ADVERTISEMENT

ഭരണങ്ങാനം അമ്പാറനിരപ്പേലിലെ റബർകൃഷിക്കാരിൽ ലാറ്റക്സ് വിൽക്കുന്നവരേറെ. നാട്ടുകാരനായ തുരുത്തിയിൽ റോയി കുര്യന്റെ ലാറ്റക്സ് സംസ്കരണയൂണിറ്റിൽ പാൽ എത്തിക്കാനാണ് ഏറെപ്പേർക്കും താൽപര്യം. ലാറ്റക്സ് നൽകി ആർഎസ്എസ്–4 ഗ്രേഡ് ഷീറ്റിന്റെ വില നേടാനാകുമെന്നതാണ് റോയിയുടെ സംരംഭത്തോടുള്ള മമതയ്ക്കു കാരണം. ഉറയൊഴിക്കാതെ, ഷീറ്റടിക്കാതെ, പുകപ്പുരയിൽ കയറാതെ ഗ്രേഡ് ഷീറ്റിന്റെ വില കിട്ടുമെങ്കിൽ എന്തിനു നഷ്ടപ്പെടുത്തണം? ലാറ്റക്സിനു ഷീറ്റിന്റെ വില നൽകുന്നത് റോയിയുടെ സംരംഭം നഷ്ടത്തിലാക്കുമെന്ന ആശങ്ക വേണ്ട. വിവിധ ബാച്ചുകളായി ലാറ്റക്സ് സംസ്കരിച്ച് ആർ‌എസ്എസ്– 1 ഷീറ്റ് നിർമിക്കുന്ന ഹൈടെക് സംസ്കരണകേന്ദ്രമാണ് ഇവിടെയുള്ളത്. ഈ ഗ്രേഡിലുള്ള ഷീറ്റുകൾക്ക് ഇപ്പോൾ ആർഎസ്എസ്–4 ഷീറ്റിനേക്കാൾ എട്ടു രൂപമുതൽ 35 രൂപവരെ കൂടുതൽ വില കിട്ടാറുണ്ട്. ലാറ്റക്സിനാവട്ടെ വർഷത്തിൽ ഏറെക്കാലവും ഷീറ്റിനേക്കാൾ വിലക്കുറവും. മികച്ച മാർജിനുള്ളപ്പോൾ നാലാം ഗ്രേഡിന്റെ വില നൽകാൻ പ്രയാസമില്ലെന്നു റോയി ചൂണ്ടിക്കാട്ടുന്നു. അഥവാ ലാറ്റക്സിന്റെ വില ഷീറ്റിനെ അപേക്ഷിച്ച് ഉയർന്നാലും റോയിക്കു പ്രശ്നമില്ല. ഷീറ്റുനിർമാണത്തിനുള്ള സർവീസ് ചാർജ് ആനുപാതികമായി ഈടാക്കാനാവും. കൃഷിക്കാരനും ടാപ്പർക്കും ഒരേപോലെ നേട്ടമേകുന്ന ഈ രീതി നാട്ടിൽ വ്യാപകമാവുകയാണിപ്പോൾ.  

ലാറ്റ്ക്സ് വിറ്റാൽ ഗ്രേഡ് ഷീറ്റിന്റെ വില കിട്ടുന്ന സംവിധാനത്തിനു റബർകൃഷിക്കാർ കൈയടിക്കുന്നത് സ്വാഭാവികം. ഉയർന്ന നിലവാരമുള്ള ഷീറ്റുകൾ കൂടിയ അളവിൽ ഒരിടത്തുനിന്നു കിട്ടുമെന്നതിനാൽ റബർവ്യവസായത്തിനും ഈ രീതി പ്രിയങ്കരം തന്നെ. വിവിധ തോട്ടങ്ങളിൽനിന്നുള്ള ലാറ്റക്സ് ഒന്നിച്ചു സംസ്കരിക്കുന്നതിനാൽ എല്ലാ ഷീറ്റുകൾക്കും തുല്യനിലവാരമായിരിക്കും. റബർഷീറ്റുകൾക്ക് നിലവാരമില്ലെന്ന പരാതി‌ ഇതോടെ കെട്ടടങ്ങും. മുൻകാലങ്ങളിൽ ഗ്രൂപ്പ് പ്രോസസിങ് എന്ന പേരിൽ നടപ്പാക്കപ്പെട്ടിരുന്ന ഈ ആശയം കൂടുതൽ സാങ്കേതികമികവോടെയും സംരംഭ സാധ്യതകളോടെയും തിരിച്ചെത്തുകയാണിപ്പോൾ. ആർപിഎസുകളിലെ റബർഷീറ്റുനിർമാണം സേവനമായിരുന്നു. എന്നാൽ മാറിയ സാഹചര്യത്തിൽ വരുമാനസാധ്യതയുള്ള ചെറുകിട വ്യവസായമായി ഷീറ്റുനിർമാണം മാറും. ഇത്തരം സംരംഭകർക്ക് ജില്ലാ വ്യവസായകേന്ദ്രം വഴിയുള്ള ആനുകൂല്യങ്ങൾക്ക് അർഹതയുണ്ടെന്ന് റബർ ബോർഡ് മാർക്കറ്റ് ഡവലപ്മെന്റ് ഡപ്യൂട്ടി ഡയറക്ടർ ബിനോയി ചൂണ്ടിക്കാട്ടി. ദേശീയ കാർഷിക വിപണന പരിശീലനകേന്ദ്രത്തിന്റെ സഹായത്തോടെ ബോർഡ് നടത്തിയ പരിശീലനപരിപാടിയെ തുടർന്നാണ് ഈ രംഗത്തേക്കു സംരംഭകർ കടന്നുവന്നത്. പരിശീലനം നേടിയ 14 പേർ ഒരു വർഷത്തിനകം സംരംഭങ്ങളിൽ പണം മുടക്കിയതെന്ന് ബിനോയി പറഞ്ഞു. കേരളത്തിലെ മിക്കവാറും ഗ്രാമങ്ങളിൽ ഇതുവഴി തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാവും. റേഡിയൽ ടയർ നിർമാണത്തിൽ ആർഎസ്എസ് 3 ഗ്രേഡ് ഷീറ്റുകൾക്ക് ആവശ്യകത വർധിച്ചിട്ടുണ്ട്. വരും വർഷങ്ങളിൽ ഈ പ്രവണത വർധിച്ചുവരും. ആർഎസ്എസ്–4നേക്കാൾ നാലുരൂപയോളം കൂടുതൽ വില കിട്ടുന്ന ഈ ഗ്രേഡിനായിരിക്കണം ഇനി കൃഷിക്കാർ മുൻഗണന നൽകേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഹൈ‍ടെക് കേന്ദ്രങ്ങളിലെ ഒന്നാംഗ്രേഡ് ഷീറ്റുകൾക്ക് പരിമിതമായ വിപണി മാത്രമാണുള്ളത്. എന്നാൽ മൂന്നാംഗ്രേഡായി വിറ്റാൽപോലും അവർക്ക് ലാഭമുണ്ടാക്കാനാവും.

ആർഎസ്എസ് –1 നിലവാരത്തിലാണ് ഷീറ്റുണ്ടാക്കുന്നതെങ്കിലും വിപണിയിലെ ഡിമാൻഡനുസരിച്ച് മറ്റ് ഗ്രേഡുകൾക്കൊപ്പവും വിൽക്കാറുണ്ടെന്നു റോയി പറഞ്ഞു. കുറഞ്ഞ നിലവാരത്തിൽ വിൽക്കേണ്ടിവരുമ്പോൾ ലാഭം കുറഞ്ഞേക്കാം. ഇത്തരം സന്ദർഭങ്ങളിൽസംസ്കരണച്ചെലവ് കൃഷിക്കാരിൽനിന്ന് ഈടാക്കാം. എങ്കിൽപോലും ലാറ്റക്സ് വിൽക്കുന്നതിനേക്കാൾ കർഷകർക്ക് ആദായകരമായിരിക്കുമത്. ജോലി അനായാസമാക്കുന്നതിനും ഷീറ്റിന്റെ നിലവാരം മെച്ചപ്പെടുത്തുന്നതിനും ഈ പരിഷ്കാരം ഏറെ സഹായിച്ചതായി റോയി പറഞ്ഞു. റബർപാലും ഷീറ്റും നീക്കിക്കൊണ്ടുപോകുന്നതിനുള്ള ട്രോളികൾ, സ്ഥലപരിമിതിയുള്ള ഇടങ്ങളിൽ പോലും അടുക്കിവയ്ക്കാവുന്ന പ്രത്യേക റബർ ഡിഷുകൾ, പുക പുറത്തേക്കും ചൂടുവായു ഉള്ളിലേക്കും കടക്കത്തക്ക വിധത്തിലുള്ളപുകപ്പുര എന്നിവയാണ് പ്രധാന പരിഷ്കാരങ്ങൾ. റബർബോർഡിന്റെ വിദഗ്ധരാണ് ഈ സംസ്കരണയൂണിറ്റ് രൂപകൽപന ചെയ്തത്.  

റബർ വെട്ടി, പാലെടുത്ത്, ഉറയൊഴിച്ച്, ഷീറ്റടിച്ച്, വെയിലത്തുണക്കി, പുകയത്തുണക്കി കെട്ടുകളാക്കി കടയിൽ കൊടുത്ത് കാശുവാങ്ങിയ ഒരു തലമുറ ഇവിടെയുണ്ടായിരുന്നു. മികച്ച വില കിട്ടുന്നതുകൊണ്ടും തുല്യവരുമാനം നൽകുന്ന മറ്റ് വഴികളൊന്നും ഇല്ലാതിരുന്നതുകൊണ്ടും ആർക്കും ഇക്കാര്യത്തിൽ മടിയുമുണ്ടായില്ല. ഇന്നിപ്പോൾ കാര്യങ്ങൾ നേരേ വിപരീതമായി. വില താഴേക്കായി. പരമാവധി വില നേടിയാലേ റബർക്കൃഷിയിൽ ആദായമുണ്ടാവൂ. അതിനുതകുന്ന നിലവാരത്തിൽ ഷീറ്റുണ്ടാക്കാൻ കൂടുതൽ ശ്രദ്ധയും കരുതലും ആവശ്യവുമാണ്. എന്നാൽ ഷീറ്റുണ്ടാക്കാനെന്നല്ല, പാലെടുക്കാൻ പോലും ആർക്കും സമയവും സൗകര്യവുമില്ല. ടാപ്പറായാലും കൃഷിക്കാരനായാലും ഇക്കാര്യത്തിൽ വിട്ടുവീഴ്ചയില്ല. പിന്നെന്തു ചെയ്യും? ലാറ്റക്സായി വിൽക്കുക തന്നെ. ലാറ്റക്സിനാവട്ടെ, വർഷത്തിൽ ഏറെക്കാലവും ഷീറ്റിനെക്കാൾ താഴെയാണ് വില. ഈ സാഹചര്യത്തിൽ നിലവാരമുള്ള ഷീറ്റ് ആയാസമില്ലാതെ ഉൽപാദിപ്പിക്കാൻ ഹൈടെക് സംസ്കരണ സംരംഭങ്ങൾ കൂടിയേ തീരൂ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com