ADVERTISEMENT

പാഠ്യവിഷയങ്ങൾ പഠിക്കുന്നതുപോലെതന്നെയാണ് കൃഷിയും എന്ന ചിന്ത ഉണ്ടായപ്പോഴാണ് ‌തൊടുപുഴയ്ക്കടുത്തുള്ള കല്ലാനിക്കൽ സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ നെൽകൃഷിക്കു തുടക്കമിട്ടത്. സ്കൂളിന്റെ മുറ്റത്ത് ഇതിനായി മൂന്നു സെന്റ് സ്ഥലം നെൽകൃഷിക്കായി മാറ്റിവച്ച് ഒരു പാടത്തിന്റെ ഘടന എങ്ങനെയാണോ അതുപോലെതന്നെ കൃഷി ചെയ്യാനുള്ള സ്ഥലം രൂപപ്പെടുത്തിയെടുക്കുകയായിരുന്നു. 

പാഠം ഒന്ന് പാടത്തേക്ക് എന്ന സംസ്ഥാന സർക്കാരിന്റെ കാർഷിക പദ്ധതി തുടങ്ങിയതോടെ അതിന്റെ ഭാഗമായാണ് ഇപ്പോൾ കൃഷി നടത്തുക. എങ്കിലും പാഠം ഒന്ന് പാടത്തേക്ക് പദ്ധതി തുടങ്ങുന്നതിന് അഞ്ചു വർഷം മുമ്പുതന്നെ കല്ലാനിക്കൽ സെന്റ് ജോർജ് എച്ച്എസ്എസിൽ നെൽകൃഷി തുടങ്ങിയിരുന്നു. ഇപ്പോൾ നെൽകൃഷി ആറാം വർഷത്തിലേക്ക് കടന്നിരിക്കുകയാണ്.

ഇത്തവണ വിളവെടുത്തത് ഇന്തോനേഷ്യയിൽനിന്ന് കൊണ്ടുവന്ന ബാലി ബസുമതി എന്നയിനം നെല്ലാണ്. കഴിഞ്ഞ ദിവസം വിളവെടുപ്പ് ഉത്സവം നടത്തി. വിദ്യാർഥികളും അധ്യാപകരും മാനേജ്‌മെന്റ് അധികാരികളും വിളവെടുപ്പുത്സവത്തിൽ പങ്കെടുത്തു. ചെറിയ സ്ഥലത്തായിരുന്നു കൃഷി ചെയ്തിരുന്നതെങ്കിലും മികച്ച വിളവാണ് ലഭിച്ചത്. 95-105 ദിവസമാണ് ബാലി ബസുമതിയുടെ വിളവെടുപ്പുകാലം. നല്ല കാലാവസ്ഥയായിരുന്നതിനാൽ ഇവിടെ 96–ാം ദിവസം വിളവെടുക്കാൻ കഴിഞ്ഞുവെന്ന് അധ്യാപകനായ ബിജോ അഗസ്റ്റിൻ കർഷകശ്രീയോടു പറഞ്ഞു.

paddy-1
വിളവെടുപ്പുത്സവം

വീണ്ടും നിലമൊരുക്കി അടുത്ത ആഴ്ചതന്നെ രക്തശാലി എന്ന ഇനം നെല്ല് കൃഷി ചെയ്യാനുള്ള തയാറെടുപ്പിലാണ് സ്കൂളിലെ അധ്യാപകരും വിദ്യാർഥികളും. ഞാറു നടാനാണ് തീരുമാനം. അതിനായി ഞാറ്റടി തയാറാക്കിയിട്ടുമുണ്ട്. ഈ ഇനം നെല്ല് 90 ദിവസംകൊണ്ട് വിളവെടുക്കും.

ബാലി ബസുമതിയുടെ വിത്തുകൾ ആവശ്യമുള്ളവർക്ക് നൽകാനും സ്കൂൾ അധികൃതർ തയാറാണ്. 

നെൽകൃഷി കൂടാതെ രണ്ടു കുളങ്ങളിൽ മത്സ്യക്കൃഷിയും ചെയ്തിരുന്നു. ഒരു കുളത്തിൽ അക്വാപോണിക്സ് സംവിധാനമായിരുന്നു ഒരുക്കിയത്. നെൽക്കൃഷിക്കാവശ്യമായ വെള്ളത്തിനും ഈ കുളങ്ങളാണ് ഉപയോഗിക്കുന്നത്. ആദ്യ മത്സ്യക്കൃഷി വിജയമായിരുന്നെങ്കിലും വൈദ്യുതി ഉപയോഗിച്ച് മോഷ്ടാക്കൾ മത്സ്യങ്ങളെ പിടിച്ചുകൊണ്ടുപോയത് അധ്യാപകർക്കും വിദ്യാർഥികൾക്കും ഏറെ വിഷമമുണ്ടാക്കി. രണ്ടു കിലോയോളം തൂക്കമുണ്ടായിരുന്ന 70 നട്ടർ (റെഡ് ബെല്ലി) മത്സ്യങ്ങളെയാണ് സാമൂഹ്യവിരുദ്ധർ അപഹരിച്ചത്. അതിനാൽ കുറച്ചുനാളുകളായി മത്സ്യക്കൃഷി ചെയ്യുന്നില്ല. അടുത്ത അധ്യയന വർഷം വീണ്ടും മത്സ്യക്കൃഷി ചെയ്യാമെന്ന തീരുമാനത്തിലാണ് അധ്യാപകരും വിദ്യാർഥികളും.

കൂടുതൽ വിവരങ്ങൾക്ക്: +91 9961987386 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com