ADVERTISEMENT

കേരളത്തിലെ ആദ്യകാല റബർ പ്ലാന്റേഷനുകളിലൊന്നാണ് എവിജി ഗ്രൂപ്പിന്റെ കോട്ടയം ജില്ലയിലെ കൂട്ടിക്കൽ എസ്റ്റേറ്റ്. ഏക്കറുകൾ വരുന്ന എസ്റ്റേറ്റിലൂടെ ചുറ്റി നടക്കുമ്പോഴാണ് ഒഴിവുള്ള സ്ഥലങ്ങളിൽ വീട്ടാവശ്യത്തിനുള്ള പഴങ്ങളും പച്ചക്കറികളും കൃഷി ചെയ്താലെന്താ എന്നു ചിന്തിച്ചതെന്ന് എവിജി ഗ്രൂപ്പ് ഡയറക്ടർ അജയ് ജോൺ ജോർജ്. ‘‘കോട്ടയം ടൗണിലാണ് താമസം. മാർക്കറ്റിൽനിന്നു വാങ്ങുന്ന പച്ചക്കറിയാണ് ആശ്രയം. അതു പക്ഷേ എവിടെ കൃഷി ചെയ്തു, എങ്ങനെ കൃഷി ചെയ്തു എന്നൊന്നും ഒരു പിടിയുമില്ല. വീട്ടാവശ്യത്തിനാണ് കൃഷി തുടങ്ങിയതെങ്കിലും ക്രമേണ കൃഷിവിസ്തൃതി വർധിച്ചു. വിഷസ്പര്‍ശമില്ലാത്ത പച്ചക്കറിയെന്നു പറഞ്ഞ് പൊതുവിപണിയിലെത്തിച്ചാൽ പക്ഷേ, മറുനാടൻ പച്ചക്കറികളോടു മത്സരിച്ചു തോല്‍ക്കും. ഉൽപാദകരും ഉപഭോക്താക്കളുമൊന്നിക്കുന്ന ഓൺലൈൻ ഫുഡ് പ്ലാറ്റ്ഫോമുകളുടെയും ഹോം ഡെലിവറി രീതിയുടെയുമെല്ലാം മെച്ചം ഇവിടെയാണ്. ഉപഭോക്താവിനു നല്ല ഭക്ഷണം, ഉൽപാദകന് ഇടനിലക്കാരില്ലാതെ വിപണനം, ഫ്രഷ് ഫീൽഡ്സ് എന്ന ഭക്ഷ്യസംരംഭം വളർന്നതങ്ങനെ’’, കൂട്ടിക്കലിലെ കൃഷിയിടത്തിൽനിന്ന് അജയ് പറയുന്നു.

fresh-fields
പോളിഹൗസിനുള്ളിലെ ചീരക്കൃഷിക്കരികെ അജയ് (ഇടത്തുനിന്ന് രണ്ടാമത്) പിവിസി പൈപ്പിൽ കുരുമുളകു പടർത്തിയുള്ള കൃഷിരീതിയും പരീക്ഷിക്കുന്നുണ്ടിവിടെ.

അഞ്ചു പോളിഹൗസുകളിലുൾപ്പെടെ നിലവിൽ 20 ഏക്കറിലാണ് എസ്റ്റേറ്റിലെ പഴം–പച്ചക്കറിക്കൃഷി. സുരക്ഷിത ഭക്ഷണം എന്ന നിഷ്കർഷ പാലിച്ചുതന്നെയാണ് പരിപാലനവും വളപ്രയോഗവും. വിസ്തൃതമായ റബർ എസ്റ്റേറ്റിലെ സ്റ്റാഫ് ക്വാർട്ടേഴ്സിന്റെ പരിസരങ്ങളിലും മറ്റും പാഴായിക്കിടന്ന സ്ഥലങ്ങളിൽ ഇപ്പോൾ വാഴയും കപ്പയും ചേനയും ചേമ്പുമെല്ലാം വളരുന്നു. പപ്പായയും പ്ലാവും റംബുട്ടാനും പേരയും പാഷൻഫ്രൂട്ടും പോലുള്ള പഴവർഗങ്ങളുമുണ്ട്. പോളി ഹൗസിൽ കുക്കുമ്പറും പയറും ചീരയുമാണ് മുഖ്യ വിളകൾ. മഴമറയിൽ നിറയെ പച്ചമുളക്. പന്തൽകൃഷിയായി പടവലമുണ്ട്. കൃത്യതാകൃഷിരീതിയിൽ വെണ്ടയും മറ്റു പച്ചക്കറിയിനങ്ങളും. കോട്ടയം നഗരത്തിലാണു നിലവിൽ ഫ്രഷ് ഫീൽഡ്സിന്റെ ഹോം ഡെലിവറി മുഖ്യമായുള്ളത്. തിങ്കളാഴ്ച വൈകിട്ടും ചൊവ്വാഴ്ച രാവിലെയുമായി വിളവെടുത്ത പഴങ്ങളും പച്ചക്കറികളും പുതുമ ചോരാതെ ചൊവ്വാഴ്ച രാവിലെ ഉപഭോക്താവിന്റെ വീട്ടിലെത്തും. ഓർഡർ സ്വീകരിക്കാൻ വാട്‌സാപ് ഗ്രൂപ്പ് സംവിധാനമാണ് പ്രയോജനപ്പെടുത്തുന്നത്. 

മൂന്നോ നാലോ അംഗങ്ങളുള്ള കുടുംബത്തിന് ഒരാഴ്ചത്തേക്ക് സമൃദ്ധമായുണ്ടാവും ഒരു ബോക്സ് പച്ചക്കറി. ഒരൊറ്റ ഫാമിൽനിന്നുള്ള പച്ചക്കറികളും പഴങ്ങളുമാണ് അവയത്രയും എന്നതാണ് ഉപഭോക്താക്കളെ ഏറ്റവും സന്തോഷിപ്പിക്കുന്ന ഘടകമെന്ന് അജയ്. പത്തിലേറെയിനം പച്ചക്കറികൾ ഉൾപ്പെടുന്നതാവും ഓരോ ബോക്സും. ഒപ്പം ഓരോ ആഴ്ചയിലും കാണും ചില കൗതുകവിഭവങ്ങൾ. കപ്പ, റംബുട്ടാൻ, വാഴപ്പഴം, കുടമ്പുളി, വാഴച്ചുണ്ട് അങ്ങനെ പലതും. ചിലയിനങ്ങൾ ലഭിക്കുമ്പോൾ നഗരത്തിൽ താമസിക്കുന്ന പലർക്കും അതുപയോഗിച്ച് എന്തു വിഭവമുണ്ടാക്കാം എന്നറിവുണ്ടാവില്ല. ഫ്രഷ് ഫീൽഡ്സുമായി ബന്ധപ്പെടുക, പാചകവിധികൾ ഫോണിലെത്തും. ഉപഭോക്താക്കൾ വർധിച്ചതോടെ കൃഷി വിപുലമാക്കാനുള്ള ശ്രമത്തിലാണു  ഫ്രഷ് ഫീൽഡ്സ്.

fresh-fields-2
പോളിഹൗസിലെ പച്ചക്കറികൃഷി

കേരളത്തിലെ ഓൺലൈൻ വിപണി

ഭക്ഷ്യോൽപന്നരംഗത്ത് ഓൺലൈൻ വിപണിയും ഹോംഡെലിവറിയും മികച്ച വളർച്ച നേടുന്ന കാലമാണിത്. കേരളവും ആ രീതി പരിചയിച്ചു കഴിഞ്ഞു. അതേസമയം പഴം–പച്ചക്കറികളുടെ കാര്യത്തിൽ, ഉറവിടത്തിന്റെ വിശ്വാസ്യതയ്ക്കിന്ന് ഉപഭോക്താക്കൾ വലിയ പ്രാധാന്യം നൽകുന്നുണ്ട്. ഒറ്റ ഫാമിൽനിന്നെത്തുന്ന പച്ചക്കറി എന്ന മേന്മ അനുകൂല ഘടകമായി മാറുന്നതും ഈ സാഹചര്യത്തിലാണ്. മറ്റൊന്ന്, നാട്ടിൽ വിളയുന്ന പച്ചക്കറിക്കു ലഭിക്കുന്ന മേൽക്കയ്യാണ്. ‘ഈറ്റ് ഹെൽത്തി, ഈറ്റ് ഫ്രഷ്, ഈറ്റ് ലോക്കൽ’ എന്ന ആശയമാണ് ഞങ്ങൾ മുമ്പോട്ടുവയ്ക്കുന്നതും.

ഫോൺ: 9446022657

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com