sections
MORE

കരിക്കു വെട്ടിയും ചക്കച്ചുള അരിഞ്ഞും കൈകുഴയില്ല, അതിനൊക്കെ യന്ത്രങ്ങൾ റെഡി

HIGHLIGHTS
  • മണിക്കൂറിൽ 50 കിലോഗ്രാം ചക്കച്ചുള അരിയാം
  • എണ്ണ 62 തവണ വരെ പുനരുപയോഗിക്കാം
startup
തൃശൂർ കാഞ്ഞാണി കുന്നംപിള്ളി സിജോയ് വികസിപ്പിച്ച എട്ടു മണിക്കൂറിൽ 500–650 ഇളനീര് ചെത്താൻ കഴിയുന്ന യന്ത്രം.
SHARE

കാർഷിക സർവകലാശാലയുടെ തൃശൂരിലുള്ള അഗ്രി ബിസിനസ് ഇൻക്യുബേറ്ററിൽ പരിശീലനം ലഭിച്ച യുവസംരംഭകരുടെ അഗ്രി സ്റ്റാർട്ടപ് ആശയങ്ങളിലൂടെ...

കരിക്ക് വെട്ടി കൈകുഴഞ്ഞോ? വിഷമിക്കണ്ട. കരിക്ക് എളുപ്പം ചെത്താൻ ഇതാ യന്ത്രം. ചക്കച്ചുള അരിയാനുള്ള പ്രയാസം മൂലം ചക്ക വറുക്കാതിരിക്കണ്ട. അതിനും യോജിച്ച യന്ത്രം ഇറങ്ങിക്കഴിഞ്ഞു. മൈദയെ പേടിച്ചു പൊറോട്ട കഴിക്കാതിരിക്കുകയാണോ? കോൾഡ് പ്രോസസ്ഡ് ഗോതമ്പ് പൊടി ഉപയോഗിച്ചു മൃദുവായ പൊറോട്ട ഉണ്ടാക്കി കഴിക്കാം. കേരള കാർഷിക സർവകലാശാലയുടെ അഗ്രി ബിസിനസ് ഇൻക്യുബേറ്ററിൽ ഇത്തരം ഒട്ടേറെ അഗ്രി സ്‌റ്റാർട്ടപ് സംരംഭകരാണ് നൂതന ആശയങ്ങളുമായി എത്തുന്നത്. പ്രകൃതി സൗഹാർദ കെട്ടിട നിർമാണ വസ്തുവായ കോക്കനട്ട് ഫൈബർ സിമന്റ് ബോർഡ് (സിഎഫ്സിബി), പച്ചക്കറി കേട് കൂടാതെ സൂക്ഷിക്കാനുള്ള അപ്സോർബ്ഷൻ ചില്ലേഴ്സ് തുടങ്ങിയവ പുതുമ കൊണ്ട് ശ്രദ്ധപിടിച്ചുപറ്റുന്നു.

  • കരിക്ക് ചെത്താം, ചറപറാന്ന് 

8 മണിക്കൂറിൽ 500–650 കരിക്ക് ചെത്താൻ കഴിയുന്ന യന്ത്രം അവതരിപ്പിക്കുന്നു തൃശൂർ കാഞ്ഞാണി കുന്നംപിള്ളി സിജോയ്. താഴെയും മുകളിലും നിരപ്പായ, ബോളിന്റെ ആകൃതിയിൽ  കരിക്ക് ചെത്താമെന്നതാണ് പ്രത്യേകത. കരിക്കിന്റെ ഭാരം 40% വരെ കുറയും. വെളുത്ത നിറം നില നിർത്തിയാൽ കടയിൽ മനോഹരമായി ഡിസ്പ്ലേ ചെയ്യാം. വെള്ളാനിക്കര കാർഷിക കോളജ് വികസിപ്പിച്ച സാങ്കേതികവിദ്യയുടെ പിൻബലത്തോടെയാണ് യന്ത്രം നിർമിച്ചത്. 

  • പാനലിന് ചകിരി നാര്

പ്രകൃതി സൗഹൃദ കെട്ടിട നിർമാണ വസ്തുവാണു  കോക്കനട്ട് ഫൈബർ സിമന്റ് ബോർഡ്. ചകിരി നാര്, പോർട്‌ലാൻഡ് സിമന്റ് എന്നിവ നിശ്ചിത അനുപാതത്തിൽ ചേർത്തു നിർമിക്കുന്ന പാനലാണ് ഇത്. സിമന്റ്–ഫൈബർ മിശ്രിതം ആവശ്യമുള്ള ആ കൃതിയിലും വലുപ്പത്തിലും രൂപപ്പെടുത്തി അനുയോജ്യമായ അച്ചിലേക്ക് ഉയർന്ന തോതിൽ സമ്മർദം ചെലുത്തിയാണു ബോർഡ് നിർമിക്കുന്നത്. ഈ ബോർഡിന് ശബ്ദം ആഗിരണം ചെയ്യാനും ചൂട് 10 ഡിഗ്രി വരെ കുറയ്ക്കാനും കഴിയും. സിമന്റിനു പകരം താപ വൈദ്യുത നിലയത്തിലെ ഉപോൽപന്നമായ ഫ്ലൈ ആഷ് ഉപയോഗിച്ചും കോക്കനട്ട് ഫൈബർ  ബോർഡ് നിർമിക്കാം. ഇതു കേര കൃഷി അഭിവൃദ്ധിപ്പെടുത്താനും ഉപകരിക്കും. 

  • മായമില്ലാതെ മൈദ

ഭക്ഷ്യവസ്തുക്കൾ ചൂടാകാതെ മൃദുവായി പൊടിക്കാൻ കഴിയില്ല. യഥാർഥ ഗുണം, മണം, രുചി എന്നിവ ഭക്ഷണത്തിനുണ്ടാകണമെങ്കിൽ 55 ഡിഗ്രി സെന്റിഗ്രേഡിൽ താഴെ ചൂടിൽ പൊടിക്കണം. തുടർച്ചയായി പൊടിക്കുമ്പോൾ താപനില 80–90 ഡിഗ്രി സെന്റിഗ്രേഡായി ഉയരും. അതോടെ ഗുണം, മണം, നിറം, രുചി എന്നിവ നഷ്ടപ്പെടും. വസ്തു തണുപ്പിച്ച ശേഷം പൊടിച്ചാൽ പൊടിയുടെ താപനില 50 ഡിഗ്രി സെന്റിഗ്രേഡായിരിക്കും. ഇങ്ങനെ പൊടിച്ച കോൾഡ് പ്രോസസ്ഡ് ഗോതമ്പ് മൈദയ്ക്ക് ബദലാണെന്ന് കൊടുങ്ങല്ലൂർ സ്വദേശി കെ.ബി. ജോയ്. ഫോൺ: 9447058009

startup-2
റെ‍ഡി ടു ഈറ്റ് ഭക്ഷ്യോത്പന്നങ്ങൾ നിർമിക്കാനുതകുന്ന റിട്ടോർട്ട് യന്ത്രം.
  • ചിൽ ജിൽ

എറണാകുളം സൗത്ത് ചിറ്റൂർ മയൂരയിൽ എൻ.ടി. സുകുമാരൻ പ്രവാസി ജീവിതം നിർത്തി മൂന്നാറിൽ ബട്ടൺ മഷ്റൂം (കൂൺ) കൃഷി നടത്തുകയാണ്. ഉൽപന്നം കേടുകൂടാതെ സൂക്ഷിക്കാൻ സൗകര്യമില്ലാത്തതാണ് പച്ചക്കറി, പഴം കർഷകരുടെ പ്രശ്നം എന്ന് സുകുമാരൻ വിലയിരുത്തുന്നു. അദ്ദേഹം വികസിപ്പിച്ചതാണ്, ഗ്രാമതലത്തിൽ ഫാമുകളിൽ സ്ഥാപിക്കാവുന്ന അപ്സോർബ്ഷൻ ചില്ലേഴ്സ് എന്ന ശീതികരണ സംവിധാനം.

  • എണ്ണയെ പേടിക്കാതെ ചിപ്സ്

അധികം പഴുക്കാത്ത ചക്ക ഉപയോഗിച്ച് നല്ല നിറത്തോടും രുചിയോടും കൂടി ‘വാക്വം ഫ്രൈഡ് ചിപ്സ്’ ഉണ്ടാക്കാനുള്ള സാങ്കേതിക വിദ്യയും ഇതിനുള്ള വാക്വം ഫ്രൈയിങ് യന്ത്രവും ഇൻക്യുബേറ്ററിൽ വിരിഞ്ഞതിൽ മികച്ചതാണ്. വാക്വം ഫ്രൈ ചെയ്ത ചിപ്സ് കുറഞ്ഞ തോതിലേ എണ്ണ ആഗിരണം ചെയ്യൂ. എണ്ണ 62 തവണ വരെ പുനരുപയോഗിക്കാം. കുറഞ്ഞ താപനിലയിൽ വറുത്തെടുക്കുന്നതു കൊണ്ടാണിത്. അതുപോലെ, വാഴപ്പഴം വറുക്കുമ്പോൾ നിറം മങ്ങുകയും ചെറിയ അരുചി അനുഭവപ്പെടുകുയും ചെയ്യും ഇതിന് അപവാദമാണ് ഈ കേന്ദ്രത്തിൽ വികസിപ്പിച്ച വാക്വം ഫ്രൈഡ് നേന്ത്രപ്പഴം ചിപ്സ്. വാക്വത്തിൽ, അതായത് വായു ഇല്ലാത്ത അവസ്ഥയിൽ, വറുക്കുന്നതിനാൽ ഉൽപന്നത്തിന്റെ നിറം മങ്ങാതെയും രുചിയേറിയതുമാവുന്നു. ഉപരിതലത്തിലെ 90% എണ്ണയും വേർതിരിക്കാമെന്നതാണു മറ്റൊരു സവിശേഷത. 60 തവണ ഉപയോഗിച്ചാലും വറുത്ത എണ്ണയുടെ ഗുണം നഷ്ടമാവില്ല. ചിപ്സ് 6 മാസത്തോളം കേടുകൂടാതെ ഇരിക്കും.

startup-1
ഫ്രൂട്ട് സ്ലെെസർ
  • ചക്ക അരിയൽ യന്ത്രം

ഈ യന്ത്രം ഉപയോഗിച്ച് മണിക്കൂറിൽ 50 കിലോഗ്രാം ചക്കച്ചുള അരിയാം. 50,000 രൂപയോളം വില വരും. 

എന്താണ് ഇൻക്യുബേഷൻ സെന്റർ?

സ്റ്റാർട്ടപ് സംരംഭങ്ങളുടെ പ്രോത്സാഹനത്തിനും പിന്തുണയ്‌ക്കുമുള്ളതാണ് കാർഷികസർവകലാശാല വിളസംസ്കരണത്തിനുള്ള മികവിന്റെ കേന്ദ്രത്തിലെ ഇൻക്യുബേഷൻ സെന്റർ. മെന്ററിങ്ങും ഇവിടെ നിന്നു ലഭിക്കും. 

പരിചയസമ്പന്നർ ഉപദേശങ്ങളും തിരുത്തലുകളും നൽകി വഴികാട്ടുന്ന സംവിധാനമാണ് മെന്ററിങ്. അഗ്രി സ്‌റ്റാർട്ടപ്പുകൾക്ക് ഉത്തമ വഴികാട്ടിയാണ്. നവാഗത സംരംഭകർക്ക് ബിസിനസ് തുടരാമെന്ന് ആത്മവിശ്വാസമുണ്ടാകുന്നതു വരെ സംരംഭം നടത്താനാവശ്യമായ സ്‌ഥലം,

സാങ്കേതികവിദ്യ, പരിഗണന തുടങ്ങിയവ നൽകുകയാണ് ഇൻക്യുബേഷൻ സെന്റർ ചെയ്യുന്നത്.  ഇൻക്യുബേഷൻ സെന്റർ ഓഫിസ് ഫോൺ: 0487 2438331

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA