sections
MORE

ജങ്ക് ഫുഡിനെ നല്ല ഫുഡാക്കിയ കൂട്ടുകാർ

HIGHLIGHTS
  • പ്രധാന അസംസ്കൃത വസ്തു മരച്ചീനി
  • ചേരുവകളുെട കൃ ത്യമായ അനുപാതമാണ് ഈ സംരംഭത്തിന്റെ ട്രേഡ് സീക്രട്ട്
food
SHARE

‘‘ചക്ക, കപ്പ, വാഴപ്പഴം, കൂവപ്പൊടി, അവൽ... ഒന്നും ഇപ്പോഴത്തെ കുട്ടികൾക്കു വേണ്ടല്ലോ.  അവർക്കു മൈദകൊണ്ടുള്ള പറോട്ടയും നൂഡിൽസും ബേക്കറി പലഹാരങ്ങളും മാത്രം മതി’’–  പതിവുചർച്ച തന്നെ. മക്കളെ വളർത്തുന്നതിൽ നേരിടുന്ന വെല്ലുവിളികളാണ് വിഷയം. പങ്കെടുത്തവരെല്ലാം ഒരേ കോളജിൽ ഒന്നിച്ചു പഠിച്ചവർ. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിൽ 1986ൽ പഠിച്ചിറങ്ങിയവരുടെ സംഗമമാണ് വേദി.  പുതുതലമുറയിൽ ജങ്ക് ഫുഡിന്റെ സ്വാധീനത്തെക്കുറിച്ച് എല്ലാവരും പരാതിക്കാരായപ്പോൾ ഒരാൾ പരിഹാരവുമായെത്തി. ‘‘ജങ്ക് ഫുഡിനെ നല്ല ഫുഡാക്കിയാൽ പോരെ?’’–  ഭക്ഷ്യഗവേഷണരംഗത്തു പ്രവ‍ർത്തിക്കുന്ന രാജേഷ് മേനോന്റെ ചോദ്യം എല്ലാവരുടെയും ശ്രദ്ധ നേടി. നാട്ടിലുണ്ടാകുന്ന പോഷകഗുണമേറിയ നാടൻ വിഭവങ്ങൾ പുതുതലമുറയുെട രുചിഭേദമനുസരിച്ചുള്ള വിഭവങ്ങളാക്കിയാൽ മതിയെന്ന അദ്ദേഹത്തിന്റെ നിർദേശം പൊതുവെ സ്വീകാര്യമായി. ഫുഡ് ക്വാളിറ്റി വിദഗ്ധനായ രാജേഷ് സാങ്കേതികപിന്തുണ വാഗ്ദാനം ചെയ്തതോടെ കാര്യങ്ങൾ  ഗൗരവത്തിലായി. ഓരോ തവണ ഒത്തുചേരുമ്പോഴും ഈ ചർച്ച ആവർത്തിച്ചെങ്കിലും വ്യക്തമായ തീരുമാനത്തിലെത്താൻ കഴിഞ്ഞത് 2017ൽ മാത്രം. ആരോഗ്യദായകമായ ഭക്ഷ്യവിഭവങ്ങൾ തയാറാക്കി വിപണിയിലെത്തിക്കുന്ന  സംരംഭത്തിനു സമ്പത്തും സമയവും അറിവും പങ്കുവയ്ക്കാൻ അവർ തീരുമാനിച്ചു.

ആശയം  കിട്ടിയതുകൊണ്ടായില്ലല്ലോ. എങ്ങനെയാവും അത് നടപ്പാക്കുക? എന്നാണ് നടപ്പാക്കുക? അതിനുള്ള ഉത്തരവും ആ കൂട്ടായ്മ തന്നെ കണ്ടെത്തി. സഹപാഠികളായ 14 പേർ ചേർന്ന് പുതിയൊരു കമ്പനിക്കു തുടക്കം കുറിച്ചു–  ബ്രഹ്മ ഇൻഡിക് ന്യൂട്രിമെന്റ്സ്. കേരളത്തിന്റെ തനത് ഉൽപന്നങ്ങൾ പ്രയോജനപ്പെടുത്തി പുതുതലമുറയുെട താൽപര്യങ്ങൾക്കനുസരിച്ചുള്ള വിഭവങ്ങൾ നിർമിക്കുന്ന സംരംഭം. മൈദയും ഹാനികരമായ മറ്റു ഭക്ഷ്യവസ്തുക്കളും ഒഴിവാക്കി എന്ത് ന്യൂജൻ ഫുഡാ‌ണ് നിർമിക്കുക? ആ ദൗത്യം  രാജേഷ് മേനോൻ ഏറ്റെടുത്തു. ലോകപ്രശസ്തമായ ഫ്രാ‍ൻസിസ് ക്രിക്ക് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ മുതിർന്ന ഗവേഷകനായ അദ്ദേഹത്തിന്റെ പിന്തുണ ഈ ഫുഡ് സ്റ്റാർട്ടപ്പിന് ആത്മവിശ്വാസമേകി. 

അമേരിക്കയിൽ ബിസിനസുകാരനായ ദാസ് രാജഗോപാൽ തുടക്കം മുതൽ വേണ്ടത്ര പണം നിക്ഷേപിക്കാൻ തയാറായതും സംരംഭത്തിന്റെ വളർച്ചയിൽ നിർണായക പങ്ക് വഹിച്ചു. പിന്നീട് മറ്റ് സഹപാഠികളും സാമ്പത്തികശേഷിക്കനുസരിച്ച് നിക്ഷേപം നടത്താൻ തയാറായി. ആകെ ഒന്നരക്കോടി രൂപ മുതൽമുടക്ക് വേണ്ടിവന്ന കമ്പനിയുടെ മാനേജിങ് ഡയറക്ടർ സഹപാഠികളിലൊരാളായ ഡോ. ഷാജി ദാമോദരനാണ്. രമേഷ് മേനോൻ, ജ്യോതിഷ് കെ.യു. എന്നിവർ ഡയറക്ടർമാരും.

നമ്മുെട നാട്ടിൽ സുലഭമായ മരച്ചീനിയുടെ പൊടിക്കൊപ്പം ആരോഗ്യകരമായ മറ്റു ചേരുവകളും കലർത്തി ഉൽപന്നനിർമാണത്തിനു യോജിച്ച കൂട്ട് വികസിപ്പിക്കാൻ ഏറെ നാളത്തെ ഗവേഷണം വേണ്ടിവന്നു. സഹപാഠികളിലൊരാളും അമേരിക്കയിൽ ഗവേഷകയുമായ ഡോ. ഷൈല ശ്രീനിവാസന്റെ   ഗവേഷണപിന്തുണ കൂടി കിട്ടിയതോടെ കാര്യങ്ങൾ വളരെ വേഗം മുൻപോട്ടുനീങ്ങി. കാർഷിക സർവകലാശാലയും കേന്ദ്ര കിഴങ്ങുവിള ഗവേഷണകേന്ദ്രവും (സിടിസിആർഐ) സ്റ്റാർട്ടപ്പുകൾക്കായി നടത്തുന്ന ഇൻക്യുബേഷൻ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിയായിരുന്നു ഉൽപന്നവികസനം. ഇവിടെ പരിഹരിക്കാനാകാത്ത സാങ്കേതിക പ്രശ്നങ്ങൾ രാജേഷ് മേനോൻ ഇംഗ്ലണ്ടിലെ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിയാണ് പരിഹരിച്ചത്.  നൂഡിൽസ്,  പാത്‌സ തുടങ്ങിയ ഉൽപന്നങ്ങളിൽ  മൈദയുടെ അംശം കുറയ്ക്കണമെന്നാണ് തുടക്കത്തിൽ ആഗ്രഹിച്ചിരുന്നത്. 

ഭാഗികമായി മൈദ ചേർത്തുള്ള മരച്ചീനി നൂഡിൽസും മറ്റും സിടിസിആർഐ നേരത്തേ വികസിപ്പിച്ചിട്ടുണ്ട്. അത് വാണിജ്യസംരംഭമായി മാറ്റാനാണ് തുടക്കത്തിൽ ലക്ഷ്യമിട്ടിരുന്നത്. ഏകദേശം 18 മാസം നീണ്ട ഗവേഷണതപസ്യയ്ക്കൊടുവിൽ ആഗ്രഹിച്ചതിലും മികച്ച ഉൽപന്നത്തിലെത്തിച്ചേരാൻ അവർക്കു സാധിച്ചു. പൂർണമായും മൈദ ഒഴിവാക്കി,  പോഷകപ്രാധാന്യമുള്ള ചെറുധാന്യങ്ങളും മറ്റും പരമാവധി ചേർത്ത പുതിയ ഉൽപന്നങ്ങളിലാണ്  എത്തിച്ചേർന്നത്.  വിവിധ തരം ചെറുധാന്യങ്ങൾ, കപ്പപ്പൊടി, ചക്കപ്പൊടി, കൂവപ്പൊടി, ചെറുചണവിത്ത്, കടല, ഇസബ്ഗോൾ തവിട്, മഞ്ഞൾപൊടി  തുടങ്ങി പോഷകസമ്പന്നമായ 14 ചേരുവകളുെട മിശ്രിതമാണ് മൈദയുടെ പകരക്കാരൻ. പകുതിഭാഗം കപ്പപ്പൊടി തന്നെ. ഈ മിശ്രിതമുപയോഗിച്ച് വിവിധ ഭക്ഷ്യോൽപന്നങ്ങൾ നിർമിക്കുകയാണ് ബ്രഹ്മ ഇൻഡിക് ന്യൂട്രിമെന്റ്സ്.

ചേരുവകളെല്ലാം കൃഷിക്കാരിൽനിന്നു േനരിട്ടു സംഭരിച്ച് ഉണക്കി പൊടിച്ചെടുത്താണ് ഉൽപന്നനിർമാണത്തിനുപയോഗിക്കുക. ചേരുവകളുെട കൃത്യമായ അനുപാതമാണ് ഈ സംരംഭത്തിന്റെ ട്രേഡ് സീക്രട്ട്. അനുപാതം മാറിയാൽ ഉൽപന്നനിർമാണം ശരിയാകാതെ വരും. 

തൃശൂർ ജില്ലയിലെ അടാട്ടിനു സമീപം മുതുവറയിൽ പ്രവർത്തിക്കുന്ന കമ്പനിക്ക് ഇപ്പോൾ നാല് ഉൽപന്നങ്ങളാണുള്ളത്– ന്യൂട്രി പാത്‌സ,  ന്യൂട്രി നൂഡിൽസ്, കപ്പചിപ്സ്, പക്കാവട. ഇറ്റലിയിൽനിന്ന് ഇറക്കുമതിചെയ്ത ആധുനികയന്ത്രങ്ങളുപയോഗിച്ചാണ് നിർമാണം. ന്യൂട്രി റൂട്ട്  എന്ന ബ്രാൻഡിൽ  വിപണിയിലെത്തുന്ന ഈ വിഭവങ്ങൾ ഇപ്പോൾ തൃശൂർ, എറണാകുളം ജില്ലകളിലെ സൂപ്പർമാർക്കറ്റുകളിലും ആമസോൺ ഓൺലൈൻ വിപണിയിലും ലഭ്യമാണ്. കൂടാതെ ജൈവോൽപന്ന കടകൾ, വെൽനെസ് റസ്റ്ററന്റുകൾ, ആശുപത്രി കാന്റീനുകൾ എന്നിവിടങ്ങളിലും ന്യൂട്രിറൂട്ട് ഉൽപന്നങ്ങളെത്തും. മികച്ച പ്രതികരണമാണ് ഉപയോഗിച്ചവരിൽനിന്നു കിട്ടുന്നത്. മികച്ച ഉൽപന്നമാണെങ്കിലും വിപണനതന്ത്രങ്ങളിൽ വൻകിട കമ്പനികളുമായി മത്സരിക്കാൻ സാമ്പത്തികശേഷി അനുവദിക്കുന്നില്ല. നാട്ടിലെ കൃഷിക്കാർക്കു പ്രയോജനപ്പെടുന്നതും വരുംതലമുറയുടെ പോഷകസുരക്ഷ ഉറപ്പാക്കുന്നതുമായ ഉൽപന്നങ്ങൾ മലയാളികൾ തേടിയെത്തുമെന്നാണ് ഷാജിയുടെ പ്രതീക്ഷ. മരച്ചീനികൊണ്ടുള്ള പുട്ടുപൊടിപോലുള്ള ഉൽപന്നങ്ങൾകൂടി വിപണിയിലെത്തിക്കാൻ ഉദ്ദേശിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ആരോഗ്യദായക ഭക്ഷ്യവസ്തു

ക്കൾ‌ വേണ്ടത്ര കിട്ടാത്തതുമൂലമുള്ളപോഷകദാരിദ്ര്യം  ലോകത്തിന്റെ പല ഭാഗങ്ങളിലും വർധിച്ചുവരികയാണ്. സാമ്പത്തികമായി മുന്നിലുള്ള സമൂഹങ്ങളിൽപോലും പോഷകദാരിദ്ര്യം വർധിക്കുന്നതിനു പ്രധാന കാരണം ഫാസ്റ്റ് ഫുഡ് ഉൽപന്നങ്ങളാണെന്ന് രാജ്യാന്തരതലത്തിൽ നടന്ന പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. ജോലിക്കാരായ മാതാപിതാക്കൾ പാചകസമയം ലാഭിക്കുന്നതിനു നൂഡിൽസ്പോലുള്ള  ഉൽപന്നങ്ങളെയാണ് ആശ്രയിക്കുന്നത്. എന്നാൽ ഇത്തരം ഉൽപന്നങ്ങളിൽ കുട്ടികളുടെ സമഗ്ര വളർച്ചയ്ക്കാവശ്യമായ പോഷകഘടകങ്ങൾ വേണ്ടത്രയുണ്ടാവില്ല. വയർ നിറയുന്നതിനപ്പുറം കുട്ടികൾക്കാവശ്യമായ പോഷകങ്ങൾ നൽകുന്ന ഭക്ഷ്യോൽപന്നങ്ങൾ കാലഘട്ടത്തിന്റെ ആവശ്യമായി മാറുന്നത് ഈ സാഹചര്യത്തിലാണ്. ആരോഗ്യകരമായ ഭക്ഷ്യവിഭവങ്ങൾ വിപണിയിലെത്തിക്കാനുള്ള ശ്രമങ്ങൾക്ക് ഒട്ടേറെ അംഗീകാരങ്ങളും ഇതിനകം കമ്പനിയെ തേടിയെത്തി. കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയുടെ മികച്ച ഹെൽത്ത് സ്റ്റാർട്ടപ്പിനുള്ള അവാർഡ്, കേന്ദ്ര ഭക്ഷ്യസുരക്ഷാ അതോറിട്ടിയുടെ ഈറ്റ് റൈറ്റ് അവാർഡ് എന്നിങ്ങനെ വിലമതിക്കപ്പെടുന്ന അംഗീകാരങ്ങൾതന്നെയാണ് അവയിലേറെയും. 

ഫോൺ:9744492713

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA