sections
MORE

മാത്യുവിന്റെ കൃഷിയിലെ കൈമുതൽ കുടിയേറ്റ കർഷകന്റെ നേരും നെഞ്ചൂക്കും

HIGHLIGHTS
  • വർഷം 13 ടൺ അടയ്ക്കാ ഉൽപാദനം
  • തെങ്ങുകളിൽ ഇന്നു വിളയുന്നത് 200–220 തേങ്ങ
mathew
SHARE

കേരളത്തിലെ മികച്ച കർഷകന് മലയാള മനോരമ നൽകുന്ന പുരസ്കാരത്തിന്റെ വിധിനിർണയത്തിൽ അവസാന റൗണ്ടിലെത്തിയ വ്യക്തിയാണ് മാത്യു

കുടിയേറ്റ കർഷകന്റെ നേരും നെഞ്ചൂക്കും മാത്രം കൈമുതലാക്കി അഗളിയിലെ മണ്ണിലിറങ്ങുമ്പോൾ മാത്യുവിനുറപ്പായിരുന്നു; മണ്ണു ചതിക്കില്ല. വിയർപ്പു ചിന്തിയ മണ്ണ് മാത്യുവിനെ കൈവിട്ടില്ലെന്നു മാത്രമല്ല, കൈ നിറയെ നൽകുകയും ചെയ്തു. വരണ്ടുണങ്ങിയ മണ്ണും ചരൽക്കല്ലുകളും വന്യമൃഗശല്യവുംകൊണ്ട് കൃഷി അസാധ്യമായിരുന്ന ഭൂമി ഇന്ന് തെങ്ങും കാപ്പിയും കമുകും കുരുമുളകും പഴവർഗങ്ങളും കിഴങ്ങിനങ്ങളും സമൃദ്ധമായി വിളയുന്ന സമ്മിശ്രക്കൃഷിയുടെ സാമ്രാജ്യം. 

കുടിയേറ്റ കർഷകനായ പിതാവ് മകനെ ഇഷ്ടമുള്ളത്ര പഠിപ്പിക്കാനും ഇഷ്ടപ്പെട്ട തൊഴിലിനു വിടാനും സന്നദ്ധനായിരുന്നു. പഠനം കഴിഞ്ഞു പക്ഷേ മാത്യു ആവശ്യപ്പെട്ടത് കൃഷി ചെയ്യാൻ സ്ഥലം. അട്ടപ്പാടിക്കടുത്തു കുറവൻപടിയിൽ പിതാവു നൽകിയ 15 ഏക്കർ പാഴ്ഭൂമി മാത്യുവിന്റെ കൃഷിതാൽപര്യം പരീക്ഷിക്കാനുള്ള തന്ത്രം കൂടിയായിരുന്നു എന്നു പറഞ്ഞാൽ തെറ്റില്ല. എന്നാൽ കുറഞ്ഞ കാലംകൊണ്ടു പാഴ്ഭൂമിയിൽ വരുമാനത്തിന്റെ പച്ചപ്പു നിറച്ചു മാത്യു. 

അട്ടപ്പാടിയിലെ മണ്ണും വിളവും വിളവൈവിധ്യങ്ങളുടെ സാധ്യതകളും മോഹിപ്പിച്ചപ്പോൾ മനസ്സിനു കൂടുതൽ ഇണങ്ങിയ കൃഷിയിടം തേടിയെന്നു  മാത്യു. കുറവൻപടിയിലേതു വിറ്റ് പുലിയറയിൽ 22 ഏക്കർ വാങ്ങുന്നത് അങ്ങനെ. അതിലെ അധ്വാനത്തിന്റെ കരുത്തിൽ പിന്നീട് അഗളിയിൽ 17 ഏക്കർ ഭൂമി കൂടി വാങ്ങി അവിടെ  വാസമുറപ്പിച്ചു.

മണ്ണും മനസ്സും

അഗളിയിലെ കാലാവസ്ഥയെ മാത്യു ഉപമിക്കുന്നത് മെഡിറ്ററേനിയൻ ഋതുഭേദങ്ങളോടാണ്. മൺ സൂൺ മഴ ലഭിക്കാത്ത പ്രദേശം. തുലാവർഷത്തെ മാത്രം ആശ്രയിച്ചു കൃഷിയും കൃഷിയിടവും ചിട്ടപ്പെടുത്തേണ്ട സാഹചര്യം. അഗളിയിൽ മാത്യുവിനു നേരിടേണ്ടിവന്ന അഗ്നിപരീക്ഷകൾ  ചെറുതല്ലായിരുന്നു. കിഴുക്കാംതൂക്കായി കിടക്കുന്ന സ്ഥലം. ഒരടിയോളം കനത്തിൽ ചരലും കല്ലും നിറഞ്ഞ ഊഷരഭൂമി. ആനയുൾപ്പെടെ, വന്യമൃഗങ്ങളുടെ നിരന്തര ശല്യം. ഈ പ്രതിസന്ധികളെയെല്ലാം അതിജീവിച്ച് മാത്യു സൃഷ്ടിച്ചതാണ് ഇന്നു കാണുന്ന വിളസമൃദ്ധമായ കൃഷിയിടം. നിശ്ചയദാർഢ്യത്തോടെയുള്ള കഠിനാധ്വാനവും കൃത്യമായ ആസൂത്രണവുംകൊണ്ട് പ്രതിബന്ധ ങ്ങളെയെല്ലാം പടിപടിയായി മറികടക്കുകയായിരുന്നു സാമ്പാർകോട് പുത്തൻപുരയിൽ മത്തായി മാത്യു.

അഗളിയിൽ വാങ്ങിയ സ്ഥലത്ത് കൃഷിയിനങ്ങളായി തെങ്ങും കമുകുമുണ്ടായിരുന്നെങ്കിലും കൃഷിയും കൃഷിയിടവും അങ്ങേയറ്റം ക്ഷയിച്ച നിലയിലായിരുന്നെന്നു മാത്യു. 15 വർഷം പ്രായമായ തെങ്ങിൽനിന്നു കിട്ടിയിരുന്നത് വർഷം 70–80 തേങ്ങ മാത്രം. കമുകിന്റെ കാര്യവും മെച്ചമായിരു ന്നില്ല. എന്നാൽ ഭവാനി നദിയുടെ കൈവഴിയായ ശീരുവാണിപ്പുഴയുടെ തീരത്തെ ഈ ഭൂമിയിൽ കൈമെയ് മറന്ന് അധ്വാനിച്ചാൽ കനകം വിളയുമെന്ന് മാത്യു മനസ്സിൽ കണ്ടു. അധ്വാനത്തിനൊപ്പം അനുഭവപാഠങ്ങൾ കൂടി പ്രയോഗിച്ചപ്പോൾ മനസ്സിൽ കണ്ടത് യഥാകാലം യാഥാർഥ്യമായി.

mathew-3
തെങ്ങിന് നന

മണ്ണ്–ജല സംരക്ഷണം

മണ്ണിനെ വളക്കൂറുള്ളതാക്കാനും കൃഷി വിപുലീകരിക്കാനും ശാസ്ത്രീയമായ അറിവുകൾതന്നെ പ്രയോജനപ്പെടുത്തണമെന്ന കാര്യത്തിൽ നിർബന്ധബുദ്ധിയുണ്ടായിരുന്നു മാത്യുവിന്. കൃഷി വകുപ്പിലെയും മറ്റ് ഏജൻസികളിലെയും വിദഗ്ധരിൽനിന്നുള്ള ഉപദേശങ്ങളുടെ പിൻബലത്തോടെ കൃഷിയും കൃഷിയിടവും ശാസ്ത്രീയമായിത്തന്നെ ചിട്ടപ്പെടുത്തി. കൃഷിയിടത്തിലേക്കും അതിനുള്ളിലും റോഡുകൾ വെട്ടി. ജലസേചനത്തിനുള്ള പൈപ്പ് ലൈനുകൾ ക്രമീകരിച്ചു. ശീരുവാണിപ്പുഴയിൽനിന്നു വെള്ളം കൊണ്ടുവന്നു ശേഖരിക്കാൻ മുകൾത്തട്ടിൽ വലിയ ജലസംഭരണിയൊരുക്കി. ചരലും കല്ലും നിറഞ്ഞ മേൽതട്ട് ഇളക്കി വാരിമാറ്റി. ഭൂമി തട്ടുതട്ടുകളാക്കി തിരിച്ച് അവിടെത്തന്നെ ലഭ്യമായ കല്ലുകൾ ഉപയോഗിച്ച് കയ്യാലകൾ കെട്ടി. ജൈവാവശിഷ്ടങ്ങൾകൊണ്ട് മണ്ണിനു പുതയിട്ടു. തെങ്ങുകൾക്കെല്ലാം തടം തീർത്തു. മണ്ണു പരിശോധനയുടെ അടിസ്ഥാനത്തിൽ ശാസ്ത്രീയമായിത്തന്നെ വളപ്രയോഗം നടത്തി. ക്രമേണ, മണ്ണൊലിപ്പും ജലനഷ്ടവും മാറി മണ്ണ് പോഷക സമ്പുഷ്ടമായി, തെങ്ങിന്റെയും കമുകിന്റെയും വിളവു മെച്ചപ്പെട്ടു. ഒപ്പം പുതിയ വിളകളിലേക്കും തിരിഞ്ഞു.

ഒരിഞ്ച് ഭൂമി പോലും പാഴാക്കാതെയും അതേസമയം ഒരോ ചെടിക്കും സൂര്യപ്രകാശം, ജലം തുടങ്ങിയ പ്രകൃതി വിഭവങ്ങൾ ലഭ്യമാകുന്ന വിധത്തിലുമാണ് കൃഷിയിടം ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഓരോ തെങ്ങിലും കുരുമുളക്, നാലു തെങ്ങിനിടയ്ക്ക് ഒരു ജാതി, ഒഴിവുള്ള സ്ഥലത്ത് കാപ്പി. കമുകുതോട്ടത്തിലും ഇതേ രീതി നടപ്പാക്കി. മികച്ച സ്ഥാപനങ്ങളിലും ഗവേഷണകേന്ദ്രങ്ങളിലും നിന്നു ഗുണമേന്മയുള്ള ജാതിത്തൈകൾ വാങ്ങി. സ്വന്തം തോട്ടത്തിലെ ഉൽപാദന–പ്രതിരോധശേഷി യേറിയ കുരുമുളകിനമാണ് നട്ടത്. നല്ല തോട്ടങ്ങളിൽനിന്നു വിത്തുവാങ്ങി സ്വന്തമായി തൈയുണ്ടാക്കിയായിരുന്നു കാപ്പിക്കൃഷി. ഇവ കൂടാതെ വാഴ, മരച്ചീനിയടക്കമുള്ള കിഴങ്ങുവിളകൾ, പഴവർഗച്ചെടികൾ എന്നിവയും കയ്യാലകളിൽ തീറ്റപ്പുല്ലും കൃഷി ചെയ്തുവരുന്നു. ചാണകവും ഗോമൂത്രവും ലഭിക്കാനായി പശു വളർത്തലുമുണ്ട്.

mathew-1
മാത്യു നഴ്‌സറിയിൽ

വിളയും വിപണിയും

തേങ്ങയാണ് പ്രധാന ഉൽപന്നവും വരുമാനമാർഗവും. വെസ്റ്റ് കോസ്റ്റ് ടോൾ, കുറ്റ്യാടി ഇനം തെങ്ങുകളാണു നല്ല പങ്കും. കേരസങ്കരപോലുള്ള ഹൈബ്രിഡ് ഇനങ്ങളുമുണ്ട്. തുടക്കത്തിൽ വർഷം 70–80 തേങ്ങ കിട്ടിയിരുന്ന തെങ്ങുകളിൽ ഇന്നു വിളയുന്നത് 200–220 തേങ്ങ. 500 തെങ്ങുകളിൽനിന്ന് ഒരു ലക്ഷത്തോളം തേങ്ങ. ഇത് തമിഴ്നാട്ടിലെ കാങ്കയത്തുനിന്നുള്ള വ്യാപാരികൾക്കു മൊത്തമായി നൽകുന്നു. 

രണ്ടായിരത്തോളം കമുകുകളിൽനിന്ന് വർഷം 13 ടൺ അടയ്ക്കാ ഉൽപാദനം. മുമ്പിത് 1200 മരങ്ങ ളിൽനിന്ന് 6 ടൺ മാത്രമായിരുന്നു. ഇൻറർ മംഗള, സുമംഗള എന്നിവ മുഖ്യയിനങ്ങൾ വിട്ടല്‍ ഗവേ ഷണകേന്ദ്രത്തില്‍ വികസിപ്പിച്ചെടുത്ത, കുള്ളൻ ഇൻറർ മംഗള വിളവിൽ മുമ്പനെന്നു മാത്യു. അറ ബിക്ക വിഭാഗത്തിൽപ്പെട്ട ചന്ദ്രഗിരിയാണ് കാപ്പിയിനം. മാവും റംബുട്ടാനും മുസാംബിയും ഒട്ടേറെ നാരങ്ങായിനങ്ങളുമെല്ലാം ഇടവിളയായി കൃഷി ചെയ്തിരിക്കുന്നു.  മാത്രമല്ല, ഒാരോന്നിൽനിന്നും മികച്ച വിളവും വരുമാനവും വന്നുചേരുന്നുമുണ്ട്. മികച്ച ഉൽപാദനം നൽകാത്തതും ലാഭകരമായി വിറ്റഴിക്കാൻ കഴിയാത്തതുമായ ഒരു വിളയ്ക്കു വേണ്ടി കൃഷിയിടം പാഴാക്കരുതെന്നാണ് മാത്യു വിന്റെ പക്ഷം. 

അതേസമയം ലാഭം ആഗ്രഹിക്കാതെ നല്ല നിലയിൽ നടീൽവസ്തുക്കൾ മറ്റു കർഷകർക്കു ലഭ്യമാക്കുന്നുമുണ്ട് ഈ കർഷകൻ. അന്യംനിൽക്കുന്ന അഞ്ചിനം മരച്ചീനിയുടെ കൃഷി, അവയുടെ സംരക്ഷണവും കർഷകർക്കു കൈമാറലും ലക്ഷ്യമിട്ടാണെന്നും മാത്യു പറയുന്നു.

ഇടുക്കി കുമളിയിലെ കർഷക കുടുംബത്തിലംഗമായ ഭാര്യ ടി.ടി. ത്രേസ്യാമ്മ ഹിന്ദിയിൽ ഉയർന്ന വിദ്യാഭ്യാസ യോഗ്യത നേടിയെങ്കിലും ഉദ്യോഗത്തിനൊന്നും പോകാതെ കൃഷിയിൽ മാത്യുവിന്റെ വലംകൈയായി മാറുകയായിരുന്നു. നാല് ആൺമക്കളാണ് ഈ ദമ്പതികൾക്ക്. മൂത്തമകൻ ജോബി യും മൂന്നാമത്തെ മകൻ സുബിനും കൃഷിയിൽ സഹായികളായി മാത്യുവിനൊപ്പമുണ്ട്. മറ്റു മക്കളായ സോബി, ജോർജ് എന്നിവർ വിദേശത്ത് ജോലി ചെയ്യുന്നു. അവരും കൃഷിയിൽ താൽപര്യമുള്ളവർതന്നെ. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA