ADVERTISEMENT

കേരളത്തിലെ മികച്ച കർഷകന് കർഷകശ്രീ നൽകുന്ന പുരസ്കാരത്തിന്റെ വിധിനിർണയത്തിൽ അവസാന അഞ്ചിലെത്തിയവരിൽ ഒരാളാണ് കോട്ടയം ളാക്കാട്ടൂർ സ്വദേശി ജോയിമോൻ

ജോയിമോന്റെ പറമ്പിലെ പച്ചക്കറികളും വാഴക്കുലയുമൊക്കെ വിപണിയിലെത്താൻ കാത്തിരിക്കുന്നത് ളാക്കാട്ടൂരിലെയോ കോട്ടയത്തെയോ വീട്ടമ്മമാർ മാത്രമല്ല. ന്യൂയോർക്കിലും ഷിക്കാഗോയിലും ലണ്ടനിലുമൊക്കെയുള്ള മലയാളി കുടുംബങ്ങൾ പലപ്പോഴും അവിയലും സാമ്പാറുമൊക്കെയുണ്ടാക്കുന്നത്  ഈ ഫാമിലെ ‌‌വെള്ളരിക്കായും വെണ്ടക്കായുമൊക്കെ ചേർത്താണ്.  ആരോഗ്യത്തിനു ഹാനികരമാകാത്ത സൽകൃഷിരീതികൾ പിന്തുടരുന്നതുകൊണ്ടാണ് അദ്ദേഹത്തിന്റെ ഉൽപന്നങ്ങൾ ലോകവിപണിയിലും പ്രാദേശികവിപണിയിലും  ഒരേപോലെ സ്വീകാര്യമാകുന്നത്. അഞ്ചേക്കർ റബർതോട്ടത്തെ കേവലം പത്തു വർഷംകൊണ്ട്  പച്ചക്കറികളും പാലും മുട്ടയും മാംസവും തേനും മീനുമൊക്കെ  ഉൽപാദിപ്പിക്കുന്ന കൃഷിയിടമാക്കാനും നാട്ടിലെയും വിദേശത്തെയും വിപണികളിൽ മികച്ച വില നേടാനും കഴിഞ്ഞതാണ് ജോയിമോന്റെ വിജയരഹസ്യം.

പ്രവാസിയിൽനിന്നു നാട്ടിലെ കർഷകപ്രമുഖനിലേക്കു വളരാൻ എത്ര നാൾ വേണം? പത്തു വർഷമെന്നാവും ജോയിമോന്റെ മറുപടി. ഗൾഫിലെ ജോലി അവസാനിപ്പിച്ച് നാട്ടിലെത്തിയശേഷം മുഴുവൻസമയ കൃഷിക്കാരനായി മാറിയ  ഈ 49കാരന്റെ കാർഷികാഭിനിവേശം കോട്ടയം  പാമ്പാടി ബ്ലോക്കിലെ കാർഷികമേഖലയിൽ  നിറഞ്ഞുനിൽക്കുകയാണ്. പച്ചക്കറിക്കൃഷിയിൽ തുടങ്ങി മൃഗസംരക്ഷണത്തിലൂടെ സംയോജിതകൃഷിയിലേക്കും കാർഷികവിപണികളിലേക്കും ഓൺലൈൻ ക്ലാസുകളിലേക്കുമൊക്കെ അതു  പടർന്നുകഴിഞ്ഞു. 

കുമരകം സ്വദേശിയായ ജോയിമോന്റെ വഴികൾ വിദേശത്തുനിന്ന് നാട്ടിലെത്തിയ കാലത്തുതന്നെ വേറിട്ടതായിരുന്നു. വലിയ ബംഗ്ലാവും  വാഹനവുമൊന്നുമായിരുന്നില്ല അന്നത്തെ ആഗ്രഹമെന്ന് ജോയിമോൻ ഓർക്കുന്നു. ആഡംബരം അൽപം കുറഞ്ഞാലും നാട്ടിൻപുറത്ത് നല്ല കൃഷിക്കാരനായി ജീവിക്കാനുള്ള വഴികളാണ് അദ്ദേഹം തേടിയത്. വലിയ മുതൽമുടക്കില്ലാതെ ഒരു വീടും പുരയിടവും വാങ്ങണം. ബാക്കി സമ്പാദ്യമുപയോഗിച്ച് ഒരു കൃഷിയിടവും. കാര്യങ്ങൾ  ആഗ്രഹിച്ചതുപോലെ നടന്നു. കൃഷി ചെയ്തു ജീവിക്കാനായി സ്ഥലം കണ്ടെത്തിയത് കൂരോപ്പട പഞ്ചായത്തിലെ ളാക്കാട്ടൂരിൽ. റബറിനു നല്ല വില ലഭിച്ചിരുന്ന അക്കാലത്ത് വരുമാനം ഉറപ്പാക്കാവുന്ന വിളയെന്ന നിലയിലാണ് റബർ തിരഞ്ഞെടുത്തത്. എന്നാൽ ആ വരുമാനവും അദ്ദേഹം ആഘോഷമാക്കിയില്ല. റബർതോട്ടത്തിൽനിന്നുള്ള വരുമാനം സൂക്ഷിച്ചുവച്ച് വേമ്പനാട്ടുകായലിനോടു ചേർന്ന് ഒരു തെങ്ങിൻതോപ്പുകൂടി വാങ്ങി– കൃഷിയിൽ ആദ്യത്തെ പുനർനിക്ഷേപം. 

joymon-3
തട്ടുകളായി പച്ചക്കറിക്കൃഷി

അപ്പോഴേക്കും ആദ്യം വാങ്ങിയ റബർതോട്ടത്തിന്റെ മികച്ച ഉൽപാദനകാലം കഴിഞ്ഞിരുന്നു. റബറിനു വില ഇടിഞ്ഞു തുടങ്ങുകയും ചെയ്തു. റബർ വെട്ടിനീക്കിയ ജോയിമോൻ ആവർത്തനക്കൃഷിക്കു മുതിരാതെ ഭക്ഷ്യവിളകളിലേക്കു ചുവടുമാറി– എന്നും ആവശ്യക്കാരുള്ള ഭക്ഷ്യവിളകളിൽനിന്നു സുസ്ഥിരവരുമാനം തേടാമെന്ന കണക്കുകൂട്ടലായിരുന്നു കാരണം. ഭക്ഷ്യവിളക്കൃഷി എങ്ങനെയാവണമെന്ന അന്വേഷണം ജോയിമോനെ എത്തിച്ചത് തുറസ്സായ സ്ഥലത്തെ കൃത്യതാകൃഷിയിലാണ്. റബർ വെട്ടിനീക്കിയതിനാൽ  സൂര്യപ്രകാശസമൃദ്ധമായ പറമ്പ് അതിനു യോജ്യവും.  മുൻപരിചയമില്ലാത്ത ഓപ്പൺ പ്രസിഷൻ ഫാമിങ്ങിന്, ഒരുപക്ഷേ കോട്ടയം ജില്ലയിൽ ആദ്യമായി ജോയിമോൻ തുടക്കം കുറിക്കാൻ ഇടയായത് അങ്ങനെ. പരിചയമില്ലാത്ത കൃഷി ചെയ്യുന്നവർക്കു വേണ്ട പ്രധാന ഗുണം,  പഠിക്കാനുള്ള മനസ്സാണ്. അതു വേണ്ടു വോളമുണ്ടായിരുന്നതുകൊണ്ടാണ് കൂരോപ്പട കൃഷിഭവനിലും കുമരകം ഗവേഷണകേന്ദ്രത്തിലുമൊക്കെ പുത്തൻകൃഷിരീതി ചോദിച്ചറിയാനായി പോയത്. അവിടെനിന്നുള്ള സാങ്കേതിക ഉപദേശങ്ങളെ കരുത്താക്കി മാറ്റിയപ്പോൾ   മികച്ച വിളവ് നേടാൻ കഴിഞ്ഞു. പ്ലാസ്റ്റിക് പുതയിലൂടെ കളശല്യം ഒഴിവാക്കിയും തുള്ളി നനസംവിധാനത്തിലൂടെ ആവശ്യത്തിനുമാത്രം വെള്ളവും വളവും നൽകിയുമാണ് ഇവിടുത്തെ കൃഷി. സംയോജിത കീടനിയന്ത്രണരീതികളും മണ്ണു പരിശോധിച്ചുള്ള വളപ്രയോഗവുമൊക്കെ ജോയിമോന്റെ കൃഷിയെ ഒരു മാതൃകയാക്കി മാറ്റുന്നു.  മഴവെള്ളസംഭരണത്തിനായി തീർത്ത പടുതക്കുളങ്ങളിൽ മത്സ്യ ക്കൃഷിയുമുണ്ട്.

പച്ചക്കറി കൃഷി ചെയ്തു തുടങ്ങിയ ഈ കൃഷിയിടത്തിൽ ഇന്ന് കിഴങ്ങുവിളകളും പഴവർഗങ്ങളും തീറ്റ പ്പുല്ലും പശുവും ആടും കോഴിയും മത്സ്യവും വളരുന്നു. ബഹുവിള– സമ്മിശ്രക്കൃഷിയുടെ ഒന്നാംതരം മാതൃക. പയർ, വെണ്ട, മുളക്, തക്കാളി, വഴുതന, പാവൽ, പടവലം എന്നിങ്ങനെ  മിക്ക പച്ചക്കറികളു ടെയും സങ്കര, നാടൻ ഇനങ്ങൾ ഇവിടെ കാണാം. കൂടാതെ മരച്ചീനി, ചേന, ചേമ്പ്, കാച്ചിൽ തുടങ്ങിയ കിഴങ്ങുവിളകളും നേന്ത്രനുൾപ്പെടെയുള്ള വാഴയിനങ്ങളും പേര, പപ്പായ,പാഷൻഫ്രൂട്ട് തുടങ്ങിയ പഴവ ർഗങ്ങളും വിവിധ സീസണുകളിൽ ഈ കൃഷിയിടത്തിലെ വരുമാനസ്രോതസുകളായി മാറുന്നു. വിവിധ പ്ലോട്ടുകളിൽ അവ മാറിമാറി കൃഷി ചെയ്യുകയാണ് പതിവ്. സംയോജിതകൃഷിരീതികളുടെ ഭാഗമായാണ് പശു, കോഴി , ആട്, മുയൽ, തേനീച്ച വളർത്തൽ ആരംഭിച്ചതെങ്കിലും സുസ്ഥിരവരുമാനമേകുന്ന സംരംഭ‌ങ്ങളായി അവയും മാറുകയാണ്.  പ്രകൃതിക്കും ആരോഗ്യത്തിനും ദോഷമുണ്ടാക്കാത്ത ഇവിടുത്തെ കൃഷി യെക്കുറിച്ചു കേട്ടറിഞ്ഞാണ് വിദേശരാജ്യങ്ങളിൽ നാടൻഭക്ഷ്യവസ്തുക്കളുടെ വിപണനം നടത്തുന്ന ഒരു സ്വകാര്യകമ്പനി ജോയിമോനെ തേടിയെത്തിയത്. ഇപ്പോള്‍ ജോയിമോന്റെ കൃഷിയിടത്തിലെ വിഭവങ്ങൾ ഈ ഏജൻസിയിലൂടെ ഏഴാംകടലിനക്കരെ വരെ എത്തുന്നു. കമ്പനിവാഹനം കൃഷിയിടത്തിലെത്തി ഉൽപന്നങ്ങൾ കൊണ്ടുപോകുകയും അവര്‍ ഉയർന്ന വില നൽകുകയും ചെയ്യുന്നതുകൊണ്ട് വിപണനം തലവേദനയാകുന്നില്ല.

joymon-2
ജലസംരക്ഷണത്തിന് പ്ലാസ്റ്റിക് പുത

കയറ്റുമതിക്കായി നൽകാൻ സാധിക്കാതെ വരുന്ന ഉൽപന്നങ്ങൾ കൂരോപ്പടയിലെ കർഷക കൂട്ടായ്മയുടെ  വിപണിയിലേക്കു നൽകും. കൂട്ടായ്മയുടെ സജീവ പ്രവർത്തകനെന്ന നിലയിൽ കർഷകവിപണിയുടെ നടത്തിപ്പിലും ജോയിമോന്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. വിപണനത്തിൽ മാത്രമല്ല കാർഷിക പഠന– പരിശീലനപരിപാടികളിലും  അറിവുകൾ പങ്ക് വയ്ക്കുന്നതിനും തൈ ഉൽപാദനം പോലുള്ള ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാനുമൊക്കെ ജോയിമോൻ  മുൻപന്തിയിലുണ്ട്. പാമ്പാടി ബ്ലോക്കിലെ ഹരിതലോകം ഓൺ ലൈൻ ഫാം സ്കൂളിലെ പരിശീലകൻ കൂടിയാണ് അദ്ദേഹം. കേവലം 4 ചതുരശ്രമീറ്ററിൽ 40 ഗ്രോബാഗും കോഴിക്കൂടും സ്ഥാപിക്കാൻ സാധിക്കുന്ന മഴമറ, കറവപ്പശുക്കളുടെ തൊഴി തടയാനുള്ള സംവിധാനം എന്നിവ ജോയിമോൻ സ്വയം രൂപം നൽകിയ കണ്ടെത്തലുകളാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com