ADVERTISEMENT

‘‘അടുത്ത അഞ്ചു വർഷത്തിനുള്ളിൽ 100 റീട്ടെയ്ൽ ഷോപ്പുകൾ. 100 കോടി രൂപയുടെ വാർഷിക വിറ്റുവരവ്, അതാണു ലക്ഷ്യം’’, കൊച്ചി എളമക്കരയിലെ ചെറിയൊരു ചിപ്സ് കടയിലിരുന്ന് നിഷാന്ത് കൃപാകർ പറയുന്നത് പ്രതിവർഷം കോടികൾ വിറ്റുവരവുള്ള ചിപ്സ് വിപണിയുടെ സാധ്യതകളെക്കുറിച്ചാണ്. എംബിഎ നേടി മൾട്ടിനാഷനൽ കമ്പനിയിൽ മികച്ച ജോലിയിലിരുന്ന പാലക്കാട് കോങ്ങാട് സ്വദേശി നിഷാന്ത് കൃപാകർ സുഹൃത്തായ വിമൽ തോംസണുമായി ചേർന്ന് യെലോ ചിപ്സ് എന്ന റീട്ടെയ്ൽ സ്റ്റാർട്ടപ്പിലേക്കിറങ്ങിയതും ഈ വിപണി കണ്ടു തന്നെ. 

വർഷം ഏകദേശം 1200 കോടി വിറ്റുവരവുണ്ട് കേരളത്തിലെ ചിപ്സ് വിപണിക്കെന്ന് നിഷാന്ത്. അതിൽ പകുതിയോളം ബനാന ചിപ്സിന്റേതാണ്. കേരളത്തിലെവിടെച്ചെന്നാലും കാണാം ചിപ്സ് വറുക്കുന്ന ചെറു കടകൾ. സാമാന്യം നല്ല കച്ചവടവും നടക്കുന്നുണ്ട് ഈ കടകളിലൊക്കെ. എന്നിട്ടും നമ്മളതിന്റെ സംരംഭസാധ്യതകളെക്കുറിച്ച് ഏറെ ചിന്തിച്ചിട്ടില്ല. ചിപ്സ് റീട്ടെയ്‌ലിങ് എന്ന ആശയത്തിലേക്കു വരുന്നത് അങ്ങനെ’’, നിഷാന്ത് പറയുന്നു. ഇന്ത്യയിൽ ആദ്യമായി ബ്രാൻഡഡ് ചിപ്സിന്റെ റീട്ടെയ്‌ലിങ് ശൃംഖല തുടങ്ങുന്നത് യെലോ ചിപ്സാണെന്നും നിഷാന്ത്.   

ഭക്ഷ്യസംസ്കരണമേഖലയിൽ സ്പെഷ്യൽറ്റി റീട്ടെയ്‌ലിങ് മികച്ച വളർച്ച കാണിക്കുന്നുണ്ട്. ചിക്കൻ വിഭവങ്ങൾ മാത്രം ലഭിക്കുന്ന കടകൾ, പുട്ടു കടകൾ, ലസി ഷോപ്പുകൾ എന്നിങ്ങനെ ഉദാഹരണങ്ങൾ. തേനും തേൻ വിഭവങ്ങളും മാത്രം വിൽക്കുന്ന കടകൾ, കോക്കനട്ട് പോയ്ന്റുകൾ തുടങ്ങി സാധ്യതകൾ വേറെയും. ചെറിയ കടയിൽ വലിയ കച്ചവടം എന്നതാണു നേട്ടം. 

ഒാണക്കാലത്തു മാത്രമല്ല, വർഷം മുഴുവൻ ഇന്നു ചിപ്സിനു ഡിമാൻഡുണ്ട്. അയൽസം സ്ഥാനങ്ങളിൽനിന്നു കേരളത്തിൽ വന്നുപോകുന്ന വിനോദസഞ്ചാരികൾ മടക്കയാത്രയിൽ കൂടെക്കൂട്ടുന്ന ഇഷ്ടവിഭവം ബനാന ചിപ്സെന്നു നിഷാന്ത്. അവരെ കൊതിപ്പിക്കുന്ന രുചിയും വറവും ഉറപ്പാക്കുക എന്നതാണു പ്രധാനം.

ചിപ്സ് വിപണിയുടെ ചീത്തപ്പേരു മായ്ച്ചു കളയണമെന്ന ഉറച്ച ലക്ഷ്യത്തോടെ തന്നെയാണ് ബ്രാൻഡിങ്ങിലേക്കു തിരിഞ്ഞതെന്നും ഈ സംരംഭകൻ പറയുന്നു. ഊരും പേരുമില്ലാത്ത ചിപ്സിനു പകരം ഉപഭോക്താക്കൾക്ക് ഉറവിടം കണ്ടെത്താവുന്ന ചിപ്സ് എന്നതാണ് ബ്രാൻഡിങ്ങിലേക്കു വരുമ്പോഴുള്ള നേട്ടം. അതുകൊണ്ടുതന്നെ ഗുണമേന്മ ഉറപ്പു വരുത്തിയേ തീരു. അതാഗ്രഹിക്കുന്ന ഉപഭോക്താക്കളുണ്ടുതാനും. 

chips-1
നിഷാന്ത് കൃപാകർ

നൂറു ശതമാനം ശുദ്ധമായ ചക്കിലാട്ടിയ വെളിച്ചെണ്ണയിലാണു ചിപ്സ് വറുത്തെടുക്കുന്നതെന്ന് നിഷാന്ത്. വറുക്കാനായി ഉപയോഗിക്കുന്നത് ഡീസൽ അടുപ്പ്. തീയും ചൂടും ഏറ്റക്കുറച്ചിലില്ലാതെ എല്ലായിടത്തും ലഭിക്കുമെന്നതാണ് ഡീസൽ അടുപ്പിന്റെ മെച്ചം. 10 കിലോ പച്ചക്കായ വറുക്കുമ്പോൾ സാധാരണ ലഭിക്കുന്നത്  ശരാശരി മൂന്നേമുക്കാൽ കിലോ ചിപ്സ്. പ്രത്യേകം ഡിസൈൻ ചെയ്ത അരിയൽയന്ത്രത്തിൽ കനംകുറച്ച് അരിഞ്ഞു വറുത്തെടുക്കുന്ന യെലോ ചിപ്സിന്റെ കാര്യത്തിലിത് 10 കിലോയ്ക്ക് 3–3.25 കിലോ മാത്രം. എന്നാൽ  രുചിമികവിൽ യെലോ ചിപ്സ് വിപണിയിൽ മേൽക്കൈ നേടുന്നു. നേന്ത്രക്കായയ്ക്കും വെളിച്ചെണ്ണയ്ക്കും വിപണിവിലയിൽ വരുന്ന ഏറ്റക്കുറച്ചിൽ അനുസരിച്ച് ചിപ്സിന്റെ വിലയിലും വ്യത്യാസം വരുത്താറുണ്ടെന്നു നിഷാന്ത്. ബനാന ഉൾപ്പെടെ 12 ഇനം ചിപ്സുകൾ നിലവിൽ കേരളത്തിനകത്തും പുറത്തുമുള്ള വിപണിയിലെത്തിക്കുന്ന യെലോ ചിപ്സ്, റീടെയ്ൽ ഷോപ്പുകൾ വ്യാപിപ്പിക്കാനുള്ള ശ്രമങ്ങളിലാണിപ്പോൾ. രണ്ടു വർഷം മുമ്പ് തുടങ്ങിയ സ്റ്റാർട്ടപ്പിന് മദീന ഗ്രൂപ്പിൽനിന്ന് ബിസിനസ് വിപുലീകരണത്തിനായി ഒരു കോടി രൂപയുടെ ഏഞ്ചൽ നിക്ഷേപവും ഇതിനോടകം കൈവന്നിരിക്കുന്നു. 

ഫോൺ: 8921800543 

website: yellowchips.in

 

വേണം ലൈസൻസുകൾ

ചെറുകിട ഭക്ഷ്യസംസ്കരണ യൂണിറ്റുകൾ ആരംഭിക്കുന്നവർക്ക് ഓൺലൈനായിത്തന്നെ എംഎസ്എംഇ റജിസ്ട്രേഷന് അവസരമുണ്ട്. udyogaadhar.gov.in എന്ന വെബ്സൈറ്റ് വഴി മിനിറ്റുകൾക്കുള്ളിൽ റജിസ്ട്രേഷൻ നേടാം. കേരളസർക്കാരിന്റെ  K-Swift ഓൺലൈൻ പോർട്ടലിൽ പ്രവേശിച്ച് ലൈസൻസുകൾക്കും അപേക്ഷിക്കാം. ജില്ലാ വ്യവസായകേന്ദ്രത്തിൽ നേരിട്ടും അപേക്ഷ നൽകാം. പഞ്ചായത്ത്, മലിനീകരണ നിയന്ത്രണ ബോർഡ്, ഫയർ ആൻഡ് റെസ്ക്യൂ, ഭക്ഷ്യസുരക്ഷയുടെ എഫ്എസ്എസ്എഐ, ലീഗൽ മെട്രോളജി പാക്കേജിങ് ലൈസന്‍സ് എന്നിവയാണ് ആവശ്യമുള്ളത്. കിൻഫ്രയുടെ ഫുഡ് പാർക്കിൽ യൂണിറ്റ് തുടങ്ങുന്നവര്‍ക്കു പഞ്ചായത്ത്–നഗരസഭ ലൈസൻസ് ആവശ്യമില്ല.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com