ADVERTISEMENT

കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നൂറുകണക്കിനു യുവജനങ്ങൾ ഇപ്പോൾ ഗപ്പി വളർത്തലിലും പ്രജനനത്തിലും സജീവം

കൊതുകുപിടിത്തക്കാരനായി എത്തിയവൻ പിള്ളേരെ പിടിക്കുന്ന കുഴലൂത്തുകാരനായ കഥയാണ്  ഗപ്പിയുടേത്. തെറ്റിദ്ധരിക്കേണ്ട, സിനിമക്കഥയല്ല പറഞ്ഞുവരുന്നത്. ഗപ്പിമത്സ്യം വളർത്തൽ യുവജനങ്ങൾക്കിടയിൽ ട്രെൻഡായി മാറിയിരിക്കുന്നു. കൃഷിയിൽനിന്ന് അകന്നുപോകുന്നവരെന്നു മുദ്ര കുത്തപ്പെട്ട ചെറുപ്പക്കാരിൽ പലരും ഇന്ന് ഫിഷ്ടാങ്കുകൾക്ക് സമീപം കുത്തിയിരിക്കുന്നത് ഈ ചെറുമീനിനെ കാണാനാണ്. അതിന്റെ അഴകും ആരോഗ്യവും നിരീക്ഷിക്കാനാണ്. അവയ്ക്ക് തീറ്റ നൽകാനാണ്, അവയുടെ പ്രജനനത്തിന് ഒത്താശ ചെയ്യാനാണ്. പുതുപുത്തൻ ഗപ്പി ഇനങ്ങൾ വിപണിയിലെത്തിച്ചു വരുമാനമുണ്ടാക്കാനാണ്. കൊതുകിനെ നശിപ്പിക്കാനായി വളർത്തി തുടങ്ങിയ ഗപ്പിക്കു വേണ്ടി കൂത്താടികളെ വളർത്തുന്നവരും വാങ്ങുന്നവരുമൊക്കെയുണ്ടെന്ന വിരോധാഭാസവും ഇതിനു പിന്നിലുണ്ട്. ഗപ്പിയുടെ തീറ്റയായി മാറുന്നതിനാൽ കൂത്താടികൾ പൊതുജനാരോഗ്യപ്രശ്നമായി മാറുന്നുമില്ല.

നായപ്രദർശനം, കന്നുകാലി പ്രദർശനം എന്നൊക്കെ കേട്ടിട്ടുണ്ടാവും. അക്കൂട്ടത്തിൽ ഇനി ഗപ്പി ഷോകളും ഉൾപ്പെടുത്തേണ്ടിവരും. നമ്മുടെ നാട്ടിൽ പുതുമയാണെങ്കിലും വിദേശങ്ങളിൽ ഗപ്പിമത്സ്യപ്രദർശനം പതിവുപരിപാടിയാണ്. ലക്ഷണമൊത്തതും ആരോഗ്യമുള്ളതുമായ ഗപ്പികളെ ഉൽപാദിപ്പിച്ചു വളർത്തുന്നവരെ അംഗീകരിക്കുകയും അവയ്ക്ക്  കൂടുതൽ ആവശ്യക്കാരെ കണ്ടെത്തുകയുമാണ് ഗപ്പി ഷോകളുടെ ലക്ഷ്യം. പുതിയ ഇനങ്ങൾ സംരംഭകർക്കു പരിചയപ്പെടുത്താനും ഷോകൾ  ഉപകരിക്കുന്നു. കേരളത്തിലും രാജ്യാന്തരനിലവാരമുള്ള ഗപ്പി ഷോ നടത്താനുള്ള അണിയറനീക്കങ്ങൾ സജീവമാണ്.  ഓടയിലൊഴുക്കിയിരുന്ന ചെറുമത്സ്യത്തിൽനിന്നും ഓമനിക്കുന്നവർക്ക് വലിയ വരുമാനം സമ്മാനിക്കുന്ന ഗ്ലാമർ ഫിഷായി ഗപ്പി മാറിക്കഴിഞ്ഞു. സാരിവാലനെന്നു വിളിപ്പേരുള്ള ഗപ്പിയുടെ ചില പുതുപുത്തൻ ഇനങ്ങൾക്കു പട്ടുസാരിയെക്കാൾ വിലയായി. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നൂറുകണക്കിനു യുവജനങ്ങൾ ഇപ്പോൾ ഗപ്പി വളർത്തലിലും പ്രജനനത്തിലും സജീവം. ചില ഗപ്പി ക്ലബുകളിൽ നൂറുകണക്കിന് അംഗങ്ങളുണ്ടത്രെ. 

വൻതോതിൽ ഗപ്പിക്കുഞ്ഞുങ്ങളെ ഉൽപാദിപ്പിക്കുന്ന പരമ്പരാഗത അലങ്കാര മത്സ്യക്കൃഷിക്കാർക്കൊപ്പം പ്രീമിയം ഇനങ്ങളുടെ പ്രജനനം നടത്തുന്ന ന്യൂജനറേഷൻ സംരംഭകർ കൂടി എത്തിയതോടെയാണ് ഈ രംഗത്ത് പുതുവസന്തം ആരംഭിച്ചത്. വിദേശത്തുനിന്നു വില കൂടിയ ഗപ്പി ഇനങ്ങൾ ഇറക്കുമതി ചെയ്ത് അവയുടെ ശുദ്ധസന്തതികളെ ഉൽപാദിപ്പിച്ചു വിൽക്കുകയാണ് ഇവർ ചെയ്യുന്നത്. 

തായ്‌ലൻഡ്, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിൽനിന്നു മത്സ്യങ്ങളെ ഇറക്കുമതി ചെയ്ത് എത്തിച്ചു നൽകുന്ന ഏജന്റുമാരുണ്ട്.  പുതിയ ഇനങ്ങൾ എത്തുമ്പോൾ മോഹവിലയായിരിക്കും. ആയിരങ്ങളിൽനിന്നു മേലേക്ക് നീങ്ങുന്ന ഈ വില ക്രമേണ താഴ്ന്നുവരും.  എങ്കിലും നമ്മുടെ നാട്ടിൽ പൊതുവേ  പ്രീമിയം ഗപ്പികൾക്ക് 400–900 രൂപ വിലയുണ്ടെന്നു പറയാം. ഒരു ജോടി നല്ല ഇനം ഗപ്പിയിൽനിന്ന് ഒരു പ്രജനനത്തിൽ 40–100 വരെ മത്സ്യക്കുഞ്ഞുങ്ങളെ പ്രതീക്ഷിക്കാം. ഇവയിൽനിന്ന് ലക്ഷണമൊത്ത 40 മീനുകളെ വിൽപനയ്ക്കു കിട്ടിയെന്നു കരുതുക. രണ്ടാം തലമുറയിൽപെട്ട ഈ കുഞ്ഞുങ്ങളെ  ജോടിക്കു കേവലം 100 രൂപയ്ക്കു വിറ്റാൽപോലും 2000 രൂപ ഉറപ്പ്. സംരംഭം തുടങ്ങി 2–3 മാസത്തിനുള്ളിൽ ലഭിക്കുന്ന വരുമാനമാണിത്. തുടർന്ന് എല്ലാ മാസവും കുഞ്ഞുങ്ങളെ വിപണിയിലെത്തിക്കാനാകും. 

ഈ രംഗത്തെ  മുൻനിരക്കാരിൽ പലരും ഇറക്കുമതി  ഇനങ്ങളെ മാത്രം ആശ്രയിക്കാതെ സ്വന്തമായി പുതിയഇനങ്ങൾ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ്. കാര്യമായ മുതൽമുടക്കില്ലെന്നതും അനായാസം പ്രജനനം നടത്താമെന്നതും ഗപ്പിവളർത്തലിന്റെ മേന്മയാണ്. പ്രസവിക്കുന്ന ( livebeares) മത്സ്യങ്ങളായതിനാൽ  കാര്യമായ മുൻപരിചയമില്ലാത്തവർക്കുപോലും ഇവയെ വളർത്തി കുഞ്ഞുങ്ങളെ ഉൽപാദിപ്പിക്കാനാകും. ഉപയോഗശൂന്യമായ ഫ്രിജ് കേയ്സും ഒരു വശം മുറിച്ചുമാറ്റിയ പ്ലാസ്റ്റിക് ബോക്സുകളുമൊക്കെ മതിയാവും ഗപ്പിയെ വളർത്താൻ.  ആക്രിക്കടകളിൽനിന്ന് 100–200 രൂപ നിരക്കിൽ ഇവ ലഭിക്കും. ആയിരം രൂപയുണ്ടെങ്കിൽ ഒരു ജോടി മത്സ്യങ്ങളുമായി ഗപ്പി വളർത്തി തുടങ്ങാമെന്നു സാരം. മുറ്റത്ത് വലിച്ചുകെട്ടിയ ചെറുപടുതയുടെ കീഴിൽ ടാങ്കുകൾ സ്ഥാപിച്ചാൽ മതിയാവും.

ഗപ്പിയുൾപ്പെടെ അലങ്കാരമത്സ്യ വളർത്തലിന്റെ അനുബന്ധമേഖലകളിലും വരുമാനസാധ്യതകൾ പലതുണ്ട്. ജലസസ്യങ്ങൾ, അക്വേറിയം ഉപകരണങ്ങൾ, ടാങ്കുകൾ, ജന്തുപ്ലവകങ്ങൾ, ചെറുപ്രാണികൾ എന്നിവയൊക്കെ വിപണിയിലെത്തിച്ച് വരുമാനം നേടാൻ സാധിക്കും. എന്തിനേറെ ഫ്രീസ് ഡ്രൈ ചെയ്ത കൂത്താടികളെ വിൽക്കുന്നവർപോലുമുണ്ട്. 

എന്നാൽ ഇതിന്റെ മറുവശവും അറിഞ്ഞിരിക്കേണ്ടതുണ്ട്. പുത്തൻ ഇനങ്ങൾ അരങ്ങു വാഴുന്ന അലങ്കാരമത്സ്യ വിപണിയിൽ എല്ലാ കാലത്തും ഉയർന്ന വില കിട്ടണമെന്നില്ല. വിപണിയിൽ പ്രിയം കുറയുന്നതോടെ കച്ചവടം മോശമാകും. ഇതിനായി നടത്തിയ മുതൽമുടക്ക് പാഴാകും. ഏതു രംഗത്തും  ആദ്യമെത്തുന്നവർക്കാണല്ലോ കൂടുതൽ അവസരം ലഭിക്കുക. തുടർച്ചയായ വർഗസങ്കരണത്തിലൂടെ ഉൽപാദിപ്പിക്കുന്ന ഗപ്പിമത്സ്യങ്ങൾക്ക് രോഗപ്രതിരോധശേഷി കുറവായിരിക്കും. തന്മൂലം മതിയായ പരിചരണം നൽകിയില്ലെങ്കിൽ അവ രോഗം ബാധിച്ചു ചാവാൻ സാധ്യതയേറെ. 

വളർച്ചാസാധ്യതകളും കാണാതിരുന്നുകൂടാ. നിലവാരമുള്ള ബ്രീഡർമാരും സ്ട്രെയിൻ ഡവലപ്പർമാരും വളർത്തുകാരും  ദിശാബോധത്തോടെ പ്രവർത്തിച്ചാൽ നല്ല ഗപ്പികളെ തേടി ലോകം ഇവിടേക്ക് എത്തും. ഇപ്പോൾ പൂർവ ഏഷ്യൻ രാജ്യങ്ങൾ കൈയടക്കി വച്ചിരിക്കുന്ന കോടികളുടെ ബിസിനസിന്റെ ഒരു ഭാഗമെങ്കിലും നമുക്ക് നേടാനാവും. 

ഗപ്പിവളർത്തലിന് അനുകൂലമായ കാലാവസ്ഥയും നല്ല വെള്ളവും  നമുക്ക് വേണ്ടത്രയുണ്ട്. അതു പ്രയോജനപ്പെടുത്തുകയേ വേണ്ടൂ. അലങ്കാരമത്സ്യക്കൃഷിക്കായി ദീർഘകാലം കോടികളുടെ പദ്ധതികൾ നടപ്പാക്കിയസംസ്ഥാന സർക്കാർ ഏജൻസികൾ ഇവിടെയുണ്ട്. അവർക്ക്  നേടാനാവാത്ത വളർച്ചയാണ് സബ്സിഡിയും വായ്പയുമില്ലാതെ യുവസംരംഭകർ ഇപ്പോൾ സാധ്യമാക്കിയിരിക്കുന്നത്. ഒരുപക്ഷേ, സർക്കാർ ഇടപെടൽ  ഇല്ലാതിരിക്കുകയാവും  ഈ മേഖലയ്ക്ക് നല്ലത്. അഴിമതിക്ക് അവസരം നൽകുന്ന സബ്സിഡി പദ്ധതികളെക്കാൾ നിലവിലുള്ള സംരംഭകരുെട വളർച്ചയ്ക്ക് തടസ്സമാകുന്ന സാഹചര്യങ്ങൾ നീക്കുക മാത്രമാണ് സർക്കാർ ചെയ്യേണ്ടത്.  അടിസ്ഥാനസൗകര്യവികസനവും നടപടിക്രമങ്ങൾ ലഘൂകരിക്കലും ഉചിതമായിരിക്കും. 

കാര്യമായ മുതൽമുടക്കില്ലാതെ ആരംഭിക്കാവുന്ന സംരംഭമാണ് ഗപ്പിവളർത്തൽ. അതുകൊണ്ടുതന്നെ തുടക്കക്കാരെക്കാൾ വളർച്ചാപാതയിലുള്ളവർക്കാണ് ധനസഹായം ആവശ്യം. അത് സബ്സിഡിയാവണമെന്നില്ല, പലിശരഹിത വായ്പയോ മൃദുവായ്പയോ മതിയാവും. ചെറുപ്പക്കാരുടെ പേരിൽ ആരോപിക്കുന്ന പല ദോഷങ്ങളും ഈ രംഗത്തില്ലെന്നത് ശ്രദ്ധേയമാണ്. കോളജിൽ നിന്നെത്തിയാൽ മൊബൈലും ബൈക്കുമായി നാടു ചുറ്റിയ പലരും ഫിഷ് ടാങ്കിൽ കണ്ണും നട്ട് വീട്ടിൽ തന്നെയുണ്ടെന്ന സ്ഥിതിയായി. പഠനത്തിനും സ്വന്തം ആവശ്യങ്ങൾക്കുമായി പണം കണ്ടെത്താനാണ് ഏറെപ്പേരും ഈ രംഗത്തേക്കു കടന്നുവരുന്നത്. വരുമാനത്തിനായി കേറ്ററിങ് ജോലികൾക്കു പോകുന്ന പ്രവണതയെ കടത്തിവെട്ടിയിരിക്കുകയാണിപ്പോൾ ഗപ്പിവളർത്തലെന്ന് അലങ്കാരമത്സ്യസംരംഭകനായ സുവിൻ ചൂണ്ടിക്കാട്ടുന്നു.

ഗപ്പിവളർത്തലിലൂടെ വരുമാനം നേടുന്ന യുവസംരംഭകരെ കൃഷിമലയാളം ഇനിയും അളന്നിട്ടില്ലെന്നതാണ് വാസ്തവം.

ഓൺലൈൻ വിപണിയിലെ താരം

ഗപ്പിയുടെ വിപണിയും വ്യത്യസ്തമാണ്. പട്ടണങ്ങളിലെ അക്വേറിയം ഷോപ്പുകളിൽ സാധാരണ ഗപ്പികളോടൊപ്പമല്ല ഇവ വിൽക്കുക. സമൂഹമാധ്യമ കൂട്ടായ്മകളിലൂടെയും യൂ ട്യൂബ് ചാനലുകളിലൂടെയുമാണ് പ്രമുഖ ബ്രീഡർമാർ ആവശ്യക്കാരെ കണ്ടെത്തുക. ഗപ്പിപ്രേമികൾക്കു മാത്രമായി ധാരാളം ഫെയ്സ്ബുക്ക്, വാട്സാപ് കൂട്ടായ്മകൾ നിലവിലുണ്ട്. വിപണനത്തിനു മാത്രമല്ല അറിവുകൾ പങ്കു വയ്ക്കാനും ഇത്തരം കൂട്ടായ്മകൾ ഉപകരിക്കാറുണ്ട്. യൂ ട്യൂബിൽ ഗപ്പിയെന്നു ടൈപ്പ് ചെയ്താൽ മലയാളത്തിലുള്ള ധാരാളം വിഡിയോകളും ലഭ്യം. ബ്രീഡർമാരുടെ കൈവശമുള്ള പ്രീമിയം ഇനങ്ങൾക്കുവേണ്ടി പ്രമോഷണൽ വിഡിയോ ചെയ്യുന്നതുപോലും ഒരു വരുമാനസാധ്യതയാക്കിയവരുണ്ട്. യൂട്യൂബ് ചാന‌ലുകളിൽ ഒരു തവണ വിഡിയോ ഇടുന്നതിന് 5000 രൂപയോളം ചെലവാകുമത്രെ. ആനുപാതികമായി വരുമാനം കിട്ടുന്നതിനാൽ ഈ നിരക്ക് ആരും പ്രശ്നമാക്കാറില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com