ADVERTISEMENT

രാജ്യത്തു ചില ഭാഗങ്ങളിൽ കന്നുകാലികളിൽ വൈറസ് രോഗമായ ചർമമുഴ (ലംപി സ്കിൻ ഡിസീസ് –എൽഎസ്‌ഡി) കണ്ടെത്തിയ സാഹചര്യത്തിൽ സംസ്ഥാനത്തു ജാഗ്രതാ നിർദേശം. പശുക്കളെയും എരുമകളെയും ബാധിക്കുന്ന ഈ രോഗം മനുഷ്യരെയോ മറ്റു വളർത്തു മൃഗങ്ങളെയോ ബാധിക്കില്ല. കന്നുകാലികളിൽ അസ്വാഭാവികമായ രോഗലക്ഷണങ്ങൾ കണ്ടെത്തിയാൽ അടിയന്തരമായി ചികിത്സ ലഭ്യമാക്കാനും മൃഗസംരക്ഷണ വകുപ്പിനെ അറിയിക്കാനും കർഷകർക്കും വകുപ്പ് ജീവനക്കാർക്കും ഡോക്ടർമാർക്കും നിർദേശം നൽകി. ഒഡീഷയിലാണു കഴിഞ്ഞ വർഷം രാജ്യത്ത് ആദ്യമായി രോഗം റിപ്പോർട്ട് ചെയ്തത്.

അതേസമയം ജാഗ്രതാ നിർദേശത്തിനു പിന്നാലെ സംസ്ഥാനത്തു പലയിടത്തും ചെറിയ ഈച്ചകൾ കടിച്ചു കന്ന‍ുകാലികൾക്കുണ്ടാകുന്ന അലർജി രോഗങ്ങൾ വ്യാപകമായി റിപ്പോർട്ട് ചെയ്തു തുടങ്ങി. ഇതു ചർമ മുഴ അല്ലെന്നും നിലവിൽ സംസ്ഥാനത്തെ കർഷകർ ആശങ്കപ്പെടേണ്ടതില്ലെന്നും മൃഗസംരക്ഷണ വകുപ്പ് അധികൃതർ പറയുന്നു.

ലക്ഷണങ്ങൾ

കന്നുകാലികളുടെ ചർമത്തിൽ 5 സെന്റമീറ്റർ വരെ വ്യാസമുള്ള മുഴകൾ, മൂക്കിൽ നിന്നും കണ്ണിൽ നിന്നും നീരൊലിപ്പ്, പനി, കഴല വീക്കം, പാൽ ഉൽപാദനത്തിൽ കുറവ്, വിശപ്പില്ലായ്മ. രോഗം തീവ്രമായാൽ കന്നുകാലികൾ ചത്തുപോകാനിടയുണ്ട്.

പ്രത്യാഘാതങ്ങൾ

തീവ്രമായ തളർച്ച, പാലുൽപാദവും വളർച്ചയും കുറയുക, വന്ധ്യത.

രോഗനിർണ്ണയം

രോഗബാധയുള്ള മൃഗങ്ങളുടെ രക്തത്തിൽ നിന്നോ, മുഴകളിലെയോ വ്രണങ്ങളിലെയോ കലകളിൽനിന്നോ, രോഗകാരിയായ വൈറസിന്റെ ജനിതക പദാർഥം (ഡിഎൻഎ) തിരിച്ചറിയുന്നതിനുള്ള പോളിമറേസ് ചെയിൻ റിയാക്ഷൻ (പിസിആർ) ടെസ്റ്റ് മുഖേനയാണ് രോഗനിർണ്ണയം നടത്തുന്നത്.

limpy-skin-disease-1

പകരുന്നത് ഇങ്ങനെ

പെട്ടെന്നു പടർന്നുപിടിക്കാൻ സാധ്യതയുള്ള രോഗത്തിന്റെ പകർച്ച നിരക്ക് 20% വരെയാണ്. 5% വരെ മരണനിരക്കും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ചിലയിനം പട്ടുണ്ണികൾ (ചെള്ള്), സ്റ്റോമോക്സിസ് ഇനത്തിൽപ്പെട്ട കടിയ‍ീച്ചകൾ, ചിലയിനം കൊതുകുകൾ എന്നിവയാണു രോഗവാഹകർ. പാൽ വഴി പശുക്കിടാങ്ങളിലേക്കും രോഗം പകരാറുണ്ട്. വൈറസ് ശരീരത്തിൽ പ്രവേശിച്ച് 4 മുതൽ 28 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാറുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com