ADVERTISEMENT

വെറുതെ കൊറിച്ചിരിക്കുന്നവർ അറിയുന്നുണ്ടോ കോടികൾ മൂല്യമുള്ള ‘കൊറിക്കൽ’ വിപണിയെക്കുറിച്ച്. കൊറിക്കൽവിപണിയെന്നാൽ, എപ്പോഴും എന്തെങ്കിലുമൊക്കെ കൊറിച്ചിരിക്കാൻ കൊതിക്കുന്നവരെ ലക്ഷ്യമിട്ടുള്ള വിപണി തന്നെ. വെറുതെ ഇരിക്കുമ്പോഴും ടി വി കാണുമ്പോഴും ജോലി ചെയ്യുമ്പോഴുമെല്ലാം കൊറിക്കാനെന്തെങ്കിലും കയ്യിലെടുക്കുന്നത് ഈ തലമുറയ്ക്കു ശീലമായിക്കഴിഞ്ഞു. 

വൈകുന്നേരം കടലകൊറിച്ചു കടപ്പുറത്തിരുന്ന കാലത്തുനിന്ന് കൊറിക്കൽ വിപണി എത്ര വളർന്നു എന്നറിയാൻ പെട്ടിക്കട മുതൽ ഹൈപ്പർ മാർക്കറ്റു വരെ നിറഞ്ഞിരിക്കുന്ന സ്നാക്സ് ഇനങ്ങളുടെ ‘വരവും ചെലവും’ നോക്കിയാൽ മതി. ഒപ്പം നാടു നീളെ നിറയുന്ന ചെറുകടി കടകളും. എന്‍ജിനീയറായ അഭിലാഷിനെയും മാർക്കറ്റിങ് രംഗത്തു ജോലി ചെയ്തിരുന്ന നിധീഷിനെയും പ്രലോഭിപ്പിച്ചത് ഈ കാഴ്ചകൾ തന്നെ. 

വൻകിട ബ്രാൻഡുകൾ വാഴുന്ന വിപണിയിൽ എന്തു പുതുമ പരീക്ഷിക്കാം എന്ന ആലോചനയായി പിന്നീടുള്ള നാളുകളിൽ. ഭക്ഷ്യസംസ്കരണ രംഗത്ത് പരിശീലനങ്ങളും സാങ്കേതികവിദ്യകളും ലഭ്യമാക്കുന്ന മൈസൂരുവിലെ സെൻട്രൽ ഫുഡ് ടെക്നോളജി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ(CFTRI) എത്തുന്നത് അങ്ങനെ. വാക്വം ഫ്രൈയിങ് സാങ്കേതികവിദ്യ  പരിചയപ്പെടുന്നതും അവിടെവച്ച്.

പഴങ്ങൾ, വിശേഷിച്ച് ചക്കപ്പഴം, വാക്വം ഫ്രൈയിങ് വിദ്യയിലൂടെ നിറവും രുചിയും അൽപവും കുറയാതെ ആസ്വാദ്യകരമായ ചിപ്സാക്കി മാറ്റാം എന്ന അറിവായിരുന്നു വഴിത്തിരിവ്. ഇക്കാര്യത്തിൽ, കാർഷിക സർവകലാശാലയിലെ അഗ്രിബിസിനസ് ഇൻക്യുബേറ്റർ വിഭാഗം മേധാവി ഡോ. കെ.പി. സുധീറിന്റെ വിദഗ്ധോപദേശംകൂടി ലഭിച്ചതോടെ ധൈര്യം കൂടി. പിന്നെ വൈകിയില്ല, കോഴിക്കോട് പുറമേരിയിൽ അഭിലാഷ്–നിധീഷ് സഖ്യം, ക്രിംസ് വാക്വം ഫ്രൈഡ് ചിപ്സ് യൂണിറ്റിനു തുടക്കമിട്ടു. പിഎംഇജിപി, എസ്എഫ്എസി എന്നിവിടങ്ങളിൽനിന്നു ലഭിച്ച വായ്പാബന്ധിത സബ്‍സിഡി സംരംഭം തുടങ്ങാൻ സഹായകവുമായി.

snaks
ചക്കപ്പഴം ചിപ്‍സുമായി അഭിലാഷും നിധീഷും

നാട്ടുരുചികൾ

വിപണിയിൽ ലഭ്യമാകുന്ന മിക്ക സ്നാക്സുകളിലും എണ്ണയുടെ അംശം വളരെ കൂടുതലായിരിക്കും. ആരോഗ്യത്തിന് അതത്ര നല്ലതുമല്ല. ഈ പ്രശ്നം മറികടക്കാൻ സഹായിക്കും വാക്വം ഫ്രൈയിങ് വിദ്യയെന്ന് അഭിലാഷ്. കുറഞ്ഞ താപനില ക്രമീകരിച്ചു വറുത്തെടുക്കുന്ന വാക്വം ഫ്രൈഡ് ചിപ്സുകളിൽ എണ്ണയളവ്  60 ശതമാനംവരെ കുറവായിരിക്കും. രുചി വളരെക്കൂടുതലും. ക്രിംസിന്റെ തുറുപ്പുചീട്ടായി വാക്വം ഫ്രൈഡ്് വരിക്കച്ചക്കപ്പഴം വിപണി നേടുന്നതും അതുകൊണ്ടുതന്നെ. പുതുമയും മധുരവും നഷ്ടപ്പെടാതെ സംരക്ഷിക്കുന്ന ഉയർന്ന നിലവാരമുള്ള ത്രീ ലെയർ പായ്ക്കിങ് വഴി ആറു മാസം സൂക്ഷിപ്പു കാലാവധിയും ലഭിക്കുമെന്നു നിധീഷ്.  

സീസണിൽ കോഴിക്കോട് ജില്ലയിലെ പുരയിടങ്ങളിൽനിന്നു സുലഭമായി ചക്ക ലഭിക്കും. മൂപ്പെത്തിയ ചക്ക ചതവുപറ്റാതെ കയറിൽ തൂക്കി ഇറക്കാനും പഴുപ്പിച്ച ശേഷം വെട്ടി വേർതിരിച്ചു ചുളയെടുക്കാനും പക്ഷേ നല്ല അധ്വാനവും ചെലവും വേണ്ടിവരും. പ്രാദേശികമായി ലഭിക്കുന്ന  ഒളോർ മാങ്ങയാണ് മാമ്പഴച്ചിപ്സിനായി സംഭരിക്കുന്നത്. വാഴപ്പഴത്തിന്റെ കാര്യത്തിൽ നാടനും മേട്ടുപ്പാളയവുമെല്ലാം ലഭ്യതയ്ക്കനുസരിച്ച് വിപണിയിൽനിന്നു വാങ്ങും. സപ്പോട്ട തമിഴ്നാട്ടിൽനിന്നെത്തും.

വാക്വം ഫ്രൈഡ് പഴം ചിപ്സുകളിൽ ഒരു തരത്തിലുള്ള സംരക്ഷകങ്ങളും ചേർക്കാറില്ലെന്ന് അഭിലാഷ്. രുചി ഏകീകരിക്കുന്ന പതിവുമില്ല. ഓരോന്നിനും തനതായ രുചി. ഒരേ പായ്ക്കറ്റിൽനിന്നുതന്നെ ഒട്ടേറെ ചക്കപ്പഴരുചികൾ കടിച്ചു പൊട്ടിച്ചാസ്വദിക്കാം. 25 ലക്ഷം രൂപ മുടക്കി ചൈനയിൽനിന്ന് ഇറക്കുമതി ചെയ്ത വാക്വം ഫ്രൈയിങ് മെഷീനാണ് യൂണിറ്റിലുള്ളത്. 

പായ്ക്കിങ് യന്ത്രം, നൈട്രജൻ ഫില്ലിങ് സംവിധാനം എന്നിങ്ങനെ അനുബന്ധ സംവിധാനങ്ങൾ ഉൾപ്പെടെമൊത്തം ചെലവു 40 ലക്ഷം രൂപ. മുടക്കിയ പണത്തിന്റെ മൂല്യം ഉൽപന്നത്തിന്റെ ഗുണമേന്മയിൽ പ്രതിഫലിക്കുമെന്നതിനാൽ ചിപ്സിനു വില കൂടും. അതുകൊണ്ടുതന്നെ കേരള വിപണിയെക്കാൾ മെട്രോ നഗരങ്ങളിലും ഗൾഫ് രാജ്യങ്ങളിലുമാണ് നിലവിൽ  ക്രിംസിന്റെ ഉപഭോക്താക്കളേറെയും. 

പഴങ്ങൾ മാത്രമല്ല വെണ്ട, കാരറ്റ്, ബീറ്റ്റൂട്ട്, പാവയ്ക്ക, ഉരുളക്കിഴങ്ങ് എന്നീ പച്ചക്കറികളും  വാക്വം ഫ്രൈഡ് രുചികളിൽ വിപണിയിലെത്തിക്കുന്നു ക്രിംസ്. സ്വന്തം ഉൽപന്നങ്ങൾ മാത്രം ലഭിക്കുന്ന റീട്ടെയ്ൽ ഔട്ട്‌ലെറ്റു‌കളിലേക്കും വളരുകയാണ് ഇപ്പോൾ ഈ സംരംഭകർ.

ഫോൺ: 9847034702, 6282515224

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com