sections
MORE

കൊക്കോ ഉൽപാദിപ്പിച്ച കർഷകനെ ചൂണ്ടിക്കാണിക്കും കൃഷിക്കാരുടെ സ്വന്തം ചോക്കലേറ്റ്

HIGHLIGHTS
  • കമ്പനിയുടെ 80 ശതമാനം ആദായവും കർഷകർക്ക്
  • മാങ്കുളത്തെ ജൈവകൊക്കോ അധികവില നൽകിയാണ് ഐഒഎഫ്‍പിസിഎൽ വാങ്ങുന്നത്
Chocolate-2
SHARE

നിങ്ങൾ കഴിക്കുന്ന ചോക്കലേറ്റ് എവിടെ നിന്നുള്ളതാണെന്ന് ചിന്തിച്ചിട്ടുണ്ടോ? അതിനുപയോഗിച്ച കൊക്കോക്കുരു ഉൽപാദിപ്പിച്ചത് ആരാണെന്നും എങ്ങനെയാണെന്നും ആലോചിച്ചിട്ടുണ്ടോ? എന്നാലിതാ, സ്വന്തം ചരിത്രവുമായി ഒരു ചോക്കലേറ്റ്. പായ്ക്കറ്റിലെ ബാർകോഡ് സ്കാൻ ചെയ്താൽ അത്  ഏതു പ്രദേശത്തെ ഏതു കൃഷിക്കാരന്റെ കൊക്കോ ഉപയോഗിച്ചു നിർമിച്ചതാണെന്നും  ആരുടെയൊക്കെ പ്രവർത്തനഫലമായി എങ്ങനെയാണ് ചോക്കലേറ്റ് രൂപത്തിലെത്തിയതെന്നും ‌ പറഞ്ഞുതരും. ആലുവയിലെ ഇന്ത്യൻ ഓർഗാനിക് ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി (ഐഒഎഫ്‍പിസിഎൽ) വിപണിയിലെത്തിച്ച ജൈവചോക്കലേറ്റിലാണ് വൈകാതെ ഈ സൗകര്യം പ്രത്യക്ഷപ്പെടുക. നമ്മുടെ കൃഷിക്കാർക്കു വരുമാനമേകുന്ന ചോക്കലേറ്റ് കണ്ടെത്തി പ്രോത്സാഹനം നൽകാൻ ഇത് ഉപഭോക്താക്കളെ സഹായിക്കും.

ബഹുരാഷ്ട്ര കമ്പനികളുടെ ചോക്കലേറ്റ് വന്ന വഴി തേടിയാൽ നാം ചെന്നെത്തുക ആഫ്രിക്കയിലും തെക്കേ അമേരിക്കയിലുമൊക്കെയായിരിക്കും. ഐവറി കോസ്റ്റിലും ഘാനയിലുമൊക്കെയുള്ള വമ്പൻ പ്ലാന്റേഷനുകളിൽ ഉൽപാദിപ്പിക്കുന്ന കൊക്കോക്കുരു വാങ്ങി സംസ്കരിച്ചാണ് പല കമ്പനികളുടെയും ചോക്കലേറ്റ് നിർമാണം. ഇന്ത്യയിലെ കൊക്കോ അവർ വാങ്ങുന്നുണ്ടെങ്കിലും ആവശ്യത്തിനു തികയാറില്ല. എന്തിനേറെ പറയണം; പ്രമുഖ ബ്രാൻഡുകളുടെ ചോക്കലേറ്റ് വാങ്ങുമ്പോൾ  തുച്ഛമായ പങ്കു മാത്രമാണ് കേരളത്തിലെ കൃഷിക്കാർക്ക് ലഭിക്കുക.

എന്നാൽ മലയാളനാടിന്റെ മണമുള്ള ചോക്കലേറ്റാണ് ഐഒഎഫ്‍പിസിഎലിന്റേത്.  ജൈവകൊക്കോക്കുരുവിൽനിന്നു നിർമാണവും രാജ്യാന്തരനിലവാരത്തിൽ വിപണനവും. നെതർലൻഡ്സ് ആസ്ഥാനമായുള്ള റൈറ്റ് ഒരിജിൻസ് എന്ന കമ്പനിയുമായി ഇക്കാര്യത്തിൽ ധാരണയുണ്ട്. ഏറ്റവും നല്ല ചോക്കലേറ്റുണ്ടാക്കാൻ എന്തൊക്കെ വേണം?  നിലവാരമുള്ള കൊക്കോയും മികച്ച സാങ്കേതികവിദ്യയും.  മികച്ച സാങ്കേതികവിദ്യ വാങ്ങിക്കാനാവും. പക്ഷേ, നിലവാരമുള്ള കൊക്കോ വേണമെങ്കിൽ കൃഷിക്കാരെ ആശ്രയിക്കുകയേ നിവൃത്തിയുള്ളൂ.  

യോജ്യമായ മണ്ണും കാലാവസ്ഥയുമുള്ള സ്ഥലങ്ങളിൽ ഏറ്റവും നല്ല കൃഷിരീതികളിലൂടെ ഉൽപാദിപ്പിക്കപ്പെടുന്ന കൊക്കോ ഏറ്റവും നല്ല രീതിയിൽ സംസ്കരിച്ചു കിട്ടിയാൽ മാത്രമേ നല്ല ചോക്കലേറ്റുണ്ടാകൂ. നല്ല മണ്ണിലും കാലാവസ്ഥയിലും ഉൽപാദിപ്പിക്കപ്പെടുന്ന കൊക്കോ തേടിയിറങ്ങുന്നവർ എത്തിച്ചേരുന്ന സ്ഥലമാണ് ഇടുക്കി അടിമാലിക്കു സമീപമുള്ള മാങ്കുളം. ഇവിടെനിന്നുള്ള കൊക്കോക്കായ്കളാണ്  ഐഒഎഫ്‍പിസിഎൽ ചോക്കലേറ്റ് നിർമാണത്തിനുപയോഗിക്കുന്നത്. 

സമ്പൂർണ ജൈവസാക്ഷ്യപത്രമുള്ള ഒട്ടേറെ കൃഷിക്കാർ ഇവിടെയുണ്ട്. ഈ മേഖലയിലെ കൃഷിക്കാരുടെ മുഖ്യവരുമാനങ്ങളിലൊന്ന് കൊക്കോയാണിപ്പോൾ.  ടൺ കണക്കിനു കൊക്കോയാണ്  ചോക്കലേറ്റ് നിർമാണത്തിനായി ഇവിടെ  സംഭരിക്കപ്പെടുന്നത്. ‌എന്നാൽ മൂല്യവർധനയിലൂടെ ചോക്കലേറ്റ് കമ്പനികളുണ്ടാക്കുന്ന നേട്ടം കൃഷിക്കാർക്ക് കൈമാറപ്പെടുന്നില്ലെന്നു മാത്രമല്ല പലപ്പോഴും  ജൈവേതര കൊക്കോയ്ക്കൊപ്പം ഇവിടുത്തെ വിള കലരുകയും ചെയ്യുന്നു.   ജൈവോൽപന്നങ്ങളുടെ വിപണന–കയറ്റുമതി രംഗത്തു പ്രവർത്തിക്കുന്ന ഇന്ത്യൻ ഓർഗാനിക് ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി മാങ്കുളത്തെ കൊക്കൊ വാങ്ങിത്തുടങ്ങിയതോടെ കാര്യങ്ങൾ മാറിത്തുടങ്ങി. 

chocolate
ജൈവ ചോക്കലേറ്റിന്റെ വിപണനോദ്ഘാടനം തൊടുപുഴ കാഡ്‍സ് വിപണിയിൽ ഹൈബി ഈഡൻ എംപി നിർവഹിക്കുന്നു.

മാങ്കുളത്തെ ജൈവകൊക്കോ അധികവില നൽകിയാണ് ഐഒഎഫ്‍പിസിഎൽ  വാങ്ങുന്നത്. വിപണിവിലയെക്കാൾ 10 രൂപയാണ് അധികം നൽകുക.  കിലോയ്ക്ക് 35 രൂപ വില കിട്ടുന്ന പച്ചക്കൊക്കോയ്ക്ക് ഐഒഎഫ്‍പിസിഎൽ ഇപ്പോൾ നൽകുന്നത് 45 രൂപ. രണ്ടു വർഷമായി മുടങ്ങാതെ നടക്കുന്ന സംഭരണത്തിലൂടെ ഏഴു ലക്ഷം രൂപ അധികം  നേടിക്കൊടുക്കാൻ കമ്പനിക്കു സാധിച്ചെന്ന് സിഇഒ ഷൈനി  ജോർജ് പറഞ്ഞു. ഇവിടുത്തെ 160 കൊക്കോകർഷകരിൽ നിന്നു സംഭരിച്ചുസംസ്കരിച്ച രണ്ടു ടണ്ണോളം കൊക്കോക്കുരുവാണ് കഴിഞ്ഞ വർഷം കമ്പനി സ്വിറ്റ്സർലൻഡിലേക്കു കയറ്റി അയച്ചത്. ഈ വർഷം കൂടുതൽ കയറ്റുമതി ചെയ്യാനാകുമെന്നാണ് പ്രതീക്ഷ. 

കയറ്റുമതി നിലവാരത്തിൽ  സംസ്കരിക്കുന്ന കൊക്കോക്കുരു മാത്രമാണ് ചോക്കലേറ്റ് നിർമാണത്തിലും ഉപയോഗിക്കുന്നതെന്ന് പ്രൊക്യുർമെന്റ് ഓഫിസർ ജോജി ജോസഫ് ചൂണ്ടിക്കാട്ടി. സംഭരണം മുതലുള്ള ഓരോ ഘട്ടത്തിലും നിലവാരം മെച്ചപ്പെടുത്താൻ പ്രത്യേക ശ്രദ്ധ ചെലുത്താറുണ്ട്.  ഇതിനായി കമ്പനി ഉദ്യോഗസ്ഥർ നേരിട്ടാണ് കൊക്കോ സംഭര‌ണത്തിനു നേതൃത്വം നൽകുക. സംഭരിച്ച കൊക്കോ കമ്പനി നേരിട്ടു നടത്തുന്ന സംസ്കരണകേന്ദ്രത്തിലെത്തിച്ച്  പ്രാഥമിക സംസ്കരണം നടത്തുന്നു. കൊക്കോക്കുരു പുളിപ്പിച്ച് ഉണങ്ങുന്ന പ്രാഥമിക സംസ്കരണം ഏറെ നിർണായകമാണ്. കൃത്യമായ പ്രോട്ടോകോൾ പാലിച്ച്  ഈ പ്രക്രിയ പൂർത്തിയാക്കിയാൽ മാത്രമെ ചോക്കലേറ്റിനു മികച്ച രുചിയുണ്ടാവൂ. ഈ കൊക്കോപ്പൊടി എറണാകുളത്തെ ഒരു ഫാക്ടറിയിൽ ചോക്കലേറ്റായി മാറുന്നു.  പൂർണമായും കേരളത്തിൽ ഉൽപാദിപ്പിച്ചു സംസ്കരിച്ചു വിപണനം ചെയ്യപ്പെടുന്ന ചോക്കലേറ്റാണ് തങ്ങളുടേതെന്ന് ഷൈനി ചൂണ്ടിക്കാട്ടി.  ഇതിന്റെ വിലയുടെ 80 ശതമാനവും കൃഷിക്കാരുടെ കീശയിലെത്തുന്നു. ഒരു കിലോ ഐഒഎഫ്‍പിസിഎൽ ചോക്കലേറ്റിനു 3200 രൂപയാണ് വില. 25 ഗ്രാമിന്റെ ഒരു ബാറിന് 80 രൂപയും.

ഇവിടുത്തെ കൃഷിക്കാരെ ജൈവസാക്ഷ്യപത്രം നേടാൻ സഹായിച്ച തൊടുപുഴയിലെ കാഡ്‍സിനും ഈ മുന്നേറ്റത്തിൽ പങ്കുണ്ട്. നൂറുശതമാനം ജൈവരീതിയിൽ ഉൽപാദിപ്പിച്ചതെന്നു സാക്ഷ്യപത്രമുള്ള കൊക്കോ കിട്ടുന്ന ചുരുക്കം സ്ഥലങ്ങളിലൊന്നാണ് മാങ്കുളം.  കാ‍ഡ്‍സിന്റെ നേതൃത്വത്തിൽ   അ‍ഞ്ചു വർഷം മുമ്പാണ് ഈ ഗ്രാമമൊന്നാകെ ജൈവസാക്ഷ്യപത്രം നേടിയത്.  എന്നാൽ സാക്ഷ്യപത്രം നേടിയിട്ടും ഇവിടുത്തെ കാർഷികോൽപന്നങ്ങൾക്ക് ജൈവോൽപന്നമെന്ന നിലയിൽ മെച്ചപ്പെട്ട വിലയോ പ്രത്യേക വിപണിയോ കിട്ടിയിരുന്നില്ല. കാഡ്‍സിന്റെ ജൈവപച്ചക്കറി സ്റ്റാളുകൾ മാത്രമായിരുന്നു അപവാദം. ഈ സാഹചര്യത്തിൽ സാക്ഷ്യപത്രം നേടുന്നതിനുള്ള ചെലവ് ഏറ്റെടുത്തുകൊണ്ട് കാഡ്‍സ് ഇവിടുത്തെ 330 കൃഷിക്കാരെ ജൈവകൃഷിയിൽ നിലനിറുത്തിവരികയായിരുന്നു. 

ജൈവസാക്ഷ്യപത്രം നേടുന്ന കൃഷിക്കാർക്ക് വിപണന സൗകര്യം ഏർപ്പെടുത്തുന്നതിനു സർക്കാർ ഉത്സാഹിക്കുന്നില്ലെന്ന് കാഡ്സ് പ്രസിഡന്റ് ആന്റണി കണ്ടിരിക്കൽ ചൂണ്ടിക്കാട്ടി. ആദ്യത്തെ മൂന്നു വർഷം കഴിയുന്നതോടെ സാക്ഷ്യപത്രം നേടാനുള്ള സഹായം കൃഷിവകുപ്പ് പിൻവലിക്കും. അധികവരുമാനം നേടാനാവാത്ത കൃഷിക്കാർക്ക് സാക്ഷ്യപത്രം ബാധ്യതയാവുകയും ചെയ്യും. അനേകവർഷങ്ങൾ കഴിഞ്ഞിട്ടും ജൈവകൃഷിയിലൂട‌ കേരളത്തിലെ കൃഷിക്കാർക്ക് സാമ്പത്തികനേട്ടമുണ്ടാക്കാനാവാതെ വരുന്നതിനുള്ള ഒരു കാരണം ഇതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

വെറുതെ ഒരു ചോക്കലേറ്റ് അല്ല ഇത്. രണ്ടു കർഷകപ്രസ്ഥാനങ്ങളുടെ നിരന്തരപരിശ്രമങ്ങളുടെ ഫലമായുണ്ടായ കൃഷിക്കാരുടെ സ്വന്തം ചോക്കലേറ്റ്.

ഫോൺ: 9447046353 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA