ADVERTISEMENT

ഇന്ത്യയിൽ ഏറ്റവും കൂടുതൽ കേക്കുകൾ ഒരുക്കി വിപണിയിലെത്തിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. ഇന്ത്യയിലാദ്യമായി കേക്ക് ഉണ്ടാക്കിയതും അത് ബേക്കറികളിലെ താരമായി വളർന്നതും കേരളത്തിലാണ്. ക്രിസ്മസ്, പുതുവത്സരവേളകളിൽ മാത്രം വിപണിയിൽ സുലഭമായിരുന്ന കേക്കുകൾ ഇന്നു ജന്മദിനാഘോഷങ്ങളിലെയും മറ്റു വിശേഷാവസരങ്ങളിലെയും താരമാണ്.

ക്രിസ്മസ്–പുതുവത്സരാവസരങ്ങളിൽ പ്ലം, ഫ്രൂട്ട് കേക്കുകൾക്കാണ് പ്രചാരം; ജന്മദിനങ്ങളിലും മറ്റു വിശേഷാവസരങ്ങളിലും അലങ്കരിച്ച സ്പോഞ്ച്, മാർബിൾ, വെൽവെറ്റ്, വാൻജോ കേക്കുകൾക്കാണ് പ്രിയം. ഹോംമെയ്ഡ് കേക്കുകൾക്ക് ഡിമാൻഡ് കൂടിവരുന്നു.

ചേരുവകൾ

കേക്കുകൾക്കു വൈവിധ്യം പകരുന്നത് ചേരുവകളാണെങ്കിൽ ചേരുവകളിലെ കൃത്യതയാണ്  രുചിയും ഭംഗിയും നല്‍കുന്നത്. മുട്ട, വെണ്ണ/സസ്യ എണ്ണകൾ, പഞ്ചസാര, ധാന്യമാവ്, ബേക്കിങ് സോഡ, സുഗന്ധത്തിനും രുചിക്കുമായി എസൻസുകൾ, സുഗന്ധവ്യഞ്ജനങ്ങൾ, ഉണക്കിയ പഴങ്ങൾ / പഴച്ചാറുകൾ, ന ട്സുകൾ, രുചിയിലും കാഴ്ചയിലും വ്യത്യസ്തതയ്ക്കായി കൊക്കോപ്പൊടി, കരാമൽ, ഭക്ഷ്യയോഗ്യനിറങ്ങൾ, കേക്ക് അലങ്കരിക്കുന്നതിനു വിപ്പിങ് ക്രീം എന്നിവയാണ് പ്രധാന ചേരുവകൾ.

ഓൾ പർപ്പസ് മൈദ, ഗോതമ്പുപൊടി, ചെറുധാന്യപ്പൊടികള്‍ എന്നിവയെല്ലാം കേക്കിനു ചേരുവയാണ്. ധാന്യമാവ് പഴകാത്തതും ഈർപ്പമില്ലാത്തതുമായിരിക്കണം.  മുട്ടയും പഴക്കമില്ലാത്തതും ശുചിയായതുമാകണം. സസ്യാഹാരികൾക്കായി മുട്ടയ്ക്കു പകരം തൈര്, കണ്ടൻസ്ഡ് മിൽക്ക് എന്നിവ ചേർത്തുണ്ടാക്കുന്ന കേക്കുകളും പ്രചാരത്തിലുണ്ട്. കേക്കിനു മയം നൽകാൻ വെണ്ണയ്ക്കു പകരം റിഫൈൻഡ് സസ്യഎണ്ണയും ഉപയോഗിക്കാം. മധുരത്തിനായി പഞ്ചസാരയ്ക്കു പകരം തേൻ, ബ്രൗൺ  ഷുഗർ (തവിട്ടു നിറമുള്ള പഞ്ചസാര), ശർക്കര എന്നിവ ഉപയോഗിക്കാം. കേക്കിനു മൃദുത്വവും വ്യാപ്തിയും കൂട്ടുന്നതിനു ചേർക്കുന്ന ബേക്കിങ് പൗഡർ, ബേക്കിങ് സോഡ എന്നിവയും പഴക്കമില്ലാത്തതും ഗുണമേന്മയുള്ളതുമാകണം. പഴക്കമുള്ളവ  ഉപയോഗിച്ചാൽ കേക്കിന്റെ മാവ് വേണ്ടവിധത്തിൽ പൊങ്ങിവരില്ല. കേക്കിനായി ഡ്രൈ ഫ്രൂട്ടുകളായ ടൂട്ടി ഫ്രൂട്ടി, ബേക്കറി ചെറി എന്നിവ സ്വന്തമായി തയാറാക്കാം. ഈന്തപ്പഴം, ഉണക്കിയ അത്തിപ്പഴം എന്നിവയ്ക്കു പകരം നാട്ടിൽ സുലഭമായ ചെറുവാഴപ്പഴങ്ങൾ, ചക്കപ്പഴം, കൈതച്ചക്ക എന്നിവ ഉണക്കിയും സിറപ്പിലിട്ടും പരുവപ്പെടുത്തി ഉപയോഗിക്കാം. ഓറഞ്ചുതൊലി, ഇഞ്ചി എന്നിവ വിളയിച്ച് തയാറാക്കി സൂക്ഷിക്കാം. ആവശ്യമായ അളവിൽ ഡ്രൈ ഫ്രൂട്ട് അരിഞ്ഞുചേർത്ത് പാകപ്പെടുത്തി കേക്കിൽ ചേർത്താൽ കൂടുതൽ മയമുണ്ടാവും. 

cake-1

ഉപകരണങ്ങൾ

വീട്ടാവശ്യത്തിനുണ്ടാക്കാന്‍ എഗ്ഗ് ബീറ്റർ, ചെറിയ ഒടിജി അവ്ൻ തുടങ്ങിയ ചെറു ഉപകരണങ്ങൾ മതി. വ്യാവസായികാടിസ്ഥാനത്തിലാണെങ്കില്‍ കുറെക്കൂടി യന്ത്രസാമഗ്രികൾ വേണം.

പൗഡർ സിഫ്റ്റ്നർ: കേക്കിന്റെ മൃദുത്വവും പരുവവും കൂട്ടുന്നതിനു മാവും ബേക്കിങ് പൗഡറും ബേക്കിങ് സോഡയും സുഗന്ധവ്യഞ്ജനപ്പൊടികളും ചേർത്ത് പല തവണ അരിക്കേണ്ടതുണ്ട്. ഇതിനായി മോട്ട റൈസ്ഡ് സിഫ്ട്നർ ഉപയോഗിക്കാം. പല അളവുകളിൽ മാവ് അരിക്കാവുന്ന സിഫ്ട്നർ ലഭ്യമാണ്.

പൾവറൈസർ: കേക്കിലെ പ്രധാന ചേരുവയായ പഞ്ചസാര പൊടിച്ചെടുക്കുന്നതിനു പൾവറൈസർ വേണ്ടിവരും. മുട്ട പൊട്ടിച്ചെടുക്കുന്നതിനു  മോട്ടറൈസ്ഡ് യന്ത്രങ്ങള്‍ ലഭ്യമാണ്.

കേക്ക് മിക്സർ (dough mixer): ചേരുവകളായ വെണ്ണ, മുട്ട, പഞ്ചസാര, മാവ് എന്നിവ നന്നായി യോജിപ്പി ച്ചെങ്കിൽ മാത്രമേ കേക്കിനു മാർദവവും രൂപഭംഗിയും രുചിയും ലഭിക്കുകയുള്ളൂ.   മിശ്രിതം യോജിപ്പിക്കു ന്നതിനുള്ള ഉപകരണമാണ് ഡോ മിക്സർ അഥവാ കേക്ക് മിക്സർ. 250 കിലോ മുതൽ 100 കിലോവരെ യോജിപ്പിക്കാവുന്ന തരത്തിൽ വ്യത്യസ്ത അളവുകളിൽ  ഈ യന്ത്രം ലഭ്യമാണ്.

അവ്ൻ, ബോർമ: തയാറാക്കാനുള്ള കേക്കിന്റെ മാവിന്റെ അളവനുസരിച്ച് അവ്നോ ബോർ‍മയോ സജ്ജമാക്കാം. ഗ്യാസ് വൈദ്യുതി ഇന്ധനമായുള്ള അവ്നുകളുമാകാം. വെയിങ് ബാലൻസ്, കേക്ക് ടിന്നുകൾ, സ്ച്ചാച്ചുല, കട്ടിങ് നൈഫുകൾ, ബ്രഷുകൾ എന്നിങ്ങനെ  ചെറു ഉപകരണങ്ങളും വേണം.

ആഘോഷങ്ങൾക്കനുസരിച്ചു കേക്ക് അലങ്കരിക്കലും പ്രധാനം. ഉപഭോക്താക്കളുടെ അഭിരുചിക്കനുസ രിച്ച് അലങ്കരിച്ചു നൽകുന്ന കേക്കുകൾക്ക് 500 മുതൽ 2000 രൂപ വരെ വിലയുണ്ട്. കുട്ടികൾക്ക് ഇഷ്ടമുള്ള കാർട്ടൂൺ കഥാപാത്രങ്ങളായും കൗതുകമുണർത്തുന്ന വിധത്തിൽ വീടിന്റെയും കപ്പലിന്റെയും വിമാനത്തി ന്റെയും മാതൃകയിലുമൊക്കെ കേക്ക് ഒരുക്കി അധികാദായം നേടാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com