ചീരയും കറിവേപ്പിലയും ചേമ്പിൻതണ്ടും മുട്ടയുമൊക്കെയായാണ് എട്ട് ബിയിലെ അഖിൽ അന്ന് സ്കൂളിൽ വന്നത്. അവൻ പഠിക്കുന്ന കരിങ്കുന്നം സെന്റ് അഗസ്റ്റിൻസ് ഹയർസെക്കൻഡറി സ്കൂളിലെ കാഡ്സ് പച്ചക്കുടുക്ക പദ്ധതിയുടെ ആദ്യദിനം. തുടക്കം മോശമാക്കുന്നതെങ്ങനെ? അതുകൊണ്ടാണ് ചേമ്പിൻതണ്ടും കറിവേപ്പിലയും മാത്രമാക്കാതെ ഏതാനും മുട്ട കൂടി അമ്മ അഖിലിനു കൊടുത്തത്. ഇലയും തണ്ടുമൊക്കെ വിറ്റു നേടിയ 84 രൂപ സഞ്ചയിക പദ്ധതിയിൽ നിക്ഷേപിച്ച വിശേഷമായിരുന്നു അന്നു വൈകുന്നേരം വീട്ടിലെത്തിയ അഖിലിന് അമ്മയോടു പറയാനുണ്ടായിരുന്നത്.
പച്ചക്കുടുക്ക പദ്ധതിയുടെ കോർഡിനേറ്റർ ബിൻസി ടീച്ചറിന്റെ എട്ട് ഡിയിലെ ഇമ്മാനുവൽ വാഴപ്പിണ്ടിയും പേരയ്ക്കയും തഴുതാമയുമൊക്കെയാണ് കൊണ്ടുവന്നത്. അഖിലും ഇമ്മാനുവലും മാത്രമല്ല കരിങ്കുന്നം സ്കൂളിലെ 40 വിദ്യാർഥികൾ അന്നു വീട്ടുവളപ്പിൽ നിന്നു കിട്ടിയ നാടൻ ഭക്ഷ്യവസ്തുക്കളുമായി സ്കൂളിലെത്തി. വിപണിയിലെത്താത്തതും എന്നാൽ ആരോഗ്യപ്രാധാന്യമുള്ളതുമായ തനി നാടൻ ഉൽപന്നങ്ങളായിരുന്നു ഏറെയും. കൃഷിയിലൂടെ വരുമാനം കണ്ടെത്താമെന്ന തിരിച്ചറിവ് അത്രയും ഇളംമനസ്സുകളിൽ വിതയ്ക്കപ്പെട്ട ദിവസം.
കൃഷിയെ അടുത്തറിഞ്ഞ്, കാർഷികപ്രവർത്തനങ്ങളിൽ താൽപര്യമുള്ളവരായി വളരാൻ വിദ്യാർഥികളെ പ്രേരിപ്പിക്കുകയാണ് പച്ചക്കുടുക്ക പദ്ധതിയുടെ ലക്ഷ്യം. ഒപ്പം വീട്ടുവളപ്പുകളിൽ പാഴായിപ്പോവുന്ന ഫലവർഗങ്ങൾ ആവശ്യക്കാരിലെത്തിക്കുന്നതിനും വിദ്യാർഥികളിൽ സമ്പാദ്യശീലം വളർത്തുന്നതിനും ഈ പദ്ധതി സഹായകമാവുന്നുണ്ട്. മികച്ച വിലയ്ക്കാണ് വിദ്യാർഥികളിൽനിന്ന് കാർഷികോൽപന്നങ്ങൾ വാങ്ങുന്നത്. കിലോയ്ക്ക് 40 രൂപ വില കിട്ടുന്ന വാളൻപുളിയിലയും 60 രൂപ കിട്ടുന്ന ചെമ്മീൻപുളിയും 35 രൂപ കിട്ടുന്ന തഴുതാമയുമൊക്കെ ഉദാഹരണം മാത്രം.

പൊതുവിപണിയിൽ അത്ര സുലഭമല്ലാത്ത വാഴപ്പിണ്ടി, പൂച്ചപ്പഴം, ചെമ്മീൻപുളി, ഞാവൽ, അടതാപ്പ്, സ്റ്റാർ ഫ്രൂട്ട് എന്നിവയൊക്കെ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നതുമൂലം പച്ചക്കുടുക്ക, ഉപഭോക്താക്കളുടെയും മനം കവരുന്നുണ്ട്. നാട്ടിൻപുറങ്ങളിലെ വീട്ടുവളപ്പുകളിൽനിന്നെത്തുന്ന ഇത്തരം ഉൽപന്നങ്ങൾക്കായി അവർ കാത്തുനിൽക്കുകയാണെന്ന് കെ.ജി. ആന്റണി പറഞ്ഞു. കാർഷികമേഖലയിൽ നിന്ന് വിദ്യാർഥികളും ചെറുപ്പക്കാരും അകലുകയാണെന്ന് സ്കൂൾ അധ്യാപകനായി വിരമിച്ച ആന്റണി സാർ ചൂണ്ടിക്കാട്ടി. പൊതുസമൂഹം കൃഷിയോടും കൃഷിക്കാരോടും കാണിക്കുന്ന അവജ്ഞയും അവഗണനയുമാണ് ഇതിനു കാരണം. കൃഷി ആദായകരമല്ലെന്ന ചിന്ത അവരിൽ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്.
ആദായത്തിനായി കൃഷി ചെയ്യാത്തതും എന്നാൽ പോഷക സമ്പന്നവുമായ ഉൽപന്നങ്ങളിലൂടെ കിട്ടുന്ന മാന്യമായ വരുമാനം ഭാവിയിൽ കൃഷി ഉപജീവനമാർഗമാക്കാൻ കുട്ടികളെ പ്രേരിപ്പിക്കുമെന്ന് കാഡ്സ് ഭാരവാഹികൾ പ്രതീക്ഷിക്കുന്നു. അധ്വാനിച്ചു സമ്പാദിക്കുന്നതിന്റെ മഹത്വം തിരിച്ചറിയുന്ന കുട്ടികളുടെ സ്വഭാവരൂപീകരണവും ആത്മവിശ്വാസവും മെച്ചപ്പെടുമെന്നും ആന്റണിസാർ ചൂണ്ടിക്കാട്ടി. പതിനെട്ടു വർഷമായി കാർഷികമേഖലയിൽ വിവിധ പ്രവർത്തനങ്ങൾ നടത്തിവരുന്ന കാഡ്സ്, ലാഭചിന്തയില്ലാതെയാണ് ഈ പദ്ധതി ഏറ്റെടുത്തിരിക്കുന്നത്. വിപണി പരിഗണിക്കാതെ മികച്ച വില മുൻകൂട്ടി നിശ്ചയിച്ചുനൽകുന്നത് കാഡ്സിന്റെ സാമൂഹ്യപ്രതിബദ്ധതയുടെ ഭാഗമായാണ്. ഇതുമൂലം ദിവസേന 1000 രൂപയുടെ നഷ്ടമുണ്ടാകുന്നുണ്ടെന്ന് അദ്ദേഹം അറിയിച്ചു.
സ്കൂളുകളിലെ കാർഷികക്ലബ്, പരിസ്ഥിതി ക്ലബ്, എൻഎസ്എസ് തുടങ്ങിയ പ്രസ്ഥാനങ്ങളുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുക. ഇതിനകം ഇടുക്കി ജില്ലയിലെ 20 സ്കൂളുകളിൽ പച്ചക്കുടുക്ക സജീവമായിക്കഴിഞ്ഞു. ഉൽപന്നങ്ങൾ കൊണ്ടുവരുന്നതിന് രക്ഷാകർത്താവ് സമ്മതപത്രം നൽകിയവർക്കാണ് പദ്ധതിയിൽ അംഗത്വം നൽകുക. കൊണ്ടുവരാവുന്ന ഉൽപന്നങ്ങളുടെ പട്ടിക മുൻകൂട്ടി വിദ്യാർഥികൾക്ക് നൽകിയിട്ടുണ്ട്. പഴം പച്ചക്കറികൾക്കു പുറമെ വീടുകളിൽ ഉൽപാദിപ്പിക്കുന്ന തേൻ, മുട്ട, നെയ്യ് എന്നിവയും പച്ചക്കുടുക്ക പദ്ധതിയുടെ പട്ടികയിലുണ്ട്. എല്ലാ ആഴ്ചയിലും നിശ്ചിത ദിവസം ഉൽപന്നങ്ങൾ സംഭരിക്കാനായി പച്ചക്കുടുക്ക വാഹനം ഈ വിദ്യാലയങ്ങളിലെത്തും. സ്കൂളിൽ വച്ചുതന്നെ ഉൽപന്നങ്ങളുടെ അളവെടുത്ത് രൊക്കം പണം നൽകുന്നു.
ഓരോ വിദ്യാർഥിയും നേടുന്ന വരുമാനത്തിനു കൃത്യമായ കണക്കുണ്ടായിരിക്കും. വിപണിയിലെത്താതെ വീട്ടുവളപ്പുകളിൽ പാഴായിപ്പോകുന്നഉൽപന്നങ്ങളിലൂടെ തന്നെ ഈ വരുമാനം നേടാനാകുമെന്നതാണ് പച്ചക്കുടുക്ക പദ്ധതിയുടെ സവിശേഷത. ഉദാഹരണമായി മുരിങ്ങ, മത്ത, തഴുതാമ, വാളൻപുളി എന്നിവയുടെ 3 കിലോ ഇലകളുണ്ടെങ്കിൽ 100 രൂപയിലധികം വില കിട്ടും.
പദ്ധതിയിലൂടെ നേടുന്ന ചെറു തുകകൾ സമ്പാദ്യമാക്കി മാറ്റത്തക്കവിധത്തിൽ സ്കൂൾ സഞ്ചയിക പദ്ധതിയുമായി ബന്ധിച്ചിരിക്കുകയാണ് കരിങ്കുന്നം സ്കൂൾ. അധ്യയന വർഷം അവസാനിക്കുമ്പോൾ അടുത്ത വർഷത്തെ പഠനത്തിനുപകരിക്കുന്ന തുക സമ്പാദിക്കുന്നതിനും ഇതുവഴി സാധിക്കുമെന്ന് അധ്യാപികയും പദ്ധതികോർഡിനേറ്ററുമായ ബിൻസി ചൂണ്ടിക്കാട്ടി.
ഫോൺ:9847413168