എന്താണ് ഡബിൾ ബോയിലിങ്, തെറ്റിദ്ധാരണകൾ വേണ്ട

HIGHLIGHTS
  • ജലാംശം 20 ശതമാനത്തിനു താഴെയെത്തിച്ചാൽ മാത്രമേ കടകളിൽവച്ചു വിൽക്കാൻ സാധിക്കൂ
double-boiling-1
SHARE

പണ്ടുള്ളവർ തേൻ വെയിൽ കൊള്ളിച്ച് അതിൽ കുരുമുളകൊക്കെ ചേർത്ത് നല്ലപോലെ അടച്ചു സൂക്ഷിക്കുകയാണ് പതിവ്. എന്നാൽ, തേനിന് അന്തരീക്ഷ ഈർപ്പം, പൊടിപടലങ്ങൾ തുടങ്ങിയവ ആഗിരണം ചെയ്യാനുള്ള ശേഷി കൂടുതലുള്ളതുകൊണ്ട് നല്ല വെയിൽ ഇല്ലാത്ത സമയങ്ങളിൽ തേൻ പുറത്ത് തുറന്നുവച്ചാൽ ഗുണത്തേക്കാളേറെ ദോഷം ചെയ്യും എന്നതിൽ സംശയം വേണ്ട. തേൻ എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട പല കാര്യങ്ങളിൽ ഒന്നാണ് തേനടകൾ നല്ലപോലെ സീൽ ചെയ്തിട്ടു മാത്രം എടുക്കുക എന്നുള്ളത്. അങ്ങനെ എടുക്കുന്ന തേനിൽ പോലും 22 ശതമാനത്തിനു മുകളിൽ ജലാംശമുണ്ട്. ആ ജലാംശം 20 ശതമാനത്തിനു താഴെയെത്തിച്ചാൽ മാത്രമേ കടകളിൽവച്ചു വിൽക്കാൻ സാധിക്കുകയുള്ളൂ എന്നത് FSSAIയുടെ പുതിയ നിയമങ്ങളിൽ ഒന്നാണ്. നിയമത്തിനു ഭേദഗതി വരുത്തുന്നത് വരെ നിയമം പാലിക്കാൻ നാം ബാധ്യസ്ഥരാണ്. അതുകൊണ്ട് തേനിലെ ജലാംശത്തെ 22 ശതമാനം എന്നതിൽനിന്ന് 20 ശതമാനത്തിലേക്ക് കുറച്ചുകൊണ്ടുവരാൻ അത്യാധുനിക മെഷിനുകളുടെ സഹായം തേടുകയല്ലാതെ ഈ അവസ്ഥയിൽ വേറെ മാർഗമില്ല. എങ്കിലും തേൻ പതയാതെ, പുളിക്കാതെ ഇതുവരെ കർഷകർ ചെയ്തുകൊണ്ടിരുന്ന ഒരു മാർഗമാണ് ഡബിൾ ബോയിലിങ്.

double-boiling

ഡബിൾ ബോയിലിങ് 

വാ വിസ്താരം കുറഞ്ഞതും അത്യാവശ്യം വലുപ്പമുള്ളതുമായ ഒരു പാത്രം എടുക്കുക. അതിൽ ഇറങ്ങി ഇരിക്കുന്ന അതിലും ചെറിയ ഒരു പാത്രം കൂടി എടുക്കുക. അങ്ങനെ രണ്ട് പാത്രം എടുത്തതിൽ വലിയ പാത്രത്തിൽ പകുതി വെള്ളം എടുത്ത് ചൂടാക്കുക. മറ്റേ പാത്രത്തിൽ തേൻ എടുക്കണം. ഇത് വെള്ളം എടുത്ത പാത്രത്തിലേക്ക് ഇറക്കി വയ്ക്കുക. രണ്ട് പത്രങ്ങളും തമ്മിൽ അടിമുട്ടാതിരിക്കാൻ ചെറിയ മൂന്നു കല്ലുകൾ അടുപ്പ് കൂട്ടുന്നതുപോലെ വച്ച് അതിലേക്കായിരിക്കണം തേൻപാത്രം ഇറക്കിവയ്ക്കേണ്ടത്. അങ്ങനെ വെള്ളവും തേനും ചൂടായി വരുന്നതിനനുസരിച്ച് തേൻ നല്ലപോലെ ഇളക്കിക്കൊടുക്കത്തുകൊണ്ടേ ഇരിക്കണം. 

45°C ആകുമ്പോൾ തേൻ വെള്ളത്തിൽനിന്ന് ഇറക്കി അതിലുള്ള മെഴുക് ഉരുകുന്നതിനു മുമ്പേ അരിച്ചെടുത്തു വീണ്ടും വെള്ളത്തിലേക്ക് ഇറക്കി വയ്ക്കുക. അങ്ങനെ തുടർച്ചയായി ഇളക്കി തേൻ 60°–65°C വരെ ചൂടാകുമ്പോഴേക്കും വെള്ളത്തിൽനിന്ന് ഇറക്കി വീണ്ടും ഇഴയടുപ്പമുള്ള തുണിയിൽ അരിച്ചെടുത്തു തണുക്കാൻ അനുവദിച്ചശേഷം ബോട്ടിലുകളിലാക്കിക്കൊടുക്കാം. അങ്ങനെ തേനിലുള്ള ജലാംശം കുറയ്ക്കുന്ന രീതിയെയാണ് ഡബിൾ ബോയിലിങ് അഥവാ പ്രോസസിങ് എന്നു പറയുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA