ADVERTISEMENT

കഴിഞ്ഞ കാലവർഷങ്ങളിൽ മീനച്ചിലാർ സംഹാരരൂപിയായപ്പോൾ ഈരാറ്റുപേട്ടയ്ക്കടുത്ത് പനയ്ക്കപ്പാലം ചള്ളാവയലിൽ ജെല്ലു സേവ്യർ കഷ്ടപ്പെട്ടത് കുറച്ചൊന്നുമല്ല. പുരയിടത്തിൽ വലിയ മത്സ്യക്കുളങ്ങളിൽ മത്സ്യം വളർത്തിയിരുന്നത് മീനച്ചിലാർ കൊണ്ടുപോയി. 2018ലെ പ്രളയത്തിൽ മത്സ്യങ്ങൾ പൂർണമായും നഷ്ടപ്പെട്ടപ്പോൾ 2019ൽ നഷ്ടപ്പെടാതെ കുറച്ചു മത്സ്യങ്ങളെ സംരക്ഷിച്ചെടുക്കാൻ ജെല്ലുവിന് കഴിഞ്ഞു. രണ്ടു പ്രളയത്തിലും മീനച്ചിലാർ കരകവിഞ്ഞൊഴുകിയപ്പോൾ ജെല്ലുവിന്റെ വീട്ടുമുറ്റത്ത് കഴുത്തൊപ്പം വെള്ളമുണ്ടായിരുന്നു.

പ്രളയം കടന്നുപോയി, അവശേഷിച്ച മത്സ്യങ്ങളെല്ലാം നല്ല രീതിയിൽ വളർന്നുവന്നു. 350 ഗ്രാം മുതൽ 700 ഗ്രാം വരെയുള്ള മത്സ്യങ്ങളാണ് ഇപ്പോൾ ജെല്ലുവിന്റെ വീടിനു മുറ്റത്തുള്ള പ്രത്യേകം തയാറാക്കിയ ടാങ്കിലുള്ളത്. രാജീവ് ഗാന്ധി സെന്റർ ഫോർ അക്വാകൾച്ചറിന്റെ (ആർജിസിഎ) വല്ലാർപാടത്തുള്ള ഓഫീസിൽനിന്നു കൊണ്ടുവന്ന ഗിഫ്റ്റിനെയാണ് (ജെനറ്റിക്കലി ഇംപ്രൂവ്ഡ് ഫാംഡ് തിലാപ്പിയ) ഇവിടുള്ളത്. മത്സ്യങ്ങളെ ജീവനോടെ വാങ്ങാൻ ദിവസേന ഒട്ടേറെ പേർ ചള്ളാവയലിൽ വീട്ടിലെത്തുന്നുണ്ട്. മത്സ്യങ്ങളെ ജീവനോടെ മാത്രം വിറ്റാൽ മെച്ചപ്പെട്ട വരുമാനം ലഭിക്കില്ലെന്ന ബോധ്യം വന്നതോടെ ജെല്ലുവും കുടുംബവും മറ്റൊരു മാർഗം സ്വീകരിച്ചു. തിലാപ്പിയ മത്സ്യം മൂല്യവർധിത ഉൽപന്നമാക്കി ഉപഭോക്താക്കളിലെത്തിക്കുക. 

അങ്ങനെ ഫിഷ് റോളും ഫിഷ് കട്‌ലേറ്റും തിലാപ്പിയയിൽനിന്നു ഇവിടെ പിറന്നു. മത്സ്യം വാങ്ങാൻ എത്തിയവർക്കും സുഹൃത്തുക്കൾക്കും സാമ്പിൾ നൽകിയതോടെ ഫിഷ് റോളിനും കട്‌ലേറ്റിനും ആരാധകരേറെയായി. അതുകൊണ്ടുതന്നെ വിശേഷദിവസങ്ങളിലോ വിരുന്നുകാർ ഉള്ളപ്പോഴോ അവർ ഓർഡർ നൽകുന്നതനുസരിച്ച് ഉണ്ടാക്കി നൽകുകയാണ് ഇപ്പോൾ ചെയ്യുന്നത്.

ഉണ്ടാക്കി നൽകുക എന്നു പറയുമ്പോൾ ഒരു കാര്യം എടുത്തു പറയേണ്ടതുണ്ട്. ഫ്രൈ ചെയ്യാൻ പാകത്തിനുള്ള റോളുകളും കട്‌ലേറ്റുകളും ശീതീകരിച്ചാണ് വിൽക്കുക. അതുകൊണ്ടുതന്നെ ദിവസങ്ങളോളം സൂക്ഷിക്കാൻ കഴിയും. വാങ്ങുന്നവർക്ക് അവരവരുടെ താൽപര്യത്തിനനുസരിച്ച് പാകം ചെയ്തെടുക്കാം. 

fish-jellu-1

ഇപ്പോൾ മാർക്കറ്റിൽ സവാളയ്ക്കു വില കയറിനിൽക്കുന്ന സാഹചര്യമായതിനാൽ ഒരു റോൾ തയാറാക്കുമ്പോൾ 15–17 രൂപയോളം ഉൽപാദനച്ചെലവ് വരുന്നുണ്ട്. എങ്കിൽപ്പോലും 20 രൂപയ്ക്കാണ് റോൾ വിൽക്കുക. ഉൽപാദനത്തിനുള്ള സമയവും ബുദ്ധിമുട്ടും നോക്കിയാൽ 20 രൂപ പോര എങ്കിലും വീട്ടിൽ വളർത്തുന്ന മത്സ്യങ്ങളുടെ മൂല്യവർധിത ഉൽപന്നങ്ങൾക്ക് പ്രചാരമുണ്ടാക്കുക എന്നതും ജെല്ലുവിന്റെ ഈ തീരുമാനത്തിനു പിന്നിലുണ്ട്.

ഒരു കിലോ തിലാപ്പിയ ഉപയോഗിച്ച് 30 റോളോ അത്രയും തന്നെ കട്‌ലേറ്റോ തയാറാക്കാൻ കഴിയും. വലിയ മത്സ്യമായതിനാൽ മുള്ളും ദശയും അനായാസം വേർതിരിച്ചെടുക്കാനും കഴിയും. 

അക്വാപോണിക്സ് രീതിയിലാണ് ജെല്ലു മത്സ്യങ്ങളെ വളർത്തിയത്. എന്നാൽ, പ്രളയത്തോടെ ഗ്രോബെഡിലെ പച്ചക്കറികളെല്ലാം നശിച്ചു. അവ വീണ്ടും പ്രവർത്തനസജ്ജമാക്കിയെടുക്കാനുള്ള ശ്രമവും നടന്നുവരുന്നു. രണ്ടു കുളങ്ങളിൽ വിവിധ പ്രായത്തിലുള്ള മത്സ്യങ്ങൾ വളർന്നുവരുന്നു. എപ്പോഴും മത്സ്യങ്ങളുടെ ലഭ്യത ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. അതുകൊണ്ടുതന്നെ വർഷം മുഴുവനും ആവശ്യക്കാർക്ക് മത്സ്യങ്ങളെ വിൽക്കാനും കഴിയും. വിപണിയിൽ നലനിൽപ്പുണ്ടാകണമെങ്കിൽ ഉപഭോക്താക്കൾക്ക് അവരുടെ ആവശ്യത്തിനനുസരിച്ച് മത്സ്യം ലഭ്യമായിരിക്കണമെന്നും ജെല്ലു പറയുന്നു.

കൂടുതൽ വിവരങ്ങൾക്ക്: +91 99614 66641

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com