്സ്യങ്ങൾ വാങ്ങി കാട്ടൂരുള്ള സംഭരണശാലയിൽ എത്തിക്കുന്നു. കടപ്പുറത്ത് എത്തുമ്പോൾത്തന്നെ മത്സ്യങ്ങളുടെ ഫോട്ടോയും വിലയും വാട്‍സാപ് ഗ്രൂപ്പുകളിൽ എത്തിയിരിക്കും. ആവശ്യക്കാർക്ക് അവർക്കിഷ്ടമുള്ളതനുസരിച്ച് ഓർഡർ ചെയ്യാം.

അന്നന്നത്തെ മീൻ അന്നന്നു മാത്രം‌

രാവിലെ കടപ്പുറത്തുനിന്ന് വാങ്ങുന്ന മത്സ്യം ഓരോ കിലോയുടെ പായ്ക്കുകളാക്കിയശേഷം ഐസിൽ ഇടുകയാണ് ചെയ്യുന്നത്. ഓർഡർ ലഭിച്ചതിന്റെ വിതരണം പൂർത്തിയായശേഷവും ബാക്കി വന്നാൽ ചെറുകിട കച്ചവടക്കാർക്ക് നൽകും. 

ബുക്കിങ് കമന്റിലൂടെ

ഗ്രൂപ്പിൽ വിലവിവരങ്ങൾ ചേർത്ത് മത്സ്യങ്ങളുടെ ചിത്രം ഇടുമ്പോൾ രാവിലെ ‌ഏഴു മുതൽ ഒമ്പത് വരെയുള്ള സമയത്ത് ചിത്രത്തിനു താഴെ തൂക്കവും സ്ഥലവും വിലാസവും നൽകിയാണ് ബുക്ക് ചെയ്യേണ്ടത്. കുറഞ്ഞത് ഒരു കിലോഗ്രാമെങ്കിലും വാങ്ങണമെന്നാണ് നിബന്ധന. ഇങ്ങനെ ബുക്ക് ചെയ്യുന്നവരെ നേരിട്ട് ബന്ധപ്പെട്ട് രണ്ടു മണിക്കൂറിനുള്ളിൽ മത്സ്യം എത്തിച്ചുനൽകും. 

നാട്ടിലുള്ളവരെക്കൂടാതെ പ്രവാസികളും ജവാന്മാരും ഈ കൂട്ടായ്മയുടെ ഗുണഭോക്താക്കളിൽപ്പെട്ടവരാണ്. അവരുടെ ജോലിസ്ഥലത്തിരുന്നും വീടുകളിലേക്കുള്ള മത്സ്യം ഓർഡർ ചെയ്യാൻ കഴിയുന്നു എന്നതാണ് ഇതിനു കാരണം.

സൗജന്യ ഡെലിവറി

കാട്ടൂരാണ് ആസ്ഥാനം. കാട്ടൂരിന് ആറു കിലോമീറ്റർ ചുറ്റളവിലുള്ള ആവശ്യക്കാർക്ക് സൗജന്യമായാണ് മത്സ്യം എത്തിച്ചുനൽകുക. അതിനു പുറത്തേക്ക് 20 രൂപ ഡെലിവറി ചാർജ് നൽകണം.

വിതരണം ഇവിടെയൊക്കെ

തെക്ക് ആലപ്പുഴ ടൗൺ മുഴുവനും അമ്പലപുഴ വടക്ക്, വണ്ടാനം, പറവൂർ, വാടക്കൽ, വട്ടയാൽ, പുന്നപ്ര കിഴക്ക്, എസ് ഡി കോളജിന് കിഴക്ക് പള്ളാത്തുരുത്തി പാലം വരെ തത്തംപള്ളി, തലവടി കൊല്ലപ്പള്ളി, കോമളപുരം മണ്ണഞ്ചേരി വടക്ക് മുഹമ്മ, മുട്ടത്തിപ്പറമ്പ്, കായിപുറം, കലവൂർ, മരാരിക്കുളം, ചെത്തി, തിരുവിഴ, അർത്തുങ്കൽ, മായിത്തറ , ചേർത്തല ടൗൺ തങ്കി വരെയുള്ള) ഭാഗങ്ങൾ വരെ.

അടുത്ത മാസത്തോടെ ചേർത്തല മുതൽ അമ്പലപ്പുഴ വരെ വിതരണം വ്യാപിപ്പിക്കാനാണ് തീരുമാനം.

ക്ലീൻ ചെയ്തും ലഭിക്കും

വൈകുന്നേരം ആവശ്യമുള്ളവർക്കാണ് വൃത്തിയാക്കി നൽകുക. മുൻകൂട്ടി അറിയിക്കുന്നവർക്ക് വൃത്തിയാക്കി മുറിച്ചു നൽകും. ഇതിന് 20 രൂപ അധികം നൽകണം. രാവിലെ വാങ്ങുന്നവർക്ക് ഈ സൗകര്യം ലഭ്യമല്ല. 

വിതരണം നാലു സമയത്ത്‌

രാവിലെ 6 മുതൽ 10 വരെ ലഭിക്കുന്ന ഓർഡർ 11നു മുമ്പ് വിതരണം ചെയ്യും. 10.30 മുതൽ ലഭിക്കുന്ന ഓർഡറുകൾ 11നും 1നും ഇടയ്ക്കുമാണ് വിതരണം.

ഉച്ചകഴിഞ്ഞ് 1.30 മുതൽ 3 വരെ ലഭിക്കുന്ന ഓർഡറുകൾ 4 മുതൽ 6 വരെയുള്ള സമയത്തും 3.30ന് ശേഷമുള്ള ഓർഡർ 6നും 8 നും ഇടയിലാണ് വിതരണം ചെയ്യുക. മത്സ്യം ആവശ്യമുള്ളവർ വൈകുന്നേരം ആറിനു മുമ്പ് ഓർഡർ ചെയ്യണം. വൈകുന്നേരം മത്സ്യം വേണ്ടവർക്ക് രാവിലെ ബുക്ക് ചെയ്യാനുള്ള അവസരവമുണ്ട്.

ഇപ്പോൾ കടൽമത്സ്യം മാത്രം

കടലിൽ മത്സ്യം ലഭിക്കുമ്പോൾ മാത്രമേ ഫ്രഷ് മീൻ ഡെയ്‍ലി ഗ്രൂപ്പിലെ അംഗങ്ങൾക്ക് വാട്‍സാപ്പിലൂടെ മീൻ വാങ്ങാൻ കഴിയൂ. കടൽ ക്ഷോഭിക്കുമ്പോഴും ഞായറാഴ്ചകളിലും മീൻ ലഭ്യമല്ല. ഇത്തരമൊരു സാഹചര്യമുള്ളതിനാൽ കടൽമത്സ്യങ്ങൾ കിട്ടാത്ത സാഹചര്യത്തിൽ കായൽമത്സ്യങ്ങൾ ലഭ്യമാക്കാനുള്ള ശ്രമം നടക്കുന്നുണ്ട്.

fish
സോണി, മേരി ഷീബ, എൻ.ആർ. രാജേഷ്, ശിൽപ, ജോസഫ് ബിനു.

ഇവർ സാരഥികൾ

സോണി ജോൺസൺ, ജോസഫ് ബിനു, എൻ.ആർ. രാജേഷ് എന്നിവരാണ് ഫ്രഷ് മീൻ ഡെയ്‍ലി എന്ന സീ ടു ഡോർ ഡെലിവറി സിസ്റ്റത്തിന്റെ അമരക്കാർ. ഇവർക്കൊപ്പം സോണിയുടെ ഭാര്യയും എസ്‍ഡിവി സെൻട്രൽ സ്കൂളിലെ മുൻ അധ്യാപികയുമായ മേരിഷീ ബയും ജോസഫ് ബിനുവിന്റെ ഭാര്യ ശിൽപയും സംരംഭത്തിന്റെ അമരത്തുണ്ട്. ആറു പേർ വിതരണത്തിനുമുണ്ട്.

കൂടുതൽ വിവരങ്ങൾക്ക് : 8138016161

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA