പഠിച്ചതിനുശേഷം മാത്രം മത്സ്യക്കൃഷിയിലേക്ക് ഇറങ്ങുക

HIGHLIGHTS
  • വിൽപനയ്ക്കുള്ള മാർഗവും കണ്ടിരിക്കണം
  • എംപിഇഡിഎയും ആർജിസിഎയും പ്രോത്സാഹിപ്പിക്കുന്നത് പരമ്പരാഗത മത്സ്യക്കൃഷി രീതിയാണ്
fish-1
SHARE

ചൂണ്ടയിൽ കുരുങ്ങുന്ന കേരളം 4

കാർഷികമേഖലയിൽ ഓരോ വിഭാഗവും ഇന്നത്തെ സാഹചര്യത്തിൽ വെല്ലുവിളി നേരിടുന്നവയാണ്. അതുകൊണ്ടുതന്നെ വ്യക്തമായ ഗൃഹപാഠമില്ലാതെ മുന്നിട്ടിറങ്ങിയാൽ കൈ പൊള്ളുമെന്നതിൽ സംശയമില്ല. മത്സ്യക്കൃഷിയിലേക്ക് ഇറങ്ങുമ്പോൾ കേവലം ഉൽപാദനത്തിൽ മാത്രം ശ്രദ്ധകേന്ദ്രീകരിക്കാതെ വിൽപനയ്ക്കുള്ള മാർഗവും കണ്ടിരിക്കണം. ഇന്ന് പലരും നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഉൽപാദനച്ചെലവിനനുസരിച്ചുള്ള വരുമാനം ലഭിക്കുന്നില്ല എന്നതാണ്. മാത്രല്ല ആത്യാധുനിക രീതികൾ സ്വീകരിക്കുന്നതിനു മുമ്പേ സ്വാഭാവിക രീതിയിൽ മത്സ്യങ്ങളെ വളർത്തി അവയുടെ രീതി, സ്വഭാവം എന്നിവ പഠിക്കാനും ശ്രദ്ധിക്കണം.

കഴിഞ്ഞ ദിവസം ഒരു കർഷകനുമായി സംസാരിച്ചപ്പോൾ അദ്ദേഹം ആദ്യം വളർത്തിയത് തിലാപ്പിയ ആണെന്ന് പറഞ്ഞു. മാർക്കറ്റിൽനിന്നു വാങ്ങുന്ന പെല്ലറ്റ് തീറ്റ നൽകിയായിരുന്നു വളർത്തിയത്. ഒരു കിലോഗ്രാം മത്സ്യം ഉൽപാദിപ്പിക്കണമെങ്കിൽ കുറഞ്ഞത് 70–90 രൂപയുടെ തീറ്റ നൽകണം. അദ്ദേഹത്തിന് മത്സ്യം വിറ്റപ്പോൾ ലഭിച്ചത് കിലോഗ്രാമിന് 45 രൂപ മാത്രം. 45 രൂപയോളം നഷ്ടം. അതായത് മുടക്കുമുതലിന്റെ പകുതിപോലും ലഭിച്ചില്ല. ഇത് ഒരാളുടെ മാത്രം പ്രശ്നമല്ലെന്ന് പ്രത്യേകം ശ്രദ്ധിക്കണം.

കേരളത്തിൽ ഉൽപാദനച്ചെലവ് കൂടുതൽ

ഇന്ത്യയിൽ മത്സ്യക്കൃഷിയിൽ ഏറെ ഉൽപാദനച്ചെലവുള്ളത് കേരളത്തിലാണ്. കേരളത്തിൽ തിലാപ്പിയയ്ക്ക് ചില്ലറവില 200 രൂപയുണ്ടെങ്കിൽ കേരളത്തിനു പുറത്ത് അത് 100–120 രൂപയാണ്. മൊത്തവ്യാപാരമേഖലയിൽ വില അതിന്റെ പകുതിയേ ഉണ്ടാകൂ. അതുകൊണ്ടുതന്നെ കേരളത്തിലേക്ക് ഇതര സംസ്ഥാനങ്ങളിൽനിന്ന് മത്സ്യങ്ങളെത്തും. അപ്പോൾ മാർക്കറ്റിൽ തിലാപ്പിയ 100 രൂപയ്ക്കും കിട്ടും 200 രൂപയ്ക്കും കിട്ടും എന്ന സ്ഥിതിയിലേക്കെത്തി. സ്വാഭാവികമായും കേരളത്തിൽ ഉൽപാദിപ്പിക്കുന്ന തിലാപ്പിയയ്ക്കു വില കിട്ടില്ലെന്നുറപ്പല്ലേ...

ചെറിയ ടാങ്കുകൾ പ്രോത്സാഹിപ്പിക്കുന്നില്ല

എംപിഇഡിഎയും ആർജിസിഎയും പ്രധാനമായും പ്രോത്സാഹിപ്പിക്കുന്നത് പരമ്പരാഗത മത്സ്യക്കൃഷി രീതിയാണ്. കർഷകർക്ക് നഷ്ടവും വലിയ ചെലവും ഉണ്ടാകാത്ത വിധത്തിലാണ് പരമ്പരാഗത രീതിയിൽ മത്സ്യക്കൃഷി പ്രോത്സാഹിപ്പിക്കുന്നത്. വലിയ ജലാശയങ്ങളിലായതിനാൽ നിശ്ചിത കാലംകൊണ്ട് മത്സ്യങ്ങൾക്ക് മികച്ച വളർച്ചയും ലഭിക്കും. നെൽപ്പാടങ്ങളിലും വലിയ ജലാശയങ്ങളിലുമാണ് ഇത്തരത്തിലുള്ള മത്സ്യക്കൃഷി എംപിഇഡിഎ പ്രോത്സാഹിപ്പിക്കുന്നത്. ഹെക്‌ടറിന് പരമാവധി അഞ്ചു ലക്ഷം രൂപ വരെ ധനസഹായവും എംപിഇഡിഎ നൽകുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്ക് എംപിഇഡിഎ ഓഫീസുമായി ബന്ധപ്പെടാം.

ജൈവമീനിലൊന്നും കാര്യമില്ല

വിഷാംശമുള്ളതും കീടനാശിനി തളിച്ചതുമായ മത്സ്യങ്ങൾ കഴിച്ച് ആരോഗ്യം നശിപ്പിക്കാതെ ജൈവ രീതിയിൽ വളർത്തിയ മത്സ്യങ്ങൾ ശീലമാക്കൂ എന്ന മുദ്രാവാക്യവുമായാണ് മത്സ്യക്കർഷകർ ഇപ്പോൾ വിളവെടുത്ത മത്സ്യങ്ങൾ വിൽക്കുന്നത്. പെല്ലറ്റ് തീറ്റ നൽകി വളർത്തുമ്പോൾ മുടക്കുമുതലും ജോലിക്കൂലിയുമെല്ലാം കൂട്ടി കിലോഗ്രാമിന് 200 രൂപയെങ്കിലും ലഭിക്കാതെ മത്സ്യങ്ങളെ വിൽക്കാൻ പറ്റാത്ത അവസ്ഥയാണ് കർഷകർക്കുള്ളത്. അതാണ് ജൈവമീൻ എന്ന പ്രചാരണം ഉയർന്നുവരാൻ കാരണം. അതുകൊണ്ടുതന്നെ ജൈവമീൻ എന്നത് മാർക്കറ്റിങ് തന്ത്രംതന്നെയാണെന്ന് പറയാതെ വയ്യ. ആയതിനാൽ പരമാവധി ചെലവ് കുറച്ച് കൃഷി ചെയ്യാൻ ശ്രമിച്ചാൽ വലിയ പ്രശ്നമില്ലാതെ പിടിച്ചുനിൽക്കാൻ കഴിയും.

ഇനിയും കെണിയിൽ വീഴരുത്

ദിനംപ്രതി അഭ്യസ്തവിദ്യരായ പലരും മത്സ്യക്കൃഷിയിലേക്ക് വലിയ മുതൽമുടക്കി സാമ്പത്തിക ബാധ്യത വരുത്തിവയ്ക്കുന്നത് കാണുന്നു. കേവലം ലാഭം മാത്രം ലക്ഷ്യംവച്ച് ചാടിയിറങ്ങുന്നവരാണ് പലരും. മത്സ്യക്കൃഷിയുമായി ബന്ധപ്പെട്ട ഒരു കാര്യവും അറിയാത്ത പലരും മത്സ്യക്കൃഷിയിലേക്ക് തിരിയുന്നു. വലിയ മുതൽമുടക്കില്ലാത്ത രീതിയിൽ കുറച്ചുനാളെങ്കിലും മത്സ്യങ്ങളെ വളർത്തി അവയുടെ കാര്യങ്ങൾ കുറച്ചൊക്കെ സ്വായത്തമാക്കിയതിനുശേഷം മാത്രം ഇതിലേക്കിറങ്ങുക. കേവലം ഒരു ക്ലാസിൽ പങ്കെടുത്തതുകൊണ്ട് ആർക്കും കർഷകനാകാൻ പറ്റില്ല. അതിന് താൽപര്യത്തോടെ മുന്നിട്ടിറങ്ങണം. അനുഭവത്തിൽനിന്നു പഠിക്കണം. പക്ഷേ ആ അനുഭവം നേടാൻ വലിയ മുതൽമുടക്കിന്റെ ആവശ്യമില്ല. ലക്ഷങ്ങൾ എറിഞ്ഞ് കോടികൾ കൊയ്യാമെന്ന ചിന്തയ്ക്കു പകരം ആയിരം എറിഞ്ഞ് പതിനായിരം നേടാനുള്ള മാർഗം ആദ്യം സ്വായത്തമാക്കണം. അതിനുശേഷം മതി വലിയ നിക്ഷേപങ്ങൾ.

അവസാനിച്ചു

പരമ്പരയുമായി ബന്ധപ്പെട്ട് പ്രേക്ഷകരിൽനിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ചില പ്രതികരണങ്ങൾ നാളെ പ്രസിദ്ധീകരിക്കുന്നതാണ്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA