ADVERTISEMENT

ജയന്റ് ഗൗരാമി ചരിതം നാലാം ഖണ്ഡം

കൂടുകൂട്ടി മുട്ടയിടുകയും ആ മുട്ടകൾക്ക് മൂന്നാഴ്ചയോളം കാവൽ നിൽക്കുകയും ചെയ്ത് കുഞ്ഞുങ്ങളെ സംരംക്ഷിക്കുന്നവരാണ് ഗൗരാമികൾ. എന്നാൽ, അവ എത്രയൊക്കെ സംരക്ഷിച്ചാലും ഒടുവിൽ ജീവിതത്തിലേക്കു കടന്നുവരുന്ന കുഞ്ഞുങ്ങൾ 30–40 ശതമാനം മാത്രമേ കാണൂ. എന്തുകൊണ്ടായിരിക്കാം ഇടുന്ന മുട്ടകൾ പൂർണമായും കുഞ്ഞുങ്ങളായി പുറത്തുവരാത്തത്? അതുമായി ബന്ധപ്പെട്ട് ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.

പായൽ നിറഞ്ഞ അതായത് പച്ച നിറമുള്ള വെള്ളമാണ് ഗൗരാമികൾക്കാവശ്യം. തെളിഞ്ഞ വെള്ളത്തിലാണെങ്കിൽ ഫംഗസ് രോഗം ബാധിക്കാനുള്ള സാധ്യത ഏറെയാണ്. തീറ്റയെടുക്കാനും മടിയായിരിക്കും. പ്രജനനത്തിനും ഈ പച്ച നിറമുള്ള ജലാശയമാണ് അവർക്കാവശ്യം. 

വലുപ്പം വേണം

ചെറിയ കുളത്തിൽപ്പോലും ജയന്റ് ഗൗരാമികളെ വളർത്താൻ കഴിയുമെങ്കിലും ബ്രീഡ് ചെയ്യണമെങ്കിൽ കുളത്തിന് വലുപ്പം വേണം. പത്തടി നീളവും വീതിയും 4 അടി താഴ്ചയുമുള്ള ഒരു കുളത്തിൽ ഒരു ജോടി മത്സ്യത്തെ ബ്രീഡ് ചെയ്യാം. 18x14x4 അടി ടാങ്കിൽ മൂന്നു ജോ‌ടി വരെ ബ്രീഡ് ചെയ്യാം. പടുതക്കുളം, സിമന്റ് കുളം, പാറക്കുളം, മൺകുളം തുടങ്ങിയവയിൽ ഗൗരാമികളെ ബ്രീഡ് ചെയ്യാൻ കഴിയും.

ജോടി തിരിക്കണം

ഒരാൺമത്സ്യത്തിന് മൂന്നു പെൺമത്സ്യം വരെ ഒരു കുളത്തിൽ നിക്ഷേപിക്കാമെങ്കിലും കുളത്തിൽ ആൺമത്സ്യങ്ങളുടെ എണ്ണം കൂടുതലുണ്ടെങ്കിൽ ജോടിയായി മാത്രം അതായത് 1:1 അനുപാതത്തിൽ മാത്രമേ ഇടാവൂ. ജോടികളനുസരിച്ച് കൂടൊരുക്കാനുള്ള സൗകര്യങ്ങൾ ചെയ്തു കൊടുത്തിരിക്കണം.

giant-gourami-2
ഒരു പ്രജനനക്കുളം

വെയിൽ വേണം

കുളത്തിൽ എത്രത്തോളം വെയിൽ പതിക്കുന്നുവോ അത്രത്തോളം കുഞ്ഞുങ്ങളെ ലഭിക്കാനുള്ള സാധ്യതയും കൂടും. സാധാരണ 23–28 ഡിഗ്രി സെൽഷ്യസ് താപനിലയാണ് ഗൗരാമികൾക്കാവശ്യമുള്ളത്. ഈ താപനിലയിൽ കുഞ്ഞുങ്ങൾക്ക് മികച്ച വളർച്ചയും എണ്ണക്കൂടുതലും കാണാം. അതുകൊണ്ടുതന്നെ വേനൽക്കാലത്താണ് കുഞ്ഞുങ്ങളുടെ എ​ണ്ണം കൂടുതൽ ലഭിക്കുന്നത്.

ഒരുപാട് ജോടികൾ വേണ്ട

പ്രജനനം ചെയ്യാൻ ഉദ്ദേശിക്കുന്ന കുളങ്ങളിൽ മാതൃശേഖരം അല്ലാതെ മറ്റ് മീനുകൾ പാടില്ല, ഗൗരാമികൾ പോലും. എണ്ണം കൂടിയാൽ ബ്രീഡിങ് കൃത്യമായി നടക്കില്ലെ‌ന്നു മാത്രമല്ല വഴക്കും കൂടുതലായിരിക്കും. 

കുഞ്ഞുങ്ങളും പാടില്ല

പ്രജനനസമയത്ത് ജയന്റ് ഗൗരാമികളുടെ കുഞ്ഞുങ്ങൾ പോലും കുളത്തിൽ ഉണ്ടാവരുത്. കാരണം ഈ കുഞ്ഞുങ്ങൾ മുട്ടകൾ നന്നായി ഭക്ഷിക്കും. 

മാതൃശേഖരം

നല്ല ശരീരവളർച്ചയുള്ള മത്സ്യങ്ങളെ വേണം പ്രജനനായി തെരഞ്ഞെടുക്കാൻ. ഊർജസ്വലതയുള്ളതും ശരീരം നന്നായി തിളങ്ങുന്നതും ആരോഗ്യത്തിന്റെ ലക്ഷണങ്ങളാണ്. നാലു വയസു കഴിഞ്ഞ മത്സ്യങ്ങളെ വേണം പ്രജനനത്തിനായി ഉപയോഗിക്കാൻ. ഈ പ്രായത്തിൽ അവയ്ക്ക് രണ്ടു കിലോഗ്രാമിനു മുകളിൽ തൂക്കമുണ്ടാകും. ഇവയ്ക്ക് സസ്യാഹാരം നൽകുന്നതാണ് നല്ലത്.

ചെറു പ്രാണികളും വില്ലന്മാർ

ചെറിയ അക്വേറിയങ്ങളിൽ ചെറിയ ഇനം മത്സ്യങ്ങളെ അനായാസം ബ്രീഡ് ചെയ്ത് ഏതാണ്ട് മുഴുവൻ കുഞ്ഞുങ്ങളെയും വളർത്തിയെടുക്കാൻ കഴിയും. എന്നാൽ, ജയന്റ് ഗൗരാമികളിൽ കുഞ്ഞുങ്ങളുടെ വളർച്ച ഒരുപാട് കാര്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. മുകളിൽ സൂചിപ്പിച്ച എല്ലാം കുഞ്ഞുങ്ങളുടെ എണ്ണത്തെ സ്വാധീനിക്കുന്നതുപോലെ ജലത്തിലെ ചെറു പ്രാണികളും കുഞ്ഞുങ്ങളുടെ എണ്ണം കുറയ്ക്കുന്നതാണ്. തുമ്പിയുടെ ലാർവ, ഒച്ച്, തവള മുതലായ ജലജീവികൾ കുഞ്ഞുങ്ങളെ നശിപ്പിക്കും. ഇവയെ നിയന്ത്രിക്കുക എന്നത് അത്ര എളുപ്പവുമല്ല. 

അടുത്ത ലക്കം (29–11–2019)

പ്രജനനക്കൂ‌ടൊരുക്കൽ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com