ADVERTISEMENT

ഒരു കട്ടൻകാപ്പി കുടിക്കാതെ ഒരു ദിവസം ആരംഭിക്കാൻ പലർക്കും കഴിയില്ല. ഉണർവോടെ ഒരു ദിവസം ആരംഭിക്കാൻ കാപ്പി ഉത്തമപാനീയ‌മാണ്. അതുകൊണ്ടുതന്നെ ആരോഗ്യദായകമായ പാനീയമാണ് കാപ്പിയെന്ന് നിസംശയം പറയാം. 2018 മേയ് 16ന് ഹെൽത്ത്‌ലൈനിൽ കാപ്പിയുടെ പത്തു ഗുണങ്ങളെക്കുറിച്ച് ഡോ. എ. എൻലോ പ്രതിപാദിച്ചിരുന്നു. 2019 നവംബർ 28ന് സ്‌‌പെഷ്യലി മെഡിസിനൽ ഡയലോഗ്‌സിൽ ഡോ. ഹിന സാഹിസും സമാന ആശയം മുന്നോട്ടുവച്ചിരുന്നു. ഡോ. ഹിനയുടെ വാക്കുകൾ ഇങ്ങനെ: കാപ്പിയും ആരോഗ്യവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് നിരവധി പഠനങ്ങൾ നടന്നിട്ടുണ്ട്. മാനസികാരോഗ്യം, കായിക പ്രകടനം, ടൈപ്പ് 2 ഡയബറ്റീസ്, കരളിന്റെ പ്രവർത്തനം, നാഡി പ്രശ്നങ്ങൾ, ഗർഭധാരണം, കാൻസർ, ഹൃദയരോഗങ്ങൾ തുടങ്ങി കാപ്പിയും മനുഷ്യനും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പഠനങ്ങൾ നടന്ന മേഖലകൾ നിരവധിയാണ്. ഭൂമിയിൽ 100 കോടിയോളം പേർക്കുള്ള അവസ്ഥയാണ് മെറ്റാബോളിക് സിൻഡ്രോം. ഇത് ഹൃദ്രോഗങ്ങൾക്കുള്ള സാധ്യത വർധിപ്പിക്കും. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയന്റിഫിക് ഇൻഫർമേഷൻ ഓൺ കോഫി (ഐഎസ്ഐസി) പുറത്തുവിട്ട റിപ്പോർട്ടിൽ മെറ്റാബോളിക് സിൻഡ്രോം ഉയർത്തുന്ന ആരോഗ്യപ്രശ്നങ്ങൾ കുറയ്ക്കാൻ കാപ്പിയുടെ ഉപയോഗത്തിനാകുമെന്ന് പരാമർശിച്ചിട്ടുണ്ട്. പ്രതിദിനം നാലു കാപ്പിവരെ കുടിക്കുന്നത് മെറ്റാബോളിക് സിൻഡ്രോം ഉയർത്തുന്ന വെല്ലുവിളികൾ കുറയ്ക്കാൻ നല്ലതാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

ഇറ്റലിയിലെ കാറ്റാനിയ യൂണിവേഴ്‌സിറ്റിയിലെ ഡോ. ജുസെപ്പെ ഗെരോസോയും സംഘവും നടത്തിയ പഠനത്തിൽ ടൈപ്പ് 2 ഡയബറ്റീസ്, ഹൈപ്പർ ടെൻഷൻ തുടങ്ങിയവ വരാനുള്ള സാധ്യത കാപ്പിയുടെ ഉപയോഗം ഇല്ലാതാക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. 

അധികമായാൽ...

അധികമായാൽ അമൃതും വിഷമാണെന്ന് പറയുന്നതുപോലെതന്നെയാണ് കാപ്പിയുടെ കാര്യവും. ദിവസേനയുള്ള കാപ്പികുടിയിൽ അഞ്ചു കപ്പ് കാപ്പി വരെ ശീലിക്കാം. എന്നാൽ, അതിനു മുകളിലേക്കായാൽ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. കൂടുതൽ കാപ്പി കഴിക്കുന്നവർക്ക് ശരീരത്തിൽ കഫീന്റെ അളവ് ഉയർന്ന് തലവേദന, ഉറക്കക്കുറവ്, അസ്വസ്ഥത, വിറയൽ, ഹൃദയമിടിപ്പ് ഉയരുക തുടങ്ങിയവയുണ്ടാക്കും. അതുകൊണ്ടുതന്നെ കാപ്പി ശീലിക്കുന്നതിൽ പരിധി നിശ്ചയിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. കുട്ടികളെ കാപ്പികുടി ശീലിപ്പിക്കരുത്. അതുപോലെതന്നെ ഗർഭിണികളും കാപ്പി നിയന്ത്രിക്കണം.

ഉത്ഭവം എത്യോപ്യ

എത്യോപ്യയിലാണ് കാപ്പിയുടെ ഉത്ഭവം. പിന്നീട് അറബ് രാജ്യങ്ങളിൽ ഏറെ പ്രചാരമുള്ളതായി. മദ്യം നിരോധിച്ചതോടെയാണ് അറബ് രാഷ്‌ട്രങ്ങളിൽ കാപ്പിക്ക് പ്രചാരമേറിയത്. 1670ൽ മൈസൂർ രാജവംശത്തിനു കീഴിലുള്ള ചിക്കമംഗലൂരുവിൽ കാപ്പി നട്ടുപിടിപ്പിച്ചു. പിന്നാലെ അറബ് കച്ചവടക്കാരിൽനിന്ന് വാങ്ങി മലബാർ ഭാഗത്തും കാപ്പി നട്ടുപിടിപ്പിച്ചു. ഇതാണ് കർണാടക, കേരളം, തമിഴ്‌നാട് എന്നിവിടങ്ങളിൽ കാപ്പിക്കൃഷി വ്യാപകമാകാൻ കാരണം. പിന്നാലെ ആന്ധ്രപ്രദേശിലും കാപ്പി വ്യാപകമായി. ഏറ്റവുമൊടുവിൽ ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും കാപ്പി വ്യാപകമായി. 

കുടിക്കുന്നത് ശുദ്ധമായ കാപ്പിയല്ല

ദക്ഷിണേന്ത്യയിലെ നല്ലൊരു ശതമാനം പേരും കുടിക്കുന്നത് ശുദ്ധമായ കാപ്പിയല്ല. ചിക്കറി ചേർത്ത കാപ്പിയാണ് കൂടുതലും പ്രചാരത്തിലുള്ളത്. ‌കാപ്പി വേണ്ടത്ര ലഭ്യമല്ലാതിരുന്ന കാലത്ത് (1880) ഫ്രാൻസാണ് കാപ്പിപ്പൊടിയിൽ ചിക്കറികൂടി ചേർത്തുതുടങ്ങിയത്. പിന്നാലെ കാപ്പി–ചിക്കറി സംയുക്തം ലോകശ്രദ്ധയാകർഷിച്ചു. 

"അൽപം ചിക്കറി ചേർത്താൽ കാപ്പിയുടെ രുചിക്ക് മാറ്റമൊന്നുമുണ്ടാകില്ല. രുചി അൽപം കൂടിയെങ്കിലേയുള്ളൂ. നിറവും വർധിക്കും. അതുകൊണ്ടുതന്നെ ആളുകൾ കൂടുതൽ ഈ പാനീയം ഇരു കൈയും നീട്ടി സ്വീകരിച്ചു"വെന്ന് ഇംഗ്ലീഷ് സാഹിത്യകാരനായ ചാൾസ് ഡിക്കൻസ് പറഞ്ഞിട്ടുണ്ട്. 

ബ്രീട്ടിഷ് കോളനികളാണ് കാപ്പിക്ക് കൂടുതൽ പ്രചാരം നൽകിയത്. വെള്ളം, പഞ്ചസാര, നാലു ശതമാനം കഫീൻ ഇല്ലാത്ത കാപ്പിസത്ത്, 26 ശതമാനം ചിക്കറി സത്ത് എന്നിവ ചേർന്നുള്ള മിശ്രിതമായിരുന്നു ബ്രിട്ടീഷുകാർ ഉപയോഗിച്ചിരുന്നത്. ഇന്ത്യൻ സൈനികരും ഇത് ഉപയോഗിക്കുന്നുണ്ട്.

ദക്ഷിണേന്ത്യയിൽ കാപ്പി–ചിക്കറി അനുപാതം വ്യത്യാസപ്പെട്ടിരിക്കുന്നു. 80% കാപ്പിയും 20% ചിക്കറിയും ഉപയോഗിക്കുന്നുണ്ടെങ്കിലും 60–40 അനുപാതമാണ് സാധാരണ ഉപയോഗിക്കുന്നത്. ഇന്ത്യയിൽ ഗുജറാത്തിലും ഉത്തർപ്രദേശിലുമാണ് ചിക്കറി കൃഷിചെയ്യുന്നത്. ചിക്കറിക്ക് വളരാനാവശ്യമായ മണ്ണ് ഇവിടാണുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com