ADVERTISEMENT

മനുഷ്യൻ തന്റെ ഭക്ഷണത്തിൽ മുട്ട ഉൾപ്പെടുത്തിയിട്ട് നൂറ്റാണ്ടുകൾ പിന്നിട്ടു. ഭക്ഷ്യാവശ്യത്തിനായി നിരവധി പക്ഷികളുടെ മുട്ട ലഭ്യമാണെങ്കിലും ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്നത് കോഴിമുട്ടയാണ്.

അടുക്കളപ്പുറത്ത് കുറച്ചു കോഴികളെ അഴിച്ചുവിട്ടു വളർത്താത്ത വീടുകൾ കുറവായിരിക്കും. ഗ്രാമീണമേഖലയിൽ വീട്ടുമുറ്റത്തെ കോഴികൾക്ക് വലിയൊരു സ്ഥാനമുണ്ട്. വീട്ടിലെ ഭക്ഷണാവശിഷ്ടങ്ങൾ കഴിച്ചും തൊടിയിൽ കൊത്തിപ്പെറുക്കിയും നടക്കുന്ന കോഴികൾ മുട്ട നൽകുമ്പോൾ അത് വീട്ടാവശ്യത്തിനുള്ളതായി. സമീകൃതാഹാരം എന്ന നിലയ്ക്ക് ഇന്ന് സമൂഹത്തിൽ മുട്ടയ്ക്ക് പ്രാധാന്യമേറെയുണ്ട്. മുട്ട കഴിക്കുമ്പോൾ അതിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങളെക്കുറിച്ചും അറിഞ്ഞിരിക്കണം.

മുട്ടയിൽ നിരവധി ജീവകങ്ങളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ആരോഗ്യദായകമായ ഭക്ഷണത്തിൽ മുട്ടയും ഉൾപ്പെടുത്താം. 

സമീപ കാലത്ത് മുട്ട ആരോഗ്യദായകമായ ഭക്ഷണമാണോ അല്ലയോ എന്നതിൽ വിവാദങ്ങളും തർക്കങ്ങളും ഉയർന്നുവന്നിരുന്നു. മുട്ടയിൽ അടങ്ങിയിരിക്കുന്ന കൊളസ്ട്രോൾ തന്നെ ഇതിനു കാരണം. എന്നാൽ, പിന്നീട് മുട്ട ആരോഗ്യദായകമാണെന്നും മാംസ്യത്തിന്റെ കലവറയാണെന്നും അവശ്യ ജീവകങ്ങളുടെ ശേഖരമാണെന്നും സ്ഥിരീകരിച്ചു.

ഗുണങ്ങൾ

  • ഉറച്ച പേശികൾ: മുട്ടയിലെ പ്രോട്ടീൻ ശരീരത്തിലെ പേശികളുടെ വളർച്ചയ്ക്കും ഉറപ്പിനും സഹായിക്കുന്നു. 
  • തലച്ചോറിന്റെ ആരോഗ്യം: വിറ്റാമിനുകളുടെയും മിനറലുകളുടെ കലവറയാണ് മുട്ടയെന്ന് നേരത്തെ സൂചിപ്പിച്ചല്ലോ. അവ തലച്ചോറിന്റെ പ്രവർത്തനത്തെ സഹായിക്കുന്നു. മാത്രമല്ല ശരീരത്തിലെ നാഡീവ്യൂഹത്തിന്റെ പ്രവർത്തനത്തെയും സഹായിക്കുന്നു.
  • ഊർജോൽപാദനം: ശരീരത്തിന് ആവശ്യമായ ഊർജനം ഉൽപാദിപ്പിക്കാൻ മുട്ടയിലെ പോഷകങ്ങൾക്ക് കഴിയും.
  • രോഗപ്രതിരോധം: മുട്ടയിലെ വിറ്റാമിൻ എ, വിറ്റാമിന് ബി–12, സെലീനിയം എന്നിവ ശരീരത്തിന്റെ രോഗപ്രതിരോധശേഷിയെ സഹായിക്കുന്നു.
  • ഹൃദ്രോഗം തടയുന്നു: ഹൃദ്രോഗത്തിനു കാരണമാകുന്ന ഹോമോസിസ്റ്റീനെ വിഘടിപ്പിക്കാൻ മുട്ടയിലെ കോളിന് (choline) കഴിയും.
  • ഗർഭിണികൾക്ക് ഉത്തമം: മുട്ടയിൽ ഫോളിക് ആസിഡ് അടങ്ങിയിട്ടുണ്ട്. 
  • കണ്ണിനും നല്ലത്: പ്രായവുമായി ബന്ധപ്പെട്ട അന്ധത തടയാൻ മുട്ടയിലെ ലൂട്ടീൻ, സീക്സാന്തിൻ എന്നിവയ്ക്ക് കഴിയും.
  • ഭാരം കുറയ്ക്കാൻ: ഭക്ഷണത്തിൽ മുട്ടയുടെ വെള്ള ഉൾപ്പെടുത്തുന്നത് നന്ന്.
  • ചർമാരോഗ്യം: മുട്ടയിലെ ചില വിറ്റാമിനുകളും മിനറലുകളും ചർമത്തിന്റെ ആരോഗ്യം സംരക്ഷിക്കും. 

ഇത്രയൊക്കെ ഗുണങ്ങൾ മുട്ടയ്ക്കുണ്ടെങ്കിലും ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. സമീകൃതാഹാരം എന്ന രീതിയിൽ മുട്ട കഴിച്ചെങ്കിൽ മാത്രമേ ഗുണങ്ങൾ ലഭിക്കൂ. അമിതമായി കഴിച്ചാൽ ഗുണത്തേക്കാളേറെ ദോഷമേ ഉണ്ടാകൂ. 

മുട്ടയിലെ പോഷകം

യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെന്റ് ഓഫ് അഗ്രികൾച്ചറിനെ പഠനമനുസരിച്ച് പുഴുങ്ങിയ മുട്ടയിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങളുടെ അളവ് ഇങ്ങനെയാണ്. (മുട്ടയുടെ ശരാശരി തൂക്കം 44 ഗ്രാം)

  • ഊർജം: 62.5 കാലറി
  • മാംസ്യം: 5.5 ഗ്രാം
  • കൊഴുപ്പ്: 4.2 ഗ്രാം
  • സോഡിയം: 189 മില്ലിഗ്രാം
  • കാത്സ്യം: 24.6 മില്ലിഗ്രാം
  • ഇരുമ്പ്: 0.8 മില്ലിഗ്രാം
  • മഗ്നീഷ്യം: 5.3 മില്ലിഗ്രാം
  • ഫോസ്‌ഫറസ്: 86.7 മില്ലിഗ്രാം
  • പൊട്ടാസ്യം: 60.3 മില്ലിഗ്രാം
  • സിങ്ക്: 0.6 മില്ലിഗ്രാം
  • കൊളസ്ട്രോൾ: 162 മില്ലിഗ്രാം
  • സെലീനിയം: 13.4 മൈക്രോഗ്രാം
  • ലൂട്ടീൻ, സീക്സാന്തിൻ: 220 മൈക്രോഗ്രാം
  • ഫോളേറ്റ്: 15.4 മൈക്രോഗ്രാം

ഇതുകൂടാതെ വിറ്റാമിനുകളായ എ, ബി, ഇ, കെ എന്നിവയും മുട്ടയിൽ അടങ്ങിയിട്ടുണ്ട്. 

മുട്ടയുടെ വെള്ളയും ഉണ്ണിയും പ്രോട്ടീന്റെ ഉറവിടമാണ്. മുട്ടയുടെ ഭക്ഷ്യയോഗ്യമായ ഭാഗത്തിന്റെ 12.6 ശതമാനവും പ്രോട്ടീൻ ആണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com