ADVERTISEMENT

വരുംകാലങ്ങളിൽ നമ്മുടെ തീൻമേശകളിൽ ബീഫിനും ചിക്കനും  പകരം വിട്ടിൽ, ചീവീട്, ഞാഞ്ഞൂൽ, പുൽച്ചാടി, പട്ടുനൂൽപ്പുഴു ഇവയൊക്കെ വറുത്തും പൊരിച്ചും എത്തിയാൽ അതിശയിക്കേണ്ടതില്ല. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ആദിവാസികളും ഗോത്രവർഗക്കാരും പണ്ടുമുതലേ   ആഹാരത്തിൽ ഉൾപ്പെടുത്തിപ്പോന്ന കീടങ്ങളും പുഴുക്കളും ഇപ്പോൾ ലോകശ്രദ്ധ നേടുകയാണ്, ഒന്നിലധികം കാരണങ്ങളാൽ.

ലോകമാകെ ഏകദേശം 200 കോടി ജനങ്ങളുടെ ആഹാരരീതിയിൽ ഇപ്പോൾ ഈ ചെറുജീവികൾക്കു ചെറുതല്ലാത്ത പങ്കുണ്ട്. ആഗോളാടിസ്ഥാനത്തിൽ 1900 വ്യത്യസ്ത ഇനം (species) കീടങ്ങളെ ആഹരിക്കുന്നുണ്ട്. ഇന്ത്യയിലെ പത്തു സംസ്ഥാനങ്ങളിലായി ഭക്ഷണയോഗ്യമായ ഏകദേശം 300 ലധികം കീടങ്ങളും പുഴുക്കളും ആണുള്ളത്. അരുണാചൽപ്രദേശിലാണ് ഏറ്റവും അധികം കീടങ്ങളെ ആഹാരമാക്കുന്നത്.

തീറ്റപരിവർത്തനശേഷിയിൽ ചെറുജീവികൾ നാൽക്കാലികളെ അപേക്ഷിച്ച് ഏറെ മുന്നിലാണ്. ശരാശരി 2 കിലോ തീറ്റയിൽനിന്ന് ഇവ  20 കിലോ ശരീരഭാരം ഉൽപാദിപ്പിക്കുമ്പോൾ നാൽക്കാലികൾക്ക് ഒരു കിലോ തൂക്കംവയ്ക്കാൻ വേണ്ടത് 8 കിലോ തീറ്റയാണ്! കീടങ്ങളുടെയും പുഴുക്കളുടെയും വളർത്തൽ അതായത്; കൃഷി, കാലിവളർത്തൽ എന്നിവയെക്കാൾ വിഭവക്ഷമതയുള്ളതുമാണ്. സ്ഥലസൗകര്യം, ജലം തുടങ്ങിയവ കീടങ്ങൾക്ക് വളരെക്കുറച്ചു മതിയല്ലോ.

ഹരിതഗൃഹ വാതക ഉൽപാദനത്തിലെ കുറവാണ് കീടങ്ങൾക്കും പുഴുക്കൾക്കും അനുകൂലമായ മറ്റൊരു ഘടകം. ലോകമെമ്പാടും ഇപ്പോൾ കാലിവളർത്തലിനെ പ്രതിക്കൂട്ടിലാക്കുന്ന ഒരു കാരണം ഹരിതഗൃഹവാതക ഉൽപാദനമാണല്ലോ. കന്നുകാലികളെ അപേക്ഷിച്ച് കീടങ്ങൾ മുഖാന്തിരമുള്ള ഹരിതഗൃഹവാതക നിർഗമനം തുലോം കുറവ് ആണെന്ന് പഠനങ്ങൾ വെളിവാക്കുന്നു.

പോഷകഗുണത്തിൽ ബീഫും കീടങ്ങളും ഏറക്കുറെ സമാനമാണ്. പട്ടിക – 2: ഒരു കിലോ ചീവീടിൽ 205 ഗ്രാം മാംസ്യവും (പ്രോട്ടീൻ), 68 ഗ്രാം കൊഴുപ്പും (Fat) അടങ്ങിയിരിക്കുന്നുവെങ്കിൽ ഒരു കിലോ ബീഫിൽ 256 ഗ്രാം മാംസ്യവും 187 ഗ്രാം കൊഴുപ്പുമാണുള്ളത്.

fried

മിക്ക കീടങ്ങളും കാൽസ്യം, ഇരുമ്പ്, ചെമ്പ്, വിറ്റാമിൻ, ഒമേഗ–3–ഫാറ്റി ആസിഡ് തുടങ്ങിയ ഘടകങ്ങളാൽ സമ്പുഷ്ടവുമാണ്. ചിലതരം കീടങ്ങൾക്ക് വാജീകരണശേഷിയും ഉണ്ടത്രെ! കീടങ്ങളുടെയും പുഴുക്കളുടെയും ശേഖരണവും ഉൽപാദനവും പാവപ്പെട്ടവർക്ക് നല്ല വരുമാനമാർഗമാക്കാൻ പറ്റും.

വിഭവപരിമിതിയുള്ള നഗരങ്ങളിൽ, കീട–പുഴു ഉൽപാദനം താരതമ്യേന എളുപ്പമായിരിക്കും. അതുകൊണ്ടുത ന്നെ നഗരകൃഷി (Urban Agriculture) യിൽ കീട–പുഴു കൃഷി നല്ല ഒരു ഘടകവുമായിരിക്കും. ഭക്ഷ്യയോഗ്യമായ കീടങ്ങളുടെ ആഗോളമാർക്കറ്റ് 2015ൽ ഏകദേശം 33 ദശലക്ഷം അമേരിക്കൻ ഡോളർ ആയിരുന്നു. 40 ശത മാനം വളർച്ചനിരക്ക് പ്രതീക്ഷിക്കുന്ന ഈ മേഖല 2024മാണ്ടോടെ ഏകദേശം 700 ദശലക്ഷം അമേരിക്കൻ ഡോളർ മൂല്യമുള്ള വിപണിയായി വളരുമെന്നാണ് വിപണിവൃത്തങ്ങളുടെ വിലയിരുത്തല്‍.  ഇന്ത്യയെപ്പോലെയുള്ള രാജ്യങ്ങൾക്ക് ഈ മേഖല വൻസാധ്യതയാണ് വാഗ്ദാനം ചെയ്യുന്നത്.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com