sections
MORE

പേരുപോലെതന്നെ ഇത് വേറിട്ടൊരു നാട്ടുചന്ത

HIGHLIGHTS
  • അഞ്ചു വർഷം മുമ്പ് മട്ടുപ്പാവുകൃഷിയിലൂടെയാണ് പിറവി
  • ബാർട്ടർ സമ്പ്രദായം തിരികെക്കൊണ്ടുവരാൻ ശ്രമിച്ചിട്ടുണ്ട്
nattuchantha-1
SHARE

നല്ല ആരോഗ്യത്തിന് നല്ല ഭക്ഷണം വേണം. നല്ല ഭക്ഷണം വേണമെങ്കിലോ, സ്വന്തമായി അധ്വാനിച്ചുണ്ടാക്കണം. അധ്വാനിച്ച് ഉൽപാദിപ്പിച്ചാൽ മാത്രം പോരല്ലോ അധികമുള്ളവയ്ക്ക് മാർക്കറ്റും കണ്ടെത്തണ്ടേ. അതിപ്പോൾ വീട്ടമ്മമാർക്കൊരു വരുമാനമാർഗമായാലോ... സംഗതി കുറേക്കൂടി ഉഷാറാകും. വീട്ടിൽ ഉൽപാദിപ്പിക്കന്ന പച്ചക്കറികളും പഴവർഗങ്ങളും മറ്റ് ഉൽപന്നങ്ങളും വിറ്റഴിക്കാൻ മലപ്പുറം ജില്ലയിലെ കോക്കൂർ പെൺമിത്ര ഫാർമേഴ്സ് ക്ലബ് വേറിട്ടൊരു വഴി തേടുകയാണ്. പേരുപോലെതന്നെ സ്ത്രീകൾ അംഗങ്ങളായ ഫാർമേഴ്സ് ക്ലബ്ബാണ് ഡിസംബർ ഒന്നിന് മലപ്പുറം വളയംകുളം എംവിഎം സ്കൂളിൽ നാട്ടുചന്ത സംഘടിപ്പിക്കുന്നത്. സാധാരണ പലയിടത്തും നടത്തപ്പെടുന്ന നാട്ടുചന്തയല്ലിത്. അതിനാൽത്തന്നെ പേരും അൽപം പരിഷ്കരിച്ചിട്ടുണ്ട്–വേറിട്ടൊരു നാട്ടുചന്ത.

മട്ടുപ്പാവിൽനിന്ന് തുടക്കം

അഞ്ചു വർഷം മുമ്പ് മട്ടുപ്പാവുകൃഷിയിലൂടെയാണ് പെൺമിത്ര ഫാർമേഴ്സ് ക്ലബ് പിറവിയെടുത്തത്. പിന്നീട് മട്ടുപ്പാവിലെ കൃഷി തൊടിയിലേക്കിറങ്ങി. അവിടെന്ന് പല മേഖലയിലേക്കും വളർന്നു. ഇന്ന് വിവിധ വിഭാഗങ്ങളിലായി അമ്പതോളം അംഗങ്ങളുള്ള സ്ത്രീകളുടെ മാത്രം ക്ലബ്ബാണ് പെൺമിത്ര. 

വിപണനം ലക്ഷ്യം

ഉൽപാദനം മാത്രമായാൽ പ്രയോജനമില്ലെന്ന തിരിച്ചറിവിൽനിന്നാണ് നാട്ടുചന്തയെന്ന ആശയമുദിച്ചതെന്ന് പെൺമിത്രയുടെ കോ–ഓർഡിനേറ്ററും പൊതുപ്രവർത്തകയുമായ സീനത്ത് കൊക്കൂർ പറയുന്നു. പെൺമിത്രയുടെ അംഗങ്ങളെ മുൻനിർത്തിയാണ് നാട്ടുചന്ത എന്ന ആശയം ഉടലെടുത്തതെങ്കിലും അംഗങ്ങളല്ലാത്തവരിൽനിന്നും കുട്ടികളിൽനിന്നും മികച്ച പിന്തുണ ലഭിച്ചിട്ടുണ്ടെന്നും സീനത്ത് കർഷകശ്രീ‌യോടു പറഞ്ഞു.

എന്തുകൊണ്ട് വ്യത്യസ്തം?

ഒരു ദിവസം മാത്രമുള്ള നാട്ടുചന്തയിൽ നിരവധി പരിപാടികൾ ഉൾക്കൊള്ളിക്കാനാണ് പെൺമിത്ര ശ്രമിച്ചിട്ടുള്ളത്. എല്ലാം ലളിതം സുന്ദരം എന്നും പറയാം. ഉദ്ഘാടനംതന്നെ ഔപചാരിക ചടങ്ങുകളില്ലാതെ ഏതെങ്കിലും ഉൽപന്നത്തിന്റെ വിൽപന നടത്തി മലപ്പുറം കെവികെയുടെ പ്രോഗ്രാം കോ–ഓർഡിനേറ്ററായ പി.കെ. അബ്ദുൾ ജബ്ബാർ നിർവഹിക്കും. 

പണ്ടുകാലത്ത് നിലവിലുണ്ടായിരുന്ന ബാർട്ടർ സമ്പ്രദായം തിരികെക്കൊണ്ടുവരാൻ ശ്രമിച്ചിട്ടുണ്ട്. പുരയിടത്തിൽ കൃഷിചെയ്തുണ്ടാക്കിയ ഉൽപന്നങ്ങൾ കൊണ്ടുവന്ന് കൈമാറ്റം ചെയ്ത് മറ്റുൽപന്നങ്ങൾ വാങ്ങാം. മുൻകൂട്ടി അറിയിച്ചവർക്കു മാത്രമേ ഇങ്ങനെ കൈമാറ്റം ചെയ്യാൻ സാധിക്കൂ.

കൂൺകൃഷി, അക്വാപോണിക്സ്, തേനീച്ചവളർത്തൽ, മൈക്രോഗ്രീൻസ്, തിരിനന തുടങ്ങിയവയിൽ പരിശീലനക്ലാസുകളും കൃഷി, പരിസ്ഥിതി, ആരോഗ്യം എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട പുസ്തകങ്ങളും നാട്ടുചന്തയുടെ ഭാഗമായി ലഭിക്കും. ഒപ്പം യോഗ പഠന ക്ലാസും.

വീട്ടമ്മമാരും കുടുംബശ്രീ യൂണിറ്റുകളും തയാറാക്കിയ മസാലകൾ, അച്ചാറുകൾ, കുട്ടികൾക്കുള്ള കായപ്പൊടികൾ, പുഡ്ഡിങ്, ചമ്മന്തിപ്പൊടി, ഔഷധക്കഞ്ഞി, പായസം, ബിരിയാണി, ബിരിയാണി കഞ്ഞി, പലഹാരങ്ങൾ തുടങ്ങിയവയും ബാഗ്, ചവിട്ടി മുതലായവയും വിൽപനയ്ക്കുണ്ടാകും. ഇവ കൂടാതെ നിരവധി കാർഷികോൽപന്നങ്ങളും വിപണിയുടെ ഭാഗമായി വിവിധ സ്റ്റാളുകളിലുണ്ടാകും. 

nattuchantha
പാളയും ഓലയും ഉപയോഗിച്ച് വിവിധ ഉൽപന്നങ്ങൾ നിർമിക്കുന്ന കുട്ടികൾ

കപ്പൂർ കെഎഎംഎഎൽപി സ്കൂൾ അധ്യാപകരുടെയും വിദ്യാർഥികളുടെയും നേതൃത്വത്തിൽ കുട്ടികൾക്കായി ഓലയുൽപന്ന നിർമാണം, കടലാസ് പേന, കടലാസ് കവർ തുടങ്ങിയവയുടെ നിർമാണപരിശീലനവും നാട്ടുചന്തയുടെ ഭാഗമായുണ്ട്. 

മാസത്തിൽ ഒന്ന്

കർഷകരുടെ ഉൽപന്നങ്ങൾ ഇടനിലക്കാരില്ലാതെ നേരിട്ട് ഉപഭോക്താവിലേക്കെത്തിക്കുകയെന്നതാണ് പെൺമിത്ര കൊക്കൂർ പുതിയ സംരംഭത്തിന് തുടക്കം കുറിക്കുന്നത്. മാസത്തിലെ എല്ലാ ആദ്യ ഞായറാഴ്ചയുമാണ് നാട്ടുചന്ത പ്രവർത്തിക്കുക. 

കൂടുതൽ വിവരങ്ങൾക്ക്

9567405334,9846715471, 9846205700

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA