sections
MORE

10 മുതൽ 10,000 വരെ രൂപ വില; ഗപ്പി ഒരു സാധാരണ മീനല്ല

HIGHLIGHTS
  • കുറഞ്ഞത് അയ്യായിരം രൂപയുണ്ടെങ്കിൽ ഗപ്പി ഫാം തുടങ്ങാം
  • സിൽവർ റാഡോയ്ക്കാണ് ജോടിക്ക് 10,000 രൂപ വില
guppy
മെറ്റൽ യെലോ കിങ് കോബ്രാ, ബ്ലൂ ഗ്രാസ് ബിഗ് ഡോർസൽ
SHARE

അലങ്കാരമത്സ്യങ്ങളിൽ ഏറ്റവും വില കുറഞ്ഞ, ഏറ്റവുമധികം അവഗണിക്കപ്പെട്ടിരുന്ന കുഞ്ഞൻ മീനായിരുന്നു ഗപ്പി. കൊതുകിന്റെ കൂത്താടിയെ പിടിക്കാൻ വളർത്തിയിരുന്ന മീൻ. എന്നാൽ, ഗപ്പിയുടെ തലവര തന്നെ മാറിപ്പോയി. ജോടിക്ക് പതിനായിരം രൂപ വരെയുള്ള ഗപ്പിയുണ്ടെന്നു കേൾക്കുമ്പോൾ തന്നെ മനസ്സിലാകുമല്ലോ ആളു പഴയ ഗപ്പിയല്ലെന്ന്.

അനുദിനം വലുതായി വരുന്ന ബിസിനസാണ് ഇന്ന് ഗപ്പി വളർത്തൽ. മീൻവളർത്തലിനു സമൂഹമാധ്യമങ്ങളിലൂടെ ലഭിച്ച വലിയ പ്രചാരമാണ് ഗപ്പിയെ അതിഥിമുറിയിലെ കേമനാക്കിയത്. വിവിധ വർണങ്ങളിലുള്ള ഗപ്പികൾ മാത്രമുള്ള അക്വേറിയത്തിനാണ് ഇപ്പോൾ ആവശ്യക്കാർ കൂടുതലുള്ളത്. ഒരേ നിറത്തിലുള്ള ഗപ്പികൾ ഒന്നിച്ചു നീന്തുന്നതു കാണുന്നതു തന്നെ വലിയൊരലങ്കാരമാണ്.

ദിവസവും അരമണിക്കൂർ മാറ്റിവയ്ക്കാൻ പറ്റുമെങ്കിൽ ആർക്കും വാണിജ്യാടിസ്ഥാനത്തിൽ ഗപ്പി വളർത്തൽ തുടങ്ങാം. വിദ്യാർഥികളും വീട്ടമ്മമാരുമാണ് ഇപ്പോൾ ഈ രംഗത്തു കൂടുതലുള്ളത്. ഗപ്പികളുടെ മാത്രം പ്രദർശനം പലയിടത്തും നടക്കുന്നുണ്ട്. ഗപ്പിയുടെ തലവര മാറ്റിയത് തായ്‍ലൻഡ്, മലേഷ്യ തുടങ്ങിയ രാജ്യങ്ങളാണ്. ഇവിടെ വൈവിധ്യങ്ങളായ ഗപ്പികളുണ്ട്. ഇന്ത്യയിലേക്ക് പ്രധാന ഇറക്കുമതി ഇവിടെ നിന്നാണ്.

വളരെ പെട്ടെന്നു പെറ്റുപെരുകുന്ന മത്സ്യമായതുകൊണ്ട് ബിസിനസ് ചെയ്യുന്നവർക്ക് വലിയതോതിൽ ലാഭം ഉണ്ടാക്കാവുന്നതാണ് ഗപ്പി വളർത്തൽ. മറ്റു മത്സ്യങ്ങൾക്കുള്ളതുപോലെയുള്ള അസുഖങ്ങൾ കുറവാണ്. വളരെ എളുപ്പത്തിൽ കൈകാര്യം ചെയ്യാനും സാധിക്കും. വളർത്താൻ ചെറിയ സ്ഥലവും മതി.

guppy-1
ആൽബിനോ ബ്ലൂ ടൊപാസ്, ആൽബിനോ യെലോ കിങ് കോബ്രാ

കുറഞ്ഞ ചെലവിലൊരു ഫാം

മറ്റു ജോലിക്കൊപ്പമോ വിനോദത്തിനോ ഗപ്പി വളർത്താൻ തുടങ്ങിയാൽ മാസത്തിൽ ഇരുപതിനായിരം രൂപയോളം കുറഞ്ഞതു സമ്പാദിക്കാമെന്നാണ് ഈ രംഗത്തുള്ളവർ പറയുന്നത്. കുറഞ്ഞത് അയ്യായിരം രൂപയുണ്ടെങ്കിൽ ഗപ്പി ഫാം തുടങ്ങാം. ഗപ്പിയെ വളർത്താനുള്ള ടാങ്കിന് അധികം പണം മുടക്കേണ്ടതില്ല.

വലിയ വാട്ടർ ടാങ്ക് വാങ്ങി നീളത്തിൽ പകുതിയാക്കുക. അപ്പോൾ രണ്ട് ടാങ്ക് ലഭിക്കും. അതല്ലെങ്കിൽ സാധാരണ സിമന്റ് തൊട്ടികൾ ഉപയോഗിക്കാം. തെർമോകോൾ കൊണ്ടുള്ള ചതുരപ്പെട്ടികളിൽ സിമന്റ് അകത്തു പൂശി പോലും ടാങ്ക് ആക്കി മാറ്റാവുന്നതേയുള്ളു. കേടു വന്ന ഫ്രിജ് കുറഞ്ഞ വിലയ്ക്കു വാങ്ങാൻ ലഭിക്കും. അതിന്റെ വാതിൽ ഇളക്കി മാറ്റി മലർത്തിയിട്ടാൽ ഗപ്പി ടാങ്കായി.

ആനച്ചെവിയൻ മുതൽ റെഡ് ചില്ലി വരെ

ഗപ്പിയുടെ ശരാശരി ആയുസ് 2–3 വർഷമാണ്. ആൺമത്സ്യങ്ങൾക്കാണ് ഭംഗി. പെൺമത്സ്യങ്ങൾ സാധാരണ പരൽമത്സ്യങ്ങൾപോലെയാണ്. ആണിന്റെ നീളൻ വാൽ, കുറുകിയ വാൽ എന്നിവ നോക്കിയാണ് വിലനിർണയം. ഗപ്പികളുടെ നിറവും വാലിന്റെ വലുപ്പവും അനുസരിച്ച് വിവിധ പേരുകളുണ്ട്. ആനച്ചെവിയൻ, സിൽവർ റാഡോ, ജർമൻ റെഡ്, റെഡ് ചില്ലി, ഗോൾഡൻ കളർ, ഫുൾ ബ്ലാക്ക്, ഫുൾ റെഡ്, ആൽബിനോ കൊയ്, ആൽബിനോ റെഡ് ഐ, കിങ് കോബ്ര, വൈറ്റ് ടെക്‌സിഡോ, എമറാൾഡ് ഗ്രീൻ, ബ്ലൂ ഈഗിൾ, പർപ്പിൾ മൊസൈക്ക് തുടങ്ങിയ ഒട്ടേറെ ഗപ്പികൾ ഇപ്പോൾ ലോകത്തുണ്ട്. 10 രൂപ മുതൽ 10,000 രൂപ വരെയാണ് ഇന്നത്തെ ഗപ്പിയുടെ വില.

സിൽവർ റാഡോയ്ക്കാണ് ജോടിക്ക് 10,000 രൂപ വില. ആൽബിനോ കൊയ്, ഫുൾ ഗോൾഡ്, റോയൽ റെഡ് ലെയ്സ് എന്നിവയ്ക്ക് 1200 രൂപയും റോയൽ ബ്ലൂ ലെയ്സിന് 800 രൂപയുമാണ് വില.

guppy-2
ഹാഫ് ബ്ലാക്ക് റെഡ്, ലാസുലി മൊസൈക്

വളർത്തുമ്പോൾ ശ്രദ്ധിക്കേണ്ടത്

28 ദിവസമാണ് ഗപ്പികളുടെ ഗർഭകാലം. പെൺ മത്സ്യങ്ങൾ 20–100 വരെ കുഞ്ഞുങ്ങളെ പ്രസവിക്കാറുണ്ട്. 3 പെൺ‌ഗപ്പികൾക്ക് ഒരു ആൺമത്സ്യം എന്ന തോതിലാണു വളർത്തേണ്ടത്. ഒരേ കുടുംബത്തിൽപ്പെട്ട ആൺ, പെൺ മത്സ്യങ്ങളെ ഒന്നിച്ചു വളർത്തരുത്. ഇങ്ങനെ വളർത്തുമ്പോൾ ഗപ്പികൾ ഇണചേർന്നു അടുത്ത തലമുറയ്ക്ക് അവയുടെ ഗുണവും നിറവും നഷ്ടപ്പെട്ടും. ഇതു ഗപ്പിയുടെ പ്രകൃതമാണ്. അതുകൊണ്ട് ഗപ്പിയെ വളർത്തുമ്പോൾ ഒറ്റപ്രസവത്തിലുണ്ടായ ആൺ, പെൺ ഗപ്പികളെ വേവ്വേറെ വളർത്തണം. അതിലെ പെൺ ഗപ്പികളുമായി ഇണചേരാൻ മറ്റൊരു കുടുംബത്തിലെ ആൺ ഗപ്പിയെ കൊണ്ടുവരണം.

ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം, ഇണചേരാത്ത ഗപ്പികളെ വേണം വളർത്താൻ. രണ്ടര മാസം പ്രായമുള്ള ഇണ ചേരാത്ത ആൺ–പെൺ ഗപ്പികളെ വാങ്ങണം. വിശ്വാസമുള്ള ബ്രീഡറുടെ കൈയിൽനിന്നു വേണം മീനിനെ വാങ്ങാൻ. കൈവശമുള്ള ഗപ്പികളുടെ നിറം വിൽക്കുന്ന മീനിനു ലഭിക്കാതിരിക്കാൻ ചില ബ്രീഡർമാർ കള്ളത്തരം ചെയ്യും. വിലകൂടിയ ഗപ്പികളെയാണ് ഇങ്ങനെ ചെയ്യുന്നത്. ബ്രീഡറുടെ കൈയിലെ യഥാർഥ ഗുണമുള്ള ഗപ്പിയെ മറ്റൊരാളുടെ കൈവശം ഉണ്ടാകാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. ഇണ ചേർന്ന ഗപ്പികളെയാണ് ഇത്തരക്കാർ വിൽക്കുക. മറ്റു വിഭാഗത്തിൽപെട്ട ആൺമത്സ്യത്തെക്കൊണ്ട് ഇണചേർക്കും. പിന്നെ പ്രസവിക്കുന്ന കുഞ്ഞുങ്ങൾ നേരത്തേ ഇണചേർത്ത ആൺമത്സ്യത്തിന്റേതായിരിക്കും. പെൺഗപ്പിയുടെ ഉദരത്തിൽ 8 മാസത്തോളം ഈ ആൺഗപ്പിയുടെ ബീജം ഉണ്ടായിരിക്കും. ഈ 8 മാസവും പെൺഗപ്പിക്ക് പ്രസവിക്കാൻ പിന്നീട് ഇണ ചേരേണ്ട ആവശ്യമില്ല. ഈ സമയത്തു പുതിയ ഇനത്തിൽപെട്ട ആൺഗപ്പിയെക്കൊണ്ട് ഇണചേർത്തിട്ടും കാര്യമുണ്ടാകില്ല. ഇങ്ങനെ കബളിക്കപ്പെടാതെ ശ്രദ്ധിക്കണം.

ഗപ്പികളുടെ ഭക്ഷണകാര്യത്തിലും ശ്രദ്ധിക്കണം. അക്വേറിയത്തിലെ വൃത്തി, വായു ലഭ്യത എന്നിവയൊക്കെ എന്നും ശ്രദ്ധിക്കണം.

കൂടുതൽ വിവരങ്ങൾക്ക്: 7012936152

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA