sections
MORE

ഷാജി അഗസ്റ്റിൻ: സൽകൃഷിയുടെ രാജകുമാരൻ

HIGHLIGHTS
  • മണ്ണിനെ മൂടുന്ന കൃഷിയാണ് ഷാജിയുടേത്
  • നാലു വർഷം മുമ്പ് സീറോ ബജറ്റ് കൃഷിയിലേക്ക് ചുവടുമാറി
shaji-4
SHARE

രാജകുമാരിയിലെ മണ്ണിനെ രാജകുമാരിയെപ്പോലെ പരിചരിച്ചാണ് ഈഴക്കുന്നേൽ ഷാജി കേരളത്തിലെ മുൻനിര കർഷകനായത്.  വെയിലടിക്കാതെ, വരണ്ടുണങ്ങാതെ, സദാ പുത നൽകി. ഏകവിളയായി ഏലം വളർന്നിരുന്ന കൃഷിയിടത്തെ മധുരപ്പതിനേഴിലെത്തിയ ബഹുവിളത്തോട്ടമാക്കി മാറ്റിയിരിക്കുകയാണിപ്പോൾ. ഏലത്തിന്റെ സുഗന്ധത്തിനൊപ്പം തേൻമധുരം നിറയുന്ന, മീൻരുചി വിളമ്പുന്ന, കറുത്ത പൊന്നിന്റെ തിളക്കമുള്ള കൃഷിയിടം. ഒപ്പം വാഴയും പച്ചക്കറികളും മറ്റ് പഴവർഗങ്ങളുമൊക്കെ വേറെയു മുണ്ട്. സഹകരണബാങ്ക് സെക്രട്ടറിയായും കായികാധ്യാപകനായുമൊക്കെ ജോലി ചെയ്തശേഷം 17 വർഷം മുമ്പാണ് കുടുംബവീതമായി കിട്ടിയ ഈ സ്ഥലത്തേക്ക് ഷാജിയും കുടുംബവും താമസം മാറ്റുന്നത്.

എല്ലാവരും വിളവിന്റെ മികവ് കാണിക്കുമ്പോൾ ഷാജി വിരൽ ചൂണ്ടുക നിലത്തേക്കാണ്. തന്റെ വിളകളിലൊന്നിന്റെയും ചുവട്ടിൽ മണ്ണില്ലെന്നു കാണിക്കാനാണത്. മണ്ണില്ലാത്ത കൃഷിയല്ല, മണ്ണിനെ മൂടുന്ന കൃഷിയാണ് ഷാജിയുടേത്. പലതരം ജൈവവസ്തുക്കളുപയോഗിച്ച് ഒരടി വരെ കനത്തിൽ മണ്ണിനെ പുതച്ചിരിക്കുകയാണിവിടെ. പുതയിട്ട ജൈവവസ്തുക്കൾ പൊടിഞ്ഞുണ്ടായി ഹ്യൂമസിലാണ് ഷാജിയുടെ കുരുമുളകും ഏലവുമൊക്കെ വളരുന്നത്. രാജകുമാരിയുടെ മേൽമണ്ണിനു പുതപ്പുണ്ടാക്കാനായി ഷാജി തെല്ലൊന്നുമല്ല കഷ്ടപ്പെട്ടത്– കാപ്പിത്തൊണ്ടും ഉമിയും അറക്കപ്പൊടിയും ചകിരിത്തൊണ്ടുമൊക്കെ എവിടെയങ്കിലും കിട്ടാനുണ്ടെന്നറിഞ്ഞാൽ പിന്നെ അതു കൃഷിയിടത്തിലെത്തിച്ചിട്ടേ വിശ്രമമുള്ളൂ. എല്ലാ വിളകളുടെയും ചുവട്ടിൽ മാത്രമല്ല,  കൃഷിയിടത്തിലാകെ കുഴിയെടുത്തും അല്ലാതെയും അവ നിറയ്ക്കും. ഈ രീതി വർഷങ്ങൾ പിന്നിട്ടതോടെ മണ്ണ് കാണണമെങ്കിൽ ഖനനം നടത്തേണ്ട അവസ്ഥയാണിപ്പോൾ.  മഴ വെള്ളം പൂർണമായി ആഗിരണം ചെയ്യാനും  ബാഷ്പീകരണം മൂലമുള്ള ജലനഷ്ടം കുറയ്ക്കാനുമൊക്കെ ഇതു സഹായിക്കുന്നു. ചെരിവുള്ള കൃഷിയിടമാകെ തട്ടുതട്ടുകളായി തിരിച്ച് കയ്യാല തീർത്തിരിക്കുന്നതി നാൽ മണ്ണ്– ജലസംരക്ഷണത്തിനു തടസ്സമുണ്ടാകുന്നില്ല.

കാപ്പിപ്പൊടി നിറമുള്ള , നനവും വായുസഞ്ചാരവുമുള്ള ജൈവപുതയിലൂടെ   വേരോടിച്ചു വളരുന്ന ഏലമാണ് ഷാജിയുടെ മുഖ്യവിള. വളരുന്ന സാഹചര്യങ്ങൾ വിളകൾക്കുണ്ടാക്കുന്ന ആരോഗ്യം തിരിച്ചറിയാൻ ഷാജിയുടെ ഏലച്ചെടികൾ കണ്ടാൽ മതി.  കൃത്രിമപോഷകങ്ങളൊന്നും നൽകാതെ തന്നെ തഴച്ചുവളരുകയാണവ. ആദ്യകാലങ്ങളിൽ രാസവളങ്ങൾ ഉപയോഗിച്ചിരുന്ന ഷാജി നാലു വർഷം മുമ്പ്  സീറോ ബജറ്റ് കൃഷിയിലേക്ക് ചുവടുമാറി. അതോടെ രാസവളങ്ങൾ പൂർണമായി ഉപേക്ഷിച്ചു. നാടൻപശുവിന്റെ ചാണകവും മൂത്രവും മാത്രമുപയോഗിച്ചു മണ്ണിനെ സമ്പുഷ്ടമാക്കുന്ന രീതിയാണിപ്പോൾ. അവ ഉപയോഗിച്ചുണ്ടാക്കുന്ന ജീവാമൃതം കൃഷിയിടത്തിലാകെ തളിക്കും. സൂക്ഷ്മജീവികളും മണ്ണിരകളും പെരുകാനും മണ്ണിന്റെ ഫലപുഷ്ടി വർധിപ്പിക്കാനും ഇതുവഴി കഴിയുന്നുണ്ടെന്നു ഷാജി അവകാശപ്പെടുന്നു. ഏലത്തിലുൾപ്പെടെ രോഗ, കീടബാധ കുറഞ്ഞെന്നും ഉൽപാദനം കൂടിയെന്നും ചൂണ്ടിക്കാട്ടുന്നു ഈ കർഷകൻ. എന്നാൽ ഏലത്തിന്റെ തഴപ്പ് കീടങ്ങൾക്കുണ്ടാക്കുന്ന മോഹം അടക്കാൻ ജൈവകീടനാശിനി മതി യാകില്ലെന്നു ഷാജിയും പറയുന്നു. അവയെ തുരത്താൻ രാസകീടനാശിനികൾ തന്നെ വേണ്ടിവരാറുണ്ട്. പക്ഷേ മണ്ണിനോ വിളകൾക്കോ അവയിലെ മിത്രപ്രാണികൾക്കോ ദോഷം വരുത്താത്ത പുതുതലമുറ കീടനാശിനികൾ മാത്രം.  പച്ച ലേബലോടുകൂടിയ ഇത്തരം കീടനാശിനികൾക്ക് വില ഏറുമെങ്കിലും മനുഷ്യർക്കു ദോഷമുണ്ടാക്കില്ല. ഏലത്തോട്ടങ്ങളെല്ലാം കൊടുംവിഷം പെയ്യുന്ന താഴ്‌വരകളാണെന്നു കരുതുന്നവർ ഈ തോട്ടം കാണേണ്ടതുതന്നെ. മികച്ച വിലയുണ്ടായിരുന്ന കഴിഞ്ഞ സീസണിൽ ഏലക്കൃഷിയിൽ നിന്ന് 4–5 ലക്ഷം രൂപയോളം വരുമാനമുണ്ടായിരുന്നു. 40 ശതമാനം കൃഷിച്ചെലവും 60 ശതമാനം ലാഭവും കിട്ടുന്ന ഏലത്തിനു 1000 രൂപയെങ്കിലും വിലയുണ്ടെങ്കിൽ കൃഷി ആദായകരമാകുമെന്ന് ഷാജി അഭിപ്രായപ്പെടുന്നു. ഏക്കറിനു ശരാശരി 400 കിലോ ഏലക്കാ കിട്ടും. കൃഷിക്കാരുടെ കൂട്ടായ്മ നടത്തുന്ന പോപ്പുലർ കാർഡമം ഡ്രയറിലാണ് ഷാജി ഏലം ഉണങ്ങുക. ഉണങ്ങുമ്പോൾ തൂക്കം അഞ്ചിലൊന്നായി കുറയും. 

shaji
പുതയിട്ട ജൈവവസ്തുക്കൾ പൊടിഞ്ഞുണ്ടായി ഹ്യൂമസിലാണ് ഷാജിയുടെ കുരുമുളകും ഏലവുമൊക്കെ വളരുന്നത്

ഒരു വർഷം അര ടണ്ണോളം കുരുമുളകാണ് ഈ കൃഷിയിടത്തിൽ ഒരു വർഷം ഉൽപാദിപ്പിക്കുന്നത്. ഈ വർഷം കുരുമുളകിന്റെ വില 300–350 രൂപ നിരക്കിലേക്കു താഴ്ന്നെങ്കിലും സൽകൃഷി രീതികൾ ( GAP- Good agriculture practices) പിന്തുടർന്ന് ഉൽപാദിപ്പിക്കുന്നതിനാൽ  അധികവില കിട്ടുന്നുണ്ട്. ഒലാം എന്ന രാജ്യാന്തര കയറ്റുമതി ഏജൻസിയാണ് ഇവ വാങ്ങുന്നത്. ഉൽപന്നം നേരിട്ടു പരിശോധിച്ചു  ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുന്ന ഇവർ കിലോയ്ക്ക് വിപണിവിലയെക്കാൾ 5 രൂപ കൂടുതൽ നൽകുകയും ചെയ്യും. കുരുമുളക് പടർത്താനായി മുരിക്കിനുപകരം പയ്യാനി എന്ന ചെറുമരമാണ് ഷാജി പ്രയോജനപ്പെടുത്തുന്നത്. പരുക്കൻ തൊലിയുള്ള ഈ മരത്തിൽ കുരുമുളകുവള്ളികൾക്ക് നല്ല പിടിത്തം കിട്ടുമെന്നും അവ അതിവേഗം വളർന്നുകയറുമെന്നും ഷാജി അവകാശപ്പെടുന്നു. നിലമുണ്ടി, കുമ്പുക്കൽ, പന്നിയൂർ ഇനങ്ങൾ, പെപ്പർ തെക്കൻ, വിജയ് എന്നീ കുരുമുളക് ഇനങ്ങളാണ് ഈ തോട്ടത്തിലുളളത്. സാധാരണഗതിയിൽ ഏലം ചൂടിക്കഴിഞ്ഞാൽ ( വളർന്നുകഴിഞ്ഞാൽ)  ഇടവിളയായി കുരുമുളക് കൃഷി ചെയ്യാനാവില്ല. എന്നാൽ തനതായ ഒരു ശൈലിയിലൂടെ ഏലത്തോട്ടത്തിലെ മരങ്ങൾതോറും കൂടുതൽ കുരുമുളക് വള്ളികൾ പടർത്തുകയാണ് ഷാജി. നിലവിലുള്ള കുരുമുളക് ചെടികളിൽനിന്നും നിലത്തു കൂടി നീണ്ടു വളരുന്ന തലപ്പുകൾ സമീപത്തെ മരത്തിലേക്കോ താങ്ങുകാലിലേക്കോ പടർത്തുകയാണ് ഇതിനായി ചെയ്യുന്നത്.  നിലത്തുകൂടി പടരുന്ന ഓരോ തലപ്പിനെയും ഒരു ചുവട് കുരുമുളക് ചെടിയാക്കാൻ ഇതുവഴി സാധിക്കുമെന്ന് ഷാജി ചൂണ്ടിക്കാട്ടി. ഇത്തരം ചുവടുകളിൽ രണ്ടാം വർഷം തിരിയിടുകയും മൂന്നാം വർഷം  മികച്ച വിളവ് ലഭിച്ചു തുടങ്ങുകയും ചെയ്യും.

സുരക്ഷിത കീടനാശിനികളെ സംബന്ധിച്ച തന്റെ അവകാശവാദങ്ങൾക്കു സാക്ഷിപത്രമേകാൻ ഷാജി കൂട്ടുപിടിക്കുക ഇവിടത്തെ തേനീച്ചകളെത്തന്നെ. ഏലത്തിന്റെയും കുരുമുളകിന്റെയും ഇടയിലൂെട മൂളി പ്പറക്കുന്ന തേനീച്ചകൾ ഇവിടം സ്വർഗമാണെന്ന മട്ടിലാണ്.   കൂട് സ്ഥാപിച്ചാൽ അവ കൂട്ടത്തോടെയെത്തി താമസമുറപ്പിക്കുന്നത് അതുകൊണ്ടാവണമല്ലോ. തേനീച്ചകൾക്കായി ഷാജി നിർമിച്ചു നൽകുന്ന കൂടുകളും ഒന്നു വേറെ തന്നെ.  ഇഷ്ടികയടുക്കി, ഓടുകൊണ്ടു മൂടി , കുഴച്ച മണ്ണുകൊണ്ടു പൊതിഞ്ഞ ഈ കൂടുകൾക്ക് പിൻഭാഗം പ്രത്യേകം പൊളിച്ചുമാറ്റി തേനെടുക്കാമെന്ന മെച്ചവുമുണ്ട്. തേനീച്ചക്കൂടുകളുടെ മുൻഭാഗത്ത് കൂടുതലായുള്ള ആക്രമണകാരികളായ തേനീച്ചകളിൽനിന്ന് രക്ഷപെടാനും ഇതു സഹായിക്കും. നാലേക്കർ കൃഷിയിടത്തിന്റെ എല്ലാ ഭാഗത്തും പ്രകൃതിക്കിണങ്ങിയ ഇത്തരം കൂടുകൾ കാണാം. എന്തിനേറെ, തട്ടുതട്ടായി തിരിച്ച ഈ പറമ്പിലെ കല്ലുകയ്യാലകൾക്കിടയിൽ പോലും തേനീച്ചക്കൂടുകൾക്ക് ഇടം കണ്ടെത്താൻ ഷാജി മറന്നിട്ടില്ല. കരിഞൊടിയൽ എന്നയിനമാണ് ഷാജി നിർമിക്കുന്ന തേനീച്ചക്കൂടുകളിലെ  താമസക്കാർ. ഒരു കൂട്ടിൽനിന്ന് വർഷംതോറും 5–10 ലീറ്റർ തേൻ കിട്ടാറുണ്ട്. തേജസ് എന്ന ബ്രാൻഡിൽ പ്രാദേശികമായി തന്നെ അത് വിൽക്കും. വീടിനോടു ചേർന്ന് ചെറു തേനീച്ചകൾക്ക് ആധുനിക രീതിയിലുള്ള കൂടുകളും സ്ഥാപിച്ചിട്ടുണ്ട്. 

shaji-3
കുളത്തിൽനിന്ന് വീട്ടിലേക്ക് പിടയ്ക്കുന്ന മത്സ്യങ്ങൾ

പിടയ്ക്കുന്ന മത്സ്യത്തിനു ഹൈറേഞ്ചിലുള്ള പ്രിയമാണ് ഷാജിയെ മത്സ്യക്കർഷകനാക്കിയത്. ഏറെ താൽപര്യത്തോടെ നട്ടുവളർത്തി പരിപാലിച്ചിരുന്ന പഴവർഗശേഖരം ഉപേക്ഷിച്ചാണ് വിശാലമായ കുളം നിർമിച്ചത്. അവിടെ, മത്സ്യക്കൃഷിയിലെ പുതുസങ്കേതമായ ബയോഫ്ലോക്  കൃഷിരീതി പരീക്ഷിക്കാനുള്ള തന്റേടവും ഷാജിക്കുണ്ടായി. പത്തു സെന്റിൽ ഏറെ താൽപര്യത്തോടെ നട്ടുനനച്ചുവളർത്തിയ ഫലവൃക്ഷത്തോട്ടം വെട്ടിനീക്കിയാണ്  അഞ്ചര ലക്ഷം ലീറ്ററിന്റെ കുളമുണ്ടാക്കിയത്. ബയോഫ്ലോക് സാങ്കേതികവിദ്യ പ്രകാരം  50,000 മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കാമെങ്കിലും ആദ്യബാച്ചിൽ 2500 ഗിഫ്റ്റ് മത്സ്യങ്ങളെ  മാത്രമാണിട്ടത്. മത്സ്യക്കൃഷിയിലെ അമിതാവേശക്കാരുടെ കൂട്ടത്തിൽ കൂടാൻ ഷാജിയില്ല. നഴ്സറിക്കുളത്തിൽ വളർത്തി അൽപം വലുതാക്കിയ ശേഷം വലിയ കുളത്തിലേക്കു തുറന്നുവിടുകയായിരുന്നു. അഞ്ചാം മാസമാകുമ്പോഴേക്കും ശരാശരി 300 ഗ്രാം തൂക്കമെത്തുമെന്ന് ഷാജി കണക്കുകൂട്ടുന്നു. കുറഞ്ഞത് 500 കിലോ  വിളവും കിലോയ്ക്ക് 250 രൂപ വിലയുമാണ് പ്രതീക്ഷ. മത്സ്യക്കുളത്തിൽ നിന്നുള്ള വെള്ളമുപയോഗിച്ചു നനയ്ക്കുന്നതിനാൽ വിളകൾക്ക് വെള്ളത്തോടൊപ്പം ജൈവപോഷകങ്ങളും കിട്ടുന്നു. പിടയ്ക്കുന്ന മീൻ പതിവായി കിട്ടുന്നത് സന്തോഷമാണെങ്കിലും അതിനുവേണ്ടി പഴവർഗങ്ങളുടെ അപൂർവശേഖരം നഷ്ടപ്പെടുത്തിയതിലുള്ള നിരാശ ‌ഷാജിയുടെ ഭാര്യ സാലിക്ക് ഇനിയും മാറി യിട്ടില്ല.  എങ്കിലും സാലിയും  മക്കളായ എലിസബത്ത്, ആഗ്നസ്, അഗസ്റ്റിന എന്നിവരും സന്തോഷത്തോടെ സമ്മതിക്കുന്ന ഒരു കാര്യമുണ്ട്– രാജകുമാരിയിലേക്കു വരുമ്പോൾ സ്വപ്നം കണ്ട സുസ്ഥിര വരുമാനവും മികച്ച ജീവിതനിലവാരവും കൃഷിയിലൂടെ കൈവരിക്കാനായി. കാർഷികകൂട്ടായ്മകളുടെ പ്രസക്തിയും പ്രാധാന്യവും തിരിച്ചറിയുന്ന ഷാജി ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്ന തേജസ് സ്വയം സഹായസംഘത്തിന്റെ  പ്രസിഡന്റാണ്. കൃഷി, ഭക്ഷണം എന്നിവ സംബന്ധിച്ച തന്റെ കാഴ്ചപ്പാടുകൾ മറ്റുള്ളവരിലെത്തിക്കാനായി നൂറുമേനി, തേജസ് എന്നീ ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA