ഫുഡ് ഫാക്ടറിയിൽ ലഭിക്കും 20 മിനിറ്റിനുള്ളിൽ ഇഷ്ട രുചിയിൽ ചോക്ക‍ലേറ്റ്

HIGHLIGHTS
  • സംസ്കരിച്ച് ചോക്കലേറ്റ് ബാർ രൂപത്തിലാക്കിയാണ് ഫുഡ് ഫാക്ടറിയിലെത്തിക്കുന്നത്
chocolate-1
ചോക്കലേറ്റ് നിർമാണശാല. ഇൻ‍സെറ്റിൽ രഞ്ജൻ ജോസ്.
SHARE

ഫുഡ് ഫാക്ടറിക്കുള്ളിലെ ചോക്കലേറ്റ് യൂണിറ്റ് കുട്ടികളെ മാത്രമല്ല മുതിർന്നവരെയും ആകർഷിക്കും. ഇഷ്ട ഫ്ലേവറിലുള്ള ചോക്കലേറ്റ് ഇരുപതു മിനിറ്റിനുള്ളിൽ നിർമിച്ചു രുചിക്കാം എന്നതുതന്നെ കൗതുകം. അതും, കേരളത്തിന്റെ സ്വന്തം കൊക്കോത്തോട്ടങ്ങളിൽനിന്നു വിളവെടുത്ത കൊക്കോയിൽനിന്ന് സംസ്കരിച്ചെടുത്ത കൊക്കോ ബട്ടർകൊണ്ടുള്ള കൊതിയൂറും ചോക്കലേറ്റ്. കൊക്കോ റിച്ച് ബ്രാൻഡിൽ ചോക്കലേറ്റ് ലഭ്യമാക്കുന്നതാകട്ടെ, എറണാകുളം ജില്ലയിലെ കാലടി നടുവട്ടത്തുള്ള രഞ്ജൻ ജോസ് എന്ന കൊക്കോ കർഷകൻ. 

പാരമ്പര്യ കൊക്കോക്കർഷക കുടുംബത്തിലെ അംഗമായ രഞ്ജനുള്ളത് ആറേക്കർ കൃഷി. വിളവെടുത്ത കൊക്കോ, പച്ചക്കുരുപ്പരുവത്തിൽ കാഡ്ബറിക്കു നൽകുന്നതിനു പകരം സംസ്കരിച്ചു ചോക്കലേറ്റ് നിർമിച്ച് വിപണിയിലെത്തിച്ചാലെന്താ എന്ന ചിന്ത ശക്തമായപ്പോഴാണ് ചോക്കലേറ്റു നിർമാണത്തിന്റെ രുചിരഹസ്യങ്ങൾ തേടി ഇറങ്ങിയതെന്നു രഞ്ജൻ. കൊക്കോ ബട്ടർ ഉൾപ്പെടെ ചോക്കലേറ്റ് ചേരുവകളുടെയെല്ലാം നിർമാണവിദ്യകൾ വശമായതോടെ സ്വന്തം ബ്രാൻഡിലേക്കു തിരിഞ്ഞു.

ഫുഡ് ഫാക്ടറിയിൽ പ്രവർത്തിക്കുന്ന രഞ്ജന്റെ യൂണിറ്റിൽ ചോക്കലേറ്റ് നിർമാണം മാത്രമല്ല കൊക്കോ സംഭരണവുമുണ്ട്. നിശ്ചിത ഗുണമേന്മയോടെ പച്ച കൊക്കോക്കുരു എത്തിക്കുന്ന കർഷകർക്ക് വിപണിവിലയെക്കാൾ ഉയർന്ന വില നൽകുന്നുവെന്നു രഞ്ജൻ. വീട്ടിലെ യൂണിറ്റിൽ സംസ്കരിച്ച് ചോക്കലേറ്റ് ബാർ രൂപത്തിലാക്കിയാണ് ഫുഡ് ഫാക്ടറിയിലെത്തിക്കുന്നത്. ബാർ ഉരുക്കി അതിലേക്ക് ഉപഭോക്താവിന്റെ ഇഷ്ടരുചികൾ ചേർത്ത് 20 മിനിറ്റിൽ ചോക്കലേറ്റ് തയാറാക്കും.

ഫോൺ: 9645473999

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA